ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കുന്ന പരാമര്‍ശങ്ങളാണ് സിപിഐ സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ നടത്തുന്നതെന്ന് സിപിഐ എം നേതാക്കള്‍ പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലേക്ക് കടന്ന സിപിഐ എം സമ്മേളന കൊടി, കൊടിമര ജാഥകള്‍ നയിക്കുന്ന കേന്ദ്ര കമ്മറ്റിയംഗങ്ങളായ ഇ പി ജയരാജനും എം എ ബേബിയുമാണ് ചന്ദ്രപ്പന്റെ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
കമ്യൂണിസ്റ്റ് ഐക്യം തകര്‍ക്കാനല്ല കൂടുതല്‍ ശക്തിപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐ എമ്മിന്റെ സമ്മേളനങ്ങളില്‍ ആയിരങ്ങള്‍ സ്വമനസ്സാലെ എത്തിച്ചേരുകയാണ്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് സമ്മേളനങ്ങളില്‍ ആളുകളെയെത്തിക്കുന്നതെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. സിപിഐയുടെ സമ്മേളനത്തിന് ആളുകള്‍ കുറയുമെന്ന ഭയംമൂലമാണോ ചന്ദ്രപ്പന്‍ ഇങ്ങനെ പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ഇ പി പറഞ്ഞു. പതാക ജാഥയ്ക്ക് തിരുവന്തപുരം ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ തട്ടത്തുമലയില്‍ ഉജ്ജ്വല സ്വീകരമാണ് ലഭിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. കരിമരുന്ന് പ്രയോഗവും, ബാന്റ് വാദ്യവും വിവിധ കലാപരിപാടികളുമൊരുക്കി.
സിപിഐയോട് സഹോദര തുല്യമായ സ്നേഹമാണ് സിപിഐ എമ്മിനുള്ളതെന്ന് കൊടിമര ജാഥ നയിക്കുന്ന കേന്ദ്രകമ്മറ്റിയംഗം എം എ ബേബി പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന് ആളെകൂട്ടാന്‍ സിപിഐ എം ഇവന്‍ മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ചന്ദ്രപ്പന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഏത് ഇവന്‍ മാനേജ്മെന്റ് ഗ്രൂപ്പിനെയാണ് സിപിഐ എം ഏല്‍പ്പിച്ചതെന്ന് ചന്ദ്രപ്പന്‍ വ്യക്തമാക്കണം. മികവുറ്റ സംഘാടകനും നേതാവുമായ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ ചന്ദ്രപ്പന്‍ ഇല്ലാവചനങ്ങള്‍ നടത്തുകയാണ്. പിണറായി വിജയനെതിരെ ചൂഷകവര്‍ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ കള്ളക്കേസുണ്ടാക്കുമ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.
സിപിഐ എം സംസ്ഥാന സമ്മേളന നഗറിലേക്ക് വയലാറില്‍ നിന്ന് ബേബിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട കൊടിമര ജാഥ 12.15ന് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കടമ്പാട്ട് കോണത്തെത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , വി ശിവന്‍കുട്ടി എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. ബാന്റ് മേളം, കരിമരുന്ന് പ്രയോഗം, റെഡ് വളണ്ടിയര്‍ മാര്‍ച്ച്, വിവിധ കലാരൂപങ്ങള്‍ എന്നിവയൊരുക്കി ആവേശോജ്വലമായ സ്വീകരണമാണ് ജാഥയ്ക്ക് നല്‍കിയത്.
ചന്ദ്രപ്പന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ: എം വിജയകുമാര്‍
കുഴപ്പത്തിലായ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കുറിച്ച് ഒന്നും പറയാതെ സിപിഐ എമ്മിനെതിരെ അപവാദ പ്രചരണം നടത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ നിലകൊള്ളുന്നതെന്ന് സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ ആരാഞ്ഞു. സമ്മേളന വിവരങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.
സിപിഎമ്മിനെതിരായ പരാമര്‍ശങ്ങള്‍ ഖേദകരമാണ്. പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ചന്ദ്രപ്പന്‍ അപമാനിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ജനപ്രവാഹമാണ് സിപിഐ എം സമ്മേളനങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ സമ്മേളന വിജയങ്ങളുടെ അസൂയയില്‍ നിന്നാണ് ചന്ദ്രപ്പന്‍ വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത്. പതാകദിനത്തില്‍ മൂന്ന് ലക്ഷത്തിലേറെ വീടുകളിലാണ് സിപിഐഎമ്മിന്റെ പതാകയുയര്‍ന്നത്. സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ഏത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെയാണ് ഏല്‍പ്പിച്ചെന്ന് വ്യക്തമാക്കണം.
deshabhimani news
സിപിഎമ്മിനെതിരായ പരാമര്‍ശങ്ങള്‍ ഖേദകരമാണ്. പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ചന്ദ്രപ്പന്‍ അപമാനിച്ചിരിക്കുന്നത്.
ReplyDelete