Friday, February 24, 2012
ജനസമ്പര്‍ക്ക പരിപാടി: ഭൂരിപക്ഷവും നിരാശരായി മടങ്ങി
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ 40,000ലേറെ അപേക്ഷകര്‍ നിരാശരായി മടങ്ങി. പ്രയോജനം കിട്ടിയത് 5000 പേര്‍ക്ക് മാത്രം. ചികിത്സാ സഹായമെന്ന നിലയിലാണ് സഹായം അനുവദിച്ചത്. മുമ്പ് അപേക്ഷ നല്കിയിരുന്നവര് 35288 ആയിരുന്നു. 10000 പുതിയ അപേക്ഷകള്‍കൂടി വന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. അതില്‍ 40000 പേര്‍ക്കും ഉദ്യോഗസ്ഥരുടെ മറുപടി മാത്രമാണ് നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ വില്ലേജോഫീസുകളില്നിന്നും സഹായം ലഭിക്കുമെന്ന് ഉറപ്പും നല്കി. ചികിത്സാ സഹായത്തിനുപുറമെ മറ്റ് ആവശ്യങ്ങള്‍ക്കായി പരാതി നല്കിയവര് പൂര്‍ണമായും നിരാശരായി.
പട്ടയത്തിന് അപേക്ഷ നല്കിയ 17000 പേര്‍ക്കും സര്‍ക്കാര്‍ നടപടി ഉണ്ടാകുന്ന മുറക്ക് തീരുമാനം അറിയിക്കാം എന്ന മറുപടി നല്‍കുകയാണ് ചെയ്തത്. ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 6000 ത്തോളം അപേക്ഷകളിന്മേല് ഒരു തീരുമാനവുമില്ല. കൂടുതല്‍ മറുപടികള്‍ ഉദ്യോഗസ്ഥരില്‍നിന്നാണ് അപേക്ഷകര്‍ക്ക് കിട്ടിയതും. എത്തിയ ജനങ്ങളില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയെകണ്ട് നേരിട്ട് പരാതി പറയാന്‍ കഴിഞ്ഞുള്ളു. തിരക്കേറിയതോടെ മറുപടി വാങ്ങാന്‍ നില്‍ക്കേണ്ടതില്ല. വില്ലേജ് ഓഫീസുകളില്‍നിന്ന് വാങ്ങിയാല്‍ മതിയെന്ന് അ റിയിപ്പ് വന്നതോടെ കൂടുതല്‍ പേരും പിരിഞ്ഞുപോയി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് ആളുകള്‍ നിരാശരായി മടങ്ങി. വണ്ടിക്കൂലി കടം വാങ്ങിവന്ന ഒട്ടേറെപേര്‍ കരയുകയും നെടുവീര്‍പ്പിടുകയും ചെയ്തു. തലേദിവസം എത്തിയവര്‍വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
രാവിലെ മുതല്‍ വൈകുന്നേരംവരെ കാത്തുനിന്ന വികലാംഗരുടെയും മറ്റും അവസ്ഥ കരളലിയിപ്പിക്കുന്നതായിരുന്നു.ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും കാര്യക്ഷമതയില്ലായ്മയുടെ ഉത്തമ ഉദാഹരണമായി ജനസമ്പര്‍ക്ക പരിപാടി. ചെറുതോണിപോലെ ചെറിയ പട്ടണത്തിന്റെയും വാഴത്തോപ്പ് സ്കൂളിന്റെയും സാഹചര്യങ്ങള്ക്കിണങ്ങാത്ത രീതിയിലായിരുന്നു ക്രമീകരണങ്ങള്‍ ഒരുക്കിയത്. പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, എന്‍സിസി, എന്‍എസ്എസ് വിഭാഗങ്ങള്‍ വോളണ്ടിയര്‍മാരായി ഉണ്ടാകുമെന്നറിയിച്ചിരുനെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. ജനങ്ങള്‍ തള്ളിക്കയറിയതോടെ നിയന്ത്രണങ്ങളാകെപാളി. കൗണ്ടറുകളില്‍ പ്രവര്‍ത്തനം നിലക്കുകയും വൈകുന്നേരത്തോടെ രണ്ട് കൗണ്ടറുകള്‍ അടക്കുകയും ചെയ്തു. തലചുറ്റി വീണവരെ പരിചരിക്കാന്‍പോലും ആരുമില്ലായിരുന്നു. ഗതാഗത നിയന്ത്രണം അപ്പാടെ പാളി. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ നിര്‍ദേശങ്ങള്‍ പാളി. ഉദ്യോഗസ്ഥരാകട്ടെ സ്റ്റേജില്നിന്നിറങ്ങിയില്ല. മൊത്തത്തില്‍ ജനസമ്പര്‍ക്കം നാഥനില്ലാ കളരിയായി.
കാത്തുനിന്ന് 236 പേര് കുഴഞ്ഞുവീണു
വാഴത്തോപ്പ്: ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായത്തിനായി എത്തി മണിക്കൂറുകള്‍ കാത്തുനിന്ന് അവശരായി 236പേര് കുഴഞ്ഞുവീണു. അസുഖത്തെതുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ആശുപത്രിയില്‍ ചികിത്സയും തേടി. ജില്ലയുടെ വിദൂര മേഖലയില്‍നിന്ന് രാവിലെ മുതല്‍ എത്തിയ ആയിരങ്ങളില്‍ രോഗികളും ഉണ്ടായി. ക്രമീകരണങ്ങളിലെ പാളിച്ചമൂലമാണ് ആളുകള്‍ ക്ലേശിച്ചത്. തലകറങ്ങി വീണവരെ സമീപത്തുള്ള താല്കാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. ചെറിയ സഹായം വാങ്ങാനെത്തി ആശുപത്രിയിലായവര്‍ക്ക് വീണ്ടും വന്‍തുക ചെലവാക്കി വീട്ടില്‍ പോകേണ്ട അവസ്ഥയാണുണ്ടായത്. അത്യാവശ്യ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ആയിരങ്ങള്‍ വലഞ്ഞു. സമീപത്തെ ചെറിയ കടകളില്‍ ഭക്ഷണം പെട്ടെന്ന് തീര്‍ന്നതിനാല്‍ സഹായത്തിനെത്തിയവര്‍ പട്ടിണിയില്‍ വലഞ്ഞു.
പല പരാതികളിലും തീരുമാനമെടുത്തത് എംപിയും എംഎല്‍എയും
ചെറുതോണി: പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാവരെയും നേരില്‍കണ്ട് പരാതി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ പലതിലും തീരുമാനമെടുത്തത് പി ടി തോമസ് എംപിയും റോഷി അഗസ്റ്റിന് എംഎല്‍എയും. ചുരുക്കത്തില്‍ പരാതികളില്‍ തീര്‍പ്പ് കല്പ്പിക്കച്ചതും ചികിത്സാ സഹായം അനുവദിച്ചതും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായി. വികലാംഗരെയും വാഹനങ്ങളിലെത്തിയ ചുരുക്കം ചില കിടപ്പുരോഗികളെയും സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രധാന വേദിയില്‍ തിരികെയെത്തി. ആംബുലന്‍സുകളില്‍ എത്തിയ കിടപ്പുരോഗികളെ കണ്ട് സഹായധനം പ്രഖ്യാപിക്കാന്‍ റോഷി അഗസ്റ്റിന് എംഎല്‍എയെയും വിവിധ ചികിത്സാ സഹായ അപേക്ഷകളില്‍ തീര്‍പ്പ് കല്പ്പിക്കാന് പി ടി തോമസ് എംപിയെയും ചുമതലപ്പെടുത്തിയതായി അനൗണ്‍സ്മെന്റുണ്ടായി. ഫലത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനക്കായി മാറ്റിവച്ച അപേക്ഷകള്‍പോലും മുഖ്യമന്ത്രിക്ക് പരിശോധിക്കാനായില്ല.
രാഷ്ട്രീയത്തിന് അതീതമായാണ് പരിപാടിയെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും എംഎല്‍എമാരായ ഇ എസ് ബിജിമോള്‍ക്കും എസ് രാജേന്ദ്രനും ചുമതല നല്‍കാതെ കാര്യങ്ങള്‍ പി ടി തോമസിനെയും റോഷിയെയും ഏല്‍പ്പിക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജനസമ്പര്ക്കമില്ല
ചെറുതോണി: മുഖ്യമന്ത്രിയുടെ നേദിയില്‍ വലതുവശത്തായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം വേദിയുണ്ടായിരുന്നു. മുഖ്യമന്ത്രി പരാതി സ്വീകരിക്കുന്ന സമയത്തെല്ലാം ഇവര്‍ ഇവിടെത്തന്നെയായിരുന്നു. ഭക്ഷണത്തിനല്ലാതെ ഇവര്‍ ഇവിടെനിന്ന് എഴുന്നേറ്റതേയില്ല.
പെരിഞ്ചാംകുട്ടി ആദിവാസി പുനരധിവാസത്തിനായി എസ് രാജേന്ദ്രന് എംഎല്‍എയുടെ നിവേദനം
ചെറുതോണി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടി നിലപാടെടുത്ത് എസ് രാജേന്ദ്രന് എംഎല്‍എ ശ്രദ്ധേയനായി. പെരിഞ്ചാംകുട്ടിയിലെ 62 ആദിവാസികള്‍ ഈ ജനസമ്പര്‍ക്ക പരിപാടി നടക്കുമ്പോഴും ജയിലിലാണ്. 42 പേര് ദേവികുളം സബ് ജയിലിലും 20 സ്ത്രീകള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും. ഇക്കാര്യം മുഖ്യമന്ത്രിക്ക് ശേഷം പ്രസംഗിച്ച രാജേന്ദ്രന് എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തി. പെരിഞ്ചാംകുട്ടി ആദിവാസികളെ പുനരധിവസിപ്പിക്കണമെന്നും സൗജന്യ റേഷന്‍ നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന ഭൂമി പ്രശ്നങ്ങളായ പട്ടയം, മാങ്കുളം കെഡിഎച്ച് വില്ലേജിലെ പ്രശ്നങ്ങള്‍ , വനഭൂമി നോട്ടിഫിക്കേഷന്‍ , കരം അടക്കല്‍ , ഇഎഫ്എല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നും അദേഹം ആവശ്യപ്പെട്ടു. മൂന്നാര്‍ പ്രശ്നത്തില്‍ പാവങ്ങളെ ദ്രോഹിക്കരുതെന്നും ഇടുക്കിയിലെ ജനങ്ങള്‍ കൈയേറ്റക്കാരല്ലെന്നും കുടിയേറ്റക്കാരാണെന്നും അദേഹം മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തി.
മുഖ്യമന്ത്രി നല്കിയ ചികിത്സാ സഹായം കലക്ടര്‍ നേരത്തെ പ്രഖ്യാപിച്ചത്
ഇടുക്കി: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ചികിത്സാ സഹായം കലക്ടര്‍ നേരത്തെ പ്രഖ്യാപിച്ചത്. ഒരു കോടി 10 ലക്ഷം രുപ ചികിത്സാ സഹായമായി രണ്ടുദിവസംമുമ്പ് ഇടുക്കി ജില്ലാ കലക്ടര്‍ ഈ ദേവദാസ് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് ചെക്ക് തയ്യാറാക്കിവയ്ക്കുകയും ചെയ്തു. ഈ ധനസഹായമാണ് ഉമ്മന്‍ചാണ്ടി നേരിട്ട് രോഗികള്‍ക്കും വികലാംഗര്‍ക്കും നല്‍കിയത്. രോഗികളെ നേരിട്ട് മുഖ്യമന്ത്രി കണ്ട് ബന്ധപ്പെട്ടവരോട് ആലോചിച്ച് തുക നല്‍കുന്നുവെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു. ഡോക്ടറും വില്ലേജ് ഓഫീസറും നല്കുന്ന സര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ഓഫീസര്‍ക്ക് ക്രമീകരണങ്ങള്‍ ചെയ്യാമെന്നിരിക്കെയാണ് ജനസമ്പര്‍ക്കം നടത്തി പ്രഹസനമായത്.
deshabhimani 240212
Labels:
ഇടുക്കി,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ 40,000ലേറെ അപേക്ഷകര്‍ നിരാശരായി മടങ്ങി. പ്രയോജനം കിട്ടിയത് 5000 പേര്‍ക്ക് മാത്രം. ചികിത്സാ സഹായമെന്ന നിലയിലാണ് സഹായം അനുവദിച്ചത്. മുമ്പ് അപേക്ഷ നല്കിയിരുന്നവര് 35288 ആയിരുന്നു. 10000 പുതിയ അപേക്ഷകള്‍കൂടി വന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. അതില്‍ 40000 പേര്‍ക്കും ഉദ്യോഗസ്ഥരുടെ മറുപടി മാത്രമാണ് നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ വില്ലേജോഫീസുകളില്നിന്നും സഹായം ലഭിക്കുമെന്ന് ഉറപ്പും നല്കി. ചികിത്സാ സഹായത്തിനുപുറമെ മറ്റ് ആവശ്യങ്ങള്‍ക്കായി പരാതി നല്കിയവര് പൂര്‍ണമായും നിരാശരായി.
ReplyDelete