Sunday, February 5, 2012

കീഴാളന്റെ നിലവിളിയായി "മൊളഗാപൊടി"

സാമൂഹിക ക്രൂരതയോട് പ്രതിഷേധിക്കാന്‍ പോലും മാര്‍ഗമില്ലാത്തവരുടെ നിശബ്ദ നിലവിളിയായി "മൊളഗാപൊടി". മേലാളന്മാരുടെ ക്രൂരതയും അഗണനയും ഇപ്പോഴും അനുഭവിക്കേണ്ടിവരുന്ന കീഴ്ജാതിക്കാരുടെ ദൈന്യത അരങ്ങിലെത്തിച്ച് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആദ്യദിനം "മൊളഗാപൊടി" ശ്രദ്ധേയമായി. ദാരിദ്ര്യം വിളയാടുന്ന തമിഴ്നാട്ടിലെ താഴ്ന്നജാതിക്കാരുടെ ജീവിതകാഴ്ചകള്‍ മിന്നിമറിഞ്ഞ വേദി കാണികള്‍ക്ക് നല്‍കിയത് ആസ്വാദനത്തിന്റെ പുതുതലം. ചെന്നൈയില്‍ നിന്നുള്ള കാട്ട്യേക്കാരി തിയറ്റേഴ്സാണ് "മൊളഗാപൊടി" അവതരിപ്പിച്ചത്. തമിഴ്നാട്ടില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ജാതിവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച്ചയായി നാടകം.

താഴ്ന്ന ജാതിക്കാര്‍ പുല്ല് പറിക്കുന്നതും പരുത്തി ശേഖരിക്കുന്നതും തങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമായി മേലാളര്‍ കരുതുന്നു. ഇതോടെ കീഴാളര്‍ അതിജീവനത്തിന്റെ കഠിനപാതകള്‍ താണ്ടേണ്ടി വരികയാണ്. സ്വത്ത്സമ്പാദനം എന്നത് ഭയക്കുന്ന ചിന്തയുമാകുന്നു. നേരിയ പ്രതിഷേധംപോലും ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന ഇവര്‍ ചോദ്യം ചെയ്യുന്നത് കപട നീതിയേയും ജനാധിപത്യ ബോധത്തേയുമാണ്. ഒടുവില്‍ മേലാളരുടെ ക്രൂരതയ്ക്കു മുന്നില്‍ മലവിസര്‍ജ്ജ്യത്തിലൂടെ സാമൂഹിക ദുര്‍ഗന്ധത്തിെന്‍റ ഒടുങ്ങാത്ത പ്രതിഷേധം വ്യാപിപ്പിക്കുന്നതിലൂടെ "മൊളഗാപൊടി"യ്ക്ക് തിരശ്ശീല വീഴും. പ്രശസ്ത തമിഴ് ദളിത് സാഹിത്യകാരി ഭാമയാണ് നാടകം രചിച്ചത്. ശ്രീജിത്ത് സുന്ദരം ആദ്യമായി സംവിധാനം ചെയ്യുന്ന മൊളഗാപൊടിയുടെ സവിശേഷത അഭിനേതാക്കളില്‍ ഹിജഡകളും ലൈംഗികതൊഴിലാളികളും ഉള്‍പ്പെടുന്നുവെന്നതാണ്. ലിംഗ, സാമൂഹിക വിവേചനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ അനുഭവിച്ചവരെന്നതിനാല്‍ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവയായി മൊളഗാപൊടിയിലെ അഭിനയമുഹൂര്‍ത്തങ്ങള്‍ .

deshabhimani 050212

1 comment:

  1. സാമൂഹിക ക്രൂരതയോട് പ്രതിഷേധിക്കാന്‍ പോലും മാര്‍ഗമില്ലാത്തവരുടെ നിശബ്ദ നിലവിളിയായി "മൊളഗാപൊടി". മേലാളന്മാരുടെ ക്രൂരതയും അഗണനയും ഇപ്പോഴും അനുഭവിക്കേണ്ടിവരുന്ന കീഴ്ജാതിക്കാരുടെ ദൈന്യത അരങ്ങിലെത്തിച്ച് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആദ്യദിനം "മൊളഗാപൊടി" ശ്രദ്ധേയമായി. ദാരിദ്ര്യം വിളയാടുന്ന തമിഴ്നാട്ടിലെ താഴ്ന്നജാതിക്കാരുടെ ജീവിതകാഴ്ചകള്‍ മിന്നിമറിഞ്ഞ വേദി കാണികള്‍ക്ക് നല്‍കിയത് ആസ്വാദനത്തിന്റെ പുതുതലം. ചെന്നൈയില്‍ നിന്നുള്ള കാട്ട്യേക്കാരി തിയറ്റേഴ്സാണ് "മൊളഗാപൊടി" അവതരിപ്പിച്ചത്. തമിഴ്നാട്ടില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ജാതിവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച്ചയായി നാടകം.

    ReplyDelete