Friday, February 24, 2012

എയര്‍ലൈന്‍ കാര്‍ബണ്‍ നികുതി: ഇന്ത്യ ഉള്‍പ്പെടെ 26 രാഷ്ട്രങ്ങള്‍ എതിര്‍ക്കും

കാര്‍ബണ്‍ നികുതി ഇനത്തില്‍ വിമാനക്കമ്പനികളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിനെതിരെ ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള 26 രാഷ്ട്രങ്ങള്‍ രംഗത്തെത്തി. യൂറോസോണ്‍ മേഖലകളില്‍ ലാന്‍ഡ് ചെയ്യുന്ന എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. റഷ്യ, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നിലപാടിനെതിരെ രംഗത്തെത്തിയ മറ്റു പ്രമുഖ രാജ്യങ്ങള്‍.

വിമാനങ്ങളില്‍ നിന്ന് പുറംതളളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിയന്ത്രിക്കുന്നതിനു വേണ്ടിയാണു വിവിധ രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കു യൂറോപ്യന്‍ യൂണിയന്‍ കാര്‍ബണ്‍ നികുതി ചുമത്തിയത്. ജനുവരി ഒന്ന് മുതലാണ് യൂറോപ്യന്‍ യൂണിയന്റെ വിമാനത്താവളം ഉപയോഗിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത്.

ചൈനയാണ് ഈ നികുതിക്കെതിരെ ആദ്യം രംഗത്തെത്തിയത്. രാജ്യത്തെ എയര്‍ലൈന്‍സുകള്‍ക്കു പ്രതിവര്‍ഷം 12.40 കോടി ഡോളര്‍ അധികച്ചെലവു വരുമെന്നും ഈ ചെലവും വിമാനയാത്രക്കാരുടെ ചുമലില്‍ തന്നെ വന്നുചേരുമെന്നും ചൈന നേരത്തെ വിലയിരുത്തുന്നു. ഇതിന്റെ പേരില്‍ വിമാനയാത്ര കൂലി വര്‍ദ്ധിപ്പിക്കരുതെന്ന നിര്‍ദ്ദേശവും ചൈന നല്‍കിയിരുന്നു. അതിന്റെ ഭാഗമായി നികുതി നല്‍കുന്നതില്‍ നിന്നു രാജ്യത്തെ വിമാനക്കമ്പനികളെ അവര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും നികുതി തീരുമാനത്തിനെതിരെ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. നികുതി നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 26 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മോസ്‌കോയില്‍ ചര്‍ച്ച നടത്തിയിരുന്നു. നികുതി ചുമത്തുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഈയിനത്തില്‍ യറോപ്യന്‍ യൂണിയന് 2013 മുതല്‍ 1.5 ലക്ഷം കോടി ഡോളര്‍ വീതമായിരിക്കും ലഭിക്കുക.

janayugom 240212

1 comment:

  1. കാര്‍ബണ്‍ നികുതി ഇനത്തില്‍ വിമാനക്കമ്പനികളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിനെതിരെ ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള 26 രാഷ്ട്രങ്ങള്‍ രംഗത്തെത്തി. യൂറോസോണ്‍ മേഖലകളില്‍ ലാന്‍ഡ് ചെയ്യുന്ന എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. റഷ്യ, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നിലപാടിനെതിരെ രംഗത്തെത്തിയ മറ്റു പ്രമുഖ രാജ്യങ്ങള്‍.

    ReplyDelete