Friday, February 24, 2012
ജീവിതക്കടല്‍ ഇവര്‍ക്ക് രചനയ്ക്ക് മഷിപ്പാത്രം
അംഗീകാരങ്ങള്‍ പോരാട്ടത്തിനുള്ള ഊര്‍ജമാണിവര്‍ക്ക്; അതേസമയം, അവാര്‍ഡുകള്‍ക്കുവേണ്ടിയല്ല ഇവര്‍ എഴുതുന്നത്. ജനങ്ങള്‍ക്കൊപ്പമുള്ള പോരാട്ടത്തിനിടെ വീണുകിട്ടുന്ന അനുഭവങ്ങളും വാക്കുകളും കുറിച്ചിടുന്നു. ജീവിതത്തിന്റെ കടല്‍തന്നെയാണ് രചനയ്ക്കുള്ള മഷിപ്പാത്രമെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ മേലാണ്‍മൈ പൊന്നുച്ചാമിക്കും സു വെങ്കടേശനും എഴുത്തുകാരെന്നല്ല, രാഷ്ട്രീയ പ്രവര്‍ത്തകരെന്ന് അറിയപ്പെടാനാണിഷ്ടം.
രാഷ്ട്രീയപ്രവര്‍ത്തനംതന്നെയാണ് തങ്ങളെ എഴുത്തുകാരാക്കിയതെന്ന് സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികളായ ഇരുവരും പറയുന്നു. അവാര്‍ഡിന്റെ അലങ്കാരത്തണലില്‍ വിശ്രമിക്കാനിവര്‍ക്ക് സമയമില്ല. തമിഴകത്തെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ സിപിഐ എം നടത്തുന്ന സന്ധിയില്ലായുദ്ധത്തിന്റെ മുന്നണിയില്‍ ഇവരുണ്ട്. തമിഴ്നാട്ടിലെ പുരോഗമനാശയക്കാരായ എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും സംഘടന മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ ഭാരവാഹികള്‍ . സിപിഐ എം മധുര ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സു വെങ്കടേശന്‍ ഉത്തപുരം മുത്താലമ്മന്‍ കോവിലില്‍ ദളിതര്‍ക്ക് പ്രവേശനം നല്‍കുന്നതിനുവേണ്ടിയുള്ള പാര്‍ടി സമരത്തിന്റെ മുന്നണിപ്പോരാളിയാണ്. "കാവല്‍കോട്ടം" എന്ന ചരിത്രാഖ്യായികയ്ക്ക് മികച്ച ആദ്യ രചനക്കുള്ള പ്രഥമ സാഹിത്യ അക്കാദമി പുരസ്കാരം സു വെങ്കടേശനെ തേടിയെത്തിയപ്പോള്‍ തമിഴകത്തിന് അത് അത്ഭുതമായില്ല. 15 വര്‍ഷത്തെ ചരിത്രാന്വേഷണത്തിന്റെ സൃഷ്ടിയായ ഈ 1058 പേജുള്ള ബൃഹദാഖ്യാനം ഇതിനകം പന്തീരായിരം കോപ്പി വിറ്റഴിഞ്ഞു. മധുര നഗരത്തിന്റെ ആറു നൂറ്റാണ്ടു നീണ്ട ചരിത്രമാണതില്‍ . നാലു കവിതാ സമാഹാരങ്ങളും ഒമ്പത് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുര്‍പോക്ക് എഴുത്താളര്‍ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ മേലാണ്‍മൈ പൊന്നുച്ചാമിയുടെ "മിന്‍സാരപ്പൂ" എന്ന കഥാസമാഹാരത്തിന് 2009ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാഡ് ലഭിച്ചു. തമിഴില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്ന്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വേറെയും. അഞ്ചാംതരംവരെ മാത്രം പഠിച്ച അദ്ദേഹത്തിന്റെ രചനകള്‍ തമിഴ്നാട്ടിലെ സര്‍വകലാശാല സിലബസിലെ അവിഭാജ്യഘടകം. "ഇനി" എന്ന നോവല്‍ കെ എസ് വെങ്കിടാചലം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. സിപിഐ എം വിരുദനഗര്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
(എന്‍ എസ് സജിത്)
deshabhimani 240212
Subscribe to:
Post Comments (Atom)

ReplyDelete