Thursday, February 2, 2012

ഓര്‍ഡിനന്‍സ് രാജ്

ജനാധിപത്യരാജിനെ ഓര്‍ഡിനന്‍സ് രാജ് കൊണ്ട് പകരംവയ്ക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ . രണ്ടുമാസങ്ങള്‍ക്കുള്ളില്‍ പത്തൊമ്പത് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ചിലത് പുതിയവ; മറ്റുചിലത് നിലവിലുള്ള നിയമങ്ങള്‍ ഭേദഗതിപ്പെടുത്താനുദ്ദേശിച്ചുള്ളവ; ഇനിയും ചിലത് കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനുള്ളവ. ഇത്രയേറെ ഓര്‍ഡിനന്‍സുകള്‍ ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലിറങ്ങിയത് കേരളചരിത്രത്തില്‍ അത്യപൂര്‍വമായിരിക്കും. ജനാധിപത്യഭരണം ഓര്‍ഡിനന്‍സുകളെ പ്രോല്‍സാഹിപ്പിക്കാറില്ല. കാരണം അത് കുറുക്കുവഴിക്കുണ്ടാക്കുന്ന നിയമമാണെന്നതുകൊണ്ടുതന്നെ. ജനാധിപത്യപ്രക്രിയയില്‍ വിശ്വാസമുള്ളവര്‍ ഓര്‍ഡിനന്‍സുകള്‍ കഴിയുന്നത്ര ഒഴിവാക്കാനേ ശ്രമിക്കൂ. എന്നാലിവിടെ നിയമനിര്‍മാണത്തെ ഓര്‍ഡിനന്‍സ് ഇറക്കല്‍കൊണ്ട് പകരംവയ്ക്കാനാണ് യുഡിഎഫ് ഭരണത്തിന് വ്യഗ്രത. നിയമസഭയെ അഭിമുഖീകരിക്കാതെയും സഭാതലത്തിലുള്ള പരിശോധന കൂടാതെയും നിയമമുണ്ടാക്കാനുള്ള വിദ്യയായി ഓര്‍ഡിനന്‍സ് രാജിനെ കണ്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ.

അസാധാരണവും അത്യപൂര്‍വവുമായ സാഹചര്യങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലയ്ക്ക് വിഭാവനം ചെയ്യപ്പെട്ട സംവിധാനമാണ് ഓര്‍ഡിനന്‍സ്. എന്നാല്‍ , തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓര്‍ഡിനന്‍സിറക്കി നിയമനിര്‍മാണപ്രക്രിയയെയും നിയമസഭയുടെ നിയമനിര്‍മാണാധികാരത്തെയും അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ ചെയ്യുന്നത്. പത്തൊമ്പത് ഓര്‍ഡിനന്‍സുകളില്‍ അഞ്ചെണ്ണം കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലെ സ്വയംഭരണാധികാരാധിഷ്ഠിത ജനാധിപത്യസംവിധാനത്തെ തകര്‍ക്കാനുള്ളവയാണ്. കേരള, എം,ജി, കണ്ണൂര്‍ , കൊച്ചി, ശ്രീശങ്കര എന്നീ സര്‍വകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കറ്റിനെ അട്ടിമറിക്കാന്‍ അഞ്ച് ഓര്‍ഡിനന്‍സുകള്‍ .
എന്ത് അടിയന്തര സാഹചര്യമായിരുന്നു ഈ ഓര്‍ഡിനന്‍സുകളിറക്കാനുണ്ടായിരുന്നത്? സ്വയംഭരണ ജനാധിപത്യസംവിധാനത്തെ നിയമസഭയറിയാതെ തകര്‍ക്കുക എന്ന ഗൂഢ ഉദ്ദേശ്യമാണ് ഇവിടെ സര്‍ക്കാരിനെ നയിച്ചത്. ജനാധിപത്യവിരുദ്ധമായ ഉള്ളടക്കത്തോടുകൂടിയ ബില്ലുമായി നിയമസഭയിലേക്കു ചെന്നാല്‍ സഭയില്‍ ശക്തമായ പ്രതിഷേധമുയരും; ചര്‍ച്ച വരും. ആ ചര്‍ച്ചയ്ക്കിടയില്‍ സര്‍ക്കാരിന്റെ ദുരുദ്ദേശ്യം തുറന്നുകാട്ടപ്പെടും. അതുകൊണ്ടുതന്നെ സഭ കൂടാന്‍ കാത്തുനില്‍ക്കാതെ ധൃതിപിടിച്ച് ഓര്‍ഡിനന്‍സിറക്കി കൃത്യമായ നിയമമുണ്ടാക്കി. പത്തൊമ്പത് ഓര്‍ഡിനന്‍സുകളില്‍ ചിലത് കഴിഞ്ഞ നിയമസഭാസമ്മേളനം സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലിറങ്ങിയവയാണ്. സഭ സമ്മേളിച്ചിരിക്കെ നിയമനിര്‍മാണത്തിലേക്ക് കടക്കാതെ, സഭ കഴിയാന്‍ കാത്തിരുന്ന് അടുത്തദിവസം ഓര്‍ഡിനന്‍സിറക്കുക. നിയമസഭയെ അധിക്ഷേപിക്കലാണിത്; സഭയുടെ ജനാധിപത്യപരമായ ഭരണഘടനാവകാശം ധ്വംസിക്കലാണിത്.

പ്രതിപക്ഷനേതാവിനെയും ചീഫ്വിപ്പിനെയും അയോഗ്യതാനിയമത്തിന്റെ പരിധിയില്‍നിന്ന് മാറ്റിയെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇക്കൂട്ടത്തിലുണ്ട്. തനിക്കുവേണ്ടി നിയമനിര്‍മാണമൊന്നും നടത്തേണ്ടതില്ല എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. അപ്പോള്‍ ചീഫ്വിപ്പായ പി സി ജോര്‍ജിനെ രക്ഷിക്കാനായിരുന്നു ഈ ഓര്‍ഡിനന്‍സ് എന്നു വ്യക്തം. കേരള മുനിസിപ്പല്‍ ഭേദഗതി ഓര്‍ഡിനന്‍സ്, ചുമട്ടുതൊഴിലാളി ഓര്‍ഡിനന്‍സ്, പഞ്ചായത്തിരാജ് ഓര്‍ഡിനന്‍സ്, സഹകരണ സൊസൈറ്റി ഓര്‍ഡിനന്‍സ്, തദ്ദേശ സ്വയംഭരണ സമിതികളിലെ കൂറുമാറ്റ നിരോധന ഓര്‍ഡിനന്‍സ് തുടങ്ങിയവയൊക്കെയുണ്ട് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ലിസ്റ്റില്‍ . 1923ലെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ (നഷ്ടപരിഹാരം) നിയമത്തിന്റെ ആനുകൂല്യം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് ബാധകമല്ലാതാക്കുന്നതാണ് ഒരു ഓര്‍ഡിനന്‍സ്. ടോള്‍പിരിവിന്റെ പരിധി നൂറു ലക്ഷമെന്നതില്‍നിന്ന് അഞ്ഞൂറു ലക്ഷമാക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഓര്‍ഡിനന്‍സ്. ഒരിക്കലും നിയമസഭയിലേക്ക് ബില്ലുമായി ചെല്ലാതെ ഓര്‍ഡിനന്‍സുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പുതുക്കിയിറക്കുന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ കൈക്കൊള്ളുന്നത്.

ഓര്‍ഡിനന്‍സ് രാജിനോട് വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട്, തന്റെ ഒപ്പിനായി മന്ത്രിസഭ പാസാക്കി അയച്ച ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഒപ്പിടാതെ തിരിച്ചയച്ചുവെന്ന വാര്‍ത്തയുണ്ട്. കെപിസിസി പ്രസിഡന്റ് സമ്മര്‍ദം ചെലുത്തിനോക്കിയിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ലത്രെ. ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇടപെട്ടപ്പോഴാണത്രെ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായത്. നിയമനിര്‍മാണപ്രക്രിയയില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതിന്റെ ഒന്നാംനമ്പര്‍ ദൃഷ്ടാന്തമാണിത്. ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയ ഓര്‍ഡിനന്‍സുകളില്‍ കേരള, കൊച്ചി, കണ്ണൂര്‍ തുടങ്ങിയ സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റുകള്‍ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ളവയും ഉള്‍പ്പെടുന്നു. ഇവ ഗവര്‍ണര്‍ മടക്കിയത് സര്‍വകലാശാലയുടെ ജനാധിപത്യ സ്വയംഭരണാധികാരം തകര്‍ക്കാനുള്ള നീക്കമാണ് ഓര്‍ഡിനന്‍സിനു പിന്നിലുള്ളത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞതുകൊണ്ടാവണം. അത്തരം ഓര്‍ഡിനന്‍സുകള്‍ വീണ്ടും മന്ത്രിസഭ പാസാക്കി ഗവര്‍ണര്‍ക്കയച്ചു. സമ്മര്‍ദഫലമായി ഗവര്‍ണര്‍ അവയില്‍ ഒപ്പിടുകയും ചെയ്തുവത്രെ. സംസ്ഥാന മന്ത്രിമാര്‍ കര്‍ണാടക രാജ്ഭവനില്‍ ചെന്ന് വിശദീകരിച്ചിട്ടും ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ടും ഹൈക്കമാന്‍ഡിനെക്കൊണ്ടും സമ്മര്‍ദംചെലുത്തി ഒപ്പിടുവിക്കുകയായിരുന്നുവെന്നത് ജനാധിപത്യത്തില്‍ അങ്ങേയറ്റത്തെ അനൗചിത്യമായിപ്പോയി എന്നുപറയാതിരിക്കാനാവില്ല.

കര്‍ണാടകത്തില്‍ ഗവര്‍ണറായിരിക്കുന്ന എച്ച് ആര്‍ ദരദ്വാജ് അവിടെ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് എടുക്കാറുള്ളത്. അത് നല്ലതുമാണ്. എന്നാല്‍ , കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി കേരളത്തിന്റെ അധികച്ചുമതലയുള്ള അദ്ദേഹത്തിനുമുമ്പില്‍ ചെന്നപ്പോള്‍ , സമ്മര്‍ദഫലമായാണെങ്കിലും കീഴടങ്ങി എന്നത് ഗവര്‍ണര്‍പദവിയുടെ രാഷ്ട്രീയഛായയെക്കൂടി ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. ഗവര്‍ണര്‍സ്ഥാനം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ ഭരദ്വാജിനെക്കൊണ്ട് കേരള സര്‍ക്കാര്‍ ഒമ്പത് ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുവിപ്പിച്ചു. പിന്നീട് കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ ബില്ലവതരിപ്പിച്ച് പാസാക്കിയെടുക്കുന്ന നിയമംകൊണ്ട് പകരം വയ്ക്കാതെ വീണ്ടും വീണ്ടും പുതുക്കിയെടുക്കലായി. പുതുക്കിയിറക്കാനുദ്ദേശിച്ച ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് ഗവര്‍ണര്‍ ആദ്യം കൈക്കൊണ്ടതെന്നാണറിയുന്നത്. ഏതായാലും രാഷ്ട്രീയ സമ്മര്‍ദത്തില്‍ ആ കാര്‍ക്കശ്യം ഇല്ലാതായത്രേ. നിയമസഭ സമ്മേളിക്കാന്‍ കാത്തിരിക്കാതെ ഓര്‍ഡിനന്‍സ് പാസാക്കി ഒപ്പിനായി മന്ത്രിമാര്‍ നേരിട്ട് കര്‍ണാടകരാജ്ഭവനുമുമ്പില്‍ചെന്ന് വിധേയരായി നില്‍ക്കുന്ന ഏര്‍പ്പാട് യുഡിഎഫ് ഭരണത്തിന് അപമാനകരമാണ്.

ഓര്‍ഡിനന്‍സ് രഅജ് അവസാനിപ്പിക്കാനും നിയമനിര്‍മാണം ആവശ്യമുള്ള ഘട്ടങ്ങളില്‍ ബില്ലുമായി നിയമസഭയില്‍ പോകാനും മന്ത്രിമാര്‍ തയ്യാറാവേണ്ടതുണ്ട്. അത്തരമൊരു രാഷ്ട്രീയ മനോഭാവമാറ്റമാണ് ജനാധിപത്യവ്യവസ്ഥിതി ആവശ്യപ്പെടുന്നത്. തല്‍ക്കാല സൗകര്യങ്ങളും വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള താല്‍പ്പര്യവും നോക്കി സഭാതലത്തിലെ നിയമനിര്‍മാണത്തെ ഓര്‍ഡിനന്‍സുകള്‍കൊണ്ട് പകരംവയ്ക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല.

deshabhimani editorial 020212

1 comment:

  1. ജനാധിപത്യരാജിനെ ഓര്‍ഡിനന്‍സ് രാജ് കൊണ്ട് പകരംവയ്ക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ . രണ്ടുമാസങ്ങള്‍ക്കുള്ളില്‍ പത്തൊമ്പത് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ചിലത് പുതിയവ; മറ്റുചിലത് നിലവിലുള്ള നിയമങ്ങള്‍ ഭേദഗതിപ്പെടുത്താനുദ്ദേശിച്ചുള്ളവ; ഇനിയും ചിലത് കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനുള്ളവ. ഇത്രയേറെ ഓര്‍ഡിനന്‍സുകള്‍ ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലിറങ്ങിയത് കേരളചരിത്രത്തില്‍ അത്യപൂര്‍വമായിരിക്കും. ജനാധിപത്യഭരണം ഓര്‍ഡിനന്‍സുകളെ പ്രോല്‍സാഹിപ്പിക്കാറില്ല. കാരണം അത് കുറുക്കുവഴിക്കുണ്ടാക്കുന്ന നിയമമാണെന്നതുകൊണ്ടുതന്നെ. ജനാധിപത്യപ്രക്രിയയില്‍ വിശ്വാസമുള്ളവര്‍ ഓര്‍ഡിനന്‍സുകള്‍ കഴിയുന്നത്ര ഒഴിവാക്കാനേ ശ്രമിക്കൂ. എന്നാലിവിടെ നിയമനിര്‍മാണത്തെ ഓര്‍ഡിനന്‍സ് ഇറക്കല്‍കൊണ്ട് പകരംവയ്ക്കാനാണ് യുഡിഎഫ് ഭരണത്തിന് വ്യഗ്രത. നിയമസഭയെ അഭിമുഖീകരിക്കാതെയും സഭാതലത്തിലുള്ള പരിശോധന കൂടാതെയും നിയമമുണ്ടാക്കാനുള്ള വിദ്യയായി ഓര്‍ഡിനന്‍സ് രാജിനെ കണ്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ.

    ReplyDelete