Friday, February 3, 2012

പാവങ്ങള്‍ക്ക് വൈദ്യുതി ഇനി കിട്ടാക്കനി

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന് നിര്‍ദേശിച്ച് കെഎസ്ഇബി ഉത്തരവിറക്കി. വികലാംഗര്‍ , അര്‍ബുദ രോഗികള്‍ , ജവാന്മാര്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചിരുന്ന മുന്‍ഗണന ഒഴിവാക്കി. ഇതോടെ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും വൈദ്യുതി കിട്ടാക്കനിയാകും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ വിസമ്മതിച്ച വൈദ്യുതി റഗുലേറ്ററി കമീഷന്‍ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ഏറെ പ്രത്യാഘാതണ്ടാക്കുന്ന ഈ തീരുമാനമെടുത്തത്. വൈദ്യുതി വിതരണം സാമൂഹ്യ ഉത്തരവാദിത്തമായി കണ്ടാണ് കമീഷന്‍ നിര്‍ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിയത്. ജനുവരി അഞ്ചിനുചേര്‍ന്ന ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗത്തിന്റേതാണ് തീരുമാനം. ബിഒ (എഫ്എം) (ജിഎന്‍എല്‍) 224/2012 (ഡിപിസി1/സി-ജിഐ/31/2003) എന്ന നമ്പറിലുള്ള ഉത്തരവ് ജനുവരി 28ന് പുറത്തിറങ്ങി.

സാമ്പത്തിക ശേഷിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇനിമുതല്‍ രണ്ടുതരം കണക്ഷന്‍ വേണ്ടെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ വൈദ്യുതി തൂണ്‍ വേണ്ടാത്ത കണക്ഷനുകള്‍ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ 125 രൂപയും മറ്റു കുടുംബങ്ങള്‍ 300 രൂപയും കെട്ടിവച്ചാല്‍ മതിയായിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് ഇവര്‍ 1850 രൂപ കെട്ടിവയ്ക്കണം. കെട്ടിവയ്ക്കുന്ന തുകയ്ക്ക് പുറമേ തൂണിന് പ്രത്യേകം വില നല്‍കണം. ഒരു തൂണിന് 8600, രണ്ടിന് 13,150, മൂന്നിന് 18,000, നാലിന് 23,050 രൂപ എന്നിങ്ങനെയാണ് വില. ഇതില്‍നിന്ന് ബിപിഎല്‍ , പട്ടിക വിഭാഗം കുടുംബങ്ങളെ ഒഴിവാക്കിയെങ്കിലും ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഇതിന് കടകവിരുദ്ധമാണ്. ബിപിഎല്‍ കുടുംബം 500 വാട്ടില്‍ താഴെയും പട്ടികവിഭാഗം കുടുംബം 1000 വാട്ട് വൈദ്യുതി മാത്രമേ ഉപയോഗിക്കാവൂ. മാത്രമല്ല വൈദ്യുതി തൂണ്‍ വേണ്ടാത്ത കണക്ഷനുമായിരിക്കണം. കിണറില്‍ ഒരു എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിക്കണമെങ്കില്‍ 746 വാട്ട് വൈദ്യുതി വേണമെന്നിരിക്കെ ഈ നിര്‍ദേശം ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടില്ല. ആദിവാസി വീടുകള്‍ റോഡരികില്‍ ആയിരിക്കില്ല എന്നതിനാല്‍ ഏര്‍പ്പെടുത്തിയ സൗജന്യം ഇവര്‍ക്ക് പ്രയോജനപ്പെടുത്താനാകില്ല. ആദിവാസി കോളനികളുടെ വൈദ്യുതീകരണത്തിന് പ്രത്യേകം പദ്ധതി വേണ്ടിവരും.

വികലാംഗര്‍ , അര്‍ബ്ബുദ രോഗികള്‍ , ജവാന്മാര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ നേരത്തെ അസി. എന്‍ജിനിയര്‍ക്ക് അധികാരമുണ്ടായിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് ഇവര്‍ ബോര്‍ഡിന് അപേക്ഷ നല്‍കണം. ബോര്‍ഡ് തീരുമാനമെടുത്താലേ കണക്ഷന്‍ നല്‍കൂ. അര്‍ബ്ബുദ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വളരെ വേഗത്തില്‍ കണക്ഷന്‍ ലഭിച്ചിരുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതായി. ബിപിഎല്‍ , പട്ടിക വിഭാഗത്തില്‍പ്പെട്ടവരില്‍നിന്ന് പുതിയ അപേക്ഷ വാങ്ങാമെന്ന് പറയുന്നെങ്കിലും കണക്ഷന്‍ കൊടുക്കരുതെന്നും നിര്‍ദേശമുണ്ട്. മിനിമം ഗ്യാരണ്ടി സമ്പ്രദായം നിര്‍ത്തിയതാണ് ഉത്തരവിലെ മറ്റൊരു ദോഷകരമായ ഭാഗം. ഇതിനുപകരം 18 ശതമാനം പലിശയ്ക്ക് ഗഡുക്കളായി അടക്കാവുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങിയ സംസ്ഥാനത്ത് ബോര്‍ഡിന്റെ തീരുമാനം വന്‍ പ്രത്യാഘാതമുണ്ടാക്കും.
(ഒ വി സുരേഷ്)

deshabhimani 030212

1 comment:

  1. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന് നിര്‍ദേശിച്ച് കെഎസ്ഇബി ഉത്തരവിറക്കി. വികലാംഗര്‍ , അര്‍ബുദ രോഗികള്‍ , ജവാന്മാര്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചിരുന്ന മുന്‍ഗണന ഒഴിവാക്കി. ഇതോടെ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും വൈദ്യുതി കിട്ടാക്കനിയാകും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ വിസമ്മതിച്ച വൈദ്യുതി റഗുലേറ്ററി കമീഷന്‍ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ഏറെ പ്രത്യാഘാതണ്ടാക്കുന്ന ഈ തീരുമാനമെടുത്തത്. വൈദ്യുതി വിതരണം സാമൂഹ്യ ഉത്തരവാദിത്തമായി കണ്ടാണ് കമീഷന്‍ നിര്‍ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിയത്. ജനുവരി അഞ്ചിനുചേര്‍ന്ന ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗത്തിന്റേതാണ് തീരുമാനം. ബിഒ (എഫ്എം) (ജിഎന്‍എല്‍) 224/2012 (ഡിപിസി1/സി-ജിഐ/31/2003) എന്ന നമ്പറിലുള്ള ഉത്തരവ് ജനുവരി 28ന് പുറത്തിറങ്ങി.

    ReplyDelete