Thursday, February 16, 2012
ബംഗാളില്‍ സിപിഐ എം തിരിച്ചുവരും: കാരാട്ട്
ഇന്ത്യന്‍ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മഹാനായ നേതാവ് ജ്യോതിബസുവിന്റെ സ്മരണ നിറഞ്ഞ ആവേശകരമായ അന്തരീക്ഷത്തില്‍ സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച കൊല്‍ക്കത്തയില്‍ ഉജ്വല തുടക്കം. ജ്യോതിബസു നഗറിലെ (കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി ഓഫീസായ പ്രമോദ്ദാസ് ഗുപ്ത ഭവന്) ഹര്‍കിഷന്‍സിങ് സുര്‍ജിത് മഞ്ചില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കംകുറിച്ച് കാരാട്ട് പതാക ഉയര്‍ത്തി. കാരാട്ട്, പി ബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ബിമന്‍ ബസു, ബുദ്ധദേവ് ഭട്ടാചാര്യ, മുഹമ്മദ് അമീന് , നിരുപം സെന്‍ , കെ വരദരാജന് , കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ , സമ്മേളന പ്രതിനിധികള്‍ തുടങ്ങിയവര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സമ്മേളനത്തിന് മുന്നോടിയായി ഗായകസംഘം വിപ്ലവഗാനങ്ങള്‍ ആലപിച്ചു. ബിനയ് കോനാര്‍ , ബനാനി ബിശ്വാസ്, മുഹമ്മദ് സലിം, രൂപ്ചന്ദ് മുര്‍മു, ദിനേശ് ഡാക്കുവ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.
ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, എം കെ പന്ഥെ തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്കും തൃണമൂല്‍ -കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ രക്തസാക്ഷികളായ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും സമ്മേളന കാലയളവില്‍ അന്തരിച്ച വിവിധ മേഖലകളിലെ പ്രമുഖര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടനസമ്മേളനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം 2011ഏപ്രില്‍ വരെ 506 പാര്‍ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മേയില്‍ തൃണമൂല്‍ സഖ്യ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ 56 ഇടതുമുന്നണി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. തെറ്റുകള്‍ തിരുത്തി, ആശയപരമായും രാഷ്ട്രീയമായും കൂടുതല്‍ ശക്തിയുള്ള, ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ വിപുലമായ സ്വാധീനമുള്ള പാര്‍ടിയായി സിപിഐ എമ്മിനെ മാറ്റിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അതേ ജനവിരുദ്ധനയങ്ങള്‍ തന്നെയാണ് ബംഗാളില്‍ മമതാ സര്‍ക്കാരും കൈക്കൊള്ളുന്നത്. ഈ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് വരുംനാളുകളില്‍ ശക്തമായ പ്രക്ഷോഭംനടത്തും. റിപ്പോര്ട്ടിന്മേല് ബുധനാഴ്ച വൈകിട്ട് ചര്‍ച്ച ആരംഭിച്ചു. നിരീക്ഷകര്‍ ഉള്‍പ്പെടെ 800പേരാണ് സമ്മേളന പ്രതിനിധികള്‍ . സമ്മേളനം സമാപിക്കുന്ന 19ന് ബ്രിഗേഡ് പരേഡ് മൈതാനിയില്‍ വന്‍ റാലി നടക്കും.
(വി ജയിന്)
ബംഗാളില്‍ സിപിഐ എം തിരിച്ചുവരും: കാരാട്ട്
കൊല്‍ക്കത്ത: ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള പ്രക്ഷോഭങ്ങളിലൂടെ പശ്ചിമബംഗാളില്‍ സിപിഐ എം വന്‍ ശക്തിയായി തിരിച്ചുവരുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ടി ബംഗാള്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
പാര്‍ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന 34 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം ജനാധിപത്യ സംവിധാനത്തില്‍ അപൂര്‍വമായ സംഭവമായിരുന്നു. ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ നടപ്പാക്കിയ ഇടതുമുന്നണി സര്‍ക്കാരിന് പക്ഷേ, വികസനപരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ചില വീഴ്ചകള്പറ്റി. അതാണ് ജനങ്ങളുടെ അതൃപ്തിക്കും തെരഞ്ഞെടുപ്പു പരാജയത്തിനും കാരണമായത്. തെറ്റുകള്‍ തിരുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നേറാന്‍ കഴിയുന്ന പ്രസ്ഥാനമാണ് സിപിഐ എം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകതന്നെചെയ്യും. പാര്‍ടിയെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ്-തൃണമൂല്‍കോണ്‍ഗ്രസ് സഖ്യം നടത്തുന്ന ശ്രമം വിജയിക്കില്ല. ജനങ്ങള്‍ക്കുവേണ്ടി പോരാടുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പാര്‍ടിയെ ജനങ്ങള്‍തന്നെ സംരക്ഷിക്കുമെന്നും കാരാട്ട് പറഞ്ഞു.
പിന്തിരിപ്പന് ശക്തികളുടെ ആക്രമണം ചെറുക്കാന്‍ ബംഗാള്‍ പാര്‍ടി തനിച്ചല്ല. രാജ്യത്താകെയുള്ള പ്രസ്ഥാനം ബംഗാളിലെ പാര്‍ടിക്കൊപ്പമുണ്ട്. ബംഗാള്‍ പാര്‍ടിക്ക് സഹായവുമായി എല്ലാവരും രംഗത്തുവന്നു. കേരളത്തില്‍നിന്ന് മാത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്നര കോടി രൂപയാണ് സമാഹരിച്ചു നല്‍കിയത്. കേരളത്തിലെ പാര്‍ടിയും ബഹുജനങ്ങള്‍ ഒന്നാകെയും ബംഗാളിലെ പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യം ഇതില്‍നിന്ന് വ്യക്തമാണ്- കാരാട്ടിന്റെ ഈ വാക്കുകള്‍ പ്രതിനിധികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. രാജ്യത്ത് പ്രധാന ഇടതുപക്ഷ പാര്‍ടിയെന്ന നിലയില്‍ എല്ലാഇടതുപാര്ടികളുടെയും ഐക്യവും യോജിച്ചുള്ള പ്രക്ഷോഭവും ശക്തിപ്പെടുത്തുകയെന്ന അടിയന്തര ഉത്തരവാദിത്തമാണ് പാര്‍ടിക്ക് ഏറ്റെടുക്കാനുള്ളത്. കോണ്‍ഗ്രസ്-ബിജെപി ഇതര ജനാധിപത്യപാര്‍ടികളെ സംഘടിപ്പിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ ഐക്യം കെട്ടിപ്പടുക്കുകയെന്നതും മുഖ്യമായ പരിപാടിയാണ്. അതോടൊപ്പം പാര്‍ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനവും സ്വാധീനവും ശക്തമാക്കും.
വിനാശകരമായ നവ ഉദാരനയങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷംമാത്രമാണ്. സാമ്പത്തിക ഉദാരനയത്തിനും അഴിമതിക്കും സാമ്രാജ്യത്വത്തിനും കീഴടങ്ങുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സിപിഐ എം കടുത്ത ആക്രമണം നേരിടുന്നു. എന്നാല്‍ , പോരാട്ടങ്ങളില്‍നിന്ന് പാര്‍ടിയെ പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിയില്ല. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരായ പോരാട്ടത്തിലും വീഴ്ച വരുത്തില്ല. ലോക മുതലാളിത്തം അനുദിനം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തികനയങ്ങള്‍ക്കെതിരായി ശക്തമായ ജനകീയപ്രക്ഷോഭമാണ് അതത് രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് കൂടുതല്‍&ലവേ; ജനങ്ങളും രാജ്യങ്ങളും മനസ്സിലാക്കി വരുന്നു- കാരാട്ട് പറഞ്ഞു.
(ഗോപി)
ബസുവില്ലാത്ത വംഗനാടിന്റെ ആദ്യ സമ്മേളനം
കൊല്‍ക്കത്ത: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും മഹാനായ നേതാവിന്റെ അസാന്നിധ്യമാണ് ബുധനാഴ്ച ആരംഭിച്ച സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. 23 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ അഭാവത്തില്‍ വംഗനാട്ടിലെ ആദ്യ സംസ്ഥാനസമ്മേളനമാണിത്. ജ്യോതിബസുവിന്റെ പേരില്‍ നാമകരണംചെയ്ത സമ്മേളന നഗരിയില്‍ മഹാനായ നേതാവിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഏഴ് ദശകം തൊഴിലാളിവര്‍ഗത്തിനുവേണ്ടി നിസ്വാര്‍ഥ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു ജ്യോതിബസുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആധുനികബംഗാളിന് രൂപം നല്കിയ ഏറ്റവുംജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. സാര്‍വദേശീയമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയേറ്റ നാളുകളിലും മാര്‍ക്സിസം-ലെനിനിസത്തില്‍ അടിയുറച്ചുനിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ച പ്രമുഖ നേതാവായിരുന്നു ജ്യോതിബസുവെന്ന് സമ്മേളനം അനുസ്മരിച്ചു. ബിനയ് കോനാര്‍ ആണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
deshabhimani 160212
Labels:
പാര്‍ട്ടി കോണ്‍ഗ്രസ്,
ബംഗാള്‍,
ബസു,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)

ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള പ്രക്ഷോഭങ്ങളിലൂടെ പശ്ചിമബംഗാളില്‍ സിപിഐ എം വന്‍ ശക്തിയായി തിരിച്ചുവരുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ടി ബംഗാള്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
ReplyDelete