Friday, February 24, 2012

തമിഴ്നാട്ടില്‍ ക്രമസമാധാനം സംരക്ഷിക്കണം: സിപിഐ എം

ജ്യോതിബസു നഗര്‍ (ലളിത മഹല്‍ , നാഗപട്ടണം): തമിഴ്നാട്ടില്‍ ക്രമസമാധാനം സംരക്ഷിക്കാനും പൊലീസും ക്രിമിനലുകളും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന്് സിപിഐ എം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്രമസമാധാന നില ഡിഎംകെ സര്‍ക്കാരിന്റെ കാലത്തേതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കസ്റ്റഡിമരണവും തദ്ദേശപ്രതിനിധികള്‍ക്കുനേരെയുള്ള അതിക്രമവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വര്‍ധിച്ചു. ഗുണ്ടകളുടെ അഴിഞ്ഞാട്ടവും ബാങ്ക് കൊള്ളയും കൊലപാതകങ്ങളും പൊലീസ് അതിക്രമവും പതിവായി. സെപ്തംബര്‍ 11ന് രാമനാഥപുരം ജില്ലയിലെ പരമക്കുടിയില്‍ ആറ് ദളിതരെ പൊലീസ് വെടിവച്ചു കൊന്നു. സേലത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. തൂത്തുക്കുടിയില്‍ പാവങ്ങളുടെ ഭൂമി തട്ടിയെടുത്ത മാഫിയയെ ചെറുത്ത സിപിഐ എം ജില്ലാ സെക്രട്ടറി കെ കനകരാജിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. പൊലീസും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം തടയാനും മനുഷ്യാവകാശലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നടപടി വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എസ് കണ്ണനാണ് പ്രമേയം അവതരിപ്പിച്ചത്.

ഫെബ്രുവരി 28ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും സാര്‍വത്രിക പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറച്ചത് തടയണമെന്നുമുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. മുതിര്‍ന്ന നേതാക്കളെയും രക്തസാക്ഷികുടുംബാംഗങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ മേലാണ്‍മൈ പൊന്നുച്ചാമിയെയും സു വെങ്കടേശനെയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഷാളണിയിച്ചു. കാരാട്ട് ബുധനാഴ്ച പ്രതിനിധികളെ അഭിവാദ്യംചെയ്തു. ഗ്രൂപ്പുചര്‍ച്ച പൂര്‍ത്തിയാക്കിയ വ്യാഴാഴ്ച പൊതുചര്‍ച്ച ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ മറുപടി നല്‍കും.

deshabhimani 240212

1 comment:

  1. തമിഴ്നാട്ടില്‍ ക്രമസമാധാനം സംരക്ഷിക്കാനും പൊലീസും ക്രിമിനലുകളും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന്് സിപിഐ എം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    ReplyDelete