പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രി ചിദംബരവും അറിഞ്ഞായിരുന്നു 2ജി ഇടപാടെന്ന ആരോപണം നേരത്തെതന്നെ ഉന്നയിക്കപ്പെട്ടതാണ്. ഇക്കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നു. 2ജി ഇടപാടിലെ കൂടുതല്‍ രഹസ്യം പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. 2ജി അഴിമതി അന്വേഷിക്കാന്‍ പി സി ചാക്കോയുടെ നേതൃത്വത്തില്‍ സംയുക്തപാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചെങ്കിലും മന്ത്രിമാരെ എങ്ങനെ രക്ഷിക്കാമെന്ന തന്ത്രമാണ് പ്രധാനമായും പയറ്റിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും അഴിമതി നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനാണ് ജെപിസി ശ്രമിച്ചത്. മറ്റു പാര്‍ടികളിലെ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ഇടപെടുകയും ചെയ്തതോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കെ സമിതിയിലെ മൂന്നുപേരെ മന്ത്രിമാരാക്കി. ഇതോടെ സമിതിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി.
അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കിയതായിരുന്നു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ , അത് കമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാന്‍പോലും കോണ്‍ഗ്രസ് അംഗങ്ങള്‍ അനുവദിച്ചില്ല. തുടര്‍ന്ന്, ചെയര്‍മാന്‍ മുരളീമനോഹര്‍ ജോഷി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയെങ്കിലും അത് തുറന്നുപോലും നോക്കാതെ തള്ളി. ധനമന്ത്രിയും ടെലികോംമന്ത്രിയും കൂടിയാലോചിച്ചാണ് സ്പെക്ട്രം ലൈസന്‍സ് നല്‍കിയതെന്നാണ് ആരോപണമുയര്‍ന്ന സമയത്ത് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ , പിന്നീട് മന്‍മോഹന്‍സിങ് നിലപാട് മാറ്റി. സ്പെക്ട്രം ഇടപാടിലുണ്ടായത് എന്താണെന്ന് കൃത്യമായി താനറിഞ്ഞിരുന്നില്ലെന്നായി. പിഎസിക്കുമുമ്പില്‍ താന്‍ ഹാജരാകാമെന്ന് ഒരിക്കല്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ , കോണ്‍ഗ്രസിലെ ഉന്നതര്‍ എതിര്‍ക്കുകയായിരുന്നു.
(ദിനേശ്വര്‍മ)
വിചാരണക്കോടതിക്ക് മുന്നില്‍ ഇനി തടസ്സമില്ല
വിചാരണകോടതി വാദംകേട്ട് വിധി പറയാനിരിക്കുന്ന സാഹചര്യത്തിലാണ് 2ജി സ്പെക്ട്രം അഴിമതി ഇടപാടില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെതിരെയും അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് ഒഴിവാക്കിയത്. പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ പി സെയ്നി ശനിയാഴ്ച ഹര്‍ജിയില്‍ വിധി പറയും. ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍സ്വാമിയാണ് കോടതിയെ സമീപിച്ചത്. പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയ സ്വാമി ഇതേ ആവശ്യവുമായി സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു. വിചാരണകോടതി വാദംകേട്ട് വിധി പറയാനിരിക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകണമെന്ന നിര്‍ദേശവും സുപ്രീംകോടതി വിചാരണകോടതിക്ക് നല്‍കി. സുപ്രീംകോടതിയില്‍നിന്ന് പ്രതികൂല ഉത്തരവൊന്നുമില്ലാത്ത സാഹചര്യത്തില്‍ വിചാരണകോടതിയുടെ തീര്‍പ്പ് ശനിയാഴ്ചതന്നെ ഉണ്ടാകും.
സ്പെക്ട്രം കേസില്‍ തുടര്‍ച്ചയായി വാദംകേട്ടുവരികയായിരുന്ന പ്രത്യേക കോടതി സ്വാമിയുടെയും പ്രശാന്ത് ഭൂഷന്റെയും ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധിവരുന്നത് കണക്കിലെടുത്ത് രണ്ടുദിവസത്തേക്ക് വാദംകേള്‍ക്കല്‍ മാറ്റിയിരുന്നു. വെള്ളിയാഴ്ച പുനരാരംഭിക്കും. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തോട് വിയോജിക്കുന്ന നിരീക്ഷണങ്ങളൊന്നും സുപ്രീംകോടതിയില്‍നിന്ന് ഉണ്ടാകാത്തത് വിചാരണകോടതിക്ക് തടസ്സം കൂടാതെ വിധിപറയാവുന്ന സാഹചര്യമൊരുക്കിയിട്ടുണ്ട്. ചിദംബരത്തിന് അനുകൂലമായി കേന്ദ്രവും സിബിഐയും നടത്തിയ വാദങ്ങള്‍ സുപ്രീംകോടതി പരിഗണിക്കാതിരുന്നതും വിചാരണകോടതിയുടെ വിധിയില്‍ പ്രതിഫലിക്കും. ചിദംബരത്തിന്റെകൂടി അറിവോടെയാണ് സ്പെക്ട്രം അഴിമതി അരങ്ങേറിയതെന്ന ആരോപണമാണ് സുബ്രഹ്മണ്യന്‍സ്വാമി ഉയര്‍ത്തുന്നത്. ഇതിന് വ്യക്തമായ തെളിവുകള്‍ സ്വാമി വിചാരണകോടതിയിലും സുപ്രീംകോടതിയിലും നല്‍കിയിരുന്നു. സ്പെക്ട്രം ഇടപാടുസമയത്ത് ചിദംബരവും രാജയും നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളും, ഇരുവരുടെയും കത്തിടപാടുകള്‍ , ലൈസന്‍സ് ലഭിച്ച ചില കമ്പനികള്‍ പിന്നീട് കൂടിയ തുകയ്ക്ക് ഓഹരികള്‍ വിറ്റതിനെ ഔദ്യോഗികമായി ന്യായീകരിച്ച നിലപാട് എന്നിവയാണ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സാക്ഷിയായിപ്പോലും ചിദംബരത്തെ ഉള്‍പ്പെടുത്താതിരുന്ന സിബിഐ നിലപാടും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു.
deshabhimani 030212
രാജ്യത്തിന് ഭീമമായ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ലൈസന്‍സ് അഴിമതിക്കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ കോണ്‍ഗ്രസ്തന്നെയാണ് യഥാര്‍ഥ പ്രതിയെന്ന് വ്യക്തമായി. ഇടപാട് പൂര്‍ണമായും നിയമവിരുദ്ധമായിരുന്നുവെന്നും പുതുതായി ലേലം നടത്തണമെന്നും കോടതി പറഞ്ഞതോടെ അത് സര്‍ക്കാരിന്റെയാകെ വീഴ്ചയായും മാറി. 2ജി അഴിമതിയെതുടര്‍ന്ന് രാജിവച്ച മുന്‍ ടെലികോംമന്ത്രി എ രാജയുടെ വെളിപ്പെടുത്തല്‍മുതല്‍ 2ജി കേസില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. രാജയ്ക്കെതിരായ കുറ്റപത്ര വിചാരണക്കിടെ സിബിഐ കോടതിയില്‍ നടന്ന സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. 2ജി ഇടപാട് നടന്നത് ഉന്നതരുടെ അറിവോടെയാണെന്നാണ് രാജ കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതോടെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവും ബഹളവും ഉണ്ടായെങ്കിലും ഇപ്പോഴത്തെ ടെലികോംമന്ത്രി കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യായീകരിച്ചു. ഇടപാടില്‍ നയാപൈസ നഷ്ടമില്ലെന്നായിരുന്നു സിബലിന്റെ വാദം.
ReplyDelete