Friday, February 10, 2012

ദേശീയപാതയില്‍ മുന്നറിയിപ്പില്ലാതെ ടോള്‍പിരിവ് തുടങ്ങി

ദേശീയപാത 47ല്‍ മണ്ണുത്തി-ഇടപ്പള്ളി സെക്ഷനിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ മുന്നറിയിപ്പില്ലാതെ ടോള്‍പിരിവ് തുടങ്ങി. സര്‍വീസ് റോഡുകളടക്കം കരാര്‍ വ്യവസ്ഥയിലുള്ള മുഴുവന്‍ പണിയും പൂര്‍ത്തിയാകാതെയാണ് വ്യാഴാഴ്ച പകല്‍ 11.40ന് പൊലീസ് സംരക്ഷണയില്‍ ടോള്‍പിരിവ് തുടങ്ങിയത്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പതിനേഴര വര്‍ഷത്തേക്ക് ടോള്‍ പിരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെയും സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പിരിവ്. മേല്‍പ്പാലങ്ങളുടെ ഫുട്പാത്തുകള്‍ പൂര്‍ത്തിയാകുന്നതോടെ ടോള്‍പിരിവ് തുടങ്ങുമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഫുട്പാത്ത് നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ടോള്‍ പിരിവിന് അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം ദേശീയപാത അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ടോള്‍ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ ആമ്പല്ലൂരില്‍നിന്ന് ടോള്‍ പ്ലാസയിലേക്ക് പ്രകടനം നടത്തി. മണലിപ്പുഴയ്ക്ക് സമീപം ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് മര്‍ദനമേറ്റ സമരസമിതി പ്രവര്‍ത്തകന്‍ വി എസ് ജോഷിയെ പുതുക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു പൊലീസുകാരനും ചികിത്സക്കു വിധേയനായി. അറസ്റ്റിലായ 25 പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 6 മുതല്‍ ഉച്ചവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹര്‍ത്താല്‍ വൈകീട്ട് ആറുവരെയാക്കാന്‍ ടോള്‍ വിരുദ്ധ സമിതി തീരുമാനിച്ചു. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

നേരത്തേ രണ്ടുതവണ ടോള്‍ പിരിവ് നിശ്ചയിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പുമൂലം നടപ്പാക്കാനായില്ല. സി രവീന്ദ്രനാഥ് എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെടുകയും പണികള്‍ പൂര്‍ത്തിയാകും വരെ ടോള്‍പിരിവ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഏഴ് മേല്‍പ്പാലങ്ങളുടെ നടപ്പാത പൂര്‍ത്തിയാവുന്ന മുറയ്ക്ക് ടോള്‍പിരിവ് തുടങ്ങുമെന്നും 27 കിലോമീറ്റര്‍ സര്‍വീസ് റോഡ് ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു ഒടുവിലത്തെ അറിയിപ്പ്. എന്നാല്‍ പണികള്‍ പലതും പൂര്‍ത്തിയാക്കാതെയാണ് ടോള്‍ പിരിവ് തുടങ്ങിയിരിക്കുന്നത്. ജനതാല്‍പ്പര്യം മറികടന്ന് കമ്പനിക്ക് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ രഹസ്യ അനുമതി നല്‍കിയതില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീനും സി രവീന്ദ്രനാഥ് എംഎല്‍എയും പ്രതിഷേധിച്ചു.

deshabhimani 100212

3 comments:

  1. ദേശീയപാത 47ല്‍ മണ്ണുത്തി-ഇടപ്പള്ളി സെക്ഷനിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ മുന്നറിയിപ്പില്ലാതെ ടോള്‍പിരിവ് തുടങ്ങി. സര്‍വീസ് റോഡുകളടക്കം കരാര്‍ വ്യവസ്ഥയിലുള്ള മുഴുവന്‍ പണിയും പൂര്‍ത്തിയാകാതെയാണ് വ്യാഴാഴ്ച പകല്‍ 11.40ന് പൊലീസ് സംരക്ഷണയില്‍ ടോള്‍പിരിവ് തുടങ്ങിയത്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പതിനേഴര വര്‍ഷത്തേക്ക് ടോള്‍ പിരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെയും സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പിരിവ്. മേല്‍പ്പാലങ്ങളുടെ ഫുട്പാത്തുകള്‍ പൂര്‍ത്തിയാകുന്നതോടെ ടോള്‍പിരിവ് തുടങ്ങുമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഫുട്പാത്ത് നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ടോള്‍ പിരിവിന് അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം ദേശീയപാത അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

    ReplyDelete
  2. ദേശീയപാത 47ല്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസയില്‍ മുന്നറിയിപ്പില്ലാതെ ടോള്‍പിരിവ് ആരംഭിക്കാനിടയായത് സംസ്ഥാന സര്‍ക്കാരും ടോള്‍ കമ്പനിയുമായുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. പണികള്‍ പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ് ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ മേല്‍ അന്യായമായ ടോള്‍ അടിച്ചേല്‍പ്പിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും എ സി മൊയ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനകീയ താല്‍പ്പര്യം കണക്കിലെടുത്തുമാത്രമേ ടോള്‍പിരിവ് ആരംഭിക്കൂ എന്നാണ് നേരത്തേയുണ്ടായ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കും നല്‍കിയ ഉറപ്പ്. എന്നാല്‍ രണ്ടുതവണ നിര്‍ത്തിവയ്പിച്ച ടോള്‍പിരിവ് പൊലീസിനെ വിന്യസിപ്പിച്ച് പെട്ടെന്ന് തുടങ്ങിയത് കമ്പനിക്കാര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ്. ജനങ്ങളെ മറന്നുകൊണ്ട് ടോള്‍കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന ഭരണാധികാരികളുടെ നയം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ദേശീയപാത അധികൃതര്‍ ടോള്‍ കമ്പനിയുമായുള്ള ഇടപാടില്‍ നേരത്തേതന്നെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. ഇനിയും ഒട്ടേറെ പണികള്‍ കൂടി പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തില്‍ ടോള്‍പിരിവ് നിര്‍ത്തിവയ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങളെ നേരിടേണ്ടിവരുമെന്നും എ സി മൊയ്തീന്‍ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി. ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ ഏകപക്ഷീയമായി ടോള്‍ കമ്പനിക്കാര്‍ സര്‍ക്കാര്‍ ഒത്താശയോടെ ടോള്‍പിരിവ് ആരംഭിച്ചത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. തദ്ദേശവാസികള്‍ക്ക് ഇളവുകള്‍ ലഭിക്കാനിടയായത് ജനപ്രതിനിധികളുടെയടക്കം ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്. കരാര്‍ പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാവാതെ ടോള്‍പിരിവ് ആരംഭിച്ച നടപടി അന്യായമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

    ReplyDelete
  3. ടോള്‍പിരിവ് ജനദുരിതമായ സാഹചര്യത്തില്‍ ബിഒടി കമ്പനിക്ക് നഷ്ടപരിഹാരം നല്‍കി റോഡ് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റോഡ് സാമൂഹ്യ സേവന മേഖലയാണെന്ന് തിരിച്ചറിയണം. പൊതുവാഹനങ്ങളേയും ചരക്ക് വാഹനങ്ങളേയും ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ ചെറു വാഹനങ്ങളേയും ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് ടോള്‍ പിരിക്കുന്ന സംവിധാനം ഒരുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്താവനയില്‍ നിര്‍ദേശിച്ചു. കേരളത്തിലെ മുഴുവന്‍ ദേശീയപാതകളും അനുയോജ്യമായ രീതിയില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് വികസിപ്പിക്കണം. കേരളത്തിലെ ആദ്യത്തെ ബിഒടി പാതയായ അങ്കമാലി-മണ്ണുത്തി ദേശീയ പാതയുടെ പണി മുഴുവന്‍ പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ച ടോള്‍പിരിവ്, ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഒരു പരിഹാരവും കാണാതെ ടോള്‍പിരിവ് പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി വി മനോജ്കുമാറും പ്രസിഡന്റ് വി എന്‍ കൃഷ്ണന്‍കുട്ടിയും പറഞ്ഞു.

    ReplyDelete