Friday, February 17, 2012

"ധാര്‍മികത"യുടെ ഉമ്മന്‍ചാണ്ടി മോഡല്‍

പാമൊലിന്‍ ഇടപാടില്‍ നിയമക്കുരുക്ക് തനിക്കുനേരെ നീളുന്നത് കണ്ട് കേസില്ലാതാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒന്നുമറിഞ്ഞില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കിയപ്പോഴും തുടരന്വേഷണം ദുര്‍ബലമാക്കാന്‍ അണിയറനീക്കം നടത്തുമ്പോഴും വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പടക്കമുള്ളവരെ ഇറക്കിവിട്ടപ്പോഴുമെല്ലാം ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുകയായിരുന്നു അദ്ദേഹം. പ്രോസിക്യൂട്ടറെ മറികടന്ന് പുതിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി കോടതിയില്‍ സമര്‍പ്പിച്ചതിനെതുടര്‍ന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചപ്പോഴും ഇതേനാട്യത്തിലാണ് ഉമ്മന്‍ചാണ്ടി. പ്രോസിക്യൂട്ടര്‍ തുടരണമായിരുന്നെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറെ തങ്ങള്‍ മാറ്റിയിട്ടില്ലെന്നും പറയുന്നു. സര്‍ക്കാരിന് ഇങ്ങനെ മാറ്റാന്‍ അധികാരമില്ലെന്ന കാര്യം മറച്ചുപിടിച്ചാണ് തങ്ങള്‍ മാറ്റിയില്ലെന്ന അവകാശവാദം. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെടാതെതന്നെ പ്രോസിക്യൂട്ടറെ കേസില്‍നിന്ന് മാറ്റിനിര്‍ത്തുന്ന തന്ത്രവും സ്വീകരിച്ചു. ധാര്‍മികതയെയും നിയമവാഴ്ചയെയുംകുറിച്ച് വാചാലനാകുകയും അധാര്‍മികമാര്‍ഗങ്ങളിലൂടെ നിയമവാഴ്ചയ്ക്ക് തുരങ്കംവയ്ക്കുകയുമാണ് ഉമ്മന്‍ചാണ്ടി.

കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005 നവംബര്‍ നാലിന് പാമൊലിന്‍ കേസിലെ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പായ ഉടന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതും താനറിഞ്ഞിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഭാവിച്ചത്. പാമൊലിന്‍ ഇറക്കുമതി ഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടശേഷം ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശുകയായിരുന്നു വിജിലന്‍സ്.

കോടതി ഉത്തരവിനെതുടര്‍ന്ന് വിജിലന്‍സ് ചുമതല ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ധാര്‍മികത ഭാവിച്ചു. സെപ്തംബറില്‍ വിജിലന്‍സില്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പുതിയ തസ്തിക ഉണ്ടാക്കി. 1998ല്‍ വിജിലന്‍സ് നിയമോപദേശകനായിരുന്ന ജി ശശീന്ദ്രനെയാണ് ഈ തസ്തികയില്‍ നിയമിച്ചത്. പാമൊലിന്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് 1998ല്‍ നിയമോപദേശം നല്‍കിയ ശശീന്ദ്രനെ വീണ്ടും പ്രതിഷ്ഠിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിജിലന്‍സ് നേരത്തെ ചൂണ്ടിക്കാണിച്ചതിന് വിരുദ്ധമായ കണ്ടുപിടിത്തങ്ങളാണ് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എഴുതിയുണ്ടാക്കിയ പുതിയ റിപ്പോര്‍ട്ടിലുള്ളത്. ഉമ്മന്‍ചാണ്ടിയും മുസ്തഫയും മുമ്പു നല്‍കിയ മൊഴിയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. പാമൊലിന്‍ കേസ് ദുരുദ്ദേശ്യപരമാണെന്ന വാദം സുപ്രീംകോടതി ഉള്‍പ്പെടെ തള്ളിയതാണ്. കേസിലുള്‍പ്പെട്ട പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറാക്കിയത് അസാധുവാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ പാമൊലിന്‍ കേസിന്റെ ഗൗരവം സുപ്രീംകോടതി ഓര്‍മപ്പെടുത്തിയിരുന്നു.
(കെ എം മോഹന്‍ദാസ്)

വിജിലന്‍സ് തന്ത്രത്തെ എതിര്‍ത്ത പ്രോസിക്യൂട്ടറെ പുകച്ചുചാടിച്ചു

പാമൊലിന്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാജിയിലേക്ക് നയിച്ചത് എല്ലാ പ്രതികളെയും രക്ഷപ്പെടുത്താനുള്ള വിജിലന്‍സ് തന്ത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് മറ്റു പ്രതികള്‍ക്കുള്ള വിടുതല്‍ ഉത്തരവുകൂടിയാണ്. ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തുന്നതോടൊപ്പം, മറ്റു പ്രതികള്‍ക്ക് അതിന് പഴുതുണ്ടാക്കിക്കൊടുക്കുക എന്ന ദ്വിമുഖതന്ത്രമാണ് വിജിലന്‍സ് ആവിഷ്കരിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ പാമൊലിന്‍ കേസ്തന്നെ ഇല്ലാതെയാകുന്ന ഈ കള്ളക്കളിയെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ത്തത്. അതിന്റെ പേരില്‍ അദ്ദേഹത്തെ പുകച്ച് പുറത്തുചാടിച്ചിരിക്കുകയാണിപ്പോള്‍ .

പാമൊലിന്‍ കേസില്‍ വിജിലന്‍സ് നടത്തിയ മലക്കംമറിച്ചില്‍ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിജിലന്‍സ് പലതവണ നിലപാട് മാറ്റി. കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചത്. ഇത് പരിഗണിച്ച് കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. മൂന്നുമാസം പിന്നിട്ടപ്പോള്‍ അതേ എസ്പിതന്നെ കൂടുതല്‍ പ്രതികളില്ലെന്ന റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ സംശയം പ്രകടിപ്പിച്ച കോടതി, കേസ് വീണ്ടും അന്വേഷിക്കാന്‍ പറഞ്ഞു. ഉടനെ യുഡിഎഫ് നേതാക്കള്‍ ജഡ്ജിക്കുനേരെ തിരിഞ്ഞു. കേസില്‍ ജഡ്ജിയുടെ പിന്മാറ്റവും കോടതിമാറ്റവുമാണ് പിന്നീട് കണ്ടത്.
ജനുവരിയില്‍ , തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും തെരഞ്ഞെടുപ്പുഫലം വന്ന ദിവസത്തെ നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ചു. പാമൊലിന്‍ ഇറക്കുമതിയെ ന്യായീകരിച്ച വിജിലന്‍സ് എസ്പി, മറ്റു പ്രതികള്‍ നല്‍കിയ മൊഴിപോലും മറച്ചുവച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ അതോടെ എല്ലാറ്റിനും അറുതിയാകുമെന്നായിരുന്നു വിജിലന്‍സ് കണക്കുകൂട്ടിയത്. അതിനായി പല വസ്തുതയും മറച്ചുവച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി വാങ്ങാമെന്ന എസ്പിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തന്ത്രം കഴിഞ്ഞ ആഗസ്തില്‍ തിരുവനന്തപുരത്തെ സ്പെഷ്യല്‍ കോടതി നിലപാട് തടയിട്ടതാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്ത് നിയമിച്ചാണ് ഉമ്മന്‍ചാണ്ടി തുടര്‍ന്നുള്ള ചരടുവലി നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജനുവരി ആറിന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചാല്‍ പാമൊലിന്‍ കേസിന് തിരശ്ശീല വീഴും. വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കണമെന്നാണ് മറ്റു പ്രതികളുടെ നിലപാട്. തിരുവനന്തപുരം പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും പ്രതികളുടെ അഭിഭാഷകര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതില്‍നിന്ന്, എസ്പിയും വിജിലന്‍സ് ഡയറക്ടറും ഗൂഢാലോചന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയതെന്ന് വ്യക്തമാണ്. പഴയ നിഗമനങ്ങളില്‍നിന്ന് വ്യത്യസ്തമായ വാദഗതികള്‍ ഉന്നയിച്ചിരിക്കുന്നതിനാല്‍ അവ സമര്‍ഥിക്കുന്നതിന് തെറ്റായ രേഖകള്‍തന്നെ ചമയ്ക്കാമെന്നാണ് പ്രോസിക്യൂഷന്‍ ഭയക്കുന്നത്. യഥാര്‍ഥത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ ശ്രമിച്ചിരിക്കുകയാണ്.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായി നീരസം പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ഭരണമാറ്റത്തിനുശേഷമാണ്. വോട്ടെണ്ണല്‍ നടന്ന മെയ് 13ന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് പ്രോസിക്യൂട്ടര്‍ അറിയാതെയാണ്. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് പകര്‍പ്പ് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയത്. അതിനുമുമ്പ് നടന്ന ചര്‍ച്ചകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു റിപ്പോര്‍ട്ടിലെ നിഗമനം. ഈ റിപ്പോര്‍ട്ട് തള്ളിയശേഷം പ്രോസിക്യൂട്ടറുമായി കൂടിയാലോചന നടത്താനോ കേസുസംബന്ധിച്ച രേഖകള്‍ നല്‍കാനോ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. രേഖകള്‍ നല്‍കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചതും പാമൊലിന്‍ കേസിന്റെ നാള്‍വഴിയില്‍ കാണാം. രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് ജനുവരി ആറിനാണ് തൃശൂര്‍ കോടതിയില്‍ നല്‍കിയത്. പക്ഷേ, ദിവസങ്ങള്‍ക്കുശേഷമാണ് അതിന്റെ പകര്‍പ്പ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. പ്രോസിക്യൂട്ടറെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയുമ്പോള്‍ , അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് മുഖംതിരിഞ്ഞുനില്‍ക്കുകയായിരുന്നു.
(കെ ശ്രീകണ്ഠന്‍)

deshabhimani 170212

1 comment:

  1. പാമൊലിന്‍ ഇടപാടില്‍ നിയമക്കുരുക്ക് തനിക്കുനേരെ നീളുന്നത് കണ്ട് കേസില്ലാതാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒന്നുമറിഞ്ഞില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കിയപ്പോഴും തുടരന്വേഷണം ദുര്‍ബലമാക്കാന്‍ അണിയറനീക്കം നടത്തുമ്പോഴും വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പടക്കമുള്ളവരെ ഇറക്കിവിട്ടപ്പോഴുമെല്ലാം ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുകയായിരുന്നു അദ്ദേഹം. പ്രോസിക്യൂട്ടറെ മറികടന്ന് പുതിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി കോടതിയില്‍ സമര്‍പ്പിച്ചതിനെതുടര്‍ന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചപ്പോഴും ഇതേനാട്യത്തിലാണ് ഉമ്മന്‍ചാണ്ടി. പ്രോസിക്യൂട്ടര്‍ തുടരണമായിരുന്നെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറെ തങ്ങള്‍ മാറ്റിയിട്ടില്ലെന്നും പറയുന്നു. സര്‍ക്കാരിന് ഇങ്ങനെ മാറ്റാന്‍ അധികാരമില്ലെന്ന കാര്യം മറച്ചുപിടിച്ചാണ് തങ്ങള്‍ മാറ്റിയില്ലെന്ന അവകാശവാദം. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെടാതെതന്നെ പ്രോസിക്യൂട്ടറെ കേസില്‍നിന്ന് മാറ്റിനിര്‍ത്തുന്ന തന്ത്രവും സ്വീകരിച്ചു. ധാര്‍മികതയെയും നിയമവാഴ്ചയെയുംകുറിച്ച് വാചാലനാകുകയും അധാര്‍മികമാര്‍ഗങ്ങളിലൂടെ നിയമവാഴ്ചയ്ക്ക് തുരങ്കംവയ്ക്കുകയുമാണ് ഉമ്മന്‍ചാണ്ടി.

    ReplyDelete