Friday, February 24, 2012

ട്രെയിന്‍ യാത്രക്കാര്‍ മദ്യപിച്ചാല്‍ തടവും പിഴയും

മദ്യപന്മാര്‍ക്ക് റയില്‍വേയുടെ കൂച്ചുവിലങ്ങ്. മദ്യപിച്ച് റയില്‍വേ പ്ലാറ്റ്‌ഫോമിലോ ട്രെയിനിനുള്ളിലെ കടന്നാല്‍ ആറു മാസം തടവും ആയിരം രൂപ പിഴയും. ട്രെയിനുകള്‍ക്കുള്ളിലെ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യന്‍ റയില്‍വേ ആക്റ്റിലെ 145 വകുപ്പു ശക്തമായി നടപ്പാക്കാനാണ് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ തീരുമാനിച്ചു. ട്രെയിനിനുള്ളിലെ മദ്യപാനവും തടയും.  എല്ലാ സ്റ്റേഷനുകളിലും ബ്രീത്ത് അനലൈസുകര്‍ സ്ഥാപിക്കും. പ്രധാന സ്റ്റേഷനുകള്‍, തിരക്കേറിയ സ്റ്റേഷനുകള്‍, പ്ലാറ്റ് ഫോമുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ബ്രീത്ത് അനലൈസറുകള്‍ ലഭ്യമാക്കുക.

മദ്യപിച്ചിട്ടുണ്ടെന്നു സംശയമുള്ളവരെ ആര്‍ പി എഫ് ബ്രീത്ത് അനലൈസ് ടെസ്റ്റിന് വിധേയമാക്കും. ഇതില്‍ 30 ശതമാനം ആല്‍ക്കഹോള്‍ സാനിധ്യം കണ്ടെത്തിയാല്‍ നിയമനടപടികള്‍ ആരംഭിക്കും. മദ്യപിച്ച ആളെ അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്ത് റയില്‍വേ ആശുപത്രികള്‍ ഉള്ള സ്ഥലങ്ങളില്‍ അവിടെയോ ഇവയില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കും. മെഡിക്കല്‍ ഓഫിസറും കസ്റ്റഡിയിലുള്ളയാള്‍ മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ റയില്‍വേ കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിക്കുകയില്ല. യാത്രക്കാരാണെങ്കില്‍ ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മദ്യപിച്ചെന്നു സംശയം തോന്നുന്നവരെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയമാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ യാത്രക്കാര്‍ പരാതി ഉന്നയിച്ചാലും പരിശോധനയ്ക്കു വിധേയമാക്കും. മദ്യപിച്ചതായി തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവോ ആയിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഉദ്യോഗസ്ഥര്‍ക്കു ഈ ശിക്ഷ ലഭിക്കുകയാണെങ്കില്‍ അടിയന്തരമായി സസ്‌പെന്റ് ചെയ്യും. തുടര്‍ന്നു വകുപ്പുതല അന്വേഷണവും പിരിച്ചുവിടലുമുണ്ടാകും.

മദ്യപാനികളെ കണ്ടെത്താന്‍ ആര്‍ പി എഫ്  നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രണ്ടു ഡിവിഷനുകളായി തിരിച്ചാണു നടപടികള്‍. ഓരോ ഡിവിഷനിലും ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ട്രെയിനിനുള്ളില്‍ ഓരോ ഡിവിഷനിലും എല്ലാ കംപാര്‍ട്ട്‌മെന്റിലും പരിശോധനകളുണ്ടാകും. അതാതു ഡിവിഷനുകളിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കാണു ഇതിന്റെ ചുമതല.

റയില്‍വേ ആക്റ്റില്‍ ഈ വ്യവസ്ഥകളുണ്ടായിരുന്നുവെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. സ്ത്രീകളെ  ശല്യപ്പെടുത്തിയതായി ഉയര്‍ന്ന പരാതികളില്‍ പ്രതികളായവരില്‍ 90 ശതമാനം പേരും മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടപടികള്‍ ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ മാവേലി, കണ്ണൂര്‍, മംഗലാപുരം എക്‌സ്പ്രസുകളില്‍ നിന്നായി 14 പേരെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വിവിധ ട്രെയിനുകളില്‍ നടത്തിയ പരിശോധനയില്‍ 26 പേര്‍ പിടിക്കപ്പെട്ടു.

janayugom 240212

2 comments:

  1. മദ്യപന്മാര്‍ക്ക് റയില്‍വേയുടെ കൂച്ചുവിലങ്ങ്. മദ്യപിച്ച് റയില്‍വേ പ്ലാറ്റ്‌ഫോമിലോ ട്രെയിനിനുള്ളിലെ കടന്നാല്‍ ആറു മാസം തടവും ആയിരം രൂപ പിഴയും. ട്രെയിനുകള്‍ക്കുള്ളിലെ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യന്‍ റയില്‍വേ ആക്റ്റിലെ 145 വകുപ്പു ശക്തമായി നടപ്പാക്കാനാണ് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ തീരുമാനിച്ചു. ട്രെയിനിനുള്ളിലെ മദ്യപാനവും തടയും. എല്ലാ സ്റ്റേഷനുകളിലും ബ്രീത്ത് അനലൈസുകര്‍ സ്ഥാപിക്കും. പ്രധാന സ്റ്റേഷനുകള്‍, തിരക്കേറിയ സ്റ്റേഷനുകള്‍, പ്ലാറ്റ് ഫോമുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ബ്രീത്ത് അനലൈസറുകള്‍ ലഭ്യമാക്കുക.

    ReplyDelete
  2. wow wow... who the hell made this rule? how about public bus?

    now every licensed bar should close or they should provide a taxi for the returns :)

    ReplyDelete