Saturday, February 11, 2012

കരുത്തിന്റെ ചെങ്കൊടി പാറിപ്പറക്കട്ടെ

സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം പാര്‍ടിയുടെ സംഘടനാപരമായ കരുത്തും സൈദ്ധാന്തികമായ ദാര്‍ഢ്യവും ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടാണ് അത്യുജ്വലമായി സമാപിച്ചത്. കേരളത്തിന്റെ ഭാവിഭാഗധേയത്തിന്റെ പതാക വഹിക്കുന്ന മഹാശക്തി സിപിഐ എമ്മും ഇടതുപക്ഷവുമാണെന്നും അതിന്റെ നേതൃത്വത്തില്‍ പുരോഗമന- ജനാധിപത്യ-മതേതര ശക്തികള്‍കൂടി അണിചേര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ കൂട്ടായ്മ കേരളത്തിന്റെ നാളെകളെ ഭദ്രമായി രൂപപ്പെടുത്തുമെന്നുമുള്ള ഉറച്ച വിശ്വാസത്തിന്റെ ദാര്‍ഢ്യമാണ് പ്രബുദ്ധമായ കേരളജനത ഈ സമ്മേളനത്തില്‍നിന്ന് സ്വന്തം മനസ്സിലേക്ക് പകര്‍ന്നെടുത്തത്. ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ബഹുജനപങ്കാളിത്തമാണ് സമാപനദിവസം തലസ്ഥാനത്ത് കണ്ടത്. ഒരു മഹാദൗത്യത്തിന്റെ വിജയമുന്നേറ്റത്തില്‍ പങ്കാളികളാവാന്‍ സ്വയമേവ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സിപിഐ എമ്മിന്റെ പൊതുസമൂഹത്തിലെ സ്വീകാര്യതയ്ക്കും സംഘാടനമികവിനുമുള്ള ദൃഷ്ടാന്തമായി. ഇതില്‍ പങ്കെടുക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന തിരിച്ചറിവോടെ ഇരമ്പിയെത്തിയ ജനലക്ഷങ്ങള്‍ തലസ്ഥാനനഗരത്തിന് ജനമുന്നേറ്റത്തിന്റെ ഐതിഹാസികമായ ചരിത്രഅധ്യായം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. പ്രതിനിധി സമ്മേളനം ഏകകണ്ഠമായി സംസ്ഥാന സമിതിയെയും സംസ്ഥാന സമിതി ഏകകണ്ഠമായി അതിന്റെ സെക്രട്ടറിയായി പോരാട്ടങ്ങളുടെ വീറുറ്റ ചരിത്രത്തെ ജീവിതമാക്കി മാറ്റിയ പിണറായി വിജയനെയും തെരഞ്ഞെടുത്തപ്പോള്‍ , വിഭാഗീയതയുടെ അതിപ്രസരമുണ്ടെന്നും അതില്‍പ്പെട്ട് സിപിഐ എം ഛിദ്രമാകാന്‍ പോവുകയാണെന്നും പ്രചരിപ്പിച്ച മാധ്യമങ്ങള്‍ സ്തബ്ധമായി നിന്നിരിക്കണം. അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയുംചെയ്യുന്ന നിസ്വരായ ജനകോടികളുടെ ആശാകേന്ദ്രവും മോചനപ്രതീക്ഷയുമായ ഈ പ്രസ്ഥാനം നാലുനാള്‍ നീണ്ട സമ്മേളനത്തിലൂടെ നാടും ജനങ്ങളും അതിലര്‍പ്പിച്ച വിശ്വാസത്തിനൊത്ത് ഉയരുകയും കാലം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മുമ്പോട്ട് പൊരുതി മുന്നേറുമെന്ന് ഏകസ്വരത്തില്‍ പ്രഖ്യാപിക്കുകയുമായിരുന്നു.

അച്ചടക്കത്തിന്റെയും വിപ്ലവകരമായ ജനാധിപത്യബോധത്തിന്റെയും നിസ്തുലമായ സന്ദേശങ്ങളാണ് സമ്മേളനത്തില്‍നിന്ന് കേരളത്തിലാകെ പ്രസരിച്ചത്. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവപ്പാര്‍ടിയായ സിപിഐ എമ്മിനെതിരെ എന്തെന്ത് കുപ്രചാരണങ്ങളാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ ഇവിടെ നടന്നത്. മാര്‍ക്സിസം-ലെനിനിസംതന്നെ മോശമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. സിദ്ധാന്തം നല്ലതാണെന്നും പാര്‍ടി മോശമാണെന്നും പ്രചരിപ്പിച്ചവരുണ്ട്. പഴയ നേതാക്കള്‍ നല്ലതായിരുന്നെന്നും ഇപ്പോഴത്തെ നേതാക്കള്‍ മോശമാണെന്നും പ്രചരിപ്പിച്ചവരുണ്ട്. ഈ പാര്‍ടി തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുകയും ആ ലക്ഷ്യം മുന്‍നിര്‍ത്തി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചവരുണ്ട്. തീവ്ര വലതുപക്ഷം മുതല്‍ അതിതീവ്ര ഇടതുപക്ഷംവരെ. ജാതീയ സംഘടനകള്‍ മുതല്‍ വര്‍ഗീയ സംഘടനകള്‍വരെ. മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആധുനിക വിപ്ലവ വായാടികള്‍വരെ. എതിര്‍ രാഷ്ട്രീയക്കാര്‍മുതല്‍ അരാഷ്ട്രീയക്കാര്‍വരെ. ഇവരുടെയൊക്കെ കുപ്രചാരണങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന വിധത്തിലാണ് സംസ്ഥാന സമ്മേളനം അതിഗംഭീരമായ വിജയമായി പരിസമാപിച്ചത്.
സമ്മേളനം നടക്കുമ്പോള്‍തന്നെ ചില മാധ്യമങ്ങള്‍ , പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍ തത്സമയ കല്‍പ്പിതകഥകള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. റിപ്പോര്‍ട്ട് മരവിപ്പിച്ചു എന്ന് എഴുതിക്കാണിച്ചവര്‍ക്ക് അടുത്തദിവസം റിപ്പോര്‍ട്ട് ഏകകണ്ഠമായി സമ്മേളനം പാസാക്കിയെന്ന് എഴുതിക്കാണിക്കേണ്ടിവന്നു. ഒരേ കേന്ദ്രത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വിന്യസിച്ച മാധ്യമങ്ങള്‍ക്ക് തൊട്ടടുത്തദിവസംതന്നെ അതൊക്കെ വിഴുങ്ങേണ്ടിവന്നു. കള്ളപ്രചാരണങ്ങളുടെ കരിങ്കാടുകള്‍ വകഞ്ഞുമാറ്റി സമ്മേളനം വിജയത്തിലേക്ക് സ്വാഭാവികമായി എത്തുന്നതു കണ്ട പുരോഗമന കേരളത്തിനു മുന്നില്‍ വ്യാജപ്രചാരണങ്ങളുമായി എത്തിയ മാധ്യമങ്ങള്‍ അപഹാസ്യമായി എന്നതാണ് വസ്തുത.

വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും ജനാധിപത്യ പ്രക്രിയയിലൂടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് പുതിയ കാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ട നവശക്തി ആര്‍ജിക്കുകയായിരുന്നു സിപിഐ എം ഈ സമ്മേളനത്തിലൂടെ. പുതിയ കാലത്തിനനുയോജ്യമായി പുതിയ കേരളത്തെ രൂപപ്പെടുത്താനുള്ള കര്‍മപദ്ധതി ആവിഷ്കരിക്കുകയായിരുന്നു സമ്മേളനം. വിപ്ലവപ്പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും സ്വാധീനമേഖല വിപുലപ്പെടുത്തുന്നതിനും പുതുവിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതിനും ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരപാതകളിലൂടെ മുന്നേറുന്നതിനും ഉള്ള പ്രവര്‍ത്തനപഥങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു സമ്മേളനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവിധം പ്രതിബദ്ധമാണ് ഈ പാര്‍ടിയും അതിന്റെ നേതാക്കളും എന്ന് ബോധ്യമുള്ളവരാണ് ഈ പാര്‍ടിക്കു പിന്നില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ . അതിന്റെ വിളംബരമായി തലസ്ഥാനത്തെ ചുവപ്പണിയിച്ച മഹാജനസംഗമം.
കേരളത്തിന്റെ സാമൂഹികഘടനയെ സൂക്ഷ്മമായി അപഗ്രഥിച്ചും അതിന്റെ സവിശേഷതകളെ വിലയിരുത്തിയും സ്വാധീന വ്യാപ്തി വര്‍ധിപ്പിക്കുന്നതെങ്ങനെ, ജനങ്ങളുടെ ഏതേതു പ്രശ്നങ്ങളാണ് അടിയന്തരമായി ഏറ്റെടുത്തു മുന്നേറേണ്ടത്, തുടങ്ങിയവയൊക്കെ മുന്‍നിര്‍ത്തിയുള്ള പര്യാലോചനകളാണ് സമ്മേളനത്തില്‍ നടന്നത്. സാമ്രാജ്യത്വത്തിന്റെയും അതില്‍നിന്നുളവാകുന്ന ആഗോളവല്‍ക്കരണത്തിന്റെയും വെല്ലുവിളികളെ ചെറുക്കാന്‍ ജനങ്ങളെ അണിനിരത്തുക, ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുക, ദുര്‍ബല വിഭാഗങ്ങളുടെയടക്കം ആനുകൂല്യങ്ങള്‍ പരിരക്ഷിച്ച് വര്‍ധിപ്പിച്ചെടുക്കാന്‍ സമരമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുക, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം മുന്നോട്ടുവച്ച ബദല്‍ വികസനമാതൃകയുടെ സാംഗത്യവും പ്രസക്തിയും ജനഹൃദയങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ബോധവല്‍ക്കരണം നടത്തുക, വര്‍ഗ ബഹുജനസംഘടനകളെ ശക്തിപ്പെടുത്തുക, പൊതുപണിമുടക്ക് അടക്കം വരാനിരിക്കുന്ന പ്രചാരണ- പ്രക്ഷോഭങ്ങളെ വിജയിപ്പിക്കുക, കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തെയും മുന്‍വര്‍ഷങ്ങളില്‍ നിലവില്‍വന്നിരുന്ന ക്ഷേമപദ്ധതികളെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെയുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിച്ച സമ്മേളനമാണിത്. ഈ സമ്മേളനത്തെ ജനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചുവെന്നും സിപിഐ എമ്മില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസം അചഞ്ചലമായി നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നുവെന്നുമുള്ളതിന്റെ വിളംബരമാണ് സമ്മേളനത്തിന്റെ ഈ മഹാവിജയം.

ആഗോളവല്‍ക്കരണത്തിന്റെ വിപല്‍ക്കരമായ നയങ്ങളെ ചെറുക്കാനും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ വിട്ടുവീഴ്ചകൂടാതെ പരിരക്ഷിക്കാനുമുള്ള പോരാട്ടങ്ങളെ നയിക്കാനുള്ള വിപ്ലവശക്തി ഏതെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് തിരിച്ചറിയുകയായിരുന്നു ഈ നാല് ദിനങ്ങളില്‍ . മാര്‍ക്സിസത്തിന് ലോകത്തെമ്പാടും സ്വീകാര്യത വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടമാണ് ഈ സമ്മേളനത്തിന് പശ്ചാത്തലമായി നിന്നത്. പോംവഴി മാര്‍ക്സിസത്തിലൂടെമാത്രമെന്ന തിരിച്ചറിവ് സമ്മേളനത്തെ വിജയിപ്പിച്ച പല ഘടകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ്. മാര്‍ക്സിസം- ലെനിനിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് പുതിയകാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് മുന്നേറാന്‍ കരുത്തുറ്റ ഒരു പ്രസ്ഥാനം ഇവിടെയുണ്ട് എന്നതിനെ ആശ്വാസത്തോടെ കാണുന്ന ബഹുജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ സമ്മേളനത്തെ ഉറ്റുനോക്കിയത്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുമുന്നേറുക തന്നെയാണ് തങ്ങളെന്നാണ് ഈ സമ്മേളനത്തിലൂടെ സിപിഐ എം കേരളഘടകം പ്രഖ്യാപിച്ചത്.

deshabhimani editorial 110212

1 comment:

  1. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം പാര്‍ടിയുടെ സംഘടനാപരമായ കരുത്തും സൈദ്ധാന്തികമായ ദാര്‍ഢ്യവും ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടാണ് അത്യുജ്വലമായി സമാപിച്ചത്. കേരളത്തിന്റെ ഭാവിഭാഗധേയത്തിന്റെ പതാക വഹിക്കുന്ന മഹാശക്തി സിപിഐ എമ്മും ഇടതുപക്ഷവുമാണെന്നും അതിന്റെ നേതൃത്വത്തില്‍ പുരോഗമന- ജനാധിപത്യ-മതേതര ശക്തികള്‍കൂടി അണിചേര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ കൂട്ടായ്മ കേരളത്തിന്റെ നാളെകളെ ഭദ്രമായി രൂപപ്പെടുത്തുമെന്നുമുള്ള ഉറച്ച വിശ്വാസത്തിന്റെ ദാര്‍ഢ്യമാണ് പ്രബുദ്ധമായ കേരളജനത ഈ സമ്മേളനത്തില്‍നിന്ന് സ്വന്തം മനസ്സിലേക്ക് പകര്‍ന്നെടുത്തത്. ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ബഹുജനപങ്കാളിത്തമാണ് സമാപനദിവസം തലസ്ഥാനത്ത് കണ്ടത്. ഒരു മഹാദൗത്യത്തിന്റെ വിജയമുന്നേറ്റത്തില്‍ പങ്കാളികളാവാന്‍ സ്വയമേവ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സിപിഐ എമ്മിന്റെ പൊതുസമൂഹത്തിലെ സ്വീകാര്യതയ്ക്കും സംഘാടനമികവിനുമുള്ള ദൃഷ്ടാന്തമായി. ഇതില്‍ പങ്കെടുക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന തിരിച്ചറിവോടെ ഇരമ്പിയെത്തിയ ജനലക്ഷങ്ങള്‍ തലസ്ഥാനനഗരത്തിന് ജനമുന്നേറ്റത്തിന്റെ ഐതിഹാസികമായ ചരിത്രഅധ്യായം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു.

    ReplyDelete