Thursday, February 16, 2012

യെച്ചൂരിയുടെ പ്രസംഗം: മനോരമ വാര്‍ത്ത അസംബന്ധം-സിപിഐ എം

സിപിഐ എം സംസ്ഥാന സമ്മേളന സമാപനറാലിയില്‍ സീതാറാം യെച്ചൂരിയൂടെ പ്രസംഗം ബോധപൂര്‍വം ഒഴിവാക്കിയെന്ന രീതിയില്‍ മനോരമ പത്രം രചിച്ച വാര്‍ത്ത അര്‍ഥശൂന്യവും നിലവാരമില്ലാത്തതുമാണെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ അഭൂതപൂര്‍വമായ വിജയം സഹിക്കാനാവാതെയാണ് കേരളത്തിലെ രാഷ്ട്രീയ വലതുപക്ഷത്തിന്റെ മുഖപത്രം ഈ കള്ളക്കഥയുമായി രംഗപ്രവേശം ചെയ്തതെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

പ്രതിനിധിസമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമാപനസമ്മേളനം ചേരുകയും സമ്മേളനത്തിന്റെ പൊതുകാര്യങ്ങളെക്കുറിച്ച് അധ്യക്ഷപ്രസംഗത്തില്‍ വിശദീകരിക്കുകയുംചെയ്യുന്നത് സാധാരണ രീതിയാണ്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. സമാപനസമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന പിണറായി വിജയന്റെ പ്രസംഗത്തിനുശേഷം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനംചെയ്തു. പിണറായി ആദ്യം പ്രസംഗിച്ചത് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പ്രസംഗം ഒഴിവാക്കാനാണെന്ന മനോരമ വാര്‍ത്ത അസംബന്ധമാണ്. പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിനു പിന്നാലെ യെച്ചൂരി പ്രസംഗിക്കുമെന്ന് യോഗസംഘാടകര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്ന മനോരമയുടെ കണ്ടുപിടിത്തം കല്ലുവച്ച നുണയാണ്. വൈകിട്ട് ഏഴേകാലിന് വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന സാഹചര്യത്തില്‍ സമ്മേളന വേദിയിലുള്ളവരോട് യാത്രചോദിച്ചാണ് യെച്ചൂരി പോയത്. വിമാനസമയം കണക്കിലെടുക്കുമ്പോള്‍ , പിണറായിയുടെ പ്രസംഗം പിന്നീടാക്കാന്‍ തീരുമാനിച്ചാലും ഉദ്ഘാടനത്തിനുശേഷം യെച്ചൂരിക്ക് പ്രസംഗിക്കാന്‍ കഴിയുമായിരുന്നില്ല. കാരാട്ടിന്റെ പ്രസംഗത്തിനുശേഷം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് പ്രസംഗിച്ചത്.

പൊതുസമ്മേളനത്തിലെ പ്രാസംഗികരുടെ മുന്‍ഗണനാക്രമത്തിന്റെ കാര്യം പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാന്‍ വ്യാജവാര്‍ത്ത ചമയ്ക്കുകയും അത് യെച്ചൂരിയുടെ ചിത്രംസഹിതം പത്രത്തിന്റെ ഒന്നാംപേജില്‍ വിന്യസിക്കുകയുംചെയ്തത് നീചമായ മാധ്യമപ്രവര്‍ത്തനമാണ്. കമ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയാക്കിയ മനോരമ ആ ദിശയിലുള്ള പ്രവര്‍ത്തനത്തില്‍ എത്രമാത്രം തരംതാഴുമെന്നതിന് ദൃഷ്ടാന്തംകൂടിയാണിത്. സമ്മേളനം പൂര്‍ത്തിയായി നാലുദിവസം കഴിഞ്ഞ് ഇത്തരമൊരു ഭാവനാസൃഷ്ടിയുമായി മനോരമ രംഗത്തെത്തിയത് അങ്ങേയറ്റം അധിക്ഷേപകരമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവഹേളിക്കുന്നതിന് വലതുപക്ഷ മാധ്യമങ്ങള്‍ നിലവാരമില്ലാത്ത നുണക്കഥകള്‍ ചമയ്ക്കുന്നത് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ടെന്ന് സെക്രട്ടറിയറ്റ് ഓര്‍മപ്പെടുത്തി.

ബിനോയ് വിശ്വം പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമനടപടി

സിപിഐ എം സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നടത്തിയതാണെന്ന വസ്തുതാവിരുദ്ധ പ്രസ്താവന, ദുരഭിമാനം വെടിഞ്ഞ് പിന്‍വലിക്കാന്‍ സിപിഐ നേതാവ് ബിനോയ് വിശ്വം അടിയന്തരമായി തയ്യാറാകണമെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന അന്തസ്സില്ലാത്ത നിലപാട് തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബിനോയ് വിശ്വത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ആരുടെയോ ദുര്‍ബോധനത്തിന്റെ ഫലമായി ഇദ്ദേഹം വ്യാജനിര്‍മിതിയുടെ അഴുക്കുചാലില്‍ വീഴുകയായിരുന്നുവെന്നു കരുതണം. അല്ലെങ്കില്‍ ഐടുഐ എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് സംസ്ഥാന സമ്മേളനം നടത്തിയതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കില്ലായിരുന്നു. ഏതെങ്കിലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് സംഘടിപ്പിക്കാന്‍ കഴിയുന്നതല്ല ചരിത്രമായി മാറിയ സിപിഐ എം സംസ്ഥാന സമ്മേളനം. പാര്‍ടിക്ക് അതിന്റെ ആവശ്യവുമില്ല. തിരുവനന്തപുരത്ത് ആദ്യമായെത്തിയ പാര്‍ടി സംസ്ഥാന സമ്മേളനം ചരിത്രത്താളുകളില്‍ ഇടംപിടിക്കുന്നതിനുവേണ്ടി മാസങ്ങള്‍ക്കുമുമ്പേ ജില്ല തയ്യാറെടുത്തിരുന്നു. മുപ്പതിനായിരത്തിലധികം വരുന്ന പാര്‍ടി അംഗങ്ങളും അതിനേക്കാള്‍ എത്രയോ മടങ്ങ് വരുന്ന അനുഭാവികളും ബഹുജനസംഘടനാ അംഗങ്ങളും അക്ഷീണം പരിശ്രമിച്ചാണ് സമ്മേളനം അവിസ്മരണീയമാക്കിയത്.

സമ്മേളനത്തിന്റെ മുന്നോടിയായി ഫെബ്രുവരി ഒന്നിന് ജില്ലയിലെ മൂന്നുലക്ഷത്തിലധികം വീടുകളിലാണ് പതാക ഉയര്‍ന്നത്. ദേശീയശ്രദ്ധയാകര്‍ഷിച്ച ചരിത്രപ്രദര്‍ശനം, നാടുണര്‍ത്തിയ കായികമത്സരങ്ങള്‍ , സാംസ്കാരിക പരിപാടികള്‍ , സെമിനാര്‍ ഇതിനെല്ലാം പുറമെ തലസ്ഥാനനഗരി ഇതഃപര്യന്തം കണ്ട ഏറ്റവും വലിയ ചുവപ്പുസേനാ മാര്‍ച്ചും റാലിയും- ഇതിന്റെയെല്ലാം പിന്നിലെ വിജയഘടകം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘടനാ കരുത്തും പ്രസ്ഥാനത്തോട് ബഹുജനങ്ങള്‍ക്കുള്ള അഭേദ്യമായ സ്നേഹബന്ധവുമാണ്. ഐടുഐ എന്ന കമ്പനിയുമായി പാര്‍ടിക്ക് ഒരുതരത്തിലുള്ള ബന്ധവുമില്ല. ഈ കമ്പനിതന്നെ സിപിഐ നേതാവിന്റെ ആക്ഷേപം തെറ്റാണെന്ന് വ്യക്തമാക്കിയതാണ്. ഇത്രയൊക്കെ ആയിട്ടും പറ്റിയ തെറ്റ് തിരുത്താന്‍ ബിനോയ് വിശ്വം തയ്യാറായിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണം പടച്ചുവിട്ടതില്‍ ജില്ലയിലെ സിപിഐ നേതാക്കള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് അവരില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

സിപിഐ എമ്മും സിപിഐയും കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ കാലഘട്ടം ആഹ്വാനംചെയ്യുന്ന വേളയില്‍ അതിന് വിരുദ്ധമായ നടപടിയായി ബിനോയ് വിശ്വത്തിന്റെ ആക്ഷേപം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുകയാണ്. പിന്‍വലിക്കാനുള്ള വിവേകം ഇദ്ദേഹം കാണിക്കുന്നില്ലെങ്കില്‍ നിയമനടപടിയുടെ വഴി സിപിഐ എം തേടുമെന്ന് ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani 160212

1 comment:

  1. സിപിഐ എം സംസ്ഥാന സമ്മേളന സമാപനറാലിയില്‍ സീതാറാം യെച്ചൂരിയൂടെ പ്രസംഗം ബോധപൂര്‍വം ഒഴിവാക്കിയെന്ന രീതിയില്‍ മനോരമ പത്രം രചിച്ച വാര്‍ത്ത അര്‍ഥശൂന്യവും നിലവാരമില്ലാത്തതുമാണെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ അഭൂതപൂര്‍വമായ വിജയം സഹിക്കാനാവാതെയാണ് കേരളത്തിലെ രാഷ്ട്രീയ വലതുപക്ഷത്തിന്റെ മുഖപത്രം ഈ കള്ളക്കഥയുമായി രംഗപ്രവേശം ചെയ്തതെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

    ReplyDelete