Friday, February 3, 2012

നടന്നത് തോന്ന്യാസം: സുപ്രീംകോടതി

2ജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനും ടെലികോംവകുപ്പിനും ട്രായ്ക്കും നിശിതമായ വിമര്‍ശം. സ്പെക്ട്രം ഇടപാട് ക്രമവിരുദ്ധമാണെന്ന് വിചാരണ കോടതിയുടെ വിധി വരുംമുമ്പുതന്നെ സുപ്രീംകോടതി വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെങ്കില്‍ വിപുലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഇടപെടേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് ജസ്റ്റിസ് ജി എസ് സിങ്വി വിധിന്യായത്തില്‍ പ്രസ്താവിച്ചു. ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചവരും ഭരണഘടനാപരമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരും അതിനു വിരുദ്ധമായി നീങ്ങുന്ന സാഹചര്യം പൊതുബോധമുള്ള പൗരന്മാര്‍ തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനുള്ള ഇടപെടല്‍ നടത്തേണ്ടത് കോടതികളുടെ ഉത്തരവാദിത്തമാണ്- ജ. സിങ്വി പറഞ്ഞു. സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന സിഎജി വിനോദ് റായിയെയും മറ്റും പരോക്ഷമായി പ്രശംസിക്കാനും ജസ്റ്റിസ് സിങ്വി മറന്നില്ല.

സൈന്യം വിട്ടുനല്‍കിയ ദുര്‍ലഭമായ പ്രകൃതിവിഭവമായ സ്പെക്ട്രം ചിലര്‍ പണാധികാരമുപയോഗിച്ച് കൈയടക്കിയത് ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന നീതിബോധമുള്ള ചില പൗരന്മാരുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പുറത്തുവരില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ധനനയങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല. എന്നാല്‍ , സര്‍ക്കാര്‍നയം പൊതുതാല്‍പ്പര്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാകുമ്പോള്‍ വിശാലമായ ജുഡീഷ്യല്‍ ഇടപെടല്‍ നടത്തേണ്ടത് കോടതികളുടെ കടമയായി മാറും. പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥര്‍ ജനങ്ങളാണ്. ജനങ്ങള്‍ക്കുവേണ്ടി ഭരണകൂടം അത് കൈകാര്യം ചെയ്യുന്നുവെന്നുമാത്രം. പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുമ്പോള്‍ ഭരണഘടനാ തത്വങ്ങള്‍ പാലിക്കണം. 2001 നിരക്കില്‍ സ്പെക്ട്രം അനുവദിച്ചത് തുല്യാവസരത്തിന്റെ പേരിലാണെന്ന് ട്രായ് ന്യായീകരിക്കുന്നു. എന്നാല്‍ , സ്പെക്ട്രം ഏറെ ദുര്‍ലഭമായ വിഭവമാണെന്നും ട്രായ്തന്നെ പറയുന്നു. സ്പെക്ട്രത്തിന്റെ വിതരണം ഏറെ സൂക്ഷ്മതയോടെ വേണമെന്ന് 1999ലെ ടെലികോംനയത്തില്‍ പറയുന്നുണ്ട്. എന്നാല്‍ , 2008ല്‍ സ്പെക്ട്രം വിതരണം തോന്നിയപോലെയായിരുന്നു. സ്പെക്ട്രം ലഭിച്ചവര്‍ക്ക് വന്‍ ലാഭം ലഭിച്ചുവെന്നത് ഓഹരികള്‍ മറിച്ചുവിറ്റ് ചില കമ്പനികള്‍ വന്‍ലാഭം നേടിയെന്നതില്‍നിന്ന് വ്യക്തമാണ്.

സ്പെക്ട്രം വിതരണത്തിന്റെ കാര്യത്തില്‍ ട്രായ് നിര്‍ദേശങ്ങള്‍ പലതും ദുര്‍ബലമായിരുന്നു. ടെലികോംവകുപ്പാകട്ടെ തിരുത്തലുകള്‍ക്കു പകരം കൂടുതല്‍ വഴിവിട്ട രീതിയില്‍ നീങ്ങി. ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന നയം പിന്തുടരുമ്പോള്‍ അധികാരത്തോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് വിവരങ്ങള്‍ നേരത്തെ ചോര്‍ന്നുകിട്ടും. 2007 സെപ്തംബര്‍ മുതല്‍ 2008 മാര്‍ച്ചുവരെ തോന്നിയപോലെയാണ് കാര്യങ്ങള്‍ നീങ്ങിയത്. ടെലികോംമന്ത്രി ചില സ്ഥാപനങ്ങളോട് പക്ഷപാതം കാട്ടിയെന്നത് ലഭ്യമായ രേഖകളില്‍നിന്ന് വ്യക്തമാണ്. ട്രായ് നിര്‍ദേശം വരുന്നതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ പിടിച്ചുവയ്ക്കണമെന്ന നിര്‍ദേശം, ട്രായ് നിര്‍ദേശങ്ങള്‍ ടെലികോം കമീഷന്‍ മുമ്പാകെ വയ്ക്കാതിരുന്നത്, ധനമന്ത്രാലയവുമായി കൂടിയാലോചന നടത്താതിരുന്നത്, മന്ത്രി സമിതിയുടെ പരിഗണനയ്ക്ക് വിടാമെന്ന നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ തള്ളിയത്, അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി പെട്ടെന്ന് മാറ്റിയത് തുടങ്ങിയ നടപടികള്‍ പരിശോധിച്ചാല്‍ത്തന്നെ ഒത്തുകളി വ്യക്തമാകും. 2004 മുതല്‍ അപേക്ഷ നല്‍കിയവര്‍ പിന്തള്ളപ്പെടാനും 2007 അവസാനം അപേക്ഷ നല്‍കിയവര്‍ക്ക് സ്പെക്ട്രം ലഭിക്കാനുമാണ് സര്‍ക്കാര്‍നയം വഴിയൊരുക്കിയത്- കോടതി പറഞ്ഞു.

deshabhimani 030212

1 comment:

  1. 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനും ടെലികോംവകുപ്പിനും ട്രായ്ക്കും നിശിതമായ വിമര്‍ശം. സ്പെക്ട്രം ഇടപാട് ക്രമവിരുദ്ധമാണെന്ന് വിചാരണ കോടതിയുടെ വിധി വരുംമുമ്പുതന്നെ സുപ്രീംകോടതി വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെങ്കില്‍ വിപുലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഇടപെടേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് ജസ്റ്റിസ് ജി എസ് സിങ്വി വിധിന്യായത്തില്‍ പ്രസ്താവിച്ചു. ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചവരും ഭരണഘടനാപരമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരും അതിനു വിരുദ്ധമായി നീങ്ങുന്ന സാഹചര്യം പൊതുബോധമുള്ള പൗരന്മാര്‍ തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനുള്ള ഇടപെടല്‍ നടത്തേണ്ടത് കോടതികളുടെ ഉത്തരവാദിത്തമാണ്- ജ. സിങ്വി പറഞ്ഞു. സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന സിഎജി വിനോദ് റായിയെയും മറ്റും പരോക്ഷമായി പ്രശംസിക്കാനും ജസ്റ്റിസ് സിങ്വി മറന്നില്ല.

    ReplyDelete