Saturday, February 25, 2012

വ്യാജ ഏറ്റുമുട്ടല്‍ അന്വേഷണസമിതി: മോഡി സര്‍ക്കാരിന് കോടതി വിമര്‍ശം

ഗുജറാത്തില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേല്‍നോട്ടസമിതി അധ്യക്ഷനെ സ്വന്തം നിലയ്ക്ക് നിയമിച്ച നരേന്ദ്രമോഡി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയത് എന്തുലക്ഷ്യത്തോടെയാണെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

മേല്‍നോട്ടസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി മുന്‍ ജഡ്ജി എം ബി ഷാ രാജിവച്ച ഒഴിവില്‍ ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ആര്‍ വ്യാസിനെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. നിയമനം അംഗീകരിച്ച് വ്യാഴാഴ്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെന്നും സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിയമനം നടത്തിയതെന്നും ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ വാദിച്ചു. എന്നാല്‍ , നിയമനകാര്യം കോടതിയുമായി ആലോചിച്ച് വേണമായിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കോടതിയാണ് മേല്‍നോട്ടസമിതി രൂപീകരിച്ചത്. സര്‍ക്കാര്‍ അനാവശ്യമായി ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കി. സര്‍ക്കാര്‍ കോടതിയെ സമീപിക്കേണ്ടിയിരുന്നു. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ആലോചനയുണ്ടെന്ന് സര്‍ക്കാരിന് അറിയിക്കാമായിരുന്നു- കോടതി പറഞ്ഞു.

കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണം സിബിഐക്കോ സ്വതന്ത്ര ഏജന്‍സിക്കോ വിടണമെന്ന് അഭ്യര്‍ഥിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി, മൂന്നുമാസത്തിനകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ മേല്‍നോട്ടസമിതിയോട് ആവശ്യപ്പെട്ടിരുന്നു. 2002-06 കാലയളവിലെ ഗുജറാത്തില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് അന്വേഷിക്കുന്നത്.

deshabhimani 250212

2 comments:

  1. ഗുജറാത്തില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേല്‍നോട്ടസമിതി അധ്യക്ഷനെ സ്വന്തം നിലയ്ക്ക് നിയമിച്ച നരേന്ദ്രമോഡി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയത് എന്തുലക്ഷ്യത്തോടെയാണെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

    ReplyDelete
  2. ഗുജറാത്ത് വംശഹത്യയുടെ പത്താംവാര്‍ഷികത്തില്‍ ഇരകളുടെ പ്രതിഷേധം. ഗോധ്ര സംഭവത്തെതുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ വംശഹത്യയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ അഹമ്മദാബാദിലും ഗോധ്രയിലും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗോധ്ര വാര്‍ഷികത്തില്‍ ഗുജറാത്തിലാകെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. വിഎച്ച്പിയും റാലി സംഘടിപ്പിച്ചു. വംശഹത്യയ്ക്ക് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 45 സര്‍ക്കാരിതര സംഘടനകളുടെ നേതൃത്വത്തില്‍ 10 ദിവസത്തെ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സമാധാന റാലികള്‍ , സൂഫി സംഗീതകൂട്ടായ്മ, പ്രദര്‍ശനങ്ങള്‍ , കവിയരങ്ങ്, ചര്‍ച്ചകള്‍ , പ്രാര്‍ഥനകള്‍ എന്നിവ നടന്നു. കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കൂട്ടക്കൊലയുടെ ഇരകളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

    ReplyDelete