എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പുതിയ എട്ടു പൊതുമേഖലാ സ്ഥാപനങ്ങളിലെ 1000 തസ്തികകളിലെ നിയമനം യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. രണ്ടാം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്കുള്ള നിയമനം മരവിപ്പിച്ചതുവഴി ആയിരത്തോളംപേര്‍ക്ക് അവസരം നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സഹകരണ-പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി പ്രത്യേക സുരക്ഷാസേനയുടെ രൂപീകരണവും എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 3000 പേര്‍ക്ക് തൊഴിലവസരമൊരുക്കുന്ന ഇതും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. 35,000 പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി 500 പേര്‍ക്കുമാത്രമായി ചുരുക്കി. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല. മാര്‍ച്ചില്‍ ഉണ്ടാകാവുന്ന ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കാന്‍ പിഎസ്സിക്ക് നിര്‍ദേശം നല്‍കാനും തയ്യാറാകുന്നില്ല. ഇപ്പോള്‍ പെന്‍ഷന്‍പ്രായം ഒരുവര്‍ഷം വര്‍ധിപ്പിക്കാനാണ് നീക്കം. സര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത് അറുപതായി വര്‍ധിപ്പിക്കാനാണ് ആലോചന. സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് നിയമന നിരോധനവും പെന്‍ഷന്‍പ്രായം ഉയര്‍ത്തലും.
സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് 10,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ലഭിക്കുമെന്ന് മന്ത്രിമാര്‍ പ്രചരിപ്പിച്ചു. കേന്ദ്രം പറയുന്നത് തങ്ങള്‍ പ്രതിസന്ധിയിലാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ പണത്തിനായി ഇങ്ങോട്ട് വരേണ്ടതില്ലെന്നുമാണ്. കേരള സര്‍ക്കാരിന് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ചെലവ് ചുരുക്കുക മാത്രമാണ് ഒറ്റമൂലി. സാമ്പത്തികപ്രതിസന്ധി നേരിടാന്‍ മുതലാളിത്തരാജ്യങ്ങള്‍ നടപ്പാക്കുന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും പിന്തുടരുന്നത്. കേരളത്തിനൊപ്പം ബംഗാളിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സഹായം നിഷേധിച്ചു. മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെ വിരട്ടി തങ്ങള്‍ക്ക് വേണ്ട പാക്കേജ് തരപ്പെടുത്തി. ഇതുപോലെ പ്രവര്‍ത്തിക്കാന്‍ ധനമന്ത്രി കെ എം മാണിക്ക് കഴിയണം. തനിക്കൊപ്പമുള്ള ഒമ്പത് എംഎല്‍എമാരെ ഉപയോഗിച്ച് കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ആവശ്യമായ പണം കണ്ടെത്താനാകണം. പകരം യുവജനതയ്ക്ക് തൊഴില്‍ നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
നിയമന നിരോധം ആഗോളവല്‍ക്കരണത്തിന്റെ തുടര്‍ച്ച: പി കരുണാകരന്‍
കാസര്‍കോട്: നിയമന നിരോധത്തിലും ഉമ്മന്‍ചാണ്ടി മന്‍മോഹന്‍സിങ്ങിനെ അനുകരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എം പി പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച കലക്ടറേറ്റ് വളയില്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക നയത്തിന്റെ ഭാഗമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമന നിരോധം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുപിഎ സര്‍ക്കാര്‍ മാതൃകയാക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷം ജനങ്ങളെ സേവിക്കാന്‍ 6000 മുതല്‍ 7000 വരെ ജീവനക്കാരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റെയില്‍വേയെ ഒഴിവാക്കിയാല്‍ ഒരുലക്ഷം ജനങ്ങളെ സേവിക്കാന്‍ 150 പേരെയുള്ളൂ. ഒന്നാം യുപി സര്‍ക്കാര്‍ ബാങ്കിങ്, ഇന്‍ഷൂറന്‍സ്, പിഎഫ് മേഖലയില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ത്തു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അതൊക്കെ നിര്‍ബാധം നടപ്പാക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കുന്നു.
മൂന്നുശതമാനം പേര്‍ വിരമിക്കുമ്പോള്‍ ഒരു ശതമാനം ഒഴിവുകള്‍ മാത്രമെ നികത്തുന്നുള്ളൂ. നികത്താത്ത തസ്തിക ക്രമേണ ഇല്ലാതാവുന്നു. റെയില്‍വേയില്‍ എട്ടുവര്‍ഷം മുമ്പ് 18 ലക്ഷം ജീവനക്കാരുണ്ടായിരുന്നത് 12 ലക്ഷമായി കുറഞ്ഞു. ഭാവിയില്‍ ഇത് പകുതിയാകും. തപാല്‍ മേഖലയില്‍ കേരളത്തിലെ ഒമ്പതുആര്‍എംഎസ് ഓഫീസ് ഇല്ലാതാക്കി. തസ്തിക ഒഴിവാക്കുമ്പോള്‍ തൊഴിലവസരവും സേവന സൗകര്യങ്ങളും കുറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയായി. പത്തു പൊതുമേഖലാ സ്ഥാപനങ്ങള്‍ പുതതുതായി തുടങ്ങി. 25000 പേര്‍ക്ക് ജോലി നല്‍കി. തൊഴില്‍ കമ്പോളത്തില്‍ നേരത്തെയുണ്ടായിരുന്നന 5.8 ശതമാനം വളര്‍ച്ച 5 ശതമാനമായി കുറഞ്ഞു. പുതിയ തൊഴിലവസരം കണ്ടെത്താന്‍ യാതൊരു ശ്രമവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നില്ലെന്നും- പി കരുണാകരന്‍ പറഞ്ഞു.
തൊഴില്‍നിഷേധത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സും പ്രതികരിക്കണം
കല്‍പ്പറ്റ: യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നത്തെ തകര്‍ക്കുന്ന യുഡിഎഫ് നയത്തിനെതിരായി യൂത്തുകോണ്‍ഗ്രസ്സും യൂത്ത് ലീഗും പ്രതികരിക്കണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. കല്‍പ്പറ്റയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സിവില്‍സര്‍വീസിലാണ് തൊഴില്‍സുരക്ഷിതത്വം ലഭിക്കുന്നത്. എന്നാല്‍ തസ്തിക വെട്ടിക്കുറച്ചും പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചും ഇത് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ . മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പുറത്തുവന്നപ്പോഴേ സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായതാണ്. തൊഴില്‍ ലഭിക്കാനുള്ള എല്ലാസാധ്യതയും അടക്കുകയാണ് സര്‍ക്കാര്‍ . എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത് എന്ന് കാണാനാകും. യുഡിഎഫ് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്ന് കുടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ . എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഈ സ്ഥാപനങ്ങളെല്ലാം അവഗണിക്കപ്പെടുകയാണ്. തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുന്നതോടെ തെരുവില്‍ അലയേണ്ട സ്ഥിതിയാണ് യുവജനങ്ങള്‍ക്ക് ഉണ്ടാകുക. ഇതിനെതിരെ എല്ലാവരും യോജിച്ച് നേരിടണമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
ജനവിരുദ്ധ സര്‍ക്കാരിന് തുടരാനാവില്ല: സുനിത് ചോപ്ര
മലപ്പുറം: ജനപക്ഷത്ത് നില്‍ക്കാത്ത സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാനാകില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സുനിത് ചോപ്ര. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തെ അഭിവാദ്യംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ പ്രയാസത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ . ലക്ഷക്കണക്കിന് കര്‍ഷകരാണ് കടക്കണയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഇല്ലാതായ കര്‍ഷക ആത്മഹത്യ വീണ്ടും ഉടലെടുത്തിരിക്കുന്നു. എല്ലാവര്‍ക്കും തൊഴിലെന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി യുവജനങ്ങള്‍ ഏറ്റെടുത്ത ഈ സമരം ജനകീയവിരുദ്ധനയം പിന്തുടരുന്നവര്‍ക്കുള്ള താക്കീതാണ്. അക്രമം നടത്തി സിപിഐ എമ്മിനെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. മരണത്തെ ഭയന്ന് പിന്‍മടങ്ങില്ലെന്നും തെറ്റായ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സുനിത് ചോപ്ര പറഞ്ഞു.
യുഡിഎഫ് വാഴ്ച നല്‍കുന്നത് ദുരിതം മാത്രം: വിജയരാഘവന്‍
മലപ്പുറം: യുഡിഎഫ് ഭരണത്തില്‍ ദുരിതകാലത്തിന്റെ കേളികൊട്ടുയരുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണത്തിന്റെ എല്ലാ നന്മകളും തച്ചുതകര്‍ക്കാനാണ് നീക്കം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയത് കഴിഞ്ഞ സര്‍ക്കാരാണ്. എന്നാല്‍ , ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ഇനിയൊരാള്‍ക്കും തൊഴില്‍ ലഭിക്കാന്‍ പോകുന്നില്ല. പിഎസ്സിയെപോലും അഴിമതിയിലേക്ക് തള്ളിവിടാനാണ് ശ്രമം. തസ്തികകള്‍ എങ്ങനെ വെട്ടികുറയ്ക്കാമെന്നതില്‍ ഗവേഷണം നടത്തുകയാണ് സര്‍ക്കാര്‍ . ഇതിനായി ഉന്നതതല സമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. തൊഴില്‍രാഹിത്യം തീവ്രയാഥാര്‍ഥ്യമായി അനുഭവിക്കേണ്ടിവരുന്ന സമൂഹമായി കേരളം മാറുകയാണ്. പുതുതലമുറയെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ലക്ഷക്കണക്കിന് യുവജനങ്ങളുടെ ഭാവിയെബാധിക്കുന്ന പ്രശ്നത്തെ ഗൗരവബുദ്ധിയോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
അഴിമതിയുടെ മട അടച്ചാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്. അതിനാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി നടത്താന്‍ പുതിയവഴികള്‍ അന്വേഷിക്കുകയാണ്. വലിയ അഴിമതികള്‍ക്ക് വഴിതുറക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കഞ്ചിക്കോട് 5000 കോടി രൂപ മുതല്‍മുടക്കുള്ള കോച്ച് ഫാക്ടറിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനംചെയ്തത്. ഇത് 500 കോടിയാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ പിന്തുടരുന്നത് സംസ്ഥാനത്ത് ഗുരുതരപ്രത്യാഘാതമുണ്ടാക്കും. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഓരോവര്‍ഷവും വെട്ടിക്കുറയ്ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ ലക്ഷക്കണക്കിന് തസ്തികകളാണ് ഇല്ലാതാക്കിയത്. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിച്ചതുവഴി അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരം നിഷേധിച്ചു. ടെലികോം മേഖല സ്വകാര്യവല്‍ക്കരിച്ചതിലൂടെ രാജ്യത്തിന്റെ സമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. കോടികള്‍ ലാഭമുണ്ടായിരുന്ന ബിഎസ്എന്‍എല്ലിനെ മൂന്നുവര്‍ഷം കൊണ്ട് 24,000 കോടി രൂപയുടെ കടബാധ്യതയിലേക്ക് തള്ളിവിട്ടു. കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇന്ത്യയെ കോര്‍പറേറ്റുകള്‍ പണയപ്പെടുത്തുന്ന ഏജന്റുമാരായി ഭരണാധികാരികള്‍ മാറിക്കഴിഞ്ഞു. ലോകബാങ്കില്‍നിന്നും വിരമിച്ചവരെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദമുള്‍പ്പെടെയുള്ള ഉന്നത സ്ഥാനങ്ങളില്‍ കുടിയിരുത്തിയത് ഈ ലക്ഷ്യം സഫലമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പിറവം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കം: സി എന്‍ മോഹനന്‍
കോട്ടയം: പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചും നിയമനനിരോധനത്തിലൂടെയും യുവജനങ്ങളെ വഞ്ചിക്കാന്‍ നീക്കം നടത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ ആരംഭമാകും പിറവം ഉപതെരഞ്ഞെടുപ്പെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്‍ പറഞ്ഞു. സര്‍ക്കാര്‍ , പൊതുമേഖലാ സര്‍വീസുകളില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമനനിരോധനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുമുള്ള യുഡിഎഫ്സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ കലക്ട്രേറ്റ് വളയല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന കേരളം വരുംനാളുകളില്‍ യുവാക്കളുടെ ആത്മഹത്യയും കാണേണ്ടി വരും. ഇതിനുള്ള സാഹചര്യമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുക്കുന്നത്. ഇത് മുന്നില്‍കണ്ട് യുവജനപ്രസ്ഥാനം കരുതലോടെ നില്‍ക്കണം. മന്ത്രി കെ എം മാണിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ചരടുവലികള്‍ നടത്തുന്നത്. മാണിയുടെ നേതൃത്വത്തിലുള്ള കമീഷന്റെ റിപ്പോര്‍ട്ട് വരുന്നതോടെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. മുന്‍കൂട്ടി തയാറാക്കിയ തീരുമാനങ്ങളാണ് റിപ്പോര്‍ട്ട് എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ആയുര്‍ദൈര്‍ഘ്യം ഏറിയെന്ന കാരണം കണ്ടെത്തിയാണ് ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 55 വയസുള്ളവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന് ഉറപ്പു നല്‍കാന്‍ മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മുന്‍കാലങ്ങളിലെ യുഡിഎഫ് സര്‍ക്കാരുകളും യുവജന- തൊഴിലാളിവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നേരായ രീതിയില്‍ പിറവം ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യുഡിഎഫ് കള്ളവോട്ട് ചേര്‍ക്കുന്നത്. ഇതിന് മാനസികവൈകല്യമുള്ള അഗതികളെയും കരുക്കളാക്കി. ഇതുകൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടില്ലെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
തൊഴില്‍രഹിതര്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഇരുട്ടടി: പി കെ ശ്രീമതി
കൊല്ലം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയും നിയമന നിരോധനം ഏര്‍പ്പെടുത്തിയും തൊഴിലിനായി കാത്തിരിക്കുന്ന യുവജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇരുട്ടടി നല്‍കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, നിയമന നിരോധനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കൊല്ലം കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രീമതി.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും എതിരായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ മരവിപ്പിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇപ്പോള്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താനും നീക്കംനടക്കുന്നു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ ഈ സമീപനമാണ് ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫിന് ബദല്‍ നയമാണ് നടപ്പാക്കിയത്. അഞ്ചു വര്‍ഷംകൊണ്ട് രണ്ടുലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. എന്നാല്‍ , ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ 20,000 പേര്‍ക്ക് മാത്രമാണ് പിഎസ്സി വഴി തൊഴില്‍നല്‍കിയത്. പുതിയ തസ്തിക സൃഷ്ടിച്ച് തൊഴിലവസരം നല്‍കിയ എല്‍ഡിഎഫ് നയം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചു. സ്ക്രീനിങ് കമ്മിറ്റിയെ നിയോഗിച്ച് നിയമനം നിരോധിക്കാനാണ് നീക്കം.
ജനജീവിതം ദുരിതത്തില്‍ മുങ്ങുമ്പോള്‍ മുഖ്യമന്ത്രി ജനസമ്പര്‍ക്കമെന്ന തട്ടിപ്പുനടത്തി നാടുചുറ്റുന്നു. പരിപാടിക്ക് പന്തലിടാന്‍ 12 ലക്ഷം ചെലവാക്കി. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ആനുകൂല്യ വിതരണത്തിനായാണ് മുഖ്യമന്ത്രിയുടെ നാടുചുറ്റല്‍ . ഇതിനകം 42 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വയനാട്ടില്‍ പോകാന്‍ ഉമ്മന്‍ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ചാണ്ടിയുടെ അഴിമതികള്‍ അക്കമിട്ട് നിരത്തി 2005ല്‍ ടി എം ജേക്കബ് നിയമസഭയില്‍ നടത്തിയ പ്രസംഗം പിറവത്ത് യുഡിഎഫിന് തിരിച്ചടിയാകും- പി കെ ശ്രീമതി പറഞ്ഞു.
deshabhimani 240212
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ യുവജനതയ്ക്ക് തൊഴില്‍ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമന നിരോധനം ഏര്‍പ്പെടുത്തിയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചും ഒരു തലമുറയ്ക്ക് തൊഴിലവസരം ഇല്ലാതാക്കുകയാണ്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete