കട്ടപ്പന: കലാവിരുതിന് പേരുകേട്ട ഇടമലക്കുടിയിലെ കണ്ണാടിപ്പായ വിപണന സാധ്യതകള്‍ മങ്ങിയതിനെത്തുടര്‍ന്ന് വിസ്മൃതിയിലേക്ക് മറയുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ശില്പഭംഗിയോടെ നെയ്യുന്ന പായക്ക് അധ്വാനത്തിന്റെ വിലപോലും ലഭിക്കാതായതിനെത്തുടര്‍ന്ന് പായ നെയ്ത്ത് കുലത്തൊഴിലാക്കിയ ആദിവാസികള്‍ തങ്ങളുടെ പരമ്പരാഗതസിദ്ധിയെ കൈവിടുകയാണ്.
തഴയോല കൊണ്ട് നെയ്‌തെടുക്കുന്ന പായയുടെ മിനുസവും നൂറുവര്‍ഷത്തോളം നീളുന്ന ആയുസ്സുമാണ് ഇടമലക്കുടിയിലെ കണ്ണാടിപ്പായയുടെ മേന്മ. ആദിവാസി ഗോത്രതനിമ പേറുന്ന കലാഭംഗിയോടെയാണ് ഇവ നെയ്‌തെടുക്കുന്നത്. കുട്ട, വട്ടി, മുറം തുടങ്ങിയ ഉല്പന്നങ്ങളും ഇവര്‍ ഉണ്ടാക്കുന്നുണ്ട്.പ്രത്യേക പ്രായത്തിലുള്ള ഈറ്റകള്‍ കണ്ടെത്തി അവ ഉപയോഗിച്ചാണ് കണ്ണാടിപ്പായ നിര്‍മ്മിക്കുന്നത്. അകംപൊളിയും താരതമ്യേന അല്പം കട്ടിയേറിയ പുറംപൊളികളും ചേര്‍ത്ത് നെയ്‌തെടുക്കുമ്പോള്‍ ഇവയില്‍ അലങ്കാരങ്ങളും ചിത്രങ്ങളും വിരിയും. പൂക്കള്‍വരെ ഇത്തരത്തില്‍ കണ്ണാടിപ്പനമ്പില്‍ നിര്‍മ്മിക്കാന്‍ കഴിയും. ചില ചിത്രങ്ങള്‍ ഇവയുടെ പ്രത്യേകകോണുകളില്‍ നിന്നുമാത്രമേ ദൃശ്യമാകൂ എന്ന പ്രത്യേകതയും ഈ പനമ്പുകള്‍ക്കുണ്ട്.
കേരളത്തിലെ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയില്‍ ഈറ്റനെയ്ത്ത് തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ് കണ്ണാടിപ്പായയുടെ നിര്‍മ്മാണ വൈദഗ്ധ്യമെന്നും തന്റെ അമ്മയാണ് തനിക്ക് ഇവയുടെ നിര്‍മ്മാണം പരിചയപ്പെടുത്തിയതെന്നും ഷെഡ്ഡുകുടിയിലെ ശംഖുവതി പറയുന്നു.
ആദിവാസിക്കുടികളിലെത്തി ഇവ വാങ്ങിക്കൊണ്ടുപോകാന്‍ ആളുകളുണ്ടെങ്കിലും പരിശ്രമത്തിനുതകുന്ന പ്രതിഫലം ഒരിക്കലും ലഭിക്കാറില്ലെന്ന് ഇഡലിപ്പാറക്കുടിയിലെ മുത്തുലക്ഷ്മി പറയുന്നു. ഒരു പായയ്ക്ക് ഏറ്റവും കൂടുതല്‍ 100 രൂപവരെയാണ് ആദിവാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ യാത്രയുള്ള ഇടമലക്കുടിയിലേക്ക് ഒരു കിലോഗ്രാം അരിയെത്തിക്കുമ്പോള്‍ 15 രൂപ ചുമട്ടുകൂലിയായി ചെലവാകും. 18 കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ഇടമലക്കുടിയിലേക്കെത്താന്‍.
കണ്ണാടിപ്പായയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികളെ ഉള്‍പ്പെടുത്തി കുടുംബ്ര്രശീ യൂണിറ്റ് രൂപീകരിക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന് സാധിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ഇവയെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ആവശ്യക്കാരുടെ എണ്ണം കുറയുകയും അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതാവുകയും ചെയ്തതോടെ ഈ പരമ്പരാഗത വ്യവസായവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാന ബാംബൂ കോര്‍പറേഷനും ഇതുവരെ ഇക്കാര്യത്തില്‍ ഇടപെടാനായിട്ടില്ല.
(പി കെ അജേഷ്)
janayugom 030212
കലാവിരുതിന് പേരുകേട്ട ഇടമലക്കുടിയിലെ കണ്ണാടിപ്പായ വിപണന സാധ്യതകള്‍ മങ്ങിയതിനെത്തുടര്‍ന്ന് വിസ്മൃതിയിലേക്ക് മറയുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ശില്പഭംഗിയോടെ നെയ്യുന്ന പായക്ക് അധ്വാനത്തിന്റെ വിലപോലും ലഭിക്കാതായതിനെത്തുടര്‍ന്ന് പായ നെയ്ത്ത് കുലത്തൊഴിലാക്കിയ ആദിവാസികള്‍ തങ്ങളുടെ പരമ്പരാഗതസിദ്ധിയെ കൈവിടുകയാണ്.
ReplyDelete