Friday, February 24, 2012

നിര്‍ത്തണം ഈ ചോരക്കളി


മനുഷ്യത്വത്തിന് അന്യമായ മൃഗീയതയും നിഷ്ഠൂരതയുമാണ് പശ്ചിമബംഗാളില്‍ നാട് വാഴുന്നത്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകളുടെ പരമ്പരയാണ് അവിടെ നിത്യേനയെന്നോണം അരങ്ങേറുന്നത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ദിവാന്‍ ദിഘി സംഭവം. സിപിഐ എമ്മിന്റെ കരുത്തുറ്റ കോട്ടയാണ് ബര്‍ധമാന്‍ജില്ല. അവിടെയുള്ള ദിവാന്‍ദിഘിയില്‍ ജില്ലാകമ്മിറ്റിയംഗങ്ങളായ സിപിഐ എം നേതാക്കളെയാണ് കഴിഞ്ഞദിവസം അതിക്രൂരമായി തൃണമൂല്‍ ഭീകരര്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഭീകരത പടര്‍ത്തി ബര്‍ധമാന്‍ജില്ലയിലെ സിപിഐ എം സ്വാധീനം തകര്‍ക്കാന്‍ ഭരണത്തിന്റെ തണലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണിത്.

ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും സര്‍വോപരി ജീവിച്ചിരിക്കാനുള്ള പൗരന്റെ അവകാശവും നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ആര്‍ക്കും അതിശക്തമായി പ്രതികരിക്കാതിരിക്കാനാവാത്ത തരത്തിലുള്ള കൊടിയ ഭീകരത്തേര്‍വാഴ്ചയാണവിടെ നടന്നത്. സ്വതന്ത്രമായ രാഷ്ട്രീയപ്രവര്‍ത്തനം ഭീകരത ഉപയോഗിച്ച് തടഞ്ഞ് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന കണക്കുകൂട്ടലോടെയാണ് തൃണമൂല്‍ ഭീകരര്‍ അഴിഞ്ഞാടിയത്. ദേശീയപണിമുടക്കിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഒരു പ്രകോപനവുമില്ലാതെ സിപിഐ എം നേതാക്കള്‍ ആക്രമിക്കപ്പെട്ടത്. സിപിഐ എം ജില്ലാകമ്മിറ്റിയംഗം പ്രദീപ് തായുടെ വീട്ടില്‍ തൃണമൂല്‍ ഭീകരര്‍ ചെന്ന് അദ്ദേഹത്തിന്റെ ഭാര്യയോട് "നിങ്ങള്‍ വിധവയാകാന്‍ പോവുകയാണ്" എന്ന് അട്ടഹസിച്ചിട്ട് മുക്കാല്‍മണിക്കൂര്‍ കഴിയുംമുമ്പാണ് അവര്‍ പറഞ്ഞത് നടപ്പാക്കിയത്. ഇത് എത്രമേല്‍ ആസൂത്രിതമായിരുന്നു കൊലപാതകം എന്നതിന്റെ തെളിവുതരുന്നുണ്ട്. ഭരണാധികാരത്തെ കൊലയാളിത്തേര്‍വാഴ്ചയ്ക്കുള്ള ലൈസന്‍സായി തൃണമൂല്‍ കോണ്‍ഗ്രസ് ഉപയോഗിക്കുകയും കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയുമാണ്. രാജ്യത്തോടും ജനങ്ങളോടും കോണ്‍ഗ്രസ് നാളെ ഇതിന് കണക്കുപറയേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. കേന്ദ്രാധികാരം നിലനിര്‍ത്താന്‍ തൃണമൂലിന് അടിയറപറയുന്ന കോണ്‍ഗ്രസ് നേതൃത്വം ഈ അരുംകൊലകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് സിപിഐ എം എങ്ങനെയെങ്കിലും തകരട്ടെ എന്ന ആഗ്രഹചിന്തകൊണ്ടാവാം. എന്നാല്‍ , ഭസ്മാസുരന് വരംകൊടുത്തപോലെയുള്ള ഈ നിലപാട് നാളെ കോണ്‍ഗ്രസിനെയും അടുത്തനാള്‍ രാജ്യത്തെ ജനാധിപത്യത്തെയും ഭസ്മമാക്കും എന്ന വിപത്ത് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. രാജ്യം ഭാവിയില്‍ ഇതിന് വിലനല്‍കേണ്ടിവരുമെന്ന് അവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം 58 ഇടതുപക്ഷപ്രവര്‍ത്തകരെയാണ് തൃണമൂല്‍ ഭീകരര്‍ വധിച്ചത്. അതില്‍ 55 പേരും സിപിഐ എം പ്രവര്‍ത്തകര്‍ . നാലായിരത്തിലേറെപ്പേര്‍ ഗുരുതരമായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലും മറ്റുമായി കഴിയുന്നു. നാനൂറില്‍പരം പാര്‍ടി-വര്‍ഗബഹുജനസംഘടനാ ഓഫീസുകള്‍ കൈയേറി നശിപ്പിച്ചു. 40,000 പേര്‍ക്ക് വീടും നാടുംവിട്ട് പലായനം ചെയ്യേണ്ടിവന്നു. പതിനായിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ കള്ളക്കേസുകള്‍ നേരിടുന്നു. ഇത് നടക്കുന്ന സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് ഉള്ളത്? എന്ത് സ്വാതന്ത്ര്യമാണുള്ളത്?

ഇന്ത്യയിലെ ഒരു സംസ്ഥാനത്താണിത് നടക്കുന്നത് എന്നതോര്‍ത്ത് ഇന്ത്യന്‍ ജനാധിപത്യം ലജ്ജിച്ചുതലതാഴ്ത്തേണ്ട അവസ്ഥയാണുള്ളത്. ഒരു പ്രധാന സംസ്ഥാനത്തെ ഈവിധത്തിലുള്ള ഭീകരതയില്‍ ഞെരിച്ചമര്‍ത്തി ഇന്ത്യക്ക് എങ്ങനെയാണ് ലോകസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനാവുക? പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും അദ്ദേഹത്തെ നയിക്കുന്ന സോണിയ ഗാന്ധിയും ആലോചിക്കേണ്ട വിഷയമാണിത്. ഇന്ത്യയിലെ പൊതുജനാധിപത്യപ്രസ്ഥാനങ്ങള്‍ ചിന്തിക്കേണ്ട വിഷയമാണിത്. പൗരസ്വാതന്ത്ര്യവും ജനാധിപത്യാവകാശവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന രാജ്യസ്നേഹികള്‍ പ്രതികരിക്കേണ്ട വിഷയമാണിത്. അടിയന്തരാവസ്ഥക്കാലത്ത് സിദ്ധാര്‍ഥ ശങ്കര്‍റേയുടെ ഭരണത്തണലില്‍ പശ്ചിമബംഗാളില്‍ നടന്ന അര്‍ധഫാസിസ്റ്റ് തേര്‍വാഴ്ചയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്ന് അവിടെ തുടര്‍ച്ചയായി ഉണ്ടാവുന്നത്. കുടുംബനാഥന്മാര്‍ക്ക് വീട്ടില്‍ കയറാനാവാത്ത അവസ്ഥ. സഹോദരിമാര്‍ മാനഭംഗം ചെയ്യപ്പെടുന്ന അവസ്ഥ. സഹോദരങ്ങള്‍ക്ക് നാടുവിട്ടോടേണ്ടിവരുന്ന അവസ്ഥ. ഇടതുരാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ നിഷ്ഠൂരമായി കൊന്നൊടുക്കുമെന്ന അവസ്ഥ. 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുഘട്ടത്തില്‍ തുടങ്ങിയതാണ് ഈ ആക്രമണപരമ്പര. തൃണമൂല്‍കോണ്‍ഗ്രസും കോണ്‍ഗ്രസും മാവോയിസ്റ്റ് ഭീകരരും ചേര്‍ന്ന് നടപ്പാക്കിയ ഈ ഭീകരവാഴ്ചാപരമ്പരയില്‍ 579 സിപിഐ എം പ്രവര്‍ത്തകരാണ് ഇതുവരെയായി കൊലചെയ്യപ്പെട്ടത്. രാക്ഷസീയമായ രാഷ്ട്രീയതയുടെ ഉഗ്രമൂര്‍ത്തിയായി പ്രത്യക്ഷപ്പെടുന്ന മമത ബാനര്‍ജിയുടെ പ്രീതിക്കായി ഇങ്ങനെ രക്തമൊഴുക്കിക്കൊണ്ടേയിരിക്കാന്‍ ഇനി പശ്ചിമബംഗാളിനാവില്ല. ഭീകരസംഘങ്ങള്‍ സായുധരായി ചെന്ന് പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുകയാണവിടെ. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുകയും മറ്റുള്ളവരെ ആട്ടിപ്പായിക്കുകയുമാണ്. പതിനായിരത്തില്‍പരം ഏക്കര്‍ ഭൂമിയാണ് ഇതിനകം പിടിച്ചെടുത്തത്. ഇതിന് സംരക്ഷണം നല്‍കാനുള്ള സംവിധാനമായി പൊലീസും ഭരണവും അധഃപതിച്ചിരിക്കുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സുശാന്ത് ഘോഷിനെപ്പോലെ സമാദരണീയരായ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചു. ഒടുവില്‍ സുപ്രീംകോടതി വേണ്ടിവന്നു അദ്ദേഹത്തെ മോചിപ്പിക്കാന്‍ . ഈ അവസ്ഥ തുടരാന്‍ പറ്റില്ല.

ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേര്‍വാഴ്ച ശക്തിപ്പെട്ടതിനുപിന്നില്‍ രണ്ടുകാരണങ്ങളുണ്ട്. ഒന്ന്: ജനവിരുദ്ധമായ ആ ഭരണത്തിനെതിരെ പശ്ചിമബംഗാളിലെ ജനതയ്ക്കിടയില്‍ പടര്‍ന്നുവളരുന്ന അസംതൃപ്തി. രണ്ട്: സിപിഐ എമ്മിന് ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത. ജനങ്ങളില്‍ ഭരണത്തിനെതിരെ അസംതൃപ്തി വളരുന്നതിനനുസരിച്ച് തൃണമൂല്‍ ഭീകരസംഘം ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടല്‍ബോധം അവരെ കൂടുതല്‍ രക്തരൂഷിതമായ വഴികളിലൂടെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. സിപിഐ എമ്മിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നതിന്റെ ദൃഷ്ടാന്തമായി കഴിഞ്ഞദിവസം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ജനലക്ഷങ്ങള്‍ പങ്കെടുത്ത് നടത്തിയ മഹാപ്രകടനം. ഇതിന്റെ വിജയം തൃണമൂലിനെയും അതിന്റെ രാക്ഷസനേതൃത്വത്തെയും വിറളിപിടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ "കൊന്നു തീര്‍ത്തുകളയാം" എന്ന ദുഷ്ടമായ വ്യാമോഹത്തിലാണവര്‍ . ഇതിന്റെയൊക്കെ ഫലമാണ് ഇപ്പോഴത്തെ നിഷ്ഠുരമായ ആക്രമണപരമ്പരകള്‍ . പശ്ചിമ മിഡ്നാപ്പുരിലെ സിപിഐ എം ജില്ലാകമ്മിറ്റിയംഗമായ ജിതേന്‍ നന്ദിയെ മുതല്‍ മുന്‍നിയമസഭാംഗവും ബര്‍ധ്മാന്‍ ജില്ലാകമ്മിറ്റിയംഗവുമായ പ്രദീപ് താ വരെയായി എത്രയോ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും വധിച്ചുകഴിഞ്ഞു. രാഷ്ട്രീയ എതിരാളികളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്ന ഈ ഭീകരവാഴ്ചയെ ജനാധിപത്യഭരണമെന്ന ഓമനപ്പേരിട്ടുവിളിക്കാന്‍ സിപിഐ എമ്മിന്റെ ശത്രുക്കള്‍ക്കുപോലും ഇനി കഴിയില്ല. ഈ കിരാതഭരണത്തെ ഇങ്ങനെ വച്ചുപൊറുപ്പിക്കാന്‍ ജനാധിപത്യബോധമുള്ള ഒരു രാഷ്ട്രത്തിനാവില്ല.

ബംഗാളിലെ മൃഗീയ രാഷ്ട്രീയത്തിനെതിരെ ദേശവ്യാപകമായി പ്രതിഷേധ പ്രസ്ഥാനമുയരണം. എല്ലാ ജനാധിപത്യകക്ഷികളും പൗരബോധമുള്ള പൊതുപ്രവര്‍ത്തകരും ഇതിനെതിരെ ശബ്ദമുയര്‍ത്തണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ നാളെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സര്‍വനാശമാവും ഉണ്ടാവുക എന്നത് തിരിച്ചറിഞ്ഞുള്ള പ്രതികരണം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി ഉയര്‍ന്നുവരണം. സിപിഐ എമ്മിനെ രക്ഷിക്കാനല്ല, മറിച്ച് രാജ്യത്ത് ഉണ്ടെന്നുപറയുന്ന പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും രക്ഷിക്കാനാണത്; ഈ രാജ്യത്തെത്തന്നെ രക്ഷിക്കാനാണത്.

deshabhimani editorial 240212

1 comment:

  1. മനുഷ്യത്വത്തിന് അന്യമായ മൃഗീയതയും നിഷ്ഠൂരതയുമാണ് പശ്ചിമബംഗാളില്‍ നാട് വാഴുന്നത്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകളുടെ പരമ്പരയാണ് അവിടെ നിത്യേനയെന്നോണം അരങ്ങേറുന്നത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ദിവാന്‍ ദിഘി സംഭവം. സിപിഐ എമ്മിന്റെ കരുത്തുറ്റ കോട്ടയാണ് ബര്‍ധമാന്‍ജില്ല. അവിടെയുള്ള ദിവാന്‍ദിഘിയില്‍ ജില്ലാകമ്മിറ്റിയംഗങ്ങളായ സിപിഐ എം നേതാക്കളെയാണ് കഴിഞ്ഞദിവസം അതിക്രൂരമായി തൃണമൂല്‍ ഭീകരര്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഭീകരത പടര്‍ത്തി ബര്‍ധമാന്‍ജില്ലയിലെ സിപിഐ എം സ്വാധീനം തകര്‍ക്കാന്‍ ഭരണത്തിന്റെ തണലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണിത്.

    ReplyDelete