കേന്ദ്ര-സംസ്ഥാന പൊതുമേഖലാ കണ്‍വെന്‍ഷന്റെ ആഹ്വാനം
കൊച്ചി: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 28ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രസംഭവമാക്കണമെന്ന് എല്ലാ ജീവനക്കാരോടും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.
പൊതുമേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ അധികാരവര്‍ഗം കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. പൊതുമേഖലയെ വിറ്റുതുലക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍സമ്പ്രാദായം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പെന്‍ഷന്‍ സൗജന്യമാണെന്നരീതിയില്‍ സര്‍ക്കാര്‍ സംസാരിക്കാന്‍ പാടില്ല. പെന്‍ഷന്‍ തൊഴിലാളികളുടെ അവകാശമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടമാണ് 28ന് നടക്കുന്ന പണിമുടക്ക്. ലോകത്തില്‍തന്നെ എറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന പണിമുടക്കായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാമ്പത്തികനയത്തില്‍ സംഘടിതമേഖലയില്‍ സ്ഥിരംതൊഴിലാളികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംഘടിതതൊഴിലാളികളെ ഒഴിവാക്കുന്ന മുതലാളിത്വത്തിന്റെ തന്ത്രം പൊതുമേഖലയിലും വളര്‍ന്നുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം കുറഞ്ഞെങ്കിലും ഉത്പാദനം കുറഞ്ഞിട്ടില്ല. ഉത്പാദനച്ചിലവ് കുറച്ച് ലാഭം കൂട്ടുകയെന്ന കമ്പോളവ്യവസ്ഥയ്ക്കനുസൃതമായാണ് പൊതുമേഖലയും മുന്നോട്ടുപോകുന്നത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളിലെ വിരമിക്കുന്ന തൊഴിലാളികളെ ദിവസക്കൂലിക്കാരായി വീണ്ടും നിയമിക്കുന്നതും സര്‍വസാധാരണമായിട്ടുണ്ടെന്നും കാനം പറഞ്ഞു.
പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. പൊതുമേഖലയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ തൊഴിലാളി്ക്ക് ലഭിക്കണം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരനും അതിന്റെ ലാഭം കിട്ടണം. അസംഘടിതമേഖലയിലെ തൊഴിലാളികളെ മുന്നോട്ടുകെണ്ടുവരേണ്ട ബാധ്യത സംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷനില്‍ പി രാജു, കെ വിജയന്‍പിള്ള (എഐടിയുസി), കെ ഒ ഹബീബ്, കെ എന്‍ ഗോപിനാഥ്(സിഐടിയു), എന്‍ കെ മോഹന്‍ദാസ ്(ബിഎംഎസ്), കെ പി മുഹമ്മദ് അഷറഫ ്(എസ്ടിയു), തോമസ് ജോസഫ് (യുടിയുസി) എന്നിവര്‍ സംസാരിച്ചു. അഡ്വ. എസ് കൃഷ്ണമൂര്‍ത്തി (സിഐടിയു), വി പി ജോര്‍ജ് (ഐഎന്‍ടിയുസി), എപിഎം സാലി (എസ്ടിയു), വി സുധാകരന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് കണ്‍വെന്‍ഷന്‍ നടപടികള്‍ നിയന്ത്രിച്ചത്.
janayugom 030212
സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 28ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രസംഭവമാക്കണമെന്ന് എല്ലാ ജീവനക്കാരോടും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.
ReplyDelete