കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത വേദിയാണ് സാധാരണയായി മൂന്നുവര്‍ഷത്തിലൊരിക്കല്‍ ചേരുന്ന അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ്.
21-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2012 മാര്‍ച്ച് 27 മുതല്‍ 31 വരെ പട്‌നയിലാണ് നടക്കുക. അത് ദേശീയ കൗണ്‍സില്‍ സമര്‍പ്പിക്കുന്ന രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുകയും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇന്നത്തെ സാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ നയപരവും തന്ത്രപരവുമായ ദിശ നിശ്ചയിക്കുകയും ചെയ്യും.
പാര്‍ട്ടി ഈ കാലഘട്ടത്തില്‍ അവലംബിക്കേണ്ട നയത്തെപ്പറ്റിയും തന്ത്രപരമായ നിലപാടുകളെപ്പറ്റിയും വിശദീകരിക്കുന്ന രാഷ്ട്രീയപ്രമേയവും അനുബന്ധ റിപ്പോര്‍ട്ടുകളും അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ആയിരത്തോളം വരുന്ന പ്രതിനിധികളും പകരം പ്രതിനിധികളും നിരീക്ഷകരടക്കം ക്ഷണിക്കപ്പെട്ടവരും ചര്‍ച്ചാവിധേയമാക്കും.
പാര്‍ട്ടി ഭരണഘടന അനുശാസിക്കുംവിധം കോണ്‍ഗ്രസിനു രണ്ടുമാസം മുമ്പുതന്നെ കരടുരേഖകള്‍ പഠനത്തിനും മനനത്തിനുമായി വിതരണം ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികളടക്കം മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും അവയ്ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ അവകാശമുണ്ട്.
ജനുവരി 4-6ന് ഹൈദരാബാദില്‍ സമ്മേളിച്ച ദേശീയ കൗണ്‍സില്‍ കരടുരേഖകള്‍ക്ക് അന്തിമരൂപം നല്‍കി അത് പത്രമാധ്യമങ്ങള്‍ക്കായി പുറത്തിറക്കുകയുണ്ടായി. ആ രേഖകള്‍ വായിക്കുന്ന ഏതൊരാളില്‍ നിന്നും അതേപ്പറ്റി വിമര്‍ശനവും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഈ രേഖകള്‍ പ്രതിനിധികളുടെ ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ അത്തരം അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കും.
ഇത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രസംഗങ്ങളും പ്രമേയങ്ങളും തങ്ങളുടെ പാര്‍ട്ടിയുടെ നയപ്രഖ്യാപനങ്ങളായി മാറുന്ന ബൂര്‍ഷ്വാ പെററിബൂര്‍ഷ്വാ പാര്‍ട്ടി രീതികളില്‍ നിന്ന് ഭിന്നമായി സി പി ഐ അതിന്റെ എല്ലാ ഘടകങ്ങളേയും എല്ലാ തലത്തിലുമുള്ള നേതാക്കളേയും അവരുടെ പൊതു അനുഭവജ്ഞാനത്തേയും ഉള്‍ക്കൊണ്ടാണ് നയരൂപീകരണം നടത്തുന്നത്.ഇന്നത്തെ ജീവിത സങ്കീര്‍ണതകളെ മുറിച്ചുകടക്കുന്നത് സംബന്ധിച്ച സാധാരണക്കാരുടെ ഉത്കണ്ഠകളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കാന്‍ അത്തരം സംഘടിതവും ഊര്‍ജിതവുമായ ശ്രമം കൂടിയേ തീരൂ.
'സമ്പദ്ഘടന ഗുരുതരമായ മാന്ദ്യത്തിലകപ്പെടുകയും നാണ്യപ്പെരുപ്പം ആകാശംമുട്ടുകയും നിക്ഷേപം ഇടിയുകയും വ്യാവസായിക ഉത്പാദനം മുമ്പൊരിക്കലുമില്ലാത്തവിധം താഴുകയും കാര്‍ഷികവളര്‍ച്ച മുരടിക്കുകയും രൂപയുടെ വിനിമയമൂല്യം കൂപ്പുകുത്തുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതെ വരികയും തൊഴിലില്ലായ്മ കുതിച്ചുയരുകയും പണിയെടുക്കുന്നവരുടെ വരുമാനം ഗണ്യമായി കുറയുകയും ദാരിദ്ര്യം എക്കാലത്തേക്കാളും ഉയരുകയും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും ഉത്പന്നങ്ങള്‍ തീയിട്ടു നശിപ്പിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കകത്ത് ഇത് രണ്ടാംതവണയാണ് ഇന്ത്യ ആഗോളമാന്ദ്യത്തെ അഭിമുഖീകരിക്കുന്നത്. ജനങ്ങള്‍ അഭൂതപൂര്‍വമായ ദുരിതത്തെയാണ് നേരിടുന്നത്'- പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നു.
ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒന്നിനു പുറകെ ഒന്നായി ചൂണ്ടിക്കാണിക്കുംവിധം കറപുരണ്ട ഗവണ്‍മെന്റ് പ്രവര്‍ത്തനരഹിതവും സാധാരണജനങ്ങളുടെ അഭൂതപൂര്‍വമായ ദുരിതജീവിതത്തോട് നിര്‍വികാരമായും നവഉദാരീകരണനയങ്ങള്‍ നിര്‍ബാധം തുടരുകയാണ്. തങ്ങളുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് പാര്‍ലമെന്റില്‍ ബി ജെ പിയുടെ പിന്തുണ പോലും നേടിയെടുത്ത് ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള രണ്ടാം യു പി എ സര്‍ക്കാരിന്റെ ശ്രമം രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിനീക്കുകയാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയിലേയും വിദേശത്തേയും മുതലാളിത്ത ശക്തികളും അവരുടെ അനുയായികളും 'ചരിത്രം അവസാനിച്ചു'വെന്നും വികസനത്തിനുള്ള ഏക മാര്‍ഗം നവ ഉദാരീകരണം മാത്രമാണെന്നും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചുപോന്നിരുന്നു. 'മറ്റൊരു ബദലുമില്ല' എന്നവര്‍ തറപ്പിച്ചു പറഞ്ഞു. 'മാര്‍ക്‌സിസം മരിച്ചു, സോഷ്യലിസം പരാജയമാണ്' അവര്‍ പ്രഖ്യാപിച്ചു. അങ്ങനെയെഴുതിയതിന്റെ മഷി ഉണങ്ങും മുമ്പുതന്നെ, വിജയോന്മാദത്തോടെയുള്ള ആ ശബ്ദം നിലയ്ക്കും മുമ്പേ, ലോകം വിശേഷിച്ചും മുതലാളിത്ത ലോകം ആഴമേറിയതും അത്യന്തം ദീര്‍ഘവുമായ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകഴിഞ്ഞു.
ഈ പ്രതിസന്ധിയെ വ്യക്തവും നിശിതവുമായി വിശകലനം ചെയ്യുന്നതിനും എങ്ങനെയാണ് ഈ ഭാരം പണിയെടുക്കുന്ന ജനതകളുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കുന്നതിന് മുതലാളിത്തം ശ്രമിച്ചുവരുന്നതെന്നും രാഷ്ട്രീയപ്രമേയം വിവരിക്കുന്നു.
മൂലധനത്തിന്റെ ഈ കടന്നാക്രമണത്തെ ജനങ്ങള്‍ നിശബ്ദരായി സഹിക്കുകയല്ല. യൂറോപ്യന്‍ യൂണിയനില്‍ ഗ്രീസിലും പോര്‍ച്ചുഗലിലും ഇറ്റലിയിലും ദശലക്ഷങ്ങളാണ് പ്രതിഷേധപ്രകടനങ്ങളില്‍ അണിനിരന്നത്. മൂലധനത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ മാസങ്ങളായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭം തുടര്‍ന്നുവരികയാണ്. തൊഴിലില്ലായ്മയ്ക്കും മുതലാളിത്തത്തിന്റെ മുഖമുദ്രയായ ക്രൂരമായ അസമത്വങ്ങള്‍ക്കുമെതിരെയാണ് അവരുടെ പ്രതിഷേധം. '99 ശതമാനത്തിന്റെ പോരാട്ടം' എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്.
എല്ലാം പതിവിന്‍പടിയെന്ന് രണ്ടാം യു പി എ സര്‍ക്കാര്‍ ഭാവിക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യയിലും പ്രതിസന്ധി രൂക്ഷമാണ്. നവഉദാരീകരണം കുത്തക കോര്‍പ്പറേറ്റുകളും ഉന്നത ഉദ്യോഗസ്ഥവൃന്ദവും ഭരണനേതൃത്വവും പങ്കാളികളായ അഴിമതി ഹിമാലയത്തോളം വളര്‍ന്നുപെരുകിയിരിക്കുന്നു. ഭരണത്തിന്റെ സമസ്തതലത്തിലും പടര്‍ന്നുപിടിച്ചിരിക്കുന്ന അഴിമതിയും അത് ജനജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അഴിമതിക്കെതിരെ തെരുവിലിറങ്ങാന്‍ ദശലക്ഷങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും ഭരണനയവൈകല്യങ്ങളാല്‍ പൊറുതിമുട്ടിയ ജനങ്ങളെ പോരാട്ടങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കിയിരിക്കുന്നു.
വിലക്കയറ്റത്തിനെതിരെ ഇടതു ജനാധിപത്യ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. അതേസമയം, കുത്തകകളെ സഹായിക്കാന്‍ അടിക്കടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും വഴിവയ്ക്കുന്നു.
പല സംസ്ഥാനങ്ങളിലും പ്രത്യേക സാമ്പത്തികമേഖലകള്‍ക്കും മറ്റേതെങ്കിലും പദ്ധതികളുടെ പേരിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍തോതില്‍ കൃഷിഭൂമി ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കര്‍ഷകരുടെ കടുത്ത ചെറുത്തുനില്‍പ്പിനെയാണ് നേരിടുന്നത്. ആയിരക്കണക്കിന് ഹെക്ടര്‍ ഫലഭൂയിഷ്ടമായ ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്തു. അവയിലേറെയും ഭൂ-നിര്‍മ്മാണ മാഫിയകളും ഊഹക്കച്ചവടക്കാരുമാണ് കൈവശപ്പെടുത്തിയത്. ഇത് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും മറ്റു ഭൂമിയെ ആശ്രയിച്ചു ജീവിതം പുലര്‍ത്തുന്നവരെയും വഴിയാധാരമാക്കുകയും പുനരധിവാസത്തെപ്പറ്റിയുള്ള എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുകയും മാത്രമല്ല അവശ്യ ഭക്ഷ്യോത്പാദനത്തെ തന്നെ അപകടപ്പെടുത്തുകയുമാണ്. ഇത് രാജ്യത്തെ ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കും. 1984ലെ കോളനി ഭരണകാലത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ സ്ഥാനത്ത് നീതിപൂര്‍വകവും കര്‍ഷകാനുകൂലവുമായ ഒരു ഭൂപരിഷ്‌കരണനിയമം ഇനിയും സ്വപ്നമായി അവശേഷിക്കുന്നു.
$ ഭക്ഷ്യ സുരക്ഷാനിയമം പാസാക്കുമെന്ന സര്‍ക്കാരിന്റെ വര്‍ത്തമാനം പരിഹാസ്യമായി മാറിയിരിക്കുന്നു. ഭക്ഷ്യസബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കേണ്ട ജനവിഭാഗങ്ങളെ സംബന്ധിച്ചും നല്‍കേണ്ട ഭക്ഷ്യവസ്തുക്കളുടെ അളവു സംബന്ധിച്ചുമുള്ള ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഇപ്പോള്‍ സൗജന്യനിരക്കിലും ചില വിഭാഗങ്ങള്‍ക്കു തികച്ചും സൗജന്യവുമായി ലഭിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ നിഷേധത്തിലായിരിക്കും കലാശിക്കുക(കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഉദാഹരണം).
$ പണിശാലകളിലും കാര്യാലയങ്ങളിലും സേവനതുറകളിലും പണിയെടുക്കുന്ന സംഘടിതവും അസംഘടിതവുമായ സ്ത്രീപുരുഷന്മാര്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സമരപാതയിലാണ്. കാലാകാലങ്ങളായി അവര്‍ അനുഭവിച്ചുവരുന്ന ട്രേഡ് യൂണിയന്‍ അവകാശങ്ങളടക്കം എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോരാട്ടത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാറ്റത്തിന്റെ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ മമതാ ബാനര്‍ജി പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സംഘടനകളും സമരവും അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചത് ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.
ഒന്നര നൂറ്റാണ്ട് അത്തരം അടിച്ചമര്‍ത്തലുകള്‍ നേരിട്ട തൊഴിലാളികളും ജീവനക്കാരും ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 28ന് രാജ്യവ്യാപകമായി പണിമുടക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യവസായ ഫെഡറേഷനുകളും ഒറ്റക്കെട്ടായി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പണിമുടക്ക് മറ്റെല്ലാ ജനവിഭാഗങ്ങളുടേയും സമരങ്ങള്‍ക്ക് ആവേശം പകരുമെന്നതില്‍ സംശയമില്ല.
$ യു പി എ സര്‍ക്കാര്‍ ചില്ലറ വ്യാപാരികളെപ്പോലും ദ്രോഹിക്കാനാണ് മുതിരുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി വാള്‍മാര്‍ട്ടടക്കമുള്ള ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പ്രത്യക്ഷനിക്ഷേപം നടത്തുന്നതിന് അനുകൂലമായ പ്രഖ്യാപനത്തിനും സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ ചില്ലറ വ്യാപാരശൃംഖല നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല, വിദൂര ഗ്രാമങ്ങളടക്കം രാജ്യത്തിന്റെ മുക്കിനും മൂലയിലും വ്യാപിച്ചു കിടക്കുന്നു. നാലരക്കോടിയിലധികം ആളുകളാണ് ചില്ലറ വ്യാപാരരംഗത്തുള്ളത്. അവരുടെ കുടുംബാംഗങ്ങള്‍ അടക്കം ഏതാണ്ട് 14-15 കോടി ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു ഉപജീവനം കഴിക്കുന്നത്. സര്‍ക്കാരിന്റെ നീക്കം അവരെ തെരുവാധാരമാക്കുകയും വമ്പന്‍ ലാഭത്തിന്റെ ഒരു മേഖലയായി അവ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്നതുമാവും. ചരിത്രത്തിലാദ്യമായി ഈരംഗത്തെ കോടിക്കണക്കിനാളുകള്‍ 2011 ഡിസംബര്‍ ഒന്നിന് പ്രതിഷേധസമരത്തില്‍ അണിനിരന്നു. ഇടതുപക്ഷ പാര്‍ട്ടികളുടേയും യു പി എ സഖ്യകക്ഷികളുടെ തന്നെയും എതിര്‍പ്പിനെയും ചില്ലറ വില്‍പ്പനക്കാരുടെ പ്രതിഷേധസമരത്തെയും തുടര്‍ന്നു സര്‍ക്കാര്‍ താത്കാലികമായി പിന്മാറാന്‍ നിര്‍ബന്ധിതമായി. ഈ പിന്മാറ്റം താത്കാലികം മാത്രമാണ്. ചില്ലറ വ്യാപാര മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപകാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടാണ് അവലംബിച്ചുവരുന്നത്. ഇത് മറ്റൊരു സമരമുഖമാണ് തുറന്നുവയ്ക്കുന്നത്.
$ ബഹുജന മുന്നേറ്റങ്ങളില്‍ സാധാരണ പങ്കെടുക്കാത്ത ഇടത്തരക്കാര്‍ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ചോര്‍ത്തുകയും നാട്ടുകാരുടെ സമ്പത്ത് ഏതാനും പേരുടെ കീശ നിറയ്ക്കുകയും വികസനത്തെ ആകെ തടസപ്പെടുത്തുകയും ചെയ്യുന്ന അഴിമതിക്കെതിരെ തുറന്നു പ്രതികരിക്കാന്‍ തയാറായിരിക്കുന്നു. അഴിമതിക്കെതിരെ സി പി ഐയും മറ്റ് ഇടതുപാര്‍ട്ടികളും നിരന്തരമായ പോരാട്ടത്തിലാണ്. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ നിയമം മൂലം ഈ തിന്മയ്ക്ക് അറുതിവരുത്തണമെന്ന് നാം നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
$ മേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ഥികളും തൊഴിലിനു വേണ്ടി യുവാക്കളും ലിംഗനീതിക്കുവേണ്ടി സ്ത്രീകളും നടത്തിവരുന്ന പോരാട്ടങ്ങള്‍ക്കും നാം സാക്ഷ്യംവഹിക്കുകയാണ്.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനം ഉറപ്പുവരുത്തുന്ന സാമൂഹ്യനീതിയുടെ ആവശ്യകതക്ക് രാഷ്ട്രീയപ്രമേയം ഊന്നല്‍ നല്‍കുന്നു. അതിനു മാത്രമേ യാഥാര്‍ഥത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും വികസനവും ഉറപ്പുവരുത്താനാവൂ.പ്രാദേശിക പാര്‍ട്ടികളുടെ ക്രിയാത്മകവും നിഷേധാത്മകവുമായ വശങ്ങളെപ്പറ്റി പ്രമേയം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. വരുംകാലങ്ങളില്‍ സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള വിശാല ജനാധിപത്യ ഐക്യത്തില്‍ അവര്‍ക്ക് സുപ്രധാനമായ പങ്കാണ് നിര്‍വഹിക്കാനുള്ളത്.
രാഷ്ട്രീയ പ്രമേയം വളര്‍ന്നുവരുന്ന ഈ പോരാട്ടങ്ങളെയും ബഹുജന മുന്നേറ്റങ്ങളെയും ശ്രദ്ധാപൂര്‍വം വിലയിരുത്തുന്നു. അധികാരം കൈയാളുന്ന ബൂര്‍ഷ്വാസിക്കും അര്‍ദ്ധഫ്യൂഡല്‍ ഭൂപ്രഭുത്വത്തിനുമെതിരെ സ്വയംഭൂവായും സംഘടിതമായും ഉയര്‍ന്നുവരുന്ന ഇത്തരം പ്രസ്ഥാനങ്ങളുടെ ഏകോപനത്തിന്റെ പ്രാധാന്യം പ്രമേയം അടിവരയിടുന്നു. ഈ മുന്നേറ്റങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും അഭിലഷണീയമായ ലക്ഷ്യബോധവും കൂടിയേ തീരൂ. വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവും ദിശാബോധവുമില്ലാതെ വളരെ ശക്തവും ജനപിന്തുണയുമുള്ള പ്രസ്ഥാനങ്ങള്‍ പോലും ആത്യന്തികമായി നീര്‍വീര്യതയിലേക്കും നിരാശയിലേക്കും വഴുതിപ്പോകുന്നത് അനുഭവം കാട്ടിത്തന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ ജാഗ്രവത്തും പ്രവര്‍ത്തനനിരതവും കരുത്തുറ്റതുമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്നിന്റെ ആവശ്യം. ജനങ്ങളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്‌സിസം ലെനിനിസമെന്ന ശാസ്ത്രീയവും വിപ്ലവകരവുമായ ആശയത്താല്‍ സജ്ജമായ പാര്‍ട്ടിയായിരിക്കണം അത്. ഓരോ വര്‍ഗബഹുജന മുന്നണിയിലേയും കമ്മ്യൂണിസ്റ്റുകാര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും മുന്നണി കെട്ടിപ്പടുക്കുന്നതിലും പൊരുതുന്ന ഇതര ജനവിഭാഗങ്ങളെ അവയ്ക്ക് ചുറ്റും അണിനിരത്തുന്നതിലും ബദ്ധശ്രദ്ധരായിരിക്കണം. അധികാരം നിലനിര്‍ത്തുന്നതിന് ദ്വിപാര്‍ട്ടി സംവിധാനം അടിച്ചേല്‍പ്പിക്കാനുള്ള ബൂര്‍ഷ്വാസിയുടെ എല്ലാ ശ്രമങ്ങളും എതിര്‍ക്കപ്പെടണം.
സി പി ഐയെ കരുത്തുറ്റ പാര്‍ട്ടിയാക്കി മാറ്റുകയെന്നതാണ് രാഷ്ട്രീയവും സംഘടനാപരവുമായ മുഖ്യദൗത്യമെന്ന് പ്രമേയം ഊന്നിപ്പറയുന്നു. ഇത് ഇടതുജനാധിപത്യ ഐക്യം വിപുലമാക്കുന്നതിനും ജനാധിപത്യ ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും ജനാധിപത്യവിപ്ലവത്തിന്റെയും തുടര്‍ന്ന് സോഷ്യലിസത്തിലേക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തിനും ഉതകുന്ന വര്‍ഗബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനും സഹായകമാവും.
''നമ്മുടെ പ്രസ്ഥാനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടേതായ സാഹചര്യങ്ങള്‍ക്കനുസൃതമായി മാര്‍ക്‌സിസം-ലെനിനിസം പ്രാവര്‍ത്തികമാക്കുന്നതായിരിക്കും നമ്മുടെ പാത.
നമ്മുടെ ചരിത്രത്തില്‍ നിന്നും ഉരുത്തിരിയുന്നതും നമ്മുടെ പ്രത്യേകമായ സവിശേഷതകളോടും കൂടിയ സോഷ്യലിസമായിരിക്കും നമ്മുടെ ലക്ഷ്യം.
''മുതലാളിത്തം നാശോന്മുഖമാണ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി'' എന്ന പ്രഖ്യാപനത്തോടെയാണ് രാഷ്ട്രീയപ്രമേയം ഉപസംഹരിക്കുന്നത്.
എ ബി ബര്‍ധന്‍ janayugom 080212
''മുതലാളിത്തം നാശോന്മുഖമാണ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി'' എന്ന പ്രഖ്യാപനത്തോടെയാണ് രാഷ്ട്രീയപ്രമേയം ഉപസംഹരിക്കുന്നത്.
ReplyDelete