Wednesday, February 15, 2012

ഗൗരവമായ അന്വേഷണം വേണം: കെ കെ ശൈലജ

കണ്ണൂര്‍ : വയനാട്ടിലെ ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പീഡിപ്പിച്ചതിനെപ്പറ്റി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജോലിവാഗ്ദാനം ചെയ്താണ് മൂന്ന് ആദിവാസി പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് എത്തിച്ചത്. റെയില്‍വേസ്റ്റേഷനില്‍നിന്ന് സര്‍ക്കാര്‍ വാഹനത്തില്‍ മൂന്നുപേരെയും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലേക്കു കൊണ്ടുപോയി. രണ്ടുപേരെ മാറ്റിനിര്‍ത്തി 19 വയസുകാരിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി മറ്റുള്ളവരെ വിവരം ധരിപ്പിച്ച് പരാതിപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ ഉന്നതര്‍ ഇടപെട്ട് പിന്തിരിപ്പിച്ചുവെന്നാണ് പത്രവാര്‍ത്ത. വിവരമറിഞ്ഞ് മാതാപിതാക്കള്‍ നാട്ടില്‍നിന്നെത്തി. അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി എഴുതി നല്‍കി, മകളെയുംകൂട്ടി നാട്ടിലേക്ക് മടങ്ങി. വയനാട്ടിലെത്തി അഭിഭാഷകനെ കണ്ട് പരാതിപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കടുത്ത സമ്മര്‍ദവും ഭീഷണിയും ഉണ്ടായി. പ്രദേശത്തെ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ വീട്ടിലെത്തി വിവരമന്വേഷിച്ചപ്പോള്‍ കോണ്‍ഗ്രസുകാരുടെ ഭീഷണി ഭയന്ന് പെണ്‍കുട്ടി സംഭവം നിഷേധിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാന്‍ താന്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായില്ല. മറ്റു രണ്ട് യുവതികള്‍ ഇപ്പോഴും തിരുവനന്തപുരത്താണ്. അവര്‍ക്ക് എന്തുജോലിയാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പത്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉന്നത ഇടപെടലിലൂടെ ആ പരാതി ഇല്ലാതാക്കാനാണ് ശ്രമം.
വയനാട്ടിലെ പാവപ്പെട്ട സ്ത്രീകള്‍ ജോലിതട്ടിപ്പുകള്‍ക്കും പീഡനങ്ങള്‍ക്കും നിരന്തരം വിധേയരാവുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവത്തോടെ കാണണം. പെണ്‍കുട്ടിയുടെ പരാതി ലഭിക്കാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ല. അന്വേഷണം നേര്‍വഴിക്കല്ലെങ്കില്‍ ശക്തമായ ഇടപെടലിന് മഹിളാ അസോസിയേഷന്‍ നിര്‍ബന്ധിതമാകും. ഏതു മന്ത്രിയുടെ സ്റ്റാഫാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടെയെന്ന് ശൈലജ ചോദ്യത്തിനു മറുപടി നല്‍കി.

ട്രെയിനില്‍ സ്ത്രീകള്‍ നിരന്തരം അക്രമത്തിനിരയാകുന്നത് തടയണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , സംസ്ഥാന പൊലീസിനെ ട്രെയിനില്‍ നിയോഗിക്കാന്‍ റെയില്‍വേ അനുമതി നല്‍കുന്നില്ല. കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിക്കുന്ന അവസരത്തില്‍ ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകണം. ട്രെയിനില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് ശൈലജ പറഞ്ഞു. മഹിളാ അസോസിയേഷന്‍ നേതാക്കളായ കെ ലീല, എം ജയലക്ഷ്മി, എം വി സരള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 150212

1 comment:

  1. വയനാട്ടിലെ ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പീഡിപ്പിച്ചതിനെപ്പറ്റി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete