Friday, February 10, 2012

പ്രദര്‍ശനത്തിനെത്തിയത് 3 ലക്ഷത്തിലേറെപ്പേര്‍

സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ ഇതുവരെ എത്തിയത് മൂന്ന് ലക്ഷത്തോളം പേര്‍ . കുട്ടികളുമായി രക്ഷിതാക്കള്‍ , സ്കൂള്‍ വിദ്യാര്‍ഥികള്‍ , ഗവേഷകര്‍ , തൊഴിലാളികള്‍ , പുരോഹിതര്‍ , അന്തര്‍ദേശീയ അംഗീകാരം നേടിയ അധ്യാപകര്‍ , ചരിത്രകുതുകികള്‍ തുടങ്ങി സമൂഹത്തിന്റെ പരിഛേദം പ്രദര്‍ശനവേദിയില്‍ എത്തി. പൊതുസമ്മേളനത്തിനായി മറ്റ് ജില്ലകളില്‍ നിന്നെത്തിയവരും പ്രദര്‍ശനം കാണാന്‍ വന്നതോടെ രണ്ടു ദിവസമായി വന്‍ തിരക്കാണ്. മാര്‍ക്സിസത്തിന്റെ സമകാല പ്രസക്തിക്ക് പ്രദര്‍ശനം അടിവരയിട്ടു. ചരിത്രത്തെ മൂടി വയ്ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്ന സമയത്ത് ഇത്തരമൊരു പ്രദര്‍ശനം നടത്തിയ സംഘാടകരുടെ ദീര്‍ഘവീക്ഷണം പരക്കെ പ്രശംസിക്കപ്പെട്ടു. പ്രദര്‍ശനവേദിയിലേക്ക് എത്തിയ വിദ്യാര്‍ഥികളും സ്ത്രീകളും യുവാക്കളും സാക്ഷ്യപ്പെടുത്തിയതും ഇതേ വസ്തുത. വിവാദത്തില്‍ മുക്കി പ്രദര്‍ശനം അപ്രസക്തമാക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുരോഹിതര്‍ ഉള്‍പ്പെടെ പ്രദര്‍ശനം കാണാന്‍ എത്തി. ക്രിസ്തുവിനെയും ചെ ഗുവേരയെയും പീഡിതജനതയുടെ വിമോചകരായി കാണുന്നത് അഭിനന്ദനീയമാണെന്ന് മതമേലധ്യക്ഷര്‍തന്നെ പറഞ്ഞതോടെ വിമര്‍ശകരുടെ വായടഞ്ഞു.

കഴിഞ്ഞ നൂറ്റാണ്ടിലെ ഫോട്ടോഗ്രാഫുകളില്‍നിന്ന് ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത പത്ത് ചിത്രങ്ങളില്‍നിന്ന് തുടങ്ങി ലോകചരിത്രത്തിലൂടെ സഞ്ചരിച്ച് പോരാട്ടത്തിന്റെ വര്‍ത്തമാനത്തിലേക്ക് നീളുന്നതായി പ്രദര്‍ശനം. മാര്‍ക്സിന്റെ ജീവിതം, ലോകവ്യാപകമായ മാര്‍ക്സിസ്റ്റ് മുന്നേറ്റം, ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം, സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കമ്യൂണിസ്റ്റ് പോരാട്ടം, നവോത്ഥാനം ഉഴുതിട്ട കേരളീയ മണ്ണില്‍ ഇടതുപക്ഷം വളര്‍ന്നു കയറിയതിന്റെ നേര്‍ക്കാഴ്ച, അധികാരത്തിലെത്തിയ ഇടതുമന്ത്രിസഭകളുടെ ജനക്ഷേമപരിപാടികള്‍ , തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും ചോരചിന്തിയ സമരങ്ങള്‍ , തുടങ്ങി ചരിത്രത്തെ സമഗ്രമായി അനാവരണം ചെയ്യുന്നതായി പ്രദര്‍ശനം. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പത്ര ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളും ശ്രദ്ധേയമായി. ചെറുത്തുനില്‍പ്പിന്റെ ലാറ്റിന്‍ അമേരിക്കന്‍ കാഴ്ചകളും സുകുമാര്‍ അഴീക്കോടിന്റെ അന്ത്യയാത്രയുടെ ചിത്രീകരണവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇ എം എസിന്റെ വിയോഗം മാധ്യമങ്ങളുടെ മുഖതാളുകളിലൂടെ പ്രത്യക്ഷപ്പെട്ടു.

"ഇ എം എസിന്റെ ചിത്രങ്ങള്‍ കണ്ട് വികാരഭരിതനായിപ്പോയി ഞാന്‍ . വാര്‍ത്തകള്‍ സൃഷ്ടിച്ച മനുഷ്യന്റെ മരണം വാര്‍ത്തകളില്‍ നിറയുന്ന കാഴ്ച."- മലപ്പുറം എടവണ്ണയില്‍ നിന്നു വന്ന രാമന്‍കുട്ടി പറഞ്ഞു. നഗരത്തില്‍ എത്തിയ വിദേശികളും ഉത്തരേന്ത്യക്കാരും പ്രദര്‍ശനം കാണാനെത്തി. സന്ദര്‍ശകര്‍ നോട്ടുകള്‍ കുറിച്ചെടുക്കുന്നതും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും കാണാമായിരുന്നു. സിനിമാ പ്രദര്‍ശനവും ചിന്ത അന്താരാഷ്ട്ര പുസ്തകോത്സവവും സായാഹ്നങ്ങളില്‍ സംഘടിപ്പിക്കുന്ന കലാപരിപാടികളും പ്രദര്‍ശനവേദിക്ക് പുതിയ മാനം നല്‍കി. മറ്റൊരു രാഷ്ട്രീയ പാര്‍ടിക്കും സ്വപ്നം കാണാനാവാത്ത സംഘാടനശേഷിയുടെ പ്രകാശനംകൂടിയായി ഇത്. നാടന്‍ഭക്ഷ്യമേളയുടെ രസക്കൂട്ട് സാംസ്കാരിക സന്ധ്യകള്‍ക്ക് നിറവ് നല്‍കി. ഞായറാഴ്ചമാത്രം എത്തിയത് മുപ്പതിനായിരത്തിലേറെ ആളുകളാണ്. തുടര്‍ദിവസങ്ങളിലും ഇതേ തിരക്ക് തുടര്‍ന്നു. "ഇവിടെ നിന്‍ വാക്ക് ഉറങ്ങാതിരിക്കുന്നു" എന്ന് തുടങ്ങുന്ന കവിത മാര്‍ക്സിന്റെ അര്‍ധകായ പ്രതിമ അലങ്കരിക്കുന്ന കവാടത്തില്‍നിന്ന് പുറത്തേക്കൊഴുകുന്നു. മരണമില്ലാത്ത പ്രത്യയശാസ്ത്രമായി മാര്‍ക്സിസത്തെ തിരിച്ചറിഞ്ഞ് ജാതിമത ഭേദങ്ങളില്ലാതെ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു.
(അഭിജിത്)

deshabhimani 100212

1 comment:

  1. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ ഇതുവരെ എത്തിയത് മൂന്ന് ലക്ഷത്തോളം പേര്‍ . കുട്ടികളുമായി രക്ഷിതാക്കള്‍ , സ്കൂള്‍ വിദ്യാര്‍ഥികള്‍ , ഗവേഷകര്‍ , തൊഴിലാളികള്‍ , പുരോഹിതര്‍ , അന്തര്‍ദേശീയ അംഗീകാരം നേടിയ അധ്യാപകര്‍ , ചരിത്രകുതുകികള്‍ തുടങ്ങി സമൂഹത്തിന്റെ പരിഛേദം പ്രദര്‍ശനവേദിയില്‍ എത്തി. പൊതുസമ്മേളനത്തിനായി മറ്റ് ജില്ലകളില്‍ നിന്നെത്തിയവരും പ്രദര്‍ശനം കാണാന്‍ വന്നതോടെ രണ്ടു ദിവസമായി വന്‍ തിരക്കാണ്. മാര്‍ക്സിസത്തിന്റെ സമകാല പ്രസക്തിക്ക് പ്രദര്‍ശനം അടിവരയിട്ടു. ചരിത്രത്തെ മൂടി വയ്ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്ന സമയത്ത് ഇത്തരമൊരു പ്രദര്‍ശനം നടത്തിയ സംഘാടകരുടെ ദീര്‍ഘവീക്ഷണം പരക്കെ പ്രശംസിക്കപ്പെട്ടു. പ്രദര്‍ശനവേദിയിലേക്ക് എത്തിയ വിദ്യാര്‍ഥികളും സ്ത്രീകളും യുവാക്കളും സാക്ഷ്യപ്പെടുത്തിയതും ഇതേ വസ്തുത. വിവാദത്തില്‍ മുക്കി പ്രദര്‍ശനം അപ്രസക്തമാക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുരോഹിതര്‍ ഉള്‍പ്പെടെ പ്രദര്‍ശനം കാണാന്‍ എത്തി. ക്രിസ്തുവിനെയും ചെ ഗുവേരയെയും പീഡിതജനതയുടെ വിമോചകരായി കാണുന്നത് അഭിനന്ദനീയമാണെന്ന് മതമേലധ്യക്ഷര്‍തന്നെ പറഞ്ഞതോടെ വിമര്‍ശകരുടെ വായടഞ്ഞു.

    ReplyDelete