ഇതാണ് ശരിയായ വിധി. ജുഡീഷ്യല്‍ റിവ്യൂ എന്ന പരമാധികാരത്തിന്റെ അര്‍ഥപൂര്‍ണമായ വിനിയോഗത്തിലൂടെ നിയമവാഴ്ചയുടെ സര്‍വാധിപത്യം സുപ്രീംകോടതി വിളംബരംചെയ്തിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതോടെ അഴിയുന്നത്. കൂട്ടുത്തരവാദിത്തമുള്ള സര്‍ക്കാരിന് രാജയെ ബലിയാടാക്കി കൈ കഴുകാനാകില്ല. ചിദംബരത്തില്‍നിന്ന് മന്‍മോഹന്‍ സിങ്ങിലേക്ക് നിയമത്തിന്റെ കരങ്ങള്‍ നീളുമ്പോള്‍ പ്രതിസന്ധിയെ മൗനംകൊണ്ട് നേരിടാനാകില്ല. വാട്ടര്‍ഗേറ്റിനെ അനുസ്മരിപ്പിക്കുന്ന ഭൂകമ്പത്തിനാണ് വരുംനാളുകളില്‍ ഡല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ മാധ്യമലോകത്തിനു അഭിമാനിക്കാവുന്ന നിമിഷമാണിത്. ഗോപീകൃഷ്ണന്‍ തുറന്നുവിട്ട ഭൂതം മാധ്യമങ്ങളിലൂടെ വളര്‍ന്ന് അഴിമതിയുടെ മഹാസ്തംഭങ്ങളെ തകര്‍ക്കുന്നു.
രാജ മന്ത്രിയായിരിക്കേ 11 ടെലികോം കമ്പനികള്‍ക്കായി നല്‍കിയ 122 സ്പെക്ട്രം ലൈസന്‍സുകള്‍ സ്വേഛാപരവും ഭരണഘടനാവിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. കഥ മുഴുവന്‍ പരസ്യമായപ്പോഴും പാര്‍ലമെന്റിനകത്തും പുറത്തും രാജയെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി അറിയാതെ പോയെങ്കില്‍ അദ്ദേഹം ആ പദവിയില്‍ തുടരുന്നതിന് അയോഗ്യനാണ്. 2001ലെ നിരക്കില്‍ 2008ല്‍ സ്വേഛാപരമായി നടത്തിയ ഇടപാടില്‍ 1,76,000 കോടി രൂപ രാജ്യത്തിനു നഷ്ടപ്പെട്ടുവെന്നതാണ് കേസ്. പ്രധാനമന്ത്രിയെ ധിക്കരിച്ചുകൊണ്ട് രാജ തന്നിഷ്ടപ്രകാരം നടത്തിയ ഇടപാടായിരുന്നു അതെന്നാണ് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ കോണ്‍ഗ്രസുകാര്‍ വിശദീകരിച്ചത്. ഇടപാടില്‍ നഷ്ടമൊന്നും ഉണ്ടായില്ലെന്ന് രാജയെ പിന്തുടര്‍ന്ന് ടെലികോംമന്ത്രിയായ കപില്‍ സിബല്‍ കണക്കുകൂട്ടി പറഞ്ഞു. അതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല. വിചാരണക്കോടതി രണ്ടാഴ്ചക്കുള്ളില്‍ ചിദംബരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചിദംബരത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനോ വിചാരണക്കോടതിക്ക് എന്തെങ്കിലും സൂചനകള്‍ നല്‍കാനോ സുപ്രീംകോടതി തയ്യാറായില്ല. ഇടപാടിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന വാദം സുപ്രീംകോടതിക്ക് സ്വീകാര്യമായില്ലെന്നതാണ് ശ്രദ്ധേയം. അക്കാര്യം സിബിഐയെ ഏല്‍പ്പിക്കാതിരുന്നത് അതിനേക്കാള്‍ ശ്രദ്ധേയമായി.
യുപിഎയുടെ അന്ത്യയാത്രയുടെ ആരംഭമാണിത്. ഉത്തര്‍പ്രദേശില്‍ നിലയുറപ്പിക്കാന്‍ രാഹുല്‍ഗാന്ധി മെനക്കെടുമ്പോള്‍ താങ്ങാനാകാത്ത ആഘാതമാണ് കോണ്‍ഗ്രസിനുണ്ടായത്. രാജീവ്ഗാന്ധിയുടെ കാലത്തെ ബൊഫോഴ്സ് വിവാദത്തോട് വോട്ടര്‍മാര്‍ക്കുണ്ടായ പ്രതികരണം ആവര്‍ത്തിച്ചാല്‍ രാഹുല്‍ഗാന്ധിയുടെ 2014ലെ പ്രതീക്ഷ അസ്തമിക്കും. ഭാവി പ്രധാനമന്ത്രിയായി അഭിഷിക്തനായിരിക്കുന്ന രാഹുലിനും യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും കഥയുടെ പൊരുള്‍ വിശദീകരിക്കുന്നതിനുള്ള ബാധ്യതയുണ്ട്.
കോര്‍പറേറ്റ് അധോലോകവും അധികാരകേന്ദ്രങ്ങളും ഒത്തുചേര്‍ന്നുള്ള അഴിമതിയുടെ ഭീകരമുഖമാണ് സുപ്രീംകോടതി അനാവരണംചെയ്തത്. അഴിമതിയുടെ പ്രത്യാഘാതം വല്ലപ്പോഴും യാദൃച്ഛികമായി ലഭിച്ചേക്കാവുന്ന ജയില്‍ശിക്ഷ മാത്രമല്ലെന്ന തിരിച്ചറിവാണ് സുപ്രീംകോടതി നല്‍കിയത്. രാജ്യത്തിനു നഷ്ടമായത് തിരിച്ചുപിടിക്കാനും കഴിയും. അഴിമതിക്കെതിരെ പൊതുസമൂഹം നടത്തിക്കൊണ്ടിരിക്കുന്ന മഹായുദ്ധത്തില്‍ സുപ്രീംകോടതിയുടെ ശക്തമായ പിന്തുണയാണുണ്ടായത്. ബൊഫോഴ്സില്‍ പരാജയപ്പെട്ട സംവിധാനങ്ങള്‍ സ്പെക്ട്രത്തില്‍ വിജയിച്ചു. ഈ അര്‍ഥത്തിലാണ് സ്പെക്ട്രംകേസിലെ വിധിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടാകുന്നത്.
ഭരണഘടനയുടെ വിജയമാണിത്. ഭരണഘടനാപരമായി അധികാരം വിനിയോഗിക്കേണ്ടവര്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ തടയാനുള്ള സംവിധാനം ഭരണഘടനയിലുണ്ട്. പലപ്പോഴും അത് ഫലപ്രദമായി പ്രവര്‍ത്തിക്കാറില്ല. അപകടകരമായ ഈ അവസ്ഥയ്ക്ക് അപവാദമാണ് സ്പെക്ട്രം കേസിലെ വിധി. നിയമത്തിന്റെയും സംവിധാനത്തിന്റെയും അഭാവമല്ല, അത് പ്രയോഗിക്കുന്നതിനുള്ള അമാന്തമാണ് അഴിമതി ഉള്‍പ്പെടെയുള്ള അത്യാചാരങ്ങള്‍ക്ക് കാരണമാകുന്നത്. നാടിനവകാശപ്പെട്ട സ്പെക്ട്രം കൊള്ളയടിച്ചവരും കൂട്ടുനിന്നവരും നിയമത്തിന്റെ വെളിച്ചത്തില്‍ നഗ്നരാക്കപ്പെട്ടിരിക്കുന്നു. ഈ അപമാനഭാരം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇവര്‍ അധികാരത്തില്‍നിന്ന് പുറത്തുപോകണമെന്നാണ് സംശുദ്ധവും സുതാര്യവുമായ ഭരണം ആഗ്രഹിക്കുന്നവരുടെ ആവശ്യം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നന്മകള്‍ പലതും ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നിമിത്തമാണുണ്ടായത്. തിന്മകള്‍ പലതും ഒഴിവാക്കപ്പെടുകയും ചെയ്തു. ആണവകരാറിനെ അടിസ്ഥാനമാക്കി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഒരു ഭാരമൊഴിഞ്ഞുവെന്ന് സമാശ്വസിച്ചയാളാണ് ചിദംബരം. ആണവകരാറിനേക്കാള്‍ അവര്‍ക്കന്ന് പ്രധാനം സ്പെക്ട്രമായിരുന്നുവെന്ന് ആരറിഞ്ഞു?
സെബാസ്റ്റ്യന്‍ പോള്‍ deshabhimani 030212
ഇതാണ് ശരിയായ വിധി. ജുഡീഷ്യല്‍ റിവ്യൂ എന്ന പരമാധികാരത്തിന്റെ അര്‍ഥപൂര്‍ണമായ വിനിയോഗത്തിലൂടെ നിയമവാഴ്ചയുടെ സര്‍വാധിപത്യം സുപ്രീംകോടതി വിളംബരംചെയ്തിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതോടെ അഴിയുന്നത്. കൂട്ടുത്തരവാദിത്തമുള്ള സര്‍ക്കാരിന് രാജയെ ബലിയാടാക്കി കൈ കഴുകാനാകില്ല. ചിദംബരത്തില്‍നിന്ന് മന്‍മോഹന്‍ സിങ്ങിലേക്ക് നിയമത്തിന്റെ കരങ്ങള്‍ നീളുമ്പോള്‍ പ്രതിസന്ധിയെ മൗനംകൊണ്ട് നേരിടാനാകില്ല. വാട്ടര്‍ഗേറ്റിനെ അനുസ്മരിപ്പിക്കുന്ന ഭൂകമ്പത്തിനാണ് വരുംനാളുകളില്‍ ഡല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ReplyDelete