Friday, February 17, 2012

വെടിവയ്പ്: കുറ്റവാളികളെ രക്ഷിക്കാന്‍ നയതന്ത്ര നീക്കം

മത്സ്യബന്ധനത്തിനിടെ വെടിയേറ്റ് മരിച്ച മലയാളികള്‍ കടല്‍കൊള്ളക്കാരാണെന്ന് ഇറ്റാലിയന്‍ എംബസി. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്സിയിലെ നാവികസേനാ ഉദ്യോഗസ്ഥര്‍ വെടിവച്ചത് കടല്‍കൊള്ളക്കാരെയാണെന്ന് എംബസി അവകാശപ്പെടുന്നത്. മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികഭടന്മാരെ നിയമനടപടിയില്‍നിന്ന് രക്ഷിക്കാന്‍ രാഷ്ട്രീയ- നയതന്ത്രതലത്തില്‍ ഇറ്റലി നീക്കം ശക്തിപ്പെടുത്തുകയുംചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ജന്മരാജ്യം ഉള്‍പ്പെട്ട നയതന്ത്ര വിഷയമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരും പ്രശ്നത്തില്‍ കരുതലോടെയാണ് നീങ്ങുന്നത്. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ജിയകോമോ സാന്‍ഫ്ളിസ് ഡി മോണ്ട്ഫോര്‍ട്ടുമായി വിദേശമന്ത്രാലയത്തില്‍ പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി എം ഗണപതി വ്യാഴാഴ്ച ചര്‍ച്ച നടത്തി. സ്ഥാനപതിയെ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച. വെടിവയ്പുവിഷയത്തില്‍ ഇന്ത്യക്കുള്ള ആശങ്ക അറിയിച്ചു. പൊലീസുമായി സഹകരിക്കാന്‍ കപ്പലിന്റെ ക്യാപ്റ്റന് നിര്‍ദേശം നല്‍കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി പ്രതികരിച്ചു. പലവട്ടം മുന്നറിയിപ്പ് നല്‍കിയശേഷം പ്രതിരോധത്തിനായാണ് വെടിവച്ചതെന്ന നിലപാടാണ് ഇറ്റാലിയന്‍ സ്ഥാനപതി മോണ്ട്ഫോര്‍ട്ട് ചര്‍ച്ചയില്‍ സ്വീകരിച്ചത്. അന്താരാഷ്ട്രചട്ടങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും അവകാശപ്പെട്ടു. വിദേശമന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്സിക്ക് നേരെ കടല്‍കൊള്ളക്കാരുടെ ആക്രമണമുണ്ടായെന്ന് നേരത്തെ ഇറ്റാലിയന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര സമുദ്രമേഖലയിലാണ് ആക്രമണം. കപ്പലിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവിക ഭടന്മാര്‍ അന്താരാഷ്ട്രചട്ടങ്ങള്‍ക്ക് അനുസൃതമായി പലവട്ടം മുന്നറിയിപ്പ് നല്‍കി. കടല്‍കൊള്ളക്കാര്‍ സായുധരാണെന്ന് ബൈനോക്കുലറിലൂടെ നോക്കി ഉറപ്പുവരുത്തിയശേഷം ചില മുന്നറിയിപ്പ് വെടി ഉതിര്‍ത്തു. തുടര്‍ന്ന് കടല്‍കൊള്ളക്കാര്‍ പിന്‍വാങ്ങി. പിന്നീട് ഇറ്റാലിയന്‍ കപ്പലിന്റെ മാസ്റ്ററെ ഇന്ത്യന്‍ തീരസംരക്ഷണസേന ബന്ധപ്പെടുകയും കടല്‍കൊള്ളക്കാരുടെ ആക്രമണത്തെക്കുറിച്ച് വിവരം നല്‍കുന്നതിന് കൊച്ചി ഹാര്‍ബറിലേക്ക് എത്താന്‍ അഭ്യര്‍ഥിക്കുകയുംചെയ്തു. മാസ്റ്റര്‍ ഇതംഗീകരിക്കുകയും കപ്പല്‍ കൊച്ചി ഹാര്‍ബറില്‍ നങ്കൂരമിടുകയുംചെയ്തു. ഇന്ത്യന്‍ അധികൃതരുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായി യോജിച്ച് സംഭവത്തിന്റെ എല്ലാ വശങ്ങളിലും വ്യക്തത വരുത്തും- എംബസി പ്രസ്താവനയില്‍ പറഞ്ഞു. മൊണോക്കോയിലെ സ്കോര്‍പ്പിയോ കപ്പല്‍ കമ്പനിയുടേതാണ് എന്‍റിക ലെക്സിയെന്ന എണ്ണ ടാങ്കര്‍ . ഒട്ടേറെ ടാങ്കറുകള്‍ സ്വന്തമായുള്ള വമ്പന്‍ കമ്പനിയാണ് സ്കോര്‍പ്പിയോ.
(എം പ്രശാന്ത്)

deshabhimani 170212

1 comment:

  1. മത്സ്യബന്ധനത്തിനിടെ വെടിയേറ്റ് മരിച്ച മലയാളികള്‍ കടല്‍കൊള്ളക്കാരാണെന്ന് ഇറ്റാലിയന്‍ എംബസി. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്സിയിലെ നാവികസേനാ ഉദ്യോഗസ്ഥര്‍ വെടിവച്ചത് കടല്‍കൊള്ളക്കാരെയാണെന്ന് എംബസി അവകാശപ്പെടുന്നത്. മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികഭടന്മാരെ നിയമനടപടിയില്‍നിന്ന് രക്ഷിക്കാന്‍ രാഷ്ട്രീയ- നയതന്ത്രതലത്തില്‍ ഇറ്റലി നീക്കം ശക്തിപ്പെടുത്തുകയുംചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ജന്മരാജ്യം ഉള്‍പ്പെട്ട നയതന്ത്ര വിഷയമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരും പ്രശ്നത്തില്‍ കരുതലോടെയാണ് നീങ്ങുന്നത്.

    ReplyDelete