Saturday, February 25, 2012

"ഉത്തപുരം സൂചന; പോരാട്ടം കാണാനിരിക്കുന്നതേയുള്ളൂ"

ജ്യോതിബസുനഗര്‍ (ലളിത മഹല്‍ , നാഗപട്ടണം): കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ പൊരുതി നേടിയ ക്ഷേത്രപ്രവേശനാവകാശത്തിനു വേണ്ടിയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ സമരം. നാല്‍ക്കാലികള്‍ അലയുന്ന ക്ഷേത്രവീഥികളില്‍ മനുഷ്യന് പ്രവേശനം നിഷേധിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിലാണ് സിപിഐ എമ്മും പാര്‍ടി നേതൃത്വം നല്‍കുന്ന തമിഴ്നാട് അയിത്തോച്ചാടന മുന്നണിയും (തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്). ഏറെ ശ്രദ്ധേയമായ ഉത്തപുരം സമരത്തേക്കാള്‍ രൂക്ഷമായ പ്രക്ഷോഭം വരാനിരിക്കുന്നതേയുള്ളൂ എന്ന് മുന്നണി ജനറല്‍ സെക്രട്ടറിയും സിപിഐ എം വിരുദുനഗര്‍ ജില്ലാ കമ്മിറ്റി അംഗവുമായ സാമുവല്‍ രാജ് പറയുന്നു. തമിഴ്നാട് സംസ്ഥാന സമ്മേളന പ്രതിനിധിയായി എത്തിയതാണ് അദ്ദേഹം.

ക്ഷേത്രങ്ങള്‍ ചുട്ടെരിക്കാന്‍ ആഹ്വാനംചെയ്ത ഇ വി രാമസ്വാമി നായ്ക്കരുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ 40 കൊല്ലം ഭരിച്ച നാട്ടിലാണ് ഈ ദുഃസ്ഥിതി. ഉത്തപുരത്തേക്കാള്‍ നീചമായ ഉച്ചനീചത്വം നിലനില്‍ക്കുന്ന പതിനായിരക്കണക്കിനു ഗ്രാമമുണ്ട്. ഉത്തപുരത്ത് സമരം ഭാഗികമായി വിജയിച്ചു. ഇനിയുള്ള പോരാട്ടം തമിഴ്നാട്ടിനെ ഇളക്കി മറിക്കും. ഉത്തപുരമാണ് ഞങ്ങളുടെ ഊര്‍ജം. അവിടെ അയിത്തമതിലിന്റെ ഒരു ഭാഗം പൊളിച്ചു. പ്രതീകാത്മകമായെങ്കിലും ദളിതര്‍ മുത്താലമ്മന്‍ കോവിലില്‍ പ്രവേശിച്ചു. ദളിത് കോളനിയിലെ അഴുക്കുചാല്‍ മാറ്റാനുള്ള നടപടി തുടങ്ങി. ദീര്‍ഘകാല ആവശ്യമായ ബസ് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങാറായി. ഇരുപക്ഷത്തുമുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. എന്നാല്‍ , ഉയര്‍ന്ന ജാതിക്കാരുടെ ചായക്കടകളിലും റേഷന്‍കടകളിലും ദളിതരെ പ്രവേശിപ്പിക്കാത്തതും പൊതുകിണറിലെ വെള്ളം നിഷേധിക്കുന്നതും ഇപ്പോഴും തുടരുന്നു. ഇതിനെതിരെ വിപുലമായ പ്രചാരണം അവിടെ തുടരുകയാണ്.

ഉത്തപുരം പ്രക്ഷോഭത്തോടെ സംസ്ഥാനത്തെ 18 അയിത്തച്ചുമരുകള്‍കൂടി ഉടഞ്ഞുവീണു. ചിദംബരം ക്ഷേത്രത്തില്‍ നന്ദന്‍ നടന്ത തെരുവില്‍ ദളിതര്‍ക്ക് പ്രവേശനം ലഭിച്ചു. എന്നാല്‍ , അയിത്തം ശക്തമായ പുതുക്കോട്ടെ ജില്ലയില്‍ മുന്നോക്ക ജാതിക്കാരുടെ എതിര്‍പ്പ് രൂക്ഷമാണ്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വനിതയായ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ അനുവദിച്ചില്ല. ഡിഎംകെ നേതാവാണ് ഇത് തടഞ്ഞത്. ഇതേ സ്ഥലത്ത് മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ അതേ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയര്‍ത്തും, ആര് തടഞ്ഞാലും- സാമുവല്‍ രാജ് പറഞ്ഞു.

2007ല്‍ ആരംഭിച്ച അയിത്തോച്ചാടന മുന്നണി ഇപ്പോള്‍ ദളിത് അവകാശപോരാട്ടങ്ങള്‍ക്കുള്ള പൊതുവേദിയാണ്. സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി 8000 കേന്ദ്രത്തില്‍ സര്‍വേ നടത്തിയിരുന്നു. ദളിത് സിരുത്തൈ പോലുള്ള സംഘടനകളും ബുദ്ധിജീവികളും കലാകാരന്മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും മുന്നണിയുമായി സഹകരിക്കുന്നു. പട്ടികജാതി-വര്‍ഗ ഉപപദ്ധതി നടപ്പാക്കുന്നതിനായി മുന്നണി നടത്തിയ ഇടപെടലുകള്‍ ദളിത്, ആദിവാസി വിഭാഗങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനവ്യാപകമായി പ്രചാരണങ്ങളും കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. മുന്നണി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ശിവകാമി, ക്രിസ്തുദാസ് ഗാന്ധി, കറുപ്പന്‍ , മണിവണ്ണന്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ഇത് ചെയ്തത്.
(എന്‍ എസ് സജിത്)

deshabhimani 250212

2 comments:

  1. കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ പൊരുതി നേടിയ ക്ഷേത്രപ്രവേശനാവകാശത്തിനു വേണ്ടിയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ സമരം. നാല്‍ക്കാലികള്‍ അലയുന്ന ക്ഷേത്രവീഥികളില്‍ മനുഷ്യന് പ്രവേശനം നിഷേധിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിലാണ് സിപിഐ എമ്മും പാര്‍ടി നേതൃത്വം നല്‍കുന്ന തമിഴ്നാട് അയിത്തോച്ചാടന മുന്നണിയും (തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്). ഏറെ ശ്രദ്ധേയമായ ഉത്തപുരം സമരത്തേക്കാള്‍ രൂക്ഷമായ പ്രക്ഷോഭം വരാനിരിക്കുന്നതേയുള്ളൂ എന്ന് മുന്നണി ജനറല്‍ സെക്രട്ടറിയും സിപിഐ എം വിരുദുനഗര്‍ ജില്ലാ കമ്മിറ്റി അംഗവുമായ സാമുവല്‍ രാജ് പറയുന്നു. തമിഴ്നാട് സംസ്ഥാന സമ്മേളന പ്രതിനിധിയായി എത്തിയതാണ് അദ്ദേഹം.

    ReplyDelete
  2. തമിഴകത്ത് സിപിഐ എം നേടിയ കരുത്തും വളര്‍ച്ചയും വിളിച്ചോതി ശനിയാഴ്ച നാഗപട്ടണത്ത് മഹാറാലിയോടെ സംസ്ഥാന സമ്മേളനം സമാപിക്കും. രണ്ടു ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന്സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ പറഞ്ഞു. തമിഴ്നാടിന്റെ അഭിമാനമായ കലാരൂപങ്ങള്‍ അണിനിരക്കുന്ന റാലി പുത്തൂര്‍ അണ്ണാ സ്റ്റാച്യുവില്‍നിന്ന് ആരംഭിക്കും. വലിവലം ദേശികര്‍ പോളിടെക്നിക് മൈതാനത്തെ ജ്യോതിബസു നഗറില്‍ സമാപന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കെ വരദരാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിനുമേല്‍ രണ്ടു ദിവസമായി നടന്ന പൊതുചര്‍ച്ച ശനിയാഴ്ച പൂര്‍ത്തിയായി. 83 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജി രാമകൃഷ്ണന്‍ മറുപടി പറഞ്ഞു. ശനിയാഴ്ച രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കും. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ശനിയാഴ്ച നടക്കും. ഡിഎംകെയെ ഭരണത്തില്‍നിന്ന് പുറന്തള്ളിയ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിരുദ്ധമായാണ് ജയലളിത സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

    ReplyDelete