Wednesday, February 15, 2012

സിപിഐ എം ബംഗാള്‍ സമ്മേളനത്തിന് ഇന്ന് തുടക്കം


സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് കൊല്‍ക്കത്തയില്‍ ബുധനാഴ്ച തുടക്കമാകും. ജ്യോതിബസു നഗറിലെ (കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി ഓഫീസായ പ്രമോദ് ദാസ് ഗുപ്തഭവന്‍) ഹര്‍കിഷന്‍സിങ് സുര്‍ജിത് മഞ്ചില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പകല്‍ 11ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

നാലു വര്‍ഷത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിലയിരുത്തുന്ന സമ്മേളനം ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ബംഗാളിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റവും അതിനുശേഷം ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും സമ്മേളനം വിശദമായി ചര്‍ച്ചചെയ്യും. പൂര്‍ത്തിയായ 19 ജില്ലാ സമ്മേളനങ്ങളിലും ഇതുസംബന്ധിച്ച ചര്‍ച്ച നടന്നു. സിപിഐ എം- ഇടതുമുന്നണി പ്രവര്‍ത്തകര്‍ കടുത്ത ആക്രമണം നേരിടുന്ന സാഹചര്യം സമ്മേളനം വിലയിരുത്തി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും. പ്രതിപക്ഷമെന്ന നിലയില്‍ ജനകീയപ്രശ്നങ്ങളുയര്‍ത്തി കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ സമ്മേളനം മാര്‍ഗനിര്‍ദേശം നല്‍കും. നിരീക്ഷകരടക്കം 800 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കെ വരദരാജന്‍ , കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായ തപന്‍സെന്‍ , നീലോല്‍പല്‍ ബസു, ഹനന്‍മുള്ള, സുകോമോള്‍ സെന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ സമാപനംകുറിച്ച് 19ന് ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. സമ്മേളനത്തിന്റെ സന്ദേശം വിളംബരംചെയ്യുന്ന പ്രചാരണ ബോര്‍ഡുകള്‍ കൊല്‍ക്കത്ത നഗരത്തിലെങ്ങും നിറഞ്ഞു. വിവേകാനന്ദന്‍ , ആചാര്യ പ്രഭുല്ലചന്ദ്ര ഘോഷ് തുടങ്ങിയ മഹാരഥന്മാരുടെയും ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളുടെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. 19ന്റെ റാലി വന്‍ വിജയമാക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയുള്ള പ്രചാരണം പൂര്‍ത്തിയാക്കി. സമ്മേളനസന്ദേശം വിളംബരംചെയ്ത് എല്ലാ പ്രദേശങ്ങളിലും ചെറു പ്രകടനങ്ങളും നടന്നു.
(വി ജയിന്‍)

deshabhimani 150212

1 comment:

  1. സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് കൊല്‍ക്കത്തയില്‍ ബുധനാഴ്ച തുടക്കമാകും. ജ്യോതിബസു നഗറിലെ (കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി ഓഫീസായ പ്രമോദ് ദാസ് ഗുപ്തഭവന്‍) ഹര്‍കിഷന്‍സിങ് സുര്‍ജിത് മഞ്ചില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പകല്‍ 11ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

    ReplyDelete