Thursday, February 2, 2012

പൊലീസിലെ രാഷ്ട്രീയവല്‍ക്കരണം

പൊലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇതിനായി പൊലീസ് അസോസിയേഷനെ തന്നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലും പൊലീസിനെ കരുവാക്കുന്നു. കണ്ണൂരിലെ ഫ്ളക്സ്ബോര്‍ഡ് വിവാദം യാദൃശ്ചികമായുണ്ടായതാണെന്ന് കരുതാന്‍ കഴിയില്ല. കഴിഞ്ഞ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് നയത്തിനെതിരെ കെ സുധാകരന്‍ പൊട്ടിത്തെറിച്ചത്രേ. മറ്റു ജില്ലകളിലുള്ള സാഹചര്യം തന്റെ ജില്ലയിലെ പൊലീസ് പ്രവര്‍ത്തനത്തില്‍ ഇല്ലെന്നായിരുന്നു സുധാകരന്റെ പരിദേവനം. ഭരണകക്ഷിയുടെ ശിങ്കിടികളായി പ്രവര്‍ത്തിക്കാത്ത മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും അപ്രധാന തസ്തികകളിലേക്ക് മാറ്റി, അറിയപ്പെടുന്ന കോണ്‍ഗ്രസ് വിധേയരെ മാത്രം സുപ്രധാന തസ്തികകളില്‍ നിയമിച്ച ഉമ്മന്‍ചാണ്ടി കണ്ണൂരിനെ അവഗണിച്ചു എന്നാണ് സുധാകരന്‍ പറയുന്നത്. കേരളത്തിലെ 13 ജില്ലകളിലും കണ്‍ഫേര്‍ഡ് ഐപിഎസുകാരെ ജില്ലാ പൊലീസ് മേധാവികളായി നിയമിച്ചപ്പോള്‍ കണ്ണൂരില്‍ തന്റെ ആജ്ഞാനുവര്‍ത്തിയെ നിയമിക്കാത്തതിലുള്ള അമര്‍ഷം സുധാകരനില്‍ നിലനില്‍ക്കുമ്പോഴാണ് കണ്ണൂര്‍ സബ് ഡിവിഷനിലും ഉത്തരേന്ത്യാക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥനെ എഎസ്പിയായി നിയമിച്ചത്. ഇതിനിടെയാണ് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ റിപ്പബ്ലിക്ക്ദിന പരേഡ് ഗ്രൗണ്ടില്‍ കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ചട്ടവിരുദ്ധമായി വച്ച ഫ്ളക്സ്ബോര്‍ഡ് കണ്ണൂര്‍ എസ്പി എടുത്തുമാറ്റുന്നത്.

സുധാകരന്‍ എംപി ഫണ്ടില്‍നിന്നും തുക അനുവദിക്കാമെന്ന് പറഞ്ഞപ്പോള്‍തന്നെ രാഷ്ട്രീയതിമിരം ബാധിച്ച അസോസിയേഷന്‍ ഭാരവാഹികള്‍ ഫ്ളക്സ്ബോര്‍ഡ് വയ്ക്കുകയായിരുന്നു. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ പൊലീസ് സ്റ്റേഷനുകളിലും പൊതുനിരത്തിലും രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊലീസ് അസോസിയേഷന്‍ കൂറ്റന്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിലെ പൂമുഖത്ത് തന്നെ മന്ത്രിമാരുടെയും അസോസിയേഷന്‍ നേതാക്കളുടെയും ചിത്രം ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ നിരത്തി ഒട്ടിച്ചിരിക്കുന്നു. ബൂത്ത് തലം തുടങ്ങി മുകളിലേക്ക് "നോമിനേറ്റഡ് ഡെമോക്രസി"യിലൂടെ നേതാക്കളായി വരുന്നവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് അവര്‍ തന്നെ സ്വന്തം ചെലവില്‍ പാതയോരങ്ങളില്‍ ഫ്ളക്സ് ബോര്‍ഡ് വയ്ക്കുന്ന സംസ്കാരമാണ് കോണ്‍ഗ്രസിനുള്ളത്. ഈ സംസ്കാരം പൊലീസ്സേനയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ 135 മീറ്റര്‍ മാത്രം നീളമുള്ള റോഡ് റീടാറിങ് നടത്തിയതിന് മന്ത്രി ഇബ്രാഹിം കുഞ്ഞിനും എആര്‍ ക്യാമ്പില്‍ വന്ന് ഭക്ഷണം കഴിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുംവരെ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1979 മുതല്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് അസോസിയേഷന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന സംസ്കാരമാണ് കഴിഞ്ഞ എട്ടുമാസം കൊണ്ടുണ്ടായിരിക്കുന്നത്. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെയും ഗ്രൂപ്പ്വല്‍ക്കരിക്കുന്നതിന്റെയും ഭാഗമാണിത്.

സുധാകരന്റെ പ്രതിഷേധത്തിന്, ഇതിനുമുമ്പ് ചട്ടവിരുദ്ധമായി തന്റെ ഫോട്ടോ വച്ച് ബോര്‍ഡ് സ്ഥാപിച്ചവരെ സസ്പെന്‍ഡുചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് വസ്തുതയല്ല. കഴിഞ്ഞ ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ചങ്ങനാശേരി പൊലീസ്സ്റ്റേഷനില്‍ ഒരു പൊലീസുകാരന്‍ ഫ്ളക്സ്ബോര്‍ഡ് വച്ചു. ഇത് എടുത്തുമാറ്റിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡുചെയ്യുകയും സംഭവം വിവാദമായപ്പോള്‍ മുഖം രക്ഷിക്കാനായി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ആ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യുകയുമാണുണ്ടായത്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് വശംവദരായ പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ പരസ്യമായ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്ത പൊലീസ് സൂപ്രണ്ടിനെ വെല്ലുവിളിച്ചുകൊണ്ട് അസോസിയേഷന്‍ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസുകാരെ ചുറ്റും നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ച് ഫ്ളക്സ് ബോര്‍ഡ് പുനഃസ്ഥാപിച്ചു. ഇത് വിവാദമായപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന അടിസ്ഥാനരഹിതമായ വാദമാണ് ഉയര്‍ത്തുന്നത്. 2010ല്‍ പ്രിസണേഴ്സ് എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ റൈഫിള്‍ ഒഴിവാക്കി പിസ്റ്റള്‍ അനുവദിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നന്ദാവനം ക്യാമ്പില്‍ നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ പതിച്ച ഫ്ളക്സ്ബോര്‍ഡ് ആ വേദിയ്ക്കുസമീപം വച്ചിരുന്നു. അത് മാറ്റിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. ഡിജിപി ജേക്കബ് പുന്നൂസും ഐജി ഹേമചന്ദ്രനും അതിന് സാക്ഷിയായിരുന്നു.

ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ജനാധിപത്യപരമായും സാമൂഹ്യപ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കേണ്ടതാണ് പൊലീസ് അസോസിയേഷന്‍ . എന്നാല്‍ , ഇപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കങ്കാണികളായാണ് അത് പ്രവര്‍ത്തിക്കുന്നത്. അസോസിയേഷന്റെ രൂപീകരണ കാലത്തുതന്നെ അതിനെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചിട്ടുണ്ട്. 1991ല്‍ അന്യായമായ സ്ഥലംമാറ്റം നടത്തി സ്വന്തം ആജ്ഞാനുവര്‍ത്തികളുടെ കരങ്ങളിലേക്ക് സംഘടനയെ ഏല്‍പ്പിച്ചശേഷം ഇനി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വേണ്ട എന്ന് ഉത്തരവിറക്കി. തുടര്‍ന്ന് അഞ്ചുവര്‍ഷം തെരഞ്ഞെടുപ്പ് നടത്തിയില്ല. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. 2011ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന ഉടനെ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി അന്യായമായ സ്ഥലംമാറ്റം നടത്തി പൊലീസ് അസോസിയേഷന്‍ നേതൃത്വം കോണ്‍ഗ്രസിന്റെ പാര്‍ശ്വവര്‍ത്തികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. 2006ല്‍ എംഎല്‍എ ആയിരുന്ന വി എന്‍ വാസവനെതിരെ പരസ്യമായി തെരുവില്‍ ഫ്ളക്സ്ബോര്‍ഡ് വച്ചതിന്റെ പേരിലും, നോട്ടീസ് അടിച്ച് വിതരണംചെയ്തതിന്റെ പേരിലും അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ് പൊലീസ് അസോസിയേഷന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ്. 2001-2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരസ്യമായ അച്ചടക്കലംഘനങ്ങളുടെ പേരില്‍ നാല് തവണ സസ്പെന്‍ഷന്‍ നടപടികള്‍ക്കും ഒരുതവണ സര്‍വീസില്‍നിന്നും പിരിച്ചുവിടലിനും വിധേയനായ ആളാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി. ഇത്തരക്കാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അസോസിയേഷന്‍ നിരോധിക്കാനുള്ള സാഹചര്യം അവര്‍ തന്നെ ഉണ്ടാക്കിത്തരും എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ട്.

2009-2010 കാലയളവിലെ നിയമസഭാ സമ്മേളനങ്ങളില്‍ പൊലീസ് അസോസിയേഷനെ നിരോധിക്കാമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനോട് രേഖാമൂലം ചോദിച്ച രണ്ടു എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയാണ് ഉമ്മന്‍ചാണ്ടിയുടേത്. അധികാരം കൈയിലുള്ളപ്പോള്‍ ആരോടും ചോദിക്കാതെ സംഘടനയെ ഇല്ലാതാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അവര്‍ . അതുകൊണ്ടുതന്നെ അപക്വമായ കരങ്ങളിലേക്ക് സംഘടന എത്തിയതിന്റെ നിരാശയിലാണ് പൊലീസിലെ ഭൂരിപക്ഷം പേരും.
അച്ചടക്കലംഘനത്തിന്റെ പേരില്‍ കണ്ണൂരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആറ് പൊലീസുകാരെയും മാപ്പെഴുതി സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ഇടപെടുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങളുടെ പിണിയാളുകളായി അസോസിയേഷന്‍ ഭാരവാഹികള്‍ മാറിയിരിക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായോ പൊലീസുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചതിനോ അല്ല ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനം നടത്തി എസ്പിയെ വെല്ലുവിളിച്ച് പരസ്യ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മുതിര്‍ന്നതിനായിരുന്നു നടപടി. ഈ നടപടി പിന്‍വലിക്കുകയാണെങ്കില്‍ അത് പൊലീസില്‍ സൃഷ്ടിക്കുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. കാരണം ഇതിനെക്കാള്‍ ചെറിയ തെറ്റുകള്‍ക്ക് സസ്പെന്‍ഷനിലുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥന്മാരുണ്ട്. ഇവരെ തിരിച്ചെടുക്കുന്നത് സേനയുടെ അച്ചടക്കത്തെ ഗുരുതരമായി ബാധിക്കും.

പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നിരവധി ശ്രമങ്ങളില്‍ ഒന്നുമാത്രമാണിത്. എറണാകുളത്തെ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വല്ലാര്‍പ്പാടത്ത് വയല്‍ നികത്തുന്ന ഭൂമാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി അവരില്‍നിന്ന് കൈക്കൂലി വാങ്ങി വഴിവിട്ട് കാര്യങ്ങള്‍ ചെയ്തുകൊടുത്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ , ഇവരില്‍ ഒരു ഉദ്യോഗസ്ഥന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നല്‍കിയാണ് മുഖ്യമന്ത്രി രാഷ്ട്രീയനിറം വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിക്കും ഗ്രൂപ്പുക്കളിക്കും നിന്നുകൊടുക്കാത്ത ഉദ്യോഗസ്ഥരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റുകയാണ്. വനിതാ പൊലീസുകാരെപ്പോലും വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുന്നു. എല്ലാ കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായുള്ള സ്ഥലംമാറ്റങ്ങള്‍ക്കും ഗ്രൂപ്പ് രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കും ഇടയില്‍ പൊലീസിന്റെ കാര്യക്ഷമതയും നിലവാരവും നീതിബോധവും അനുദിനം താഴേക്ക് പോകുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ക്രമസമാധാനപാലനത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമതായിരുന്ന കേരളം യുഡിഎഫ് ഭരണമേറ്റെടുത്തതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന്റെ ദൃഷ്ടാന്തമാണ്.

ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തന്റെ പേരിലും അന്യായമായ കേസുകളെടുത്തിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായ അജയ് തറയില്‍ കഴിഞ്ഞ ദിവസം പരിഭവിക്കുകയുണ്ടായി. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും! എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നിരവധി പരിഷ്കരണ നടപടികള്‍ തകിടം മറിച്ചും പൊലീസുകാരെ അമിതജോലിഭാരത്തിലേക്ക് തള്ളിവിട്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരകളാക്കിയും പൊലീസിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും ഗ്രൂപ്പുവല്‍ക്കരണത്തിന്റെയും അജന്‍ഡ ഉമ്മന്‍ചാണ്ടിയും കൂട്ടരും വിജയകരമായി നടപ്പാക്കുകയാണ്.

സത്യശീലന്‍ deshabhimani 02012

1 comment:

  1. സുധാകരന്റെ പ്രതിഷേധത്തിന്, ഇതിനുമുമ്പ് ചട്ടവിരുദ്ധമായി തന്റെ ഫോട്ടോ വച്ച് ബോര്‍ഡ് സ്ഥാപിച്ചവരെ സസ്പെന്‍ഡുചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് വസ്തുതയല്ല. കഴിഞ്ഞ ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ചങ്ങനാശേരി പൊലീസ്സ്റ്റേഷനില്‍ ഒരു പൊലീസുകാരന്‍ ഫ്ളക്സ്ബോര്‍ഡ് വച്ചു. ഇത് എടുത്തുമാറ്റിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡുചെയ്യുകയും സംഭവം വിവാദമായപ്പോള്‍ മുഖം രക്ഷിക്കാനായി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ആ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യുകയുമാണുണ്ടായത്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് വശംവദരായ പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ പരസ്യമായ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്ത പൊലീസ് സൂപ്രണ്ടിനെ വെല്ലുവിളിച്ചുകൊണ്ട് അസോസിയേഷന്‍ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസുകാരെ ചുറ്റും നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ച് ഫ്ളക്സ് ബോര്‍ഡ് പുനഃസ്ഥാപിച്ചു. ഇത് വിവാദമായപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന അടിസ്ഥാനരഹിതമായ വാദമാണ് ഉയര്‍ത്തുന്നത്. 2010ല്‍ പ്രിസണേഴ്സ് എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ റൈഫിള്‍ ഒഴിവാക്കി പിസ്റ്റള്‍ അനുവദിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നന്ദാവനം ക്യാമ്പില്‍ നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ പതിച്ച ഫ്ളക്സ്ബോര്‍ഡ് ആ വേദിയ്ക്കുസമീപം വച്ചിരുന്നു. അത് മാറ്റിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. ഡിജിപി ജേക്കബ് പുന്നൂസും ഐജി ഹേമചന്ദ്രനും അതിന് സാക്ഷിയായിരുന്നു.

    ReplyDelete