Tuesday, February 21, 2012

തളിപ്പറമ്പിനെ കലാപഭൂമിയാക്കിയത് പൊലീസ് നിഷ്ക്രിയത്വം

പരിശീലനം നേടിയ തീവ്രവാദികളുടെ പിന്തുണയും അധികാരഗര്‍വും സമനില തെറ്റിച്ച മുസ്ലിംലീഗിന് പൊലീസിന്റെ നിഷ്ക്രിയത്വം കൂടിയായതോടെ നാട് കുട്ടിച്ചോറാക്കാമെന്നായി. തളിപ്പറമ്പ് മേഖലയെ തുടര്‍ച്ചയായി കലാപഭൂമിയാക്കുന്നതിനു പിന്നില്‍ പൊലീസിന്റെ ഈ കൈയയച്ച "സഹായ"വും വലിയ പങ്കുവഹിക്കുന്നു. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ ആക്രമിക്കുന്ന നിലവിട്ട കളിക്ക് ലീഗിന് ധൈര്യം പകര്‍ന്നത് പൊലീസിന്റെ കുറ്റകരമായ നിഷ്ക്രിയത്വംതന്നെയാണ്. ലീഗ്, എന്‍ഡിഎഫ് അക്രമികളുടെ അഴിഞ്ഞാട്ടത്തിന് ഒത്താശചെയ്യുന്ന സമീപനമാണ് തളിപ്പറമ്പ്, പട്ടുവം മേഖലയില്‍ പൊലീസ് സ്വീകരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ദേശാഭിമാനി പത്രവിതരണത്തിനിടെയാണ് സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ ലീഗുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അതീവഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ് രാജന്‍ . നാടിനെ നടുക്കിയ ഈ അക്രമത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ വൈകിട്ട് നടന്ന പ്രകടനത്തിനുനേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ മുള്ളൂലിലെ കെ സരിത്തിന് പരിക്കേറ്റു. രാത്രി സിപിഐ എം പ്രവര്‍ത്തകന്റെ വീടും കടയും ആക്രമിച്ചു. തുടര്‍ച്ചയായ ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ തിങ്കളാഴ്ച സംഭവസ്ഥലത്തേക്കു പോയത്. സംഘര്‍ഷ പ്രദേശമായിട്ടും അവിടെ പൊലീസിന്റെ പൊടിപോലുമില്ലായിരുന്നു. വാഹനം തടഞ്ഞ അക്രമികള്‍ പി ജയരാജനെ "കൊല്ലെടാ" എന്ന് ആക്രോശിച്ച് ചാടിവീഴുകയായിരുന്നു. ജയരാജനെ മറ്റുനേതാക്കള്‍ കാറിലേക്ക് വലിച്ചുകയറ്റുകയും ഡ്രൈവര്‍ സജീവന്‍ വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്തതിനാല്‍ അദ്ദേഹവും ടി വി രാജേഷ് എംഎല്‍എ അടക്കമുള്ള മറ്റുനേതാക്കളും തലനാരിടയ്ക്ക് രക്ഷപ്പെട്ടു. സിപിഐ എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നത് അറിഞ്ഞിട്ടും തളിപ്പറമ്പ് സിഐയും എസ്ഐയും സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയില്ല.

യുഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷമാണ് പട്ടുവം അരിയില്‍ സംഘര്‍ഷ ഭൂമിയായത്. സിപിഐ എം പ്രവര്‍ത്തകരെയും വീടുകളെയും തുടര്‍ച്ചയായി ആക്രമിക്കുന്നു. പാര്‍ടി ഓഫീസ്, വായനശാല എന്നിവയും തകര്‍ക്കുന്നു. ലീഗിലെ തീവ്രാദബന്ധമുള്ളവരാണ് ഇതിനു പിന്നില്‍ . ലീഗ് നേതൃത്വത്തിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പൊലീസിനെ ഭരിക്കുന്നതും തീവ്രവാദികളായ ലീഗുകാരാണ്. തിങ്കളാഴ്ച പട്ടുവം അരിയില്‍ സിപിഐ എം ജില്ലാകമ്മിറ്റിയുടെ വാഹനം തടഞ്ഞുനിര്‍ത്തി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ലീഗുകാര്‍ വധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു പൊലീസുകാരനുമുണ്ടായിരുന്നില്ല. ദേശാഭിമാനി, കൈരളി ലേഖകരെയും ഫോട്ടോഗ്രാഫര്‍മാരെയും ആക്രമിച്ചതും ഇതേ സംഘമാണ്. കഴിഞ്ഞ ജുലൈയില്‍ ലീഗുകാര്‍ പട്ടുവം അരിയില്‍ വ്യാപകമായ അക്രമം നടത്തിയിരുന്നു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് സാംസ്കാരിക സ്ഥാപനങ്ങളും ഏഴ് കടകളും മൂന്ന് വീടുകളും രണ്ട് കള്ളുഷാപ്പുകളും തകര്‍ത്തു. ബാങ്ക് ഉള്‍പ്പെടെ അഞ്ച് സഹകരണ സ്ഥാപനങ്ങളും മൂന്ന് സിപിഐ എം ഓഫീസുകളും തകര്‍ക്കപ്പെട്ടു.

സിപിഐ എം പ്രവര്‍ത്തകനെ ലീഗുകാര്‍ വീട്ടില്‍കയറി വെട്ടി

കണ്ണൂര്‍ : സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ മുസ്ലീംലീഗുകാര്‍ ആക്രമിച്ചതിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന തളിപ്പറമ്പ് പട്ടുവം, അരിയില്‍ മേഖലകളില്‍ ലീഗ് വ്യാപകമായ ആക്രമണം തുടരുന്നു. സിപിഐ എം പ്രവര്‍ത്തകന്‍ അരിയില്‍ വെള്ളയില്‍ മോഹനനെ(47) ലീഗ് പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്ന മോഹനനെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ ഭാര്യ രാധയ്ക്കും മകന്‍ മിഥുനിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐ എം പ്രവര്‍ത്തകന്‍ പൊയ്യില്‍ സജീവന്റെ വീടും ലീഗുകാര്‍ തകര്‍ത്തു. ലീഗ് ഗുണ്ടകളുടെ നേതൃത്വത്തില്‍ അരിയില്‍ മേഖലയില്‍ സിപിഐ എം പ്രവര്‍ത്തരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഇരിക്കൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് ചൊവ്വാഴ്ച പുലര്‍ച്ചെ തീവച്ച് നശിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

deshabhimani 210212

1 comment:

  1. പരിശീലനം നേടിയ തീവ്രവാദികളുടെ പിന്തുണയും അധികാരഗര്‍വും സമനില തെറ്റിച്ച മുസ്ലിംലീഗിന് പൊലീസിന്റെ നിഷ്ക്രിയത്വം കൂടിയായതോടെ നാട് കുട്ടിച്ചോറാക്കാമെന്നായി. തളിപ്പറമ്പ് മേഖലയെ തുടര്‍ച്ചയായി കലാപഭൂമിയാക്കുന്നതിനു പിന്നില്‍ പൊലീസിന്റെ ഈ കൈയയച്ച "സഹായ"വും വലിയ പങ്കുവഹിക്കുന്നു. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ ആക്രമിക്കുന്ന നിലവിട്ട കളിക്ക് ലീഗിന് ധൈര്യം പകര്‍ന്നത് പൊലീസിന്റെ കുറ്റകരമായ നിഷ്ക്രിയത്വംതന്നെയാണ്. ലീഗ്, എന്‍ഡിഎഫ് അക്രമികളുടെ അഴിഞ്ഞാട്ടത്തിന് ഒത്താശചെയ്യുന്ന സമീപനമാണ് തളിപ്പറമ്പ്, പട്ടുവം മേഖലയില്‍ പൊലീസ് സ്വീകരിക്കുന്നത്.

    ReplyDelete