Saturday, February 4, 2012

മലയാള മധുരം നുകര്‍ന്ന് അനന്തപുരി

വാനില്‍ അമ്പിളി പോലുള്ള മലയാളത്തിന്റെ മാധുര്യം പാടാന്‍ വി കെ ശശിധരനും സംഘവുമെത്തി. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന കലാപരിപാടികളിലാണ് കവിതാശകലങ്ങള്‍ കോര്‍ത്തുകെട്ടി "മലയാളമധുരിമ" അവതരിപ്പിച്ചത്. പുരോഗമന സാംസ്കാരികസദസ്സുകളിലെ നിറസാന്നിധ്യമായ ശശിധരന്‍ സിപിഐ എമ്മിന്റെ കണ്ണൂരും മലപ്പുറത്തും നടന്ന സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതഗാനങ്ങള്‍ക്ക് ഈണമിട്ടിരുന്നു. പാലാ നാരായണന്‍നായരുടെയും മുല്ലനേഴിയുടെയും വരികളും കവിതയുടെ പുതുനാമ്പുകളും ശശിധരന്റെ ഈണത്തില്‍ ഒഴുകിയെത്തിയപ്പോള്‍ തെളിമലയാളത്തിന്റെ ലാളിത്യത്തിലലിഞ്ഞു സദസ്സ്. കേരളസര്‍വകലാശാല സംഗീതവിഭാഗത്തിലെയും സ്വാതി തിരുനാള്‍ കോളേജിലെയും വിദ്യാര്‍ഥികളും അധ്യാപിക രമയും സംഘത്തിലുണ്ടായിരുന്നു.

നാടന്‍പാട്ട് മത്സരം കഴിഞ്ഞ് കാണികള്‍ക്ക് കലാസൗന്ദര്യത്തിന്റെ ഭിന്നഭാവങ്ങള്‍ പകര്‍ന്ന കലാപരിപാടികള്‍ അരങ്ങിലെത്തി. തിരുവനന്തപുരത്തെ നിതീഷും സംഘവും നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. ഗവ. വിമന്‍സ് കോളേജിലെ ദേവകിയും യൂണിവേഴ്സിറ്റി കോളേജിലെ അഞ്ജനയും ഭരതനാട്യം അവതരിപ്പിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കേരളനടനത്തിന് ഒന്നാംസ്ഥാനം നേടിയ സെന്റ് ജോസഫ് എച്ച്എസ്എസിലെ എബി സുരേഷ് കേരളനടനവുമായി അരങ്ങിലെത്തി. വയലാറിന്റെ "താടക എന്ന ദ്രാഡിഡ രാജകുമാരി"ക്ക് യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥികള്‍ ദൃശ്യാവിഷ്കാരം നല്‍കി. ഗുജറാത്തി നാടോടിനൃത്തത്തിന്റെ അവതരണവുമുണ്ടായി. വിമന്‍സ് കോളേജിലെ ഗായത്രി മോഹിനിയാട്ടം, ഗോപിക മോണോ ആക്ട് എന്നിവ അവതരിപ്പിച്ചു. ഗവ. ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ സെമി ക്ലാസിക്കല്‍ നൃത്തത്തിന്റെ ചാരുത പകര്‍ന്നു. ചലച്ചിത്രോത്സവത്തില്‍ "ലാസ്റ്റ് എംപറര്‍" എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.

പറഞ്ഞിട്ടും തീരാതെ നായികമാരുടെ കഥ

കഥാപ്രസംഗ കുലപതി സാംബശിവന്‍ അനശ്വരമാക്കിയ നായികമാര്‍ക്ക് ഇതിഹാസത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന സ്ത്രീരത്നങ്ങളുമായുള്ള സാദൃശ്യം അന്യാദൃശമായ വാക്പാടവത്തിലൂടെ നോവല്‍രാജ് അവതരിപ്പിച്ചപ്പോള്‍ അനന്തപുരിയിലെ ഗാന്ധിപാര്‍ക്കില്‍ തിങ്ങിനിറഞ്ഞ സദസ്സിന് ആവേശവും ആഹ്ലാദവും. പച്ചയായ ജീവിതാവിഷ്കാരങ്ങളായ സാഹിത്യകൃതികളില്‍നിന്ന് അടര്‍ത്തിയെടുത്ത് സാംബശിവന്‍ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച നായികമാരാണ് പൗരാണിക സ്ത്രീകഥാപാത്രങ്ങളോടൊന്നിച്ച് വേദിയിലെത്തിയത്. സിപിഐ എം സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു കഥാപ്രസംഗം. പ്രശസ്ത സാഹിത്യകൃതികളിലെ അനശ്വര സ്ത്രീകഥാപാത്രങ്ങളെ വേദികളില്‍ അവതരിപ്പിച്ച് കൈയടിനേടിയ സാംബശിവനുള്ള ആദരം കൂടിയായി നോവല്‍രാജിന്റെ കഥപറച്ചില്‍ .

സാംബശിവന്റെ നായികമാരോട് സാദൃശ്യമുള്ള സ്ത്രീരത്നങ്ങളെ പുരാണേതിഹാസങ്ങളില്‍നിന്ന് കണ്ടെത്തി നോവല്‍രാജ് തന്നെയാണ് കഥാപ്രസംഗം തയ്യാറാക്കിയത്. ഇതിന്റെ ആദ്യാവതരണത്തിനാണ് ഗാന്ധിപാര്‍ക്ക് സാക്ഷിയായത്. തിരുനെല്ലൂര്‍ കരുണാകരന്റെ കവിതയിലെ നായിക റാണിയെ അവതരിപ്പിച്ച് നോവല്‍രാജ് സദസ്സിനെ കൈയിലെടുത്തു. വഞ്ചിതുഴച്ചില്‍ക്കാരിയായ നായികയെ മഹാഭാരതത്തിലെ സത്യവതിയോടാണ് സാമ്യപ്പെടുത്തിയത്. ഒഥല്ലോയിലെ ഡെസ്റ്റിമോണയെയും രാമായണത്തിലെ സീതയെയുമാണ് പിന്നീട് അവതരിപ്പിച്ചത്.

എസ് കെ പൊറ്റക്കാടിന്റെ "പുള്ളിമാനി"ലെ നായികയും പുരാണത്തിലെ ശീലാവതിയും ഒന്നിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന സാമ്യം! പാശ്ചാത്യ- പൗരസ്ത്യ സംസ്കാരങ്ങളെ ഇതിഹാസവുമായി മനോഹരമായി കൂട്ടിയോജിപ്പിച്ച കഥാകഥനം ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. കിളിമാനൂര്‍ പ്രസന്നന്‍ (ഹാര്‍മോണിയം), കാട്ടാക്കട ജോസ് (തബല), അടൂര്‍ ജോയ് (ക്ലാര്‍നെറ്റ്), ആറ്റിങ്ങല്‍ സുനില്‍ (ഗിറ്റാര്‍), ആറ്റിങ്ങല്‍ സുജന്‍ (കംപോസര്‍) എന്നിവരും കഥാപ്രസംഗത്തിന്റെ മാറ്റുകൂട്ടി. പ്രമുഖരുടെ കഥാപ്രസംഗം ഒമ്പതാം തീയതി വരെ തുടരും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മണമ്പൂര്‍ ഡി രാധാകൃഷ്ണനും ഏഴിന് സീന പള്ളിക്കരയും കഥ പറയും.
(സുപ്രിയ സുധാകര്‍)


ചരിത്രത്തെ ഓര്‍മപ്പെടുത്തി "ജ്ജ് നല്ല മനിസനാകാന്‍ നോക്ക്"

മുതലാളിത്തം തകര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തും അതിനെ താങ്ങിനിര്‍ത്താന്‍ വൃഥാവ്യായാമം നടത്തുന്ന സാമ്രാജ്യത്വജിഹ്വകള്‍ക്ക് ചരിത്രത്തില്‍നിന്നുള്ള ഓര്‍മപ്പെടുത്തലായി "ജ്ജ് നല്ല മനിസനാകാന്‍ നോക്ക്" വീണ്ടും അരങ്ങില്‍ . ആറുപതിറ്റാണ്ടുമുമ്പ് കെ ഇ അയ്മു രചിച്ച നാടകത്തിന്റെ പുതിയ ദൃശ്യാവിഷ്കാരം പുതിയ കാലത്തും മാര്‍ക്സിസത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായി. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് "ജ്ജ് നല്ല മനിസനാകാന്‍ നോക്ക്" വീണ്ടും അരങ്ങേറിയത്. കോഴിക്കോട് നാടകഗ്രാമത്തിനുവേണ്ടി ടി സുരേഷ്ബാബുവാണ് പുതിയ രംഗാവിഷ്കാരം നിര്‍വഹിച്ചത്. "കമ്യൂണിസം ഈ ദുനിയാവില് വരൂലാന്ന്" പറഞ്ഞുനടക്കുന്ന മൗലവി എന്ന കമ്യൂണിസ്റ്റ് വിരുദ്ധ കഥാപാത്രം സ്വാനുഭവത്താല്‍ മനസ്സുമാറി പുരോഗമനപ്രസ്ഥാനത്തോട് ഹൃദയഐക്യം സ്ഥാപിക്കുന്നിടത്താണ് നാടകത്തിന് തിരശ്ശീല വീഴുന്നത്. കര്‍ഷകനായ മൊയ്തുവാണ് മുതലാളിത്തത്തിന്റെ ഏറാന്‍മൂളിയായ മൗലവിയോട് "ജ്ജ് നല്ല മനിസനാകാന്‍ നോക്ക്" എന്ന ചരിത്രപ്രസിദ്ധമായ ഡയലോഗ് പറയുന്നത്.
നിലമ്പൂരിലെ നാട്ടുഭാഷയുടെ ശുദ്ധസൗന്ദര്യം പൂര്‍ണമായും പുതിയ നാടകത്തിലും അനുഭവവേദ്യമാണ്. പ്രശസ്ത നാടകനടി നിലമ്പൂര്‍ ആയിഷ 16 വയസ്സുള്ളപ്പോള്‍ ഈ നാടകത്തില്‍ അഭിനയിച്ചതിന് പിന്നില്‍ സാഹസികമായ ഒരു കഥയുണ്ട്. നാടകത്തിലഭിനയിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ ആയിഷയ്ക്കുനേരെ മതമൗലികവാദികള്‍ വെടിയുതിര്‍ത്തു. ഉന്നംതെറ്റി വെടിയുണ്ട ആയിഷ സഞ്ചരിച്ചിരുന്ന വള്ളത്തില്‍ തുളഞ്ഞുകയറി. പുഴയില്‍ മുങ്ങിയ വള്ളത്തില്‍നിന്ന് അത്ഭുകരമായാണ് അവര്‍ നീന്തി രക്ഷപ്പെട്ടത്.
(വി ഡി ശ്യാംകുമാര്‍)

നവോത്ഥാനമൂല്യങ്ങളുടെ കാവല്‍ക്കാരാകണം

നവോത്ഥാനമൂല്യങ്ങളുടെ കാവല്‍ക്കാരാകാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയണമെന്ന് ഡോ. എന്‍ എ കരീം പറഞ്ഞു. പുതിയ പ്രവണതകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാവലയത്തില്‍പ്പെട്ട് നവോത്ഥാനമൂല്യങ്ങളെ വലിച്ചെറിയുന്ന സ്ഥിതിയുണ്ട്. ഇത് കടുത്ത നന്ദികേടാണ്. പ്രതിഭാവന്ദനത്തില്‍ അധ്യക്ഷനായി വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരില്‍ പല ചേരികളിലായി വെട്ടിച്ചുരുക്കിയ, എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിരസിക്കപ്പെട്ട അധഃകൃതര്‍ക്കും പിന്നോക്കക്കാര്‍ക്കും ചങ്ങല പൊട്ടിച്ചെറിയാന്‍ അവസരമൊരുക്കിയത് നവോത്ഥാന ആശയങ്ങളാണ്. മത മൗലികവാദത്തിനും നാടുവാഴിത്തത്തിനുമെതിരെ എല്ലാ ശക്തിയും സമാഹരിച്ച് പോരാടിയ മഹാനായിരുന്നു വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെന്നും എന്‍ എ കരീം അനുസ്മരിച്ചു.

"സ്വദേശാഭിമാനി ആധുനിക രാഷ്ട്രീയത്തിന്റെ പ്രണേതാവ് "

കേരളത്തിലെ ആധുനികരാഷ്ട്രീയത്തിന്റെ പ്രണേതാവാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. സാമൂഹ്യ-സാംസ്കാരികപ്രവര്‍ത്തനത്തില്‍ ഊന്നിനിന്ന കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന് രാഷ്ട്രീയവ്യതിയാനം കൊണ്ടുവന്നത് സ്വദേശാഭിമാനിയാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവത്തില്‍ പ്രതിഭാവന്ദനമായി നവോത്ഥാന നായകര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന പരിപാടിയില്‍ സ്വദേശാഭിമാനി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയത്തിനും രാമകൃഷ്ണപിള്ള പ്രാധാന്യം നല്‍കി. ആധുനികരാഷ്ട്രീയത്തിന്റെ തുടക്കക്കാരനാകാന്‍ അദ്ദേഹത്തിനായി. നവോത്ഥാനത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വ്യതിയാനത്തിന്റെ രക്തസാക്ഷിയാണ് സ്വദേശാഭിമാനി. പൗരന് ആവശ്യം രാജഭക്തിയല്ല, രാജ്യഭക്തിയാണെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പരിപാടിയുടെ പ്രചാരകനായി മാറി. സാമൂഹ്യസമത്വവുമായി ബന്ധപ്പെട്ട ആശയത്തിനും പ്രാമുഖ്യം നല്‍കി. കാള്‍ മാര്‍ക്സിന്റെ ആശയങ്ങളെ സ്വീകരിച്ച് അദ്ദേഹത്തെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിയത് സ്വദേശാഭിമാനിയാണ്. സമത്വം ഇല്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാനാകില്ലെന്ന ആശയം സുവ്യക്തമായി മുന്നോട്ടുവയ്ക്കാന്‍ സ്വദേശാഭിമാനി രാമകൃഷ്്ണപിള്ളയ്ക്ക് കഴിഞ്ഞതായും കെ എന്‍ പണിക്കര്‍ പറഞ്ഞു.

deshabhimani 030212

1 comment:

  1. വാനില്‍ അമ്പിളി പോലുള്ള മലയാളത്തിന്റെ മാധുര്യം പാടാന്‍ വി കെ ശശിധരനും സംഘവുമെത്തി. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന കലാപരിപാടികളിലാണ് കവിതാശകലങ്ങള്‍ കോര്‍ത്തുകെട്ടി "മലയാളമധുരിമ" അവതരിപ്പിച്ചത്. പുരോഗമന സാംസ്കാരികസദസ്സുകളിലെ നിറസാന്നിധ്യമായ ശശിധരന്‍ സിപിഐ എമ്മിന്റെ കണ്ണൂരും മലപ്പുറത്തും നടന്ന സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതഗാനങ്ങള്‍ക്ക് ഈണമിട്ടിരുന്നു. പാലാ നാരായണന്‍നായരുടെയും മുല്ലനേഴിയുടെയും വരികളും കവിതയുടെ പുതുനാമ്പുകളും ശശിധരന്റെ ഈണത്തില്‍ ഒഴുകിയെത്തിയപ്പോള്‍ തെളിമലയാളത്തിന്റെ ലാളിത്യത്തിലലിഞ്ഞു സദസ്സ്. കേരളസര്‍വകലാശാല സംഗീതവിഭാഗത്തിലെയും സ്വാതി തിരുനാള്‍ കോളേജിലെയും വിദ്യാര്‍ഥികളും അധ്യാപിക രമയും സംഘത്തിലുണ്ടായിരുന്നു.

    ReplyDelete