Sunday, February 5, 2012

"വ്യക്തിപരമായ നേട്ടത്തിന് അഴിമതി നടത്തിയാലേ ക്രിമിനല്‍കുറ്റമാകൂ"

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പൊതുപ്രവര്‍ത്തകന്‍ അഴിമതി നടത്തിയാല്‍ മാത്രമേ ക്രിമിനല്‍കുറ്റമാകൂവെന്ന് ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിക്കൊണ്ട് പ്രത്യേക സിബിഐ കോടതി വിധിച്ചു. 2ജി ഇടപാടില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് അഴിമതിയോ നിയമവിരുദ്ധപ്രവര്‍ത്തനമോ അധികാരദുര്‍വിനിയോഗമോ ചിദംബരത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് രേഖയില്ല. എന്നാല്‍ , ഇത്തരത്തിലുള്ള തെളിവുകള്‍ കേസിലെ മറ്റു പ്രതികള്‍ക്കെതിരെയുണ്ട്. ടെലികോം നയം അട്ടിമറിക്കുന്നതിനും വ്യക്തിപരമായ നേട്ടത്തിനും രാജയും ചിദംബരവും കരാറില്‍ എത്തിയെന്നതിന് തെളിവില്ല. നിര്‍ണായകമായ എന്തെങ്കിലും നടപടി ചിദംബരത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവിടെയും ഇവിടെയും കുറച്ച് തെളിവുകള്‍ ഉണ്ടെന്നതുമാത്രം ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവാകില്ല. ഒരു തീരുമാനവുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രതിയാക്കാനാകില്ല. തീരുമാനം എടുത്ത വ്യക്തിയുടെ പങ്ക്, എടുത്ത സാഹചര്യം, അതിന്റെ ഉദ്ദേശ്യം എന്നിവയാണ് പരിഗണിക്കേണ്ടത്. വസ്തുതകളില്‍നിന്നും കേസിന്റെ സാഹചര്യങ്ങളില്‍നിന്നുമാകണം താല്‍പ്പര്യങ്ങള്‍ വെളിപ്പെടേണ്ടത്. ഒരു തീരുമാനവുമായി സഹകരിച്ചു എന്നതുമാത്രം കുറ്റകരമല്ല. അല്ലെങ്കില്‍ ഒരു തീരുമാനമെന്നത് ക്രിമിനല്‍കുറ്റത്തിന്റെ സൂചനയല്ല. വെറും സഹകരണം മാത്രമല്ലാതെ അതിനപ്പുറം വസ്തുതകളുണ്ടാകണം. മറ്റുള്ളവരുമായി ചേര്‍ന്നുള്ള നിര്‍ദോഷവും ദുരുദ്ദേശ്യപരമല്ലാത്തതുമായ പ്രവൃത്തികള്‍ ഒരാളെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കില്ല. അങ്ങനെയല്ലെന്നതിന് തെളിവുകള്‍ വേണം. ഈ കേസില്‍ അതില്ല.

ക്രിമിനല്‍ ഗൂഢാലോചനയില്‍ രണ്ടുപേര്‍ സ്വതന്ത്രമായി നീങ്ങുകയായിരുന്നോ അതോ നിയമവിരുദ്ധമായി നീങ്ങുന്നതിന് യോജിച്ചുനീങ്ങുകയായിരുന്നോ എന്നത് സുപ്രധാനമാണ്. ഒരാള്‍ ചിലപ്പോള്‍ നിര്‍ദോഷമായാണ് നീങ്ങിയതെങ്കില്‍ അതിനെ ഗൂഢാലോചനയായി കാണേണ്ടതില്ല. 2003ലെ മന്ത്രിസഭാക്കുറിപ്പുപ്രകാരം ധനമന്ത്രിയും ടെലികോംമന്ത്രിയും സംയുക്തമായി സ്പെക്ട്രം വില നിര്‍ണയിക്കണമെന്നുണ്ട്. സ്പെക്ട്രത്തിന് 2001ലെ നിരക്കുതന്നെ മതിയെന്നതിനോട് ചിദംബരം യോജിക്കുകയും പുനഃപരിശോധന വേണ്ടെന്ന് രാജയോട് പറയുകയും ചെയ്തു. ഇക്കാര്യം പ്രധാനമന്ത്രിയെയും അറിയിച്ചു. ഇത് തെളിയിക്കുന്ന രേഖകളുണ്ട്. എന്നാല്‍ , 2001ലെ വിലതന്നെ നിശ്ചയിച്ചതില്‍ ചിദംബരം ബോധപൂര്‍വം പ്രവര്‍ത്തിച്ചുവെന്നതിന് രേഖയില്ല. രണ്ടു കമ്പനികള്‍ ഓഹരിവിറ്റതിലും ചിദംബരത്തിന്റെ വഞ്ചനാപരമായ ഇടപെടലിന് രേഖയൊന്നുമില്ല. അതുകൊണ്ട് ഈ രണ്ടു പ്രവൃത്തിയും നിയമവിരുദ്ധമാണെന്ന് പറയാനാകില്ല. ചിദംബരത്തിന്റെ ഭാഗത്തുനിന്ന് മറ്റെന്തെങ്കിലും തെറ്റായ നടപടികള്‍ക്കും രേഖയൊന്നുമില്ല. ഖജനാവിന് നഷ്ടംവരികയോ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടാവുകയോ ചെയ്തു എന്നതുകൊണ്ടുമാത്രം ഒരു പൊതുപ്രവര്‍ത്തകന്‍ എടുത്ത തീരുമാനം ക്രിമിനല്‍കുറ്റമാകില്ല. യോഗങ്ങളില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത് ക്രിമിനല്‍നടപടിയല്ല- പ്രത്യേക കോടതി വിധിച്ചു.

കേസുമായി മുന്നോട്ടുപോകും: സുബ്രഹ്മണ്യന്‍ സ്വാമി

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഹര്‍ജി തള്ളിയ വിചാരണക്കോടതി തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ച സ്വാമി തന്റേത് വളരെ ശക്തമായ കേസാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വിധി തിരുത്തേണ്ടതുണ്ട്. താന്‍ മേല്‍ക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കണോ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ നേരിട്ട് സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തനിക്ക് ഇത് ആദ്യ അനുഭവമല്ല. പ്രോസിക്യൂഷന്‍ അനുമതി, ലൈസന്‍സ് റദ്ദാക്കല്‍ എന്നീ അപേക്ഷകളില്‍ ഹൈക്കോടതി എടുത്ത തീരുമാനം പിന്നീട് സുപ്രീംകോടതി തിരുത്തി. ഹര്‍ജി തള്ളാന്‍ ജഡ്ജി നിരത്തുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്- സ്വാമി പറഞ്ഞു.

സ്പെക്ട്രം ഇടപാടില്‍ ചിദംബരം കുറ്റക്കാരനല്ലെന്നു തെളിഞ്ഞിരിക്കയാണെന്ന് ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിധി ആശ്വാസകരമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞു. വിചാരണക്കോടതി വിധി മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പല്‍ ബസു പറഞ്ഞു. ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്നും ബസു ആവശ്യപ്പെട്ടു. വിധി അന്തിമമല്ലെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

deshabhimani 050212

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഹര്‍ജി തള്ളിയ വിചാരണക്കോടതി തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ച സ്വാമി തന്റേത് വളരെ ശക്തമായ കേസാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ReplyDelete