Friday, February 24, 2012

പടയണിയായി യുവജന സാഗരം

യുവജന രോഷം ഇരമ്പി; ഭരണകേന്ദ്രങ്ങള്‍ സ്തംഭിച്ചു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന സമരത്തില്‍ ഭരണകേന്ദ്രങ്ങള്‍ നിശ്ചലമായി. "നിയമന നിരോധനം അനുവദിക്കില്ല, പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക" എന്നീ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സമരം. പത്തനംതിട്ട മിനി സിവിള്‍സ്റ്റേഷന്‍ വളയല്‍ സമരം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു.

കേരളത്തിലെ ജനങ്ങളില്‍നിന്ന് അതിവേഗം ബഹുദൂരം അകന്നുപോയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും പിറവം ഉപതെരഞ്ഞെടുപ്പ്. ജീവന്‍ പോകുന്നയാള്‍ അവസാനം കാണിക്കുന്ന വെപ്രാളമാണ് അദ്ദേഹം കാണിക്കുന്നത്. നിയമന നിരോധന നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് ഡിവൈഎഫ്ഐ തുടക്കം കുറിക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് രാവിലെതന്നെ ആയിരക്കണക്കിന് യുവതീയുവാക്കളാണ് സമരകേന്ദ്രത്തിലേക്ക് എത്തിയത്. സമര വളന്റിയര്‍മാര്‍ രാവിലെ തന്നെ സിവില്‍ സ്റ്റേഷന്റ എല്ലാ പ്രവേശന കവാടങ്ങളും ഉപരോധിച്ചു. കോടതികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചില്ല. സിവില്‍ സ്റ്റേഷനില്‍ പ്രവാര്‍ത്തിക്കുന്ന ഓഫീസുകളിലും ജീവനക്കാര്‍ക്ക് എത്തിച്ചേരാനായില്ല.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ , സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, പ്രൊഫ. ടി കെ ജി നായര്‍ , വി കെ പുരുഷോത്തമന്‍പിള്ള, കെ പി ഉദയഭാനു, എ പത്മകുമാര്‍ , ആര്‍ സനല്‍കുമാര്‍ , എന്‍ സജികുമാര്‍ , ബെഞ്ചമിന്‍ ജോസ് ജേക്കബ്, ജനു മാത്യു, റോഷന്‍ റോയി മാത്യു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ സ്വാഗതവും എം വി സന്‍ജു നന്ദിയും പറഞ്ഞു.

യുവജനരോഷത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു

ആലപ്പുഴ: തൊഴില്‍ നിഷേധത്തിനെതിരെ യുവജനരോഷമിരമ്പി. കലക്ടറേറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചും നിയമനനിരോധനം ഏര്‍പ്പെടുത്തിയും തസ്തികകള്‍ വെട്ടിക്കുറച്ചും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴില്‍ നിഷേധിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കലക്ടറേറ്റ് വളഞ്ഞ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 6.30ന് യുവജനങ്ങള്‍ കലക്ടറേറ്റിന്റെ മുഖ്യകവാടവും കിഴക്കേഗേറ്റും ഉപരോധിച്ചു. ഇതുമൂലം ഒരാള്‍ക്കുപോലും കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടക്കാനായില്ല. കലക്ടറേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.

ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ കലക്ടറേറ്റ് കവാടങ്ങള്‍ ഉപരോധിച്ച് സമരത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് വിവിധ ഏരിയകളില്‍നിന്നും വാഹനങ്ങളില്‍ നഗരത്തിലെത്തിയ യുവജനങ്ങള്‍ ചെറുചെറുജാഥകളായി കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. പതിനൊന്നോടെ കലക്ടറേറ്റിന്റെ തെക്ക്-കിഴക്ക് റോഡുകള്‍ യുവജനങ്ങളെക്കൊണ്ട് നിറഞ്ഞു. അപ്പോഴും വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനെ ലക്ഷ്യമാക്കി ജാഥകള്‍ എത്തിക്കൊണ്ടിരുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ സമരം ഉദ്ഘാടനംചെയ്തു.

2001-06 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമനനിരോധനം ആവര്‍ത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്ന് ജയരാജന്‍ പറഞ്ഞു. അന്ന് 15,000 ത്തോളം തസ്തികള്‍ വെട്ടിക്കുറച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ നിയമനനിരോധനം എടുത്തുകളഞ്ഞുവെന്നു മാത്രമല്ല 35,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറായി. അഞ്ചുകൊല്ലംകൊണ്ട് 1.68 ലക്ഷം ചെറുപ്പക്കാര്‍ക്ക് പിഎസ്സി വഴി ജോലി നല്‍കി. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും വലിയ തൊഴില്‍ദാദാവ് സര്‍ക്കാരും. പിഎസ്സിക്ക് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാന്‍ മാത്രമാണ് അധികാരം. തസ്തിക സൃഷ്ടിക്കേണ്ടതും റിപ്പോര്‍ട്ട് ചെയ്യേണ്ടതും സര്‍ക്കാരാണ്. പിഎസ്സി നിയമന ശുപാര്‍ശ നല്‍കിയവര്‍ക്കുപോലും തൊഴില്‍ നല്‍കുന്നില്ല. നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാനും മന്ത്രിയും ചീഫ് സെക്രട്ടറിയും ചെയര്‍മാന്മാരായി കമ്മിറ്റികളെ നിയോഗിച്ചിരിക്കുകയാണ്. തൊഴിലില്ലാത്തത ചെറുപ്പക്കാരന്റെ പ്രശ്നം പഠിക്കാന്‍ സബ്കമ്മിറ്റിയെ നിയോഗിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാണോ? ഈ ആവശ്യം ഉന്നയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷാ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് സമരത്തെ അഭിവാദ്യംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി കെ ചന്ദ്രാനന്ദന്‍ , സി കെ സദാശിവന്‍ , അഡ്വ. സി എസ് സുജാത, ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സോജകുമാര്‍ സ്വാഗതം പറഞ്ഞു. സമരം വൈകിട്ട് 3.15 ഓടെ സമാപിച്ചു. സമാപനസമ്മേളനത്തില്‍ ആര്‍ രാജേഷ് എംഎല്‍എ സംസാരിച്ചു.

പ്രതിഷേധ ജ്വാല

മലപ്പുറം: സംസ്ഥാനത്ത് നിയമന നിരോധനം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ യുവതയുടെ താക്കീത്. അഭ്യസ്തവിദ്യരുടെ തൊഴില്‍മോഹങ്ങളില്‍ ഇരുള്‍വീഴ്ത്താന്‍ വിടില്ലെന്ന പ്രഖ്യാപനവുമായി വ്യാഴാഴ്ച ആയിരക്കണക്കിന് യുവജനങ്ങള്‍ മലപ്പുറത്ത് കലക്ടറേറ്റ് വളഞ്ഞു. നിയമനനിരോധനം അനുവദിക്കില്ല, പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. ജില്ലയിലെ 1781 യൂണിറ്റുകളില്‍നിന്നായി യുവസഹസ്രങ്ങള്‍ ഒഴുകിയെത്തിയ സമരം അതിരറ്റ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്തു. പുലര്‍ച്ചെതന്നെ കലക്ടറേറ്റും ചുറ്റുപാടും സമര വളന്റിയര്‍മാരാല്‍ നിറഞ്ഞിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുമെത്തിയ യുവജനങ്ങള്‍ ചുട്ടുപൊള്ളുന്ന വേനല്‍ കൂസാതെ പ്രതിഷേധ മതിലുയര്‍ത്തി കലക്ടറേറ്റ് സ്തംഭിപ്പിപ്പിച്ചു. ഉശിരന്‍ മുദ്രാവാക്യങ്ങളുടെയും വിപ്ലവഗാനങ്ങളുടെയും അലയൊലികള്‍ നഗരത്തിലാകെ പ്രതിധ്വനിച്ചു. തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെ പിടിച്ചെടുത്ത നേട്ടങ്ങള്‍ പിന്നെയും നിഷേധിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പടയണിയിലേക്ക് യുവശക്തിയാകെ കുതിച്ചെത്തി. ഐതിഹാസികമായ സമരപെതൃകവും പോര്‍വീര്യവും നെഞ്ചേറ്റി വന്ന വള്ളുവനാടിന്റെയും ഏറനാടിന്റെയും പുതുതലമുറയുടെ ഗര്‍ജനത്തില്‍ ജില്ലാ ഭരണകേന്ദ്രം ഞെട്ടിവിറച്ചു. സര്‍ക്കാരിന്റെ യുവജന വിരുദ്ധ നിലപാടിനെതിരെ രോഷാഗ്നിയുമായി നൂറുകണക്കിന് വനിതകളും സമരത്തില്‍ അണിചേര്‍ന്നു.

വിവിധ കമ്മറ്റികള്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രകടനമായാണ് കലക്ടറേറ്റിലേക്കെത്തിയത്. മഞ്ചേരി, വണ്ടൂര്‍ , നിലമ്പൂര്‍ , എടക്കര കമ്മിറ്റികളില്‍നിന്നുള്ളവര്‍ മൂന്നാംപടിയില്‍നിന്നും പ്രകടനമായെത്തി. മേലാറ്റൂര്‍ , പെരിന്തല്‍മണ്ണ, കൊളത്തൂര്‍ മേഖലയിലുള്ളവര്‍ കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്നും പൊന്നാനി, എടപ്പാള്‍ , വളാഞ്ചേരി, തിരൂര്‍ , താനൂര്‍ , എടരിക്കോട് കമ്മിറ്റികള്‍ മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍നിന്നും തിരൂരങ്ങാടി, കൊണ്ടോട്ടി കമ്മിറ്റികള്‍ എയുപി സ്കൂള്‍ പരിസരത്തുനിന്നുമാണ് പ്രകടനമാരംഭിച്ചത്. രാവിലെ പത്തിന് ഉദ്ഘാടന സമയമായപ്പോഴേക്കും കലക്ടറേറ്റ് പരിസരം ജനസാഗരമായി. ജീവിതത്തിന്റെ എല്ലാ തുറകളിലുംപെട്ട അനവധിപേര്‍ അഭിവാദ്യം ചെയ്യാനെത്തി. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ സമരം ഉദ്ഘാടനംചെയ്തു. കേന്ദ്രകമ്മറ്റിയംഗം സുനിത് ചോപ്ര, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ , സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാര്‍ , ജില്ലാക്കമ്മറ്റിയംഗം പ്രൊഫ. എം എം നാരായണന്‍ , വി പി അനില്‍ , വി രമേശന്‍ , ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി റജീന, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ഖലീമുദ്ദീന്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി അജയന്‍ , ട്രഷറര്‍ വി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള നവാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സത്യന്‍ സ്വാഗതം പറഞ്ഞു. വിപ്ലവഗാനമേള, നാടകം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

ഡിവൈഎഫ്ഐ കലക്ടറേറ്റ് വളയല്‍ താക്കീതായി യുവാക്കള്‍ : ഭരണസിരാകേന്ദ്രം സ്തംഭിച്ചു

പാലക്കാട്: നിയമനനിരോധനം നടപ്പാക്കാനും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും തീരുമാനിച്ച യുഡിഎഫ് സര്‍ക്കാരിന് താക്കീത് നല്‍കി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ആയിരക്കണക്കിന് യുവാക്കള്‍ കലക്ടറേറ്റ് വളഞ്ഞു. അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷികളുമായ അരലക്ഷം യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ അവരുടെ രോഷം അണപൊട്ടിയൊഴുകി. തിളയ്ക്കുന്ന ചൂടിനെ ജ്വലിക്കുന്ന സമരാവേശംകൊണ്ട് കീഴടക്കിയ യുവാക്കള്‍ അണിചേര്‍ന്നപ്പോള്‍ പാലക്കാട്ടെ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. രാവിലെ ആറുമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിവില്‍സ്റ്റേഷന്റെ എല്ലാ ഗേറ്റുകളും ഉപരോധിച്ചു. ചില സ്ഥലങ്ങളില്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പൊലീസ് നടത്തിയ ശ്രമങ്ങളെ പ്രവര്‍ത്തകര്‍ സംയമനത്തോടെ നേരിട്ടു. സിവില്‍ സ്റ്റേഷനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കോടതി ഒഴികെയുള്ള ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. പകല്‍ 11ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ അരലക്ഷത്തോളം യുവാക്കളെ വഞ്ചിക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. മന്ത്രി കെ എം മാണിയുടെ നേതൃത്വത്തില്‍ രഹസ്യമായി മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചത് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയല്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇത് കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കള്ളംപറയാനുള്ള ലൈസന്‍സായി മുഖ്യമന്ത്രിപദത്തെ ഉമ്മന്‍ചാണ്ടി കാണരുത്. യുവാക്കളെ കബളിപ്പിച്ച് ഒരുസര്‍ക്കാരിനും ഭരണത്തില്‍ തുടരാനാകില്ല. അതിന് ശ്രമിച്ചാല്‍ ഏറ്റവും ചുരുങ്ങിയകാലം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ എന്ന നാണക്കേടോടെ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും പുറത്തുപോകേണ്ടിവരുമെന്നും സ്വരാജ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ , കെഎസ്കെടിയു ജില്ലാ സെക്രട്ടറി ആര്‍ ചിന്നക്കുട്ടന്‍ , എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം പി പി സുമോദ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ പി സുധീര്‍ നന്ദിയും പറഞ്ഞു. വൈകിട്ടോടെ സമരം അവസാനിച്ചു.

കലക്ടറേറ്റ് സ്തംഭിച്ചു

കല്‍പ്പറ്റ: പ്രതിഷേധത്തിന്റെ അണയാത്ത കരുത്തുമായി യുവജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഭരണകേന്ദ്രങ്ങള്‍ സ്തംഭിച്ചു. നീതിനിഷേധം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് യുവജനങ്ങള്‍ വ്യാഴാഴ്ച വയനാട് കലക്ടറേറ്റ് വളഞ്ഞുവെച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍നിഷേധത്തിനെതിരെയുള്ള സംഘടിത ചെറുത്തുനില്‍പ്പായി മാറി യുവജനസമരം. പെന്‍ഷന്‍പ്രായംവര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിയമന നിരോധനം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കലക്ടറേറ്റ് വളഞ്ഞത്.

ബുധനാഴ്ച വൈകിട്ടുതന്നെ കല്‍പ്പറ്റയ്ക്കു സമീപത്തെ പ്രധാനകേന്ദ്രങ്ങളില്‍നിന്നുള്ള സമരവളണ്ടിയര്‍മാര്‍ കാല്‍നടയായി കല്‍പ്പറ്റയില്‍ എത്തിച്ചേര്‍ന്നിരുന്നു. വഴിനീളെ സമരത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ടാണ് യുവജനങ്ങള്‍ എത്തിയത്. സമരചരിത്രത്തിലെ മറ്റൊരു ഉജ്ജ്വല അധ്യായമായി മാറി സിവില്‍സ്റ്റേഷന്‍ ഉപരോധം. തലേദിവസംതന്നെ എത്തിയവര്‍ വ്യാഴാഴ്ച അതിരാവിലെതന്നെ കലക്ടറേറ്റ് ഉപരോധിച്ചു. പിന്നീട് പത്തുമണിയോടെ കലക്ടറേറ്റും പരിസരവും യുവജനങ്ങളെക്കൊണ്ട് നിറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വളണ്ടിയര്‍മാര്‍ രണ്ടു പ്രധാനഗേറ്റുകളും പുറകുവശവും ഉപരോധിച്ചതോടെ ജീവനക്കാര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും അകത്തുകടക്കാനായില്ല. വൈകിട്ട് മൂന്നോടെ ഉപരോധം അവസാനിച്ചശേഷമാണ് ജീവനക്കാര്‍ പലര്‍ക്കും അകത്തുകടക്കാനായത്. പ്രതിഷേധമുദ്രാവാക്യവും ഗാനങ്ങളുമായി തികച്ചും സമാധാനപരമായ രീതിയില്‍ യുവജനങ്ങള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കലക്ടറേറ്റ് വളയല്‍ സമരം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് കെ ഷെമീര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ , പി ഗഗാറിന്‍ , വി ഉഷാകുമാരി, പി വി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം മധു സ്വാഗതവും ട്രഷറര്‍ പി എം സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ : യുവജന മാര്‍ച്ച് താക്കീതായി

കോഴിക്കോട്: കത്തുന്ന വെയിലിലും തളരാത്ത പോരാട്ടവീര്യവുമായി കലക്ടറേറ്റ് പടിക്കല്‍ യുവതയുടെ പ്രതിഷേധക്കൊടുങ്കാറ്റ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, നിയമന നിരോധനം അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് യുഡിഎഫ് സര്‍ക്കാറിന്റെ കിരാതനയങ്ങള്‍ക്കെതിരായ പ്രതിഷേധം അണപൊട്ടിയൊഴുകിയത്. ശുഭ്രപതാകയും ചോരതുടിക്കുന്ന മുദ്രാവാക്യങ്ങളുമായി യുവതികളടക്കമുള്ള ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മാതൃകാപരമായി. സമാധാനപരമായി മുദ്രാവാക്യം വിളിച്ച് നടന്ന മാര്‍ച്ച് യുഡിഎഫ് സര്‍ക്കാറിനുള്ള താക്കീതായി. യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുകയെന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മാര്‍ച്ചില്‍ അണിനിരന്ന സമരഭടന്മാര്‍ ആവശ്യപ്പെട്ടു. നിയമന നിരോധം നടപ്പാക്കുന്നത് ജീവന്‍ കൊടുത്തും തങ്ങള്‍ പ്രതിരോധിക്കുമെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഭാവി ഇരുട്ടിലാക്കാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമേഖല സംരക്ഷിക്കാതിരുന്നാല്‍ തൊഴിലവസരങ്ങള്‍ കുറയും. ഇത് യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് കളങ്കമേല്‍പ്പിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷനായി. പി എ മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു, ജില്ലാ ജോ. സെക്രട്ടറി കെ സുനില്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ അവസാനിപ്പിച്ചു. പി എ മുഹമ്മദ് റിയാസ്, എം ഗിരീഷ്, കെ ബൈജു, ടി പ്രദീപ് കുമാര്‍ , എ എം റഷീദ്, കെ സുനില്‍ , പി എം ആതിര, പി നിഖില്‍ , വരുണ്‍ ഭാസ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുവജനരോഷമിരമ്പി; കലക്ടറേറ്റ് സ്തംഭിച്ചു

കൊല്ലം: യുവജനരോഷത്തില്‍ ഭരണസിരാകേന്ദ്രം നിശ്ചലമായി. ജില്ലയുടെ നാനാഭാഗത്തുനിന്ന് ശുഭ്രപതാകയുമേന്തി ഒഴുകിയെത്തിയ ആയിരക്കണക്കിന് യുവതീയുവാക്കള്‍ ഏഴുമണിക്കൂര്‍ കലക്ടറേറ്റ് വളഞ്ഞുവച്ചു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചും നിയമന നിരോധനം ഏര്‍പ്പെടുത്തിയും അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നം തകര്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഡിവൈഎഫ്ഐ സമരം ശക്തമായ താക്കീതായി. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമുതല്‍ കലക്ടറേറ്റിന്റെ മൂന്നു ഗേറ്റുകളും ഉപരോധിച്ച പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. പ്രക്ഷോഭകരെ പ്രതിരോധിക്കാന്‍ ബാരിക്കേഡ് നിരത്തി ശക്തമായ പൊലീസ് സന്നാഹമാണ് ഒരുക്കിയത്. സമരം തീര്‍ത്തും സമാധാനപരമായിരുന്നു.

കലക്ടറേറ്റിന്റെ കിഴക്കുവശത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് നിരത്തി ഗതാഗതം തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നു. തെക്കും പടിഞ്ഞാറുമുള്ള ഗേറ്റില്‍ യുവാക്കള്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. കൊട്ടും പാട്ടും മുദ്രാവാക്യം വിളികളുമായി കലക്ടറേറ്റ് പരിസരം പ്രകമ്പനംകൊണ്ടു. പൊരിവെയിലിലും തളരാത്ത സമരാവേശം യുവജനങ്ങളുടെ പോരാട്ടവീറിന്റെ സാക്ഷ്യപത്രമായി. എരിയുന്ന വെയിലില്‍ ജ്വലിച്ചുനിന്ന പകല്‍ 11ന് വടക്കുവശത്തെ പ്രധാന ഗേറ്റില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ശ്രീമതി ഉപരോധസമരം ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ജെ ബിജു അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍ , ബി രാഘവന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് സുദേവന്‍ , ജോര്‍ജ് മാത്യു, പി ആര്‍ വസന്തന്‍ , കൊല്ലം ഏരിയസെക്രട്ടറി പി സോമനാഥന്‍ , പുരോഗമന കലാസാഹിത്യ സംഘം ജില്ലാപ്രസിഡന്റ് ജോണ്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി അഡ്വ. ജി മുരളീധരന്‍ സ്വാഗതം പറഞ്ഞു. പകല്‍ ഒന്നിന് സമരം അവസാനിച്ചു.

യുവതയുടെ പ്രതിഷേധവലയം

തൃശൂര്‍ : ജീവിതം ഗതിമുട്ടിച്ച് ഒരു തലമുറയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നെറികേടിനെതിരെ പ്രതിഷേധവലയം തീര്‍ത്ത് യുവതയുടെ താക്കീത്. യുവജനതയുടെ തൊഴില്‍സ്വപ്നം തകര്‍ക്കുന്ന ഭരണപരിഷ്കാരം കേരളമണ്ണില്‍ വാഴിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവാക്കള്‍ നടത്തിയ കലക്ടറേറ്റ്വളയല്‍ സമരം ചരിത്രമായി. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, നിയമനനിരോധനം അനുവദിക്കില്ല, തസ്തിക വെട്ടിച്ചുരുക്കാനുള്ള എംപവര്‍ കമ്മിറ്റി പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ഉപരോധത്തില്‍ വനിതകളടക്കം ആയിരങ്ങള്‍ കലക്ടറേറ്റില്‍ പ്രതിഷേധകോട്ട കെട്ടിയത്. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ നൂറുകണക്കിന് യുവാക്കളാണ്സമരമുഖത്തേക്ക് എത്തിയത്. ഏഴരയോടെ മൂന്ന് ഗേറ്റും യുവാക്കള്‍ വളഞ്ഞു. ശുഭ്രപതാകയുമേന്തി ആയിരങ്ങള്‍ പ്രകടനമായി സമരമുഖത്തേക്ക് എത്തിയതോടെ ഉച്ചവെയില്‍ തോറ്റ പ്രക്ഷോഭച്ചൂടില്‍ കലക്ടറേറ്റ് പരിസരം വെന്തുരുകി. സമരത്തിന്റെ ലക്ഷ്യം ബോധ്യപ്പെട്ട് ജനങ്ങള്‍ ഉള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കാതെ മടങ്ങി. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനാ നേതാക്കള്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തി അലോസരമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോടതി ഒഴികെ സിവില്‍ സ്റ്റേഷനിലെ ഒരുസര്‍ക്കാര്‍ സ്ഥാപനവും പ്രവര്‍ത്തിച്ചില്ല. എസ്എഫ്ഐ നേതൃത്വത്തില്‍ പെണ്‍കുട്ടികളടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രകടനമായി സമരമുഖത്തേക്ക് ഇരച്ചെത്തി. വിവിധ ബ്ലോക്ക്കമ്മിറ്റികളുടെ ബാനറിനുകീഴിലാണ് പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക് എത്തിയത്.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ സി ബിജു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ , കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലി, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം ടി കെ വാസു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ബി ഷിബു നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍ , തൃശൂര്‍ ഏരിയ സെക്രട്ടറി പി കെ ഷാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപനയോഗത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ കവിത, കെ വി സജു, കെ എസ് ദിലീപ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ കെ എം വാസുദേവന്‍ , എം ആര്‍ രഞ്ജിത്ത്, പി ബി അനൂപ,് പി ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുദ്രാവാക്യംവിളികള്‍ക്കൊപ്പം നാടന്‍പാട്ടും കവിതാലാപനവും ഉപരോധസമരത്തിന് ആവേശം പകര്‍ന്നു.

യുവജനതയുടെ പ്രക്ഷോഭക്കാറ്റില്‍ ഭരണസിരാകേന്ദ്രം നിശ്ചലമായി

കോട്ടയം: യുവജനങ്ങളെ തൊഴിലില്ലായ്മയുടെ പടുകുഴിയിലേക്ക് തള്ളിയിടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരായ രോഷക്കൊടുങ്കാറ്റില്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. ആയിരക്കണക്കിന് യുവതീയുവാക്കള്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് വളയല്‍ പുതുതലമുറയുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന യുഡിഎഫ് ഭരണത്തിനെതിരായ ശക്തമായ വികാരപ്രകടനമായി. വ്യാഴാഴ്ച അതിരാവിലെതന്നെ കലക്ടറേറ്റിന് മുന്നിലേക്ക് യുവജനതയുടെ പ്രവാഹം ആരംഭിച്ചു. ഏഴോടെ കലക്ടറേറ്റിന്റെ നാലുകവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കലക്ടറേറ്റിനു ചുറ്റുമായി പ്രവര്‍ത്തകരുടെ വലയം രൂപപ്പെട്ടതോടെ പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിച്ചു. യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രതിഷേധം പൊരിവെയിലില്‍ തളരാത്ത വീര്യത്തോടെ അവര്‍ ആളിക്കത്തിച്ചു. സര്‍ക്കാര്‍ -പൊതുമേഖലാ സര്‍വീസുകളിലെ തസ്തികള്‍ കൂടി വെട്ടിക്കുറച്ച് ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍നയത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് സമരഭടന്മാര്‍ പ്രതിജ്ഞയെടുത്തു. കലക്ടറേറ്റിന്റെ എല്ലാ കവാടങ്ങളും ഉപരോധിച്ചതോടെ ജീവനക്കാര്‍ക്ക്് അകത്ത് പ്രവേശിക്കാനായില്ല. പകല്‍ ഒന്നിനാണ് സമരം അവസാനിപ്പിച്ചത്.

കലക്ടറേറ്റിന്റെ പ്രധാനഗേറ്റിനുമുന്നില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ സി എന്‍ മോഹനന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ , ജില്ലാ സെക്രട്ടറിയറ്റംഗം പി എന്‍ പ്രഭാകരന്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ അനില്‍കുമാര്‍ , അഡ്വ. വി ജയപ്രകാശ്, രമാമോഹന്‍ , കോട്ടയം ഏരിയാ സെക്രട്ടറി എം കെ പ്രഭാകരന്‍ , ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ റിബിന്‍ഷാ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ രാജേഷ് സ്വാഗതവും കോട്ടയം ബ്ലോക്ക് സെക്രട്ടറി സി ജി രഞ്ജിത് നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി എന്‍ ബിനു, ഷെമീം അഹമ്മദ്, അഡ്വ. ഷീജ അനില്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

കലക്ടറേറ്റിന്റെ മുഖ്യകവാടത്തില്‍ കോട്ടയം ബ്ലോക്കിലെ പ്രവര്‍ത്തകരും ജില്ലാപഞ്ചായത്ത് കവാടത്തില്‍ പുതുപ്പള്ളി ബ്ലോക്കിലെ പ്രവര്‍ത്തകരുമാണ് അണിനിരന്നത്. പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ ഗേറ്റില്‍ ഏറ്റുമാനൂര്‍ ബ്ലോക്കിലെ പ്രവര്‍ത്തകരും കിഴക്കേ ഗേറ്റില്‍ അയര്‍ക്കുന്നം ബ്ലോക്കിലെ പ്രവര്‍ത്തകരും അണിനിരന്നു. മുഖ്യഗേറ്റ് മുതല്‍ സിഎസ്ഐ പള്ളിവരെ വാഴൂര്‍ ബ്ലോക്കിലെ പ്രവര്‍ത്തകരും സിഎസ്ഐ പള്ളിമുതല്‍ ഇമ്മാനുവല്‍ സില്‍ക്സിന് സമീപംവരെ ചങ്ങനാശേരി ബ്ലോക്കിലെ പ്രവര്‍ത്തകരും വലയം തീര്‍ത്തു. എന്‍ജിഒ യൂണിയന്‍ ഓഫീസിന് സമീപം മുതല്‍ പൊലീസ്പരേഡ് ഗ്രൗണ്ടിന് സമീപത്തെ ഗേറ്റ്വരെ വൈക്കം ബ്ലോക്കിലെ പ്രവര്‍ത്തകരും പങ്കാളികളായി. പൊലീസ് പരേഡ് ഗ്രൗണ്ട് ഗേറ്റിന് സമീപത്തുനിന്നും ബാര്‍ അസോസിയേഷന് പിന്‍ഭാഗംവരെ തലയോലപ്പറമ്പ് ബ്ലോക്കിലെ പ്രവര്‍ത്തകരും മെയിന്‍ഗേറ്റ്മുതല്‍ ജില്ലാപഞ്ചായത്ത് ഗേറ്റ്വരെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പ്രവര്‍ത്തകരും ജില്ലാപഞ്ചായത്ത് ഗേറ്റ്മുതല്‍ വാട്ടര്‍ അതോറിറ്റി ഗേറ്റ്വരെ പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ ബ്ലോക്കുകളിലെ പ്രവര്‍ത്തകരുമാണ് കലക്ടറേറ്റ് വളഞ്ഞത്.

യുവജനവിരുദ്ധ നടപടിക്കെതിരെ യുവതയുടെ പ്രതിഷേധമിരമ്പി

കൊച്ചി: പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനും നിയമനനിരോധത്തിനും എതിരെ യുവശക്തിയുടെ പ്രതിഷേധമിരമ്പി. ഡിവൈഎഫ്ഐ സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം യുഡിഎഫിന്റെ യുവജനവിരുദ്ധ നടപടികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി. രാവിലെ ഏഴിന് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. ഉപരോധത്തില്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനംചെയ്തു.

പെന്‍ഷന്‍പ്രായം ഉയര്‍ത്താമെന്നും നിയമനനിരോധം ഏര്‍പ്പെടുത്താമെന്നും യുഡിഎഫ് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമായിരിക്കുമെന്ന് ടി വി രാജേഷ് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തട്ടെ. അപ്പോള്‍ കാണാം. പിറവം ഉപതെരഞ്ഞെടുപ്പിനുശേഷം പെന്‍ഷന്‍പ്രായം ഉയര്‍ത്താനാണു നീക്കമെങ്കില്‍ കനത്ത വില കൊടുക്കേണ്ടിവരും. ഉമ്മന്‍ചാണ്ടിയുടെ ഭരണം വെറും റിയാലിറ്റി ഷോയായിമാറിയിരിക്കുന്നു. ഇതിന്റെ ഗ്രാന്‍ഡ് ഫിനാലെയായിരിക്കും മാര്‍ച്ച് 17ന് പിറവത്തു കാണുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാപ്പുപറഞ്ഞ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയിരിക്കുകയാണ്. നിയമസഭയില്‍ ആറുതവണയാണ് അദ്ദേഹം മാപ്പു ചേദിച്ചതെന്ന് ടി വി രാജേഷ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ , സംസ്ഥാന വൈസ്പ്രസിഡന്റ് ടി വി അനിത, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എന്‍ ജയപ്രകാശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അന്‍വര്‍ അലി, പി ആര്‍ റനീഷ്, ടി വി നിഥിന്‍ , കെ പി റെജീഷ്, എ ജി ഉദയകുമാര്‍ , ടി വി പ്രദീഷ്, പി ബി രതീഷ്, എസ് സതീഷ്, കളമശേരി ബ്ലോക്ക് സെക്രട്ടറി പി വി ഷാജി, പ്രസിഡന്റ് എന്‍ രവി എന്നിവര്‍ സംസാരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെമുതല്‍ നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി കലക്ടറേറ്റ് പരിസരത്തേക്ക് യുവജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഏഴോടെ പ്രവര്‍ത്തകര്‍ എല്ലാ കവാടങ്ങളുടെയും മുന്നില്‍ സ്ഥാനംപിടിച്ചു. പതിനായിരത്തിലധികം സമരവളന്റിയര്‍മാര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു. എറണാകുളം, വൈറ്റില, കളമശേരി, തൃപ്പൂണിത്തുറ, കൊച്ചി, പള്ളുരുത്തി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ബ്ലോക്കുകളില്‍നിന്നുള്ളവര്‍ കലക്ടറേറ്റിന്റെ തെക്കേ ഗേറ്റിലും കോതമംഗലം, കവളങ്ങാട്, കോലഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കിഴക്കേ ഗേറ്റിലും പറവൂര്‍ , ആലുവ, വൈപ്പിന്‍ , നെടുമ്പാശേരി, കാലടി, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഗേറ്റിലും അണിനിരന്നു. തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന 40 ലക്ഷത്തിലധികം യുവതീയുവാക്കളെ വഞ്ചിക്കുന്ന യുഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരായ മുദ്രാവാക്യങ്ങള്‍ സമരത്തില്‍ ഉയര്‍ന്നു. സമാപനസമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു.

പടയണിയായി യുവജന സാഗരം

കാസര്‍കോട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, നിയമന നിരോധനം അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച കലക്ടറേറ്റ് വളയല്‍ ജില്ലയിലെ യുവജനങ്ങളുടെ ഹൃദയത്തുടിപ്പും ആശങ്കയും വിളിച്ചോതുന്നതായി. യുവാക്കള്‍ക്ക് ജോലി നിഷേധിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ നേരിടുന്ന പ്രക്ഷോഭങ്ങള്‍ ഏതുവിധേനയായിരിക്കുമെന്നതിന്റെ ശക്തമായ തെളിവായിരുന്നു കലക്ടറേറ്റ് വളയല്‍ . ജില്ലയിലെ 12 ബ്ലോക്കുകളില്‍നിന്നായെത്തിയ പതിനായിരങ്ങളാണ് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ വേനല്‍ച്ചൂടിന്റെ കാഠിന്യത്തെവകവയ്ക്കാതെ ടാറിങ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

മറ്റുജില്ലകളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ ഭരണവിഭാഗമാകെ സ്തംഭിച്ചു. കലക്ടറേറ്റും ജില്ലാപഞ്ചായത്തും വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിലാണ്. ബുധനാഴ്ച രാത്രി 11ന് സമര വളണ്ടിയര്‍മാര്‍ കലക്ടറേറ്റ് വളഞ്ഞു. ഞായറാഴ്ച കാസര്‍കോട് കണി കണ്ടുണര്‍ന്നത് അത്യപൂര്‍വ ജനസഞ്ചയത്തെയായിരുന്നു. ബസ്, ലോറി, ജീപ്പ് തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളിലായി പുലര്‍ച്ചെമുതല്‍ ജില്ലയുടെ തെക്ക്- വടക്ക് മേഖലകളിലെയും മലയോരത്തെയും വളണ്ടിയര്‍മാര്‍ സിവില്‍സ്റ്റേഷനിലേക്ക് ഒഴുകുകയായിരുന്നു. രാവിലെ പത്തോടെ കാല്‍ലക്ഷത്തോളം യുവജനങ്ങള്‍ കലക്ടറേറ്റ് പരിസരത്ത് എത്തി. തുടര്‍ന്ന് കലക്ടറേറ്റ് സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗേറ്റുകളില്‍ സമര വളണ്ടിയര്‍മാര്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകളേന്തിയും കുത്തിയിരുന്നു. സമര വളണ്ടിയര്‍മാരുടെ വലയം ഭേദിച്ച് ഒരാള്‍ക്കുപോലും കലക്ടറേറ്റ് വളപ്പിനുള്ളില്‍ കയറാന്‍ സാധിച്ചില്ല. ജോലിക്കെത്തിയ ജീവനക്കാരെല്ലാം തിരികെ പോയി.

കാല്‍നൂറ്റാണ്ട് മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമന നിരോധത്തിനെതിരെയുള്ള സമരചരിത്രത്തില്‍ അനശ്വര രക്തസാക്ഷിത്വം വരിച്ച ബാലകൃഷ്ണന്റെ സ്മരണകള്‍ നിറഞ്ഞ കാസര്‍കോടിന്റെ മണ്ണില്‍ നടന്ന ഐതിഹാസിക സമരത്തെ ആവേശത്തോടെയാണ് യുവജനങ്ങള്‍ നെഞ്ചേറ്റിയത്. പകല്‍ രണ്ടോടെ സമരം അവസാനിച്ചു. ജില്ലാസെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുതിയക്കാല്‍ , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജ്മോഹന്‍ , കെ മണികണ്ഠന്‍ , ജില്ലാ നേതാക്കളായ വി പ്രകാശന്‍ , മാധവന്‍ മണിയറ, കെ രവീന്ദ്രന്‍ , എ വിധുബാല, രേവതി കുമ്പള, എ വി സഞ്ജയന്‍ , സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

deshabhimani 240212

1 comment:

  1. കത്തുന്ന വെയിലിലും തളരാത്ത പോരാട്ടവീര്യവുമായി കലക്ടറേറ്റ് പടിക്കല്‍ യുവതയുടെ പ്രതിഷേധക്കൊടുങ്കാറ്റ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, നിയമന നിരോധനം അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് യുഡിഎഫ് സര്‍ക്കാറിന്റെ കിരാതനയങ്ങള്‍ക്കെതിരായ പ്രതിഷേധം അണപൊട്ടിയൊഴുകിയത്. ശുഭ്രപതാകയും ചോരതുടിക്കുന്ന മുദ്രാവാക്യങ്ങളുമായി യുവതികളടക്കമുള്ള ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മാതൃകാപരമായി. സമാധാനപരമായി മുദ്രാവാക്യം വിളിച്ച് നടന്ന മാര്‍ച്ച് യുഡിഎഫ് സര്‍ക്കാറിനുള്ള താക്കീതായി. യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുകയെന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മാര്‍ച്ചില്‍ അണിനിരന്ന സമരഭടന്മാര്‍ ആവശ്യപ്പെട്ടു. നിയമന നിരോധം നടപ്പാക്കുന്നത് ജീവന്‍ കൊടുത്തും തങ്ങള്‍ പ്രതിരോധിക്കുമെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഭാവി ഇരുട്ടിലാക്കാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

    ReplyDelete