Thursday, February 2, 2012

2 ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി

2ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. പതിനൊന്ന് കമ്പനികള്‍ക്ക് വിതരണം ചെയ്തിരുന്ന 122 ലൈസന്‍സുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. പുതിയ ലൈസന്‍സ് വിതരണത്തിനായി വീണ്ടും ലേലം നടത്തണമെന്നും കോടതി ഉത്തരവിട്ടു. നാലു മാസത്തിനകം ലേലം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ കെ ഗാംഗുലി, ജിഎസ് സിംഗ്വി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇടപാടില്‍ നഗ്നമായ അഴിമതിയും ഭരണഘടനാലംഘനവുമാണ് നടന്നതെന്ന് വ്യക്തമായി.

2008 ജനുവരിക്കുശേഷം നല്‍കിയ ലൈസന്‍സുകളാണിവ. ഇടപാടില്‍ എ രാജക്കു മാത്രമാണ് ഉത്തരവാദിത്വമെന്നും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിനും പ്രധാനമന്ത്രിക്കും ഉത്തരവാദിത്വമില്ലയെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മാനദണ്ഡങ്ങള്‍ മറികടന്ന ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ആദ്യം എന്ന നയമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇടപാട് സര്‍ക്കാരിന് 1.76 ലക്ഷം കോടി നഷ്ടമുണ്ടാക്കി. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ ധനമന്ത്രി ചിദംബരത്തിനെതിരെ സിബിഐ അനേഷണം നടത്തുന്ന കാര്യം വിചാരണകോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചിദംബരത്തിന്റെ കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണകോടതി ഈ കേസില്‍ ശനിയാഴ്ച വിധി പറയാനിനിരിക്കുകയാണ്.

വീണ്ടും ലേലം നടത്തുന്നതിന് ട്രായ് മേല്‍നോട്ടം വഹിക്കണം. പുതിയ ലേലത്തിനുള്ള മാനദണ്ഡങ്ങള്‍ ട്രായ് രണ്ടുമാസത്തിനകം അറിയിക്കണം. വീഡിയോകോണ്‍ , ടാറ്റ, ഐഡിയ, യൂനിനോര്‍ , സ്വാന്‍ ,ലൂപ്പ്, എസ്ടെല്‍ , എയര്‍സെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സുകളാണ് റദ്ദാക്കിയത്. സ്പെക്ട്രം ഒന്നിന് 5 കോടി വീതം കമ്പനികള്‍ പിഴയടക്കണം. ഇതിന്റെ പകുതി പ്രതിരോധവകുപ്പിന് നല്‍കണം. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്ന ഹര്‍ജി കോടതി തള്ളി. കേസിന്റെ അന്വേഷണം ചീഫ് വിജിലന്‍സ് കമീഷണര്‍ വിലയിരുത്തുമെന്നും സിവിസി വഴി റിപ്പോര്‍ട്ട് കോടതിയെ ധരിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി ചിദംബരത്തിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം പരിഗണിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ വയ്യ.

കപില്‍ സിബല്‍ രാജിവയ്ക്കണം: സിപിഐ എം

ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ മറികടന്ന് അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ രാജിവയ്ക്കണം. യുപിഎ ഗവണ്‍മെന്റിന്റെയും കപില്‍ സിബലിന്റെയും തെറ്റായ നടപടികള്‍ക്കുള്ള തിരിച്ചടിയാണ് കോടതിവിധി. 2 ജി ഇടപാട് മൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞ് ലൈസന്‍സ് റദ്ദാക്കുന്നതിനെതിരെ നിലകൊണ്ട വ്യക്തിയാണ് സിബല്‍ . സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാഷ്ട്രത്തോട് പ്രതികരിക്കണം. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും പിബി ആവശ്യപ്പെട്ടു

2ജി: കപില്‍ സിബല്‍ കൈകഴുകുന്നു

ന്യൂഡല്‍ഹി: 2ജി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നുവെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അവകാശപ്പെട്ടു. കോടതിവിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രിയും ധനമന്ത്രി ചിദംബരവും ലൈസന്‍സ് ഇടപാടുകള്‍ അറിഞ്ഞിട്ടില്ല. ലൈസന്‍സ് നല്‍കിയതില്‍ യുപിഎക്ക് പ്രത്യേകനയമില്ല. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയാണിത്. അതുകൊണ്ടുതന്നെ ബിജെപിക്കാണ് ഉത്തരവവാദിത്വം. വിവാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ബിജെപിയാണ്. പ്രധാനമന്ത്രിക്കും ചിദംബരത്തിനുമെതിരായ പരാമര്‍ശങ്ങള്‍ വിധിയിലില്ല. വിവാദങ്ങള്‍ മൂലമുണ്ടായ അവ്യക്തത പരിഹരിക്കുന്നതിന് വിധി കൂടുതല്‍ സഹായകമായി. ടെലകോം അഥോറിട്ടിയുടെ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം സ്പെക്ട്രം വീണ്ടും ലേലം നടത്തും. ലൈസന്‍സ് റദ്ദാക്കിയത് മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന സേവനങ്ങളെ ബാധിക്കില്ല.

2 ജി: സുപ്രീം കോടതിവിധി സര്‍ക്കാര്‍ പരിശോധിക്കും   പ്രണബ്

ന്യൂഡല്‍ഹി: 2 ജി കേസില്‍ സുപ്രീം കോടതിവിധി കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വിധിയുടെ വിവിധ വശങ്ങള്‍ പരിശോധിക്കും. 2 ജി ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

deshabhimani news

1 comment:

  1. 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. പതിനൊന്ന് കമ്പനികള്‍ക്ക് വിതരണം ചെയ്തിരുന്ന 122 ലൈസന്‍സുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. പുതിയ ലൈസന്‍സ് വിതരണത്തിനായി വീണ്ടും ലേലം നടത്തണമെന്നും കോടതി ഉത്തരവിട്ടു. നാലു മാസത്തിനകം ലേലം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ കെ ഗാംഗുലി, ജിഎസ് സിംഗ്വി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇടപാടില്‍ നഗ്നമായ അഴിമതിയും ഭരണഘടനാലംഘനവുമാണ് നടന്നതെന്ന് വ്യക്തമായി.

    ReplyDelete