Wednesday, February 15, 2012

കെഎസ്യു മധ്യമേഖലാ തെരഞ്ഞെടുപ്പ്: വിശാല ഐയില്‍ ഭിന്നത

ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്ന കെഎസ്യു മധ്യകേരളത്തിലെ സംഘടനാതെരഞ്ഞെടുപ്പിനു മുന്നോടിയായി എറണാകുളത്തും തൃശൂരും വിശാല ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി. എറണാകുളത്ത് കോളേജ്തലത്തില്‍ വിശാല ഐ ഗ്രൂപ്പിനൊപ്പംനിന്ന വി ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള വിഭാഗം പിന്മാറി. ഇവര്‍ എ ഗ്രൂപ്പില്‍ ചേക്കേറിയെന്ന് വിശാല ഐ വിഭാഗം ആക്ഷേപിച്ചു. സതീശന്‍വിഭാഗം ഇത് നിഷേധിച്ചു. എന്നാല്‍ , എറണാകുളം ഗസ്റ്റ്ഹൗസില്‍ പി സി വിഷ്ണുനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന എ ഗ്രൂപ്പ് യോഗം സതീശന്‍ വിഭാഗത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തൃശൂരും വിശാല ഐ വിഭാഗവും സതീശന്‍ വിഭാഗവും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്തോടെ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ പോരിലാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ എ ഗ്രൂപ്പിനാണ് മുന്‍തൂക്കം.

കോളേജ്തലത്തില്‍ വിശാല ഐ ഗ്രൂപ്പും വി ഡി സതീശന്‍ എംഎല്‍എ നേതൃത്വംനല്‍കുന്ന ഗ്രൂപ്പും യോജിച്ചാണ് പ്രവര്‍ത്തിച്ചത്. എ ഗ്രൂപ്പിനെ പിന്തള്ളി ഈ ഗ്രൂപ്പ് മുന്‍തൂക്കം നേടുകയുംചെയ്തു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പഴയ വിശാല ഐയും സതീശന്‍ ഗ്രൂപ്പും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ് ഇപ്പോള്‍ ഇരുവിഭാഗത്തെയും അകറ്റിയത്. ജില്ലാ പ്രസിഡന്റ്സ്ഥാനം സതീശന്‍ വിഭാഗത്തിന് നല്‍കണമെന്ന ആവശ്യം ഹൈബി ഈഡന്‍ നേതൃത്വംനല്‍കുന്ന വിശാല ഐ വിഭാഗം തള്ളിയതോടെയാണ് ഇരുവിഭാഗവും തമ്മില്‍ വീണ്ടും അകന്നത്.

വിശാല ഐ ടിന്റു ആന്റണിയെയാണ് എറണാകുളം ജില്ലാ പ്രസിഡന്റ്സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നത്. എ ഗ്രൂപ്പ് സതീശന്‍ വിഭാഗത്തിന്റെ ജിനോ ജോണിനെ പിന്തുണയ്ക്കും. തൃശൂരും വിശാല ഐ ഗ്രൂപ്പ് രണ്ടു ചേരിയായി. വി ഡി സതീശന്റെ പിന്തുണയോടെ തൃശൂരില്‍ ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ടി എന്‍ പ്രതാപന്‍ എംഎല്‍എയാണ്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഈ വിഭാഗം ഒ ജെ ജീനിഷിനെ മത്സരിപ്പിക്കുമ്പോള്‍ , വിശാല ഐയുടെ സ്ഥാനാര്‍ഥി സുബിനാണ്. കെഎസ്യു തെരഞ്ഞെടുപ്പിന്റെ മറവില്‍ നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തോട് അസംതൃപ്തിയുള്ള വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ്തന്നെ സംസ്ഥാനതലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.
(ജിജോ ജോര്‍ജ്)

വോട്ടര്‍മാര്‍ക്ക് വാഗ്ദാനപെരുമഴ

കൊച്ചി: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞതോടെ വോട്ടര്‍മാര്‍ക്ക് വാഗ്ദാനപ്പെരുമഴ. കോളേജ്തലത്തില്‍ വിശാല ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന വി ഡി സതീശന്‍വിഭാഗം ഗ്രൂപ്പ് വിട്ടതോടെയാണ് ജില്ലയില്‍ വോട്ടര്‍മാര്‍ക്കായി ഗ്രൂപ്പുകള്‍ വാഗ്ദാനങ്ങളുടെ വലകളുമായി ഇറങ്ങിയത്. എ, വിശാല ഐ, സതീശന്‍ വിഭാഗം എന്നിവര്‍ പ്രത്യേകം ഗ്രൂപ്പ്യോഗങ്ങള്‍ ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനഞ്ഞത്. എംജി, കേരള യൂണിവേഴ്സിറ്റികളുടെ സിന്‍ഡിക്കറ്റിലേക്കും സെനറ്റിലേക്കും മത്സരിക്കാനുള്ള സീറ്റ് നല്‍കാമെന്ന വാഗ്ദാനംവരെ നല്‍കിയിട്ടുണ്ട്. കോളേജിലും മറ്റും സംഘടിപ്പിക്കുന്ന പരിപാടികള്‍ നടത്താന്‍ പണവും വന്‍കിട വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം പിടിച്ചുനല്‍കാമെന്ന ഉറപ്പും അതില്‍ ചിലതാണ്. കോളേജുകളിലെ വോട്ടര്‍മാരുടെ ഗ്യാങ് ലീഡര്‍മാര്‍ക്ക് ബൈക്കും വിലയേറിയ മൊബൈല്‍ ഫോണുകളും നല്‍കാമെന്നേറ്റിട്ടുമുണ്ട്.

ഗ്രൂപ്പ്പോര് മുറുകിയതോടെ നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഗസ്റ്റ്ഹൗസിലും കെപിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടേയിരിക്കയാണ്. മലബാര്‍ മേഖലാ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച കോഴിക്കോടുണ്ടായതുപോലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ എടുക്കേണ്ട മുന്‍കരുതലും ചര്‍ച്ചചെയ്യുന്നുണ്ട്. ഇതിനിടെ റിട്ടേണിങ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ പിടിപാടുള്ള എംഎല്‍എയുടെ നേതൃത്വത്തില്‍ നീക്കംനടക്കുന്നുണ്ടെന്ന് എതിര്‍വിഭാഗങ്ങള്‍ ആരോപിക്കുമ്പോള്‍ സതീശന്‍ വിഭാഗം വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് വിശാല ഐയുടെ ആരോപണം. ഗ്രൂപ്പ്തിരിഞ്ഞുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കെഎസ്യു ജില്ലാ കമ്മിറ്റി പിടിച്ചതായി "എ" ഗ്രൂപ്പ്

പാലക്കാട്: കെഎസ്യു പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതായി എ ഗ്രൂപ്പ് അവകാശപ്പെട്ടു. ആകെയുള്ള പത്ത് സീറ്റില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് സ്ഥാനങ്ങള്‍ എ ഗ്രൂപ്പ് നേടി. വിശാല ഐ ഗ്രൂപ്പിന് ഒരു സീറ്റ്മാത്രമാണ് ലഭിച്ചത്. കടുത്ത ഗ്രൂപ്പ് പോരിനിടയില്‍ ചൊവ്വാഴ്ച കോഴിക്കോട്വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പ്രസിഡന്റായി ഷാനിദ്, വൈസ് പ്രസിഡന്റായി ബെയ്സന്‍ ഐസക്, ജനറല്‍ സെക്രട്ടറിയായി ജയഘോഷ്, രാഹുല്‍ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷിഹാബാണ് ഏക ഐ ഗ്രൂപ്പ് പ്രതിനിധി. ഷാഫി പറമ്പില്‍ , സി ചന്ദ്രന്‍ , എസ് എം നൗഷാദ്, സി വി സതീഷ്, കെ ജി എല്‍ദോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എ ഗ്രൂപ്പിന്റെ ചരട്വലികള്‍ . വിശാല ഐക്ക് വേണ്ടി ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ , വി എസ് വിജയരാഘവന്‍ , വി കെ ശ്രീകണ്ഠന്‍ തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നു.

യഥാ അനിയാ..തഥാ ചേട്ടാ...:)

ഐഎന്‍ടിയുസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ കൈയാങ്കളി

ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് സഞ്ജീവ് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. വാക്കേറ്റത്തിനിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് റാവുത്തരെ യോഗത്തില്‍നിന്ന് ദേശീയ പ്രസിഡന്റ് ഇറക്കിവിട്ടു. തൊഴിലാളികളില്‍നിന്ന് കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ പിരിച്ചെടുത്ത 36 ലക്ഷം രൂപയെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെതിരെ റാവുത്തര്‍ ആരോപണം ഉന്നയിച്ചതാണ് കൈയാങ്കളിക്ക് വഴിയൊരുക്കിയത്.

മസ്ക്കറ്റ് ഹോട്ടലിലാണ് സഞ്ജീവ് റെഡ്ഡി സംസ്ഥാന ഭാരവാഹികളുടെയും വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം വിളിച്ചത്. ഐഎന്‍ടിയുസി തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. പാലോട് രവി എംഎല്‍എ, സി ഹരിദാസ്, കെ സുരേഷ്ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ചന്ദ്രശേഖരന്‍ സുരേഷ് കല്‍മാഡിയുടെ അനുഭവം ഓര്‍ക്കണമെന്നായിരുന്നു റാവുത്തരുടെ പരാമര്‍ശം. ഇതില്‍ ക്ഷുഭിതരായ ചന്ദ്രശേഖരന്‍വിഭാഗം ചാടി എഴുന്നേറ്റ് റാവുത്തര്‍ക്കു നേരെ പാഞ്ഞടുത്തു. എന്‍ അഴകേശന്‍ , ടി പി ഹസന്‍ , കെ സുരേന്ദ്രന്‍ എന്നിവരാണ് റാവുത്തരെ നേരിട്ടത്. ഐഎന്‍ടിയുസിയില്‍ വ്യാജ അംഗത്വമാണെന്നും ഇതുവച്ച് തെരഞ്ഞെടുപ്പ് നടത്തരുതെന്നും റാവുത്തര്‍ ആവശ്യപ്പെട്ടു. റാവുത്തരെ തുടര്‍ന്ന് പ്രസംഗിക്കാന്‍ എതിര്‍ വിഭാഗം അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് ആരംഭിച്ച രൂക്ഷമായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു.

deshabhimani 150212

2 comments:

  1. ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്ന കെഎസ്യു മധ്യകേരളത്തിലെ സംഘടനാതെരഞ്ഞെടുപ്പിനു മുന്നോടിയായി എറണാകുളത്തും തൃശൂരും വിശാല ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി. എറണാകുളത്ത് കോളേജ്തലത്തില്‍ വിശാല ഐ ഗ്രൂപ്പിനൊപ്പംനിന്ന വി ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള വിഭാഗം പിന്മാറി. ഇവര്‍ എ ഗ്രൂപ്പില്‍ ചേക്കേറിയെന്ന് വിശാല ഐ വിഭാഗം ആക്ഷേപിച്ചു. സതീശന്‍വിഭാഗം ഇത് നിഷേധിച്ചു. എന്നാല്‍ , എറണാകുളം ഗസ്റ്റ്ഹൗസില്‍ പി സി വിഷ്ണുനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന എ ഗ്രൂപ്പ് യോഗം സതീശന്‍ വിഭാഗത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തൃശൂരും വിശാല ഐ വിഭാഗവും സതീശന്‍ വിഭാഗവും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്തോടെ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ പോരിലാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ എ ഗ്രൂപ്പിനാണ് മുന്‍തൂക്കം.

    ReplyDelete
  2. കാസര്‍കോട്: കെഎസ്യു തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് ഏജന്‍സിക്കും രാഹുല്‍ഗാന്ധിക്കും പരാതി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതായി ചൂണ്ടിക്കാണിച്ച് ജില്ലയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോമോന്‍ ജോസാണ് പരാതി നല്‍കിയത്. കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പില്‍ വിശാല ഐ വിഭാഗത്തിന്റെ ബി പി പ്രദീപ്കുമാര്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോമോനെ തോല്‍പിച്ചെന്നാണ് പ്രഖ്യാപനം. 172 വോട്ടാണ് രേഖപ്പെടുത്തിയത് കൃത്രിമത്തിലൂടെയാണെന്നാണ് പരാതി. ജില്ലയില്‍ 186 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 158 പേരാണ് വോട്ട് ചെയ്യാനെത്തിയതായി രജിസ്റ്റര്‍ ചെയ്തത്. 14 വോട്ട് അധികമായി ചെയ്തിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ജോമോന്റെ ആവശ്യം. എ വിഭാഗത്തിന്റെ കൈയിലുണ്ടായിരുന്ന ജില്ലയാണ് വിശാല ഐ പിടിച്ചെടുത്തത്. കള്ളവോട്ട് ചെയ്താണ് കഴിഞ്ഞവര്‍ഷം തോറ്റ പ്രദീപ് ഈ വര്‍ഷം ജയിച്ചതെന്നാണ് എ വിഭാഗക്കാരുടെ ആരോപണം.

    ReplyDelete