Saturday, February 4, 2012

കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ നമ്പാടന്‍ പിന്‍വലിച്ചത് എല്‍ഡിഎഫ് ആവശ്യപ്പെടാതെ: വി എസ്

ലോനപ്പന്‍ നമ്പാടന്‍ കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത് എല്‍ഡിഎഫ് ആവശ്യപ്പെടാതെയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ "നിങ്ങളുടെ സ്വന്തം നമ്പാടന്‍" പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്പീക്കര്‍ എ സി ജോസിന്റെ കാസ്റ്റിങ് വോട്ടില്‍ തൂങ്ങിയ മന്ത്രിസഭയെയാണ് ആന്റണിയും കരുണാകരനും മാണിയുമെല്ലാം ചേര്‍ന്ന് പടച്ചുണ്ടാക്കിയത്. ആ വഞ്ചന സഹിക്കാതെയാണ് സത്യസന്ധനായ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന താനോ അന്നത്തെ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന പി വി കുഞ്ഞിക്കണ്ണനോ ക്ഷണിക്കാതെയാണ് നമ്പാടന്‍ എല്‍ഡിഎഫില്‍ എത്തിയതെന്നും വി എസ് പറഞ്ഞു. പിന്തുണ പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫ് കണ്‍വീനറെ വിളിച്ചുപറയുകയായിരുന്നു നമ്പാടന്‍ . അധാര്‍മികമായി അധികാരത്തില്‍ വന്ന കാസ്റ്റിങ് മന്ത്രിസഭയെ ധാര്‍മികതകൊണ്ട് അട്ടിമറിച്ച നമ്പാടന്‍ ആദര്‍ശപരമായ നിലപാടാണ് സ്വീകരിച്ചത്. പലരും അതിനെ കാലുമാറ്റമായി വ്യാഖ്യാനിച്ചു. സത്യസന്ധമായ രാഷ്ട്രീയ നിലപാടായിരുന്നു അതെന്ന് കാലം തെളിയിച്ചു.

നിയമസഭയില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ അംഗമായിരുന്നു നമ്പാടന്‍ . നര്‍മബോധം നമ്പാടനെ ഏവര്‍ക്കും പ്രിയങ്കരനാക്കി. നിഷ്കളങ്കരായ ഈശ്വരവിശ്വാസികള്‍ക്കും മതവിശ്വാസികള്‍ക്കും ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഒപ്പമേ നില്‍ക്കാനാവൂവെന്ന് മുകുന്ദപുരം മണ്ഡലത്തിലെ വിജയത്തിലൂടെ നമ്പാടന്‍ തെളിയിച്ചു. മതവിശ്വാസിയും ഈശ്വരവിശ്വാസിയും ആയിരിക്കുമ്പോള്‍തന്നെ മതസൗഹാര്‍ദവും രാഷ്ട്രീയത്തിലെ മതനിരപേക്ഷതയും ജീവവായുപോലെ പ്രധാനമായി നമ്പാടന്‍ കണ്ടു. വിമോചനസമരത്തിന്റെ പ്രവര്‍ത്തകരിലൊരാളായ നമ്പാടന്‍ അതിന്റെ പിന്നിലെ ജുഗുപ്സാവഹമായ കഥകള്‍ പില്‍ക്കാലത്ത് വ്യക്തമാക്കി-വി എസ് പറഞ്ഞു.

വിശ്വാസികളില്‍ നല്ലൊരുഭാഗം സഭാനേതൃത്വത്തിന്റെ കൊള്ളരുതായ്മകളെ ഇഷ്ടപ്പെടാത്തവരാണെന്ന് ലോനപ്പന്‍ നമ്പാടന്‍ പറഞ്ഞു. സഭയിലെ കൊള്ളരുതായ്മകളെക്കുറിച്ച് ധാരാളം പറഞ്ഞെങ്കിലും സഭയില്‍നിന്നോ രാഷ്ട്രീയത്തില്‍നിന്നോ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള അധ്യക്ഷനായി. മുന്‍ മേയറും ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്റുമായ കെ ബാലചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പി പ്രകാശ് പുസ്തകം പരിചയപ്പെടുത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയ് സംസാരിച്ചു. ഗ്രീന്‍ ബുക്സ് എംഡി കൃഷ്ണദാസ് സ്വാഗതവും എം കെ മുരളീധരന്‍ നന്ദിയും പറഞ്ഞു. ലോനപ്പന്‍ നമ്പാടന്റെ ലേഖനങ്ങളും അദ്ദേഹം പി പ്രകാശുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ഗ്രീന്‍ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. പി പ്രകാശാണ് സമാഹരണം. വില: 100 രൂപ.

deshabhimani 030212

1 comment:

  1. ലോനപ്പന്‍ നമ്പാടന്‍ കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത് എല്‍ഡിഎഫ് ആവശ്യപ്പെടാതെയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ "നിങ്ങളുടെ സ്വന്തം നമ്പാടന്‍" പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete