Saturday, February 11, 2012
ജ്വലിച്ചുയരവേ എരിഞ്ഞടങ്ങി...
ജ്വലിച്ചുയരവേ എരിഞ്ഞടങ്ങി...
കോട്ടയം: ജില്ലയില്‍ സിപിഐ എമ്മിന്റെ യുവ നേതൃനിരയിലെ പ്രമുഖ നേതാവ്, മികച്ച സംഘാടകന്‍ , അതിലുപരി മികവുറ്റ പ്രസംഗകന്‍ എന്നിങ്ങനെ തിളങ്ങിനില്‍ക്കുമ്പോഴാണ് കെ എസ് കൃഷ്ണന്‍കുട്ടി നായരുടെ ആകസ്മിക വേര്‍പാട്. രാഷ്ട്രീയ എതിരാളികള്‍ പോലും ആദരവോടെ കണ്ട പൊതുപ്രവര്‍ത്തകന്‍ . ആരുമായും പെട്ടെന്ന് അടുക്കുന്നതും അടുത്തവര്‍ക്ക് പെട്ടെന്ന് മറക്കാന്‍ കഴിയാത്തതുമായ വ്യക്തിത്വം. ഒരിക്കല്‍ പരിചയപ്പെട്ടവരുമായി എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നേതാവ്. ചെറിയ പനിയില്‍ തുടങ്ങിയ അസുഖം പെട്ടെന്നാണ് ഗുരുതരമായ രോഗത്തിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയത്. രോഗം ഗുരുതരമാണെന്ന് അറിയുമ്പോഴും അതു വകവയ്ക്കാതെ അസാധാരണ മനോധൈര്യത്തോടെ നേരിട്ടു. കീമോതെറാപ്പിയുടെ ഭാഗമായി തലയിലെ മുടി കൊഴിഞ്ഞെങ്കിലും ആ ഉറച്ച ശബ്ദത്തിന്റെ ഗാംഭീര്യത്തിന് തെല്ലും കോട്ടംതട്ടിയില്ല. രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് ആ മനസ്സ് മന്ത്രിച്ചിരുന്നു.
വിദ്യാര്‍ഥി സംഘടനയിലൂടെ നേതൃപദവിയിലേക്കുയര്‍ന്ന അദ്ദേഹം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജില്ലയിലെ മുഴുവന്‍ കാമ്പസ്സുകളുടെയും പ്രിയപ്പെട്ടവനായി. പഠനകാലത്ത് തന്നെ മികച്ച പ്രസംഗകനായി ശോഭിച്ചു. ധനതത്വശാസ്ത്രത്തിലാണ് ബിരുദം എടുത്തതെങ്കിലും സാഹിത്യമേഖലയില്‍ അതീവ തല്‍പ്പരനായ അദ്ദേഹം ബിരുദാനന്തര ബിരുദം മലയാളത്തില്‍ എടുത്തു. അനര്‍ഗളമായ പ്രസംഗശൈലി ഏറെ ആരാധകരെ കാമ്പസുകളില്‍ നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ വിദ്യാര്‍ഥി, യുവജനപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചകാലം മുതല്‍ തന്നെ സംസ്ഥാനത്തുടനീളം പുരോഗമന പ്രസ്ഥാനങ്ങളുടെ വേദികളില്‍ കൃഷ്ണന്‍ കുട്ടി നിറഞ്ഞുനിന്നു. അഭിഭാഷകനായി പാലാ, ഏറ്റുമാനൂര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും പ്രസംഗവേദികളിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ സംസ്ഥാനത്ത് എവിടെയാണെങ്കിലും കൃഷ്ണന്‍കുട്ടി ഓടിയെത്തുമായിരുന്നു.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം സര്‍വകലാശാലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച കൗണ്‍സിലറായിരുന്നു. സാംസ്കാരിക, കലാരംഗത്ത് കൃഷ്ണന്‍കുട്ടിക്കുണ്ടായിരുന്ന താല്‍പ്പര്യം സര്‍വകലാശാല യൂണിയനെയും കര്‍മ്മോത്സുകമാക്കി.സര്‍വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ അംഗവുമായിരുന്നു. ഇത്തവണ പാര്‍ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പുതന്നെ അദ്ദേഹം രോഗകിടക്കയിലായി. കൃഷ്ണന്‍കുട്ടിയുടെ അസാന്നിധ്യത്തില്‍ തന്നെയാണ് അദ്ദേഹം അയര്‍ക്കുന്നം ഏരിയാ കമ്മിറ്റിയിലേക്കും പാര്‍ടി ജില്ലാ കമ്മിറ്റിയിലേക്കും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ നിന്ന് ജനവിധി തേടിയത്. അവിടെ പരാജയപ്പെട്ടെങ്കിലും ദീര്‍ഘനാളായി യുഡിഎഫ് കുത്തകയാക്കിയ മണ്ഡലത്തില്‍ അവരുടെ ഭൂരിപക്ഷം കുറയ്ക്കാനും മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് പ്രത്യാശപകരാനും കൃഷ്ണന്‍കുട്ടിയുടെ സ്ഥാനാര്‍ഥിത്വം സഹായിച്ചു.
സമ്മേളന നഗരിയേയും ദുഃഖത്തിലാഴ്ത്തിയ വേര്‍പാട്
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എസ് കൃഷ്ണന്‍കുട്ടിനായരുടെ വിയോഗം അപ്രതീക്ഷിതമല്ലായിരുന്നെങ്കിലും ചെങ്കൊടിയുടെ സംസ്ഥാനത്തെ ഉത്സവ നാളിലെത്തിയ വേര്‍പാട് സംസ്ഥാന സമ്മേളന നഗരിയെയും ദു:ഖസാന്ദ്രമാക്കി. സമ്മേളനസമാപനത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും വാര്‍ത്തയറിഞ്ഞ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസും ജില്ലാ കമ്മിറ്റിയംഗം വി എന്‍ വാസവന്റെയും നേതൃത്വത്തിലാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി കിടങ്ങൂരിലേക്ക് വിലാപയാത്ര നീങ്ങിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നേതാക്കളും ആശുപത്രിയിലെത്തി. സമ്മേളനത്തിനെത്തിയ ജില്ലയില്‍ നിന്നുള്ള പ്രതിനിധികളും പ്രകടനത്തിലും മറ്റും അണിചേരാനുമായി എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരും സമ്മേളന സമാപനത്തില്‍ പങ്കെടുക്കാതെ വിലാപയാത്രയില്‍ അണിചേര്‍ന്നു.
രക്താര്‍ബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന കൃഷ്ണന്‍കുട്ടിയുടെ ആരോഗ്യനില ഒരാഴ്ചയായി മോശമായിരുന്നു. ഗുരുതരാവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ , സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ , ജില്ലാ സെക്രട്ടറി കെ ജെ തോമസ് മറ്റ് സംസ്ഥാന നേതാക്കളും ജില്ലകളില്‍ നിന്നുള്ള നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സമ്മേളന പ്രതിനിധി കൂടിയായ ജില്ലാ കമ്മിറ്റിയംഗം വി എന്‍ വാസവന്‍ ഒരു ദിവസം മാത്രമാണ് സമ്മേളന നടപടികളില്‍ പങ്കെടുത്തത്. മറ്റു ദിവസങ്ങളില്‍ വേണ്ട സഹായം ലഭ്യമാക്കാന്‍ ആശുപത്രിയില്‍ തന്നെയായിരുന്നു.
വെറുമൊരു പനിയായി തുടങ്ങിയ കൃഷ്ണന്‍കുട്ടിയുടെ രോഗം കഴിഞ്ഞ ആഗസ്ത് ഒമ്പതിനാണ് സ്ഥിരീകരിച്ചത്. പിറ്റേന്ന് തന്നെ ആര്‍സിസിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പാര്‍ടിയുടെ നേതൃത്വത്തിലാണ് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തത്. രോഗം തിരിച്ചറിഞ്ഞ ഉടന്‍ ജീവന്‍ രക്ഷിക്കാന്‍ ലഭ്യമാക്കാവുന്ന ആധുനിക ചികിത്സാ സഹായങ്ങള്‍ക്കായി പാര്‍ടി എല്ലാ ശ്രമവും നടത്തി. വെല്ലൂര്‍ സിഎംസി, ലക്നോ, അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ തേടി. സ്റ്റെംസെല്‍ റീപ്ലാന്റേഷനില്‍ ലോകത്തിലെ തന്നെ വിദഗ്ധനായ കൊല്‍ക്കത്തയിലെ ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മാമ്മന്‍ ചാണ്ടിയുടെയും അഭിപ്രായം തേടിയിരുന്നു. പാര്‍ടി ജില്ലാ കമ്മിറ്റിയംഗം വി എന്‍ വാസവനാണ് ഇക്കാര്യത്തിനെല്ലാം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.
മികവുറ്റ സംഘാടകന്‍ : പിണറായി
പാര്‍ടി കോട്ടയം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ എസ് കൃഷ്ണന്‍കുട്ടിനായരുടെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന കൃഷ്ണന്‍കുട്ടിനായര്‍ യുവജനരംഗത്തും സഹകരണരംഗത്തും മികവുറ്റ സംഘാടകനായിരുന്നെന്ന് അനുശോചനസന്ദേശത്തില്‍ പിണറായി പറഞ്ഞു.
നഷ്ടമായത് ഉജ്വല വാഗ്മിയെ: വൈക്കം വിശ്വന്‍
വിദ്യാര്‍ഥിനിരയില്‍നിന്ന് വളര്‍ന്നുവന്ന കര്‍മനിരതനായ സംഘാടകനും പ്രമുഖവാഗ്മിയുമായ അഡ്വ. കെ എസ് കൃഷ്ണന്‍കുട്ടിനായരുടെ വേര്‍പാട് ഞെട്ടിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. വിദ്യാര്‍ഥിനേതാവായിരിക്കുമ്പോഴേ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും ആകര്‍ഷകമായി അവതരിപ്പിക്കാനും കൃഷ്ണന്‍കുട്ടിനായര്‍ ശ്രദ്ധിച്ചു. മികച്ച പ്രസംഗകനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സിപിഐ എമ്മും എല്‍ഡിഎഫും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ലളിതമായി കേള്‍വിക്കാരിലേക്ക് അദ്ദേഹം പകര്‍ന്നുനല്‍കി. ഹൃദ്യമായ പെരുമാറ്റവും കൃഷ്ണന്‍കുട്ടിയിലെ പൊതുപ്രവര്‍ത്തകനെ കൂടുതല്‍ സ്വീകാര്യനാക്കി. പാര്‍ടിക്കും സമൂഹത്തിനും ഇനിയും ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിയുമായിരുന്നു. അകാലത്തിലെ ഈ വേര്‍പാട് താനടക്കമുള്ളവര്‍ക്ക് തങ്ങാനാവാത്തതാണെന്നും കൃഷ്ണന്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും തീരാദു:ഖത്തില്‍ പങ്കാളിയാകുന്നതായും വൈക്കം വിശ്വന്‍ പറഞ്ഞു.
നഷ്ടപ്പെട്ടത് സഹോദരനെ: വി എന്‍ വാസവന്‍
സ്വന്തം സഹോദരനെ നഷ്ടമായ അവസ്ഥയാണ് കൃഷ്ണന്‍കുട്ടിയുടെ വേര്‍പാട് ഉണ്ടാക്കിയതെന്ന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി എന്‍ വാസവന്‍ പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തും പുരോഗമനപ്രസ്ഥാനത്തിലും എത്തിയ കൃഷ്ണന്‍കുട്ടി മികച്ച പ്രഭാഷകനും സംഘാടകനുമായി ജില്ലയിലെ പാര്‍ടി പ്രവര്‍ത്തകരില്‍ മാത്രമല്ല, മറ്റു ബഹുജനങ്ങള്‍ക്കിടയിലും വലിയ സൗഹൃദവും സമ്പാദിച്ചിരുന്നു.
കോട്ടയത്തിന് തീരാനഷ്ടം: കെ ജെ തോമസ്
അഡ്വ. കെ എസ് കൃഷ്ണന്‍കുട്ടിനായരുടെ വേര്‍പാട് കോട്ടയത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ സിപിഐ എമ്മിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്ന യുവനേതാവിനെയാണ് നഷ്ടപ്പെട്ടത്. പരിചയപ്പെടുന്നവരുടെയെല്ലാം മികച്ച സുഹൃത്തായി മാറാനുള്ള കഴിവിനുടമയായിരുന്നു കൃഷ്ണന്‍കുട്ടി. അദ്ദേഹത്തിന്റെ പ്രസംഗപാടവവും ഏവരിലും മതിപ്പുളവാക്കുന്നതായിരുന്നു. സഖാവിന്റെ വേര്‍പാട് നികത്താനാകാത്തതാണ്. കുട്ടികളടക്കമുള്ള കുടുംബാംഗംങ്ങള്‍ക്കും മറ്റ് സഖാക്കള്‍ക്കും ഈ വേര്‍പാടിനോട് പൊരുത്തപ്പെടാനാകില്ല. പെട്ടെന്ന് രോഗബാധിതനായാണ് സഖാവ് കിടപ്പിലായത്. ഏറ്റവും മികച്ച ചികത്സ ലഭ്യമാക്കുന്നതിനിടയിലാണ് രോഗം വീണ്ടും മൂര്‍ഛിച്ചത്. രോഗക്കിടക്കയില്‍ പോലും പാര്‍ടിയുടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ സമീപനം ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രത്യേക അനുഭവമായി. സഖാവിന്റെ വേര്‍പാടില്‍ എല്ലാവര്‍ക്കുമുണ്ടായിരിക്കുന്ന അഗാധമായ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ ജെ തോമസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
deshabhimani 110212
Labels:
ആദരാഞ്ജലി
Subscribe to:
Post Comments (Atom)
കോട്ടയം: ജില്ലയില്‍ സിപിഐ എമ്മിന്റെ യുവ നേതൃനിരയിലെ പ്രമുഖ നേതാവ്, മികച്ച സംഘാടകന്‍ , അതിലുപരി മികവുറ്റ പ്രസംഗകന്‍ എന്നിങ്ങനെ തിളങ്ങിനില്‍ക്കുമ്പോഴാണ് കെ എസ് കൃഷ്ണന്‍കുട്ടി നായരുടെ ആകസ്മിക വേര്‍പാട്. രാഷ്ട്രീയ എതിരാളികള്‍ പോലും ആദരവോടെ കണ്ട പൊതുപ്രവര്‍ത്തകന്‍ . ആരുമായും പെട്ടെന്ന് അടുക്കുന്നതും അടുത്തവര്‍ക്ക് പെട്ടെന്ന് മറക്കാന്‍ കഴിയാത്തതുമായ വ്യക്തിത്വം. ഒരിക്കല്‍ പരിചയപ്പെട്ടവരുമായി എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നേതാവ്. ചെറിയ പനിയില്‍ തുടങ്ങിയ അസുഖം പെട്ടെന്നാണ് ഗുരുതരമായ രോഗത്തിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയത്. രോഗം ഗുരുതരമാണെന്ന് അറിയുമ്പോഴും അതു വകവയ്ക്കാതെ അസാധാരണ മനോധൈര്യത്തോടെ നേരിട്ടു. കീമോതെറാപ്പിയുടെ ഭാഗമായി തലയിലെ മുടി കൊഴിഞ്ഞെങ്കിലും ആ ഉറച്ച ശബ്ദത്തിന്റെ ഗാംഭീര്യത്തിന് തെല്ലും കോട്ടംതട്ടിയില്ല. രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് ആ മനസ്സ് മന്ത്രിച്ചിരുന്നു.
ReplyDelete