Wednesday, February 15, 2012

ബജറ്റില്‍ നികുതിഭാരം കൂടിയേക്കും; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് മാണി

സംസ്ഥാനം കടന്നുപോകുന്നത് ഗുരുതരമായ സാമ്പത്തിക പ്രയാസത്തിലൂടെ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ധനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംസ്ഥാനത്തിന്റെ ഇരുളടയുന്ന സാമ്പത്തിക ചിത്രം തെളിഞ്ഞത്. സാമ്പത്തികമായി പ്രയാസകരമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കേണ്ടതെന്ന് ധനമന്ത്രി കെ എം മാണി. ബജറ്റിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായും വ്യാപാരി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബജറ്റ് ജനങ്ങളെ സംബന്ധിച്ച് കയ്‌പേറിയ അനുഭവമായിരിക്കുമെന്ന സൂചനയാണ് മാണിനല്‍കുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികളില്‍ നിന്നുള്ള ഒരു തിരിച്ചുപോക്കായിരിക്കും മാണി അവതരിപ്പിക്കാന്‍ ബജറ്റെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് നികുതി വര്‍ധനവ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

11-ാം പഞ്ചവത്സര പദ്ധതിയുടെ ഘട്ടത്തില്‍ ദേശീയ രംഗത്ത് 8.4 ശതമാനം വളര്‍ച്ചാനിരക്കാണ് ലക്ഷ്യമിട്ടിരുന്നതെന്ന് മാണി ഇന്നലെ വാര്‍ത്താസമ്മേശളനത്തില്‍ പറഞ്ഞു. എന്നാല്‍ ആദ്യത്തെ നാലുവര്‍ഷം ശരാശരി വളര്‍ച്ചാ നിരക്ക് 8.2 ശതമാനം ആയിരുന്നു. അവസാന വര്‍ഷം ഇത് 7.75 ശതമാനമായി കുറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മൊത്തം ആഭ്യന്തര ഉല്‍പാദനവും നികുതിവരുമാനവും കുറഞ്ഞു. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തിലും കുറവുണ്ടായി. ഇത്തരത്തില്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കേണ്ടതെന്ന മുന്‍കൂര്‍ ജാമ്യവും മാണി എടുക്കുന്നുണ്ട്.
പതിമൂന്നാം ധവനകാര്യ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂക്കമ്മി 0.90 ശതമനാനമായും ധനക്കമ്മി 3.5 ആയും താഴ്ത്തിക്കൊണ്ടുവരേണ്ടതുണ്ട്. 12-ാം പദ്ധതിക്കാലയളവില്‍ സംസ്ഥാനത്ത് 9.5 ശതമാനം വളര്‍ച്ചാനിരക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ നികുതി വരുമാനം വര്‍ധിപ്പിക്കുകയും പാഴ്‌ചെലവുകള്‍ കുറയ്ക്കുകയും മാത്രമേ മാര്‍ഗമുള്ളൂവെന്നാണ് ധനമന്ത്രി ഇന്നലെ പറഞ്ഞത്. അമിത നികുതിഭാരം ജനത്തിന് മേല്‍ കെട്ടിവയ്ക്കപ്പെടുമെന്ന സൂചനയാണ് ഈ വാക്കുകള്‍ നല്‍കുന്നത്. ഒപ്പം പദ്ധതി വിഹിതത്തില്‍ ഗണ്യമായ കുറവും ഉണ്ടാകും.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വ്യവസായ മേഖലയില്‍ 6.12 ശതമാനവും സേവനമേഖലയില്‍ 11.75 ശതമാനവും വളര്‍ച്ചയുണ്ടായപ്പോള്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് കേവലം 0.64 ശതമാനമാണ്. കൃഷി ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയില്‍ വളര്‍ച്ചയുണ്ടായാല്‍ മാത്രമേ സംസ്ഥാനം ലക്ഷ്യമിടുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകൂ.

വ്യാപാരികള്‍ക്കും ശുഭസൂചകമായ സന്ദേശമല്ല സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാരിന് നല്‍കേണ്ട നികുതി കൃത്യമായി പിരിച്ച് നല്‍കണമെന്ന നിര്‍ദ്ദേശമാണ് വ്യാപാരികള്‍ക്ക് ധനവകുപ്പ് നല്‍കുന്നത്. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ജി എസ് ടി നടപ്പിലാക്കിയാല്‍ നികുതി ഏകീകരിക്കപ്പെടും. എന്നാല്‍ വരുന്ന ഏപ്രില്‍ മുതല്‍ ജി എസ് ടി നടപ്പാക്കാനിടയില്ലെന്നും മാണി പറഞ്ഞു.

സാമ്പത്തിക വിദഗ്ദ്ധര്‍, വൈസ് ചാന്‍സലര്‍മാര്‍, പൊതുമേഖലാ സ്ഥാപന മേധാവികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍, സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടും നികുതി വകുപ്പും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി, നികുതി സെക്രട്ടറി എ അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

janayugom 150212

1 comment:

  1. ബജറ്റ് ജനങ്ങളെ സംബന്ധിച്ച് കയ്‌പേറിയ അനുഭവമായിരിക്കുമെന്ന സൂചനയാണ് മാണിനല്‍കുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികളില്‍ നിന്നുള്ള ഒരു തിരിച്ചുപോക്കായിരിക്കും മാണി അവതരിപ്പിക്കാന്‍ ബജറ്റെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് നികുതി വര്‍ധനവ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

    ReplyDelete