Friday, February 10, 2012

മാര്‍ക്സിസം മാനവരാശിയുടെ മഹത്തായ മന്ത്രം: ഒ എന്‍ വി


ചെറിയ കാര്യങ്ങളില്‍ വീണുപോകാതെ മാര്‍ക്സിസത്തിന്റെ മഹത്തായ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടരണമെന്ന് കവി ഒ എന്‍ വി കുറുപ്പ്. പിളര്‍പ്പുകളെയും കലഹങ്ങളെയും ചെറുതായി കാണണം. നാളെ ഏതെങ്കിലും നഗരത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും സംയുക്ത സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യണമെന്നത് വലിയ ആഗ്രഹമാണെന്നും ഒ എന്‍ വി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യസദസ്സ് സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ഒ എന്‍ വി.

മറ്റ് "ഇസ"ങ്ങള്‍ മനുഷ്യനെ ഭിന്നിപ്പിക്കുമ്പോള്‍ മാര്‍ക്സിസം ഒന്നിപ്പിക്കുന്നു. മാനവരാശിയെ കൂട്ടിയിണക്കുന്ന മഹത്തായ ശക്തിയാണത്. കാള്‍ മാര്‍ക്സിന്റെ സ്മൃതികുടീരത്തില്‍ കണ്ടുമുട്ടിയ സാരിയുടുത്ത സ്ത്രീകളോട് ഇന്ത്യയില്‍ എവിടെനിന്നാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ബംഗ്ലാദേശിലെ ധാക്കയില്‍നിന്നാണെന്നായിരുന്നു. രണ്ടായി വേര്‍പിരിഞ്ഞ നാട്ടില്‍നിന്നുള്ളവരെ ഒന്നിപ്പിക്കാന്‍ നിമിത്തമായത് മഹാനായ മാര്‍ക്സായിരുന്നു. ലോകത്ത് എവിടെയും മനുഷ്യഹൃദയത്തിന് ഒരേ താളവും രക്തത്തിന് ഒരേ നിറവുമാണ്. എന്നാല്‍ , ചിലരുടെ രക്തത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധത എന്ന ഘടകം കൂടിയുണ്ടാകും. അവര്‍ക്ക് കമ്യൂണിസ്റ്റുകാരെ മനസ്സിലാകില്ല. ഹൃദയമെടുത്ത് കാട്ടിയാലും അത്തരക്കാരില്‍ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് കടന്നുവരും. ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍കൊണ്ട് വിശ്വാസങ്ങളില്‍ അടിയുറച്ചുപോയ അത്തരക്കാരെയും മനുഷ്യത്വത്തിലേക്ക് നയിക്കാനാകും. മനുഷ്യപ്പറ്റാണ് മാര്‍ക്സിസത്തിന്റെ കാതല്‍ .

തികഞ്ഞ ഗാന്ധിയനായ ഉറൂബിന്റെ "സുന്ദരികളും സുന്ദരന്മാരും" എന്ന കൃതിയിലെ ജാക്കി കുഞ്ഞിരാമനെന്ന കഥാപാത്രം കമ്യൂണിസ്റ്റ് എഴുത്തുകാര്‍ക്കുപോലും സൃഷ്ടിക്കാന്‍ കഴിയാത്തത്ര ഉത്തമനായ കമ്യൂണിസ്റ്റാണ്. തെറ്റുകള്‍ മനസ്സിലാക്കാനും തുറന്നുപറയാനും തിരുത്താനും കമ്യൂണിസ്റ്റുകള്‍ക്കാകണം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമുന്നത നേതാവ് എം എന്‍ ഗോവിന്ദന്‍ നായരുടെ പ്രചോദനത്തില്‍നിന്നാണ് "പൊന്നരിവാള്‍ അമ്പിളിയില്..." എന്ന ഗാനമുണ്ടായത്. ലോകമാകെ ഒരു അമ്പിളിക്കലയുടെ കീഴിലാകുന്ന കാലംവരുമെന്ന സ്വപ്നം എമ്മെന്നാണ് പകര്‍ന്നുനല്‍കിയത്.

അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ചശേഷം ശിഷ്യഗണങ്ങളും സുഹൃത്തുക്കളുമൊക്കെ ധാരാളമുണ്ടായിരുന്നതുകൊണ്ടാകാം ഒ എന്‍ വി തിരുവനന്തപുരത്തുനിന്ന് സ്ഥാനാര്‍ഥിയാകണമെന്ന് വീട്ടില്‍വന്ന് പി കെ വി അഭ്യര്‍ഥിച്ചത്. പിന്നാലെ വി എസ് വന്നുപറഞ്ഞു ഞങ്ങളുടെ പാര്‍ടിയുടെ സ്ഥാനാര്‍ഥി പോലെയാണെന്ന്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യമാണത്. മാര്‍ക്സിസം ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ആശയമാണ്. മനുഷ്യരാശിയുടെ മോചനമന്ത്രമാണത്. വചനം മാംസമാകുംവരെ ആ മന്ത്രത്തെ മുന്നോട്ടുനയിക്കാനാകണം- ഒ എന്‍ വി പറഞ്ഞു.

deshabhimani 100212

1 comment:

  1. മറ്റ് "ഇസ"ങ്ങള്‍ മനുഷ്യനെ ഭിന്നിപ്പിക്കുമ്പോള്‍ മാര്‍ക്സിസം ഒന്നിപ്പിക്കുന്നു. മാനവരാശിയെ കൂട്ടിയിണക്കുന്ന മഹത്തായ ശക്തിയാണത്. കാള്‍ മാര്‍ക്സിന്റെ സ്മൃതികുടീരത്തില്‍ കണ്ടുമുട്ടിയ സാരിയുടുത്ത സ്ത്രീകളോട് ഇന്ത്യയില്‍ എവിടെനിന്നാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ബംഗ്ലാദേശിലെ ധാക്കയില്‍നിന്നാണെന്നായിരുന്നു. രണ്ടായി വേര്‍പിരിഞ്ഞ നാട്ടില്‍നിന്നുള്ളവരെ ഒന്നിപ്പിക്കാന്‍ നിമിത്തമായത് മഹാനായ മാര്‍ക്സായിരുന്നു. ലോകത്ത് എവിടെയും മനുഷ്യഹൃദയത്തിന് ഒരേ താളവും രക്തത്തിന് ഒരേ നിറവുമാണ്. എന്നാല്‍ , ചിലരുടെ രക്തത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധത എന്ന ഘടകം കൂടിയുണ്ടാകും. അവര്‍ക്ക് കമ്യൂണിസ്റ്റുകാരെ മനസ്സിലാകില്ല. ഹൃദയമെടുത്ത് കാട്ടിയാലും അത്തരക്കാരില്‍ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് കടന്നുവരും. ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍കൊണ്ട് വിശ്വാസങ്ങളില്‍ അടിയുറച്ചുപോയ അത്തരക്കാരെയും മനുഷ്യത്വത്തിലേക്ക് നയിക്കാനാകും. മനുഷ്യപ്പറ്റാണ് മാര്‍ക്സിസത്തിന്റെ കാതല്‍ .

    ReplyDelete