Friday, February 17, 2012

ഇന്ത്യയെ ചട്ടുകമാക്കാന്‍ ഇസ്രയേല്‍ നീക്കം

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തില്‍ കാന്തികബോംബ് സ്ഫോടനമുണ്ടായതിന്റെ പിന്നില്‍ ആരെന്നത് ദുരൂഹമായി തുടരുമ്പോഴും സംഭവത്തിന്റെ മറവില്‍ ഇറാനെതിരായ നീക്കങ്ങളില്‍ ഇന്ത്യയെ കരുവാക്കാന്‍ ഇസ്രയേലി നീക്കം. സ്ഫോടനം ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഭീകരവിരുദ്ധ സഹകരണംശക്തമാക്കാന്‍ പ്രേരകമാകണമെന്ന് മുതിര്‍ന്ന ഇസ്രയേലിമന്ത്രി ഉസി ലന്‍ഡൗ പറഞ്ഞു. ഇസ്രയേലി ഊര്‍ജ-ജലവിഭവമന്ത്രിയായ ലന്‍ഡൗ അടുത്തയാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. ഇന്ത്യയില്‍ ഭീകരഘടകങ്ങള്‍ സജീവമാണെന്ന് ലന്‍ഡൗ തുടര്‍ന്നു. ഭീകരഭീഷണി നേരിടുന്ന ഇന്ത്യയ്ക്കും ഇസ്രയേലിനും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇസ്രയേലിന്റെ പൊതുസുരക്ഷാമന്ത്രിയായിരുന്ന ലന്‍ഡൗ ത്രിദിന സന്ദര്‍ശനത്തിനാണ് എത്തുന്നത്. എംബസി വാഹന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അത് സംബന്ധിച്ച കാര്യങ്ങളും ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും.

അടുത്തകാലത്തായി ഇന്ത്യയുടെ പ്രധാന ആയുധദാതാക്കളില്‍ ഒന്നാണ് ഇസ്രയേല്‍ . ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇറാനാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. എന്നാല്‍ , ഇസ്രയേലി ചാരസംഘടനയായ മൊസാദ് ഇത്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ അവരുടെ പങ്ക് സംബന്ധിച്ചും സംശയങ്ങളുയര്‍ന്നിട്ടുണ്ട്. അടുത്തയിടെ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാന്തിക ബോംബ് വിദ്യ തന്നെയാണ് ഡല്‍ഹിയിലും ഉപയോഗിച്ചത് എന്നതാണ് സംശയത്തിന് ബലമേകുന്നത്. മൊസാദിന്റെ പരിശീലനം ലഭിക്കുന്ന ഇറാനിയന്‍ വിമതസംഘത്തില്‍പെട്ടവരാണ് ഇറാന്റെ ആണവശാസ്ത്രജ്ഞരെ കൊന്നതിന് പിന്നിലെന്നതിന് സൂചനകള്‍ അമേരിക്കയ്ക്കും ലഭിച്ചിരുന്നു.

ഡല്‍ഹിയിലും ജോര്‍ജിയ തലസ്ഥാനമായ തിബിലിസിയിലും സ്ഫോടനമുണ്ടായതിന്റെ പിറ്റേന്ന് തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ സ്ഫോടനങ്ങളില്‍ ഇറാനിയന്‍ പാസ്പോര്‍ട്ടുള്ള മൂന്നുപേരാണ് പിടിയിലായത്. ഒരാള്‍ മലേഷ്യയിലാണ് പിടിക്കപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ ഇസ്രയേലി നയതന്ത്രകാര്യാലയങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

ഇതിനിടെ ഡല്‍ഹി സ്ഫോടനത്തിലും മറ്റും ഇറാനെയും ലെബനീസ് ഷിയാ സംഘടനയായ ഹിസ്ബുല്ലയെയും കുറ്റപ്പെടുത്തി യുഎന്നിലെ ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധി റോണ്‍ പ്രോസര്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണിന് കത്ത് നല്‍കി. സ്ഫോടനങ്ങള്‍ അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരണം എന്നാണ് ഇറാന്റെ നിലപാട്.

deshabhimani 170212

1 comment:

  1. ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തില്‍ കാന്തികബോംബ് സ്ഫോടനമുണ്ടായതിന്റെ പിന്നില്‍ ആരെന്നത് ദുരൂഹമായി തുടരുമ്പോഴും സംഭവത്തിന്റെ മറവില്‍ ഇറാനെതിരായ നീക്കങ്ങളില്‍ ഇന്ത്യയെ കരുവാക്കാന്‍ ഇസ്രയേലി നീക്കം. സ്ഫോടനം ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഭീകരവിരുദ്ധ സഹകരണംശക്തമാക്കാന്‍ പ്രേരകമാകണമെന്ന് മുതിര്‍ന്ന ഇസ്രയേലിമന്ത്രി ഉസി ലന്‍ഡൗ പറഞ്ഞു. ഇസ്രയേലി ഊര്‍ജ-ജലവിഭവമന്ത്രിയായ ലന്‍ഡൗ അടുത്തയാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. ഇന്ത്യയില്‍ ഭീകരഘടകങ്ങള്‍ സജീവമാണെന്ന് ലന്‍ഡൗ തുടര്‍ന്നു. ഭീകരഭീഷണി നേരിടുന്ന ഇന്ത്യയ്ക്കും ഇസ്രയേലിനും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇസ്രയേലിന്റെ പൊതുസുരക്ഷാമന്ത്രിയായിരുന്ന ലന്‍ഡൗ ത്രിദിന സന്ദര്‍ശനത്തിനാണ് എത്തുന്നത്. എംബസി വാഹന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അത് സംബന്ധിച്ച കാര്യങ്ങളും ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും.

    ReplyDelete