Friday, February 24, 2012

ലീഗ് അജന്‍ഡ സിപിഐ എം പ്രവര്‍ത്തകരെ നാടുകടത്തല്‍

"വീടും പറമ്പും കിട്ടിയ വിലയ്ക്ക് കൊടുത്ത് സ്ഥലം വിടണം. ഇല്ലെങ്കില്‍ കൊന്നുകുഴിച്ചുമൂടും"- പട്ടുവം അരിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിനുറുക്കി, വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുമ്പോള്‍ മുസ്ലിംലീഗ് ക്രിമിനലുകള്‍ ആവര്‍ത്തിച്ച വാചകമാണിത്. സിപിഐ എം കുടുംബങ്ങളെയും അനുഭാവികളെയും തുരത്തിയോടിച്ച് അരിയില്‍ "പച്ചത്തുരുത്താക്കാന്‍" പുറപ്പെട്ട ലീഗുകാര്‍ക്ക് വ്യക്തമായ പദ്ധതിയും അജന്‍ഡയുമുണ്ടായിരുന്നു. തലമുറകളായി ഇവിടെ താമസിക്കുന്നവരെ നാടുകടത്തുന്ന പദ്ധതിയാണ് തീവ്രവാദികളെ ഉപയോഗിച്ച് ലീഗ് നടപ്പാക്കിയത്. അരിയില്‍മുതല്‍ തളിപ്പറമ്പ് നഗരത്തില്‍വരെ ഇത് പടര്‍ന്നു. അക്രമത്തിന് വിധേയമായ വീടുകളില്‍നിന്ന് പുരുഷന്മാര്‍ സ്ഥലംവിട്ടു. രണ്ടുവീടുകളില്‍ ആരും താമസിക്കുന്നില്ല. ഭയപ്പെടുത്തി കീഴടക്കുകയെന്ന തന്ത്രമാണ് ലീഗ് ആവിഷ്കരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ എടുത്തുകൊണ്ടുപോയി തലങ്ങും വിലങ്ങും വെട്ടിയ മകന്റെ രക്തത്തില്‍ കുളിച്ച ദേഹം കണ്ട വി മോഹനന്റെ അമ്മ കല്യാണി ഇപ്പോഴും വിറങ്ങലിച്ച അവസ്ഥയിലാണ്. മോഹനന്റെ വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. അരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ മത്സ്യത്തൊഴിലാളിയായ രാജീവന്റെ വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ല. വീട്ടിലെ നശിപ്പിച്ച സാധനങ്ങള്‍ കിണറ്റിലാണ് ഉപേക്ഷിച്ചത്. വീട് നിര്‍മിക്കാന്‍ രാജീവന്‍ വായ്പയെടുത്ത് ഷെല്‍ഫില്‍ സൂക്ഷിച്ച 60000 രൂപയും അക്രമികള്‍ കവര്‍ന്നു. തൊട്ടടുത്ത പി വി സതീശന്റെ വീട്ടിലുള്ളവരും ഭയന്ന് ബന്ധുവീട്ടിലേക്ക് രക്ഷപ്പെട്ടു. അരിയിലെ സി ഗോപാലന്റെ ചായക്കടയും തല്ലിത്തകര്‍ത്തു. സമീപത്തെ എ കെ ജി വായനശാല ആറാംതവണയാണ് ലീഗുകാര്‍ തകര്‍ക്കുന്നത്. വിധവയായ പങ്കജത്തിന്റെ വീട്ടിലെ സാധനങ്ങളും നശിപ്പിച്ചു. അക്രമം കണ്ട് പങ്കജത്തിന്റെ മകന്‍ പേടിച്ചോടി. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ബുദ്ധിവളര്‍ച്ചയില്ലാത്ത സഹോദരി മാത്രമാണ് ഇവര്‍ക്കു കൂട്ട്. കള്ളുവയല്‍ കണ്ണന്റെ വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മകന്‍ ഷാജിയുടെ ഓട്ടോയും പ്രകടനമായി എത്തിയവര്‍ തല്ലിത്തകര്‍ത്തു. കണ്ണന്റെ സഹോദരി നാരായണിയുടെ വീടും ആക്രമിച്ചു. വേലിക്കകത്ത് നാരായണന്റെ വീടാക്രമിക്കാന്‍ എത്തിയവര്‍ മകന്‍ ഉമേഷിനെ കൊല്ലുമെന്ന് ഭീഷണിമുഴക്കി. തൊട്ടടുത്ത കെ കരുണന്റെ വീടിനുനേരെയും അക്രമമുണ്ടായി. കൊന്നാലും പോകാന്‍ മനസ്സില്ലെന്ന കരുണന്റെ നിശ്ചയദാര്‍ഢ്യം കൂടുതല്‍ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചു.
മുള്ളൂല്‍ എ കെ ജി മന്ദിരവും ഒപ്പമുള്ള ടി വി രാമകൃഷ്ണന്‍ മെമ്മോറിയല്‍ ക്ലബ്ബും ഗ്രന്ഥാലയവും തകര്‍ത്തു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായാണ് അക്രമം. എ കെ ജി മന്ദിരം മുമ്പും ലീഗ് അക്രമത്തിന് ഇരയായിട്ടുണ്ട്. സിപിഐ എം, ഡിവൈഎഫ്ഐ കൊടിമരവും പിഴുതെടുത്തു. ദേശാഭിമാനി വിതരണത്തിനിടെ ലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനും കുടുംബവും നേതാക്കളോട് പറഞ്ഞത് ലീഗുകാര്‍ കാലങ്ങളായി പട്ടുവത്ത് നടത്തുന്ന ക്രൂരതകളാണ്. പറപ്പൂലിലെ ഗള്‍ഫുകാരനായ ഗിരീഷിന്റെ ആള്‍താമസമില്ലാത്ത വീട്, എല്‍ഐസി ഏജന്റ് രാമചന്ദ്രന്റെ വീടും കാറും, റിട്ട. ഫാര്‍മസിസ്റ്റ് പി എം രവികൃഷ്ണന്‍ , ഷൈനി, പി പി രാഘവന്‍ നമ്പ്യാര്‍ എന്നിവരുടെ വീടുകള്‍ എന്നിവയ്ക്കും ഹര്‍ത്താല്‍ ദിവസം കല്ലേറുണ്ടായി. ഹരിഹര്‍ ജങ്ഷനിലെ എന്‍ വി ചന്ദ്രന്റെ കൃഷ്ണ ഹോട്ടല്‍ , കള്ളുഷാപ്പ്, ലൂര്‍ദ് ഹോട്ടലിന് പിറകിലെ ഉമാദേവിയുടെ വീട് എന്നിവയും ആക്രമിച്ചു.

ഹരിഹര്‍ ജങ്ഷന്‍ ഷാപ്പില്‍നിന്ന് 28 ലിറ്റര്‍ കള്ളുകുടിച്ചതിന് ശേഷമാണ് "മദ്യവിരുദ്ധര്‍" മറ്റിടങ്ങളില്‍ അക്രമത്തിന് പോയത്. ഉമാദേവിയുടെ മുളകുപൊടി പ്രയോഗം കൂടുതല്‍ അക്രമത്തില്‍നിന്ന് ലീഗുകാരെ പിന്തിരിപ്പിച്ചു. തളിപ്പറമ്പ് ചിറവക്കിലെ എം സി ലക്ഷ്മണന്റെ തയ്യല്‍ക്കടയിലെ നാലു മെഷീനുകളും തുണിത്തരങ്ങളും തീയിട്ട് നശിപ്പിച്ചു. ഒരു രാഷ്ട്രീയവുമില്ലാത്ത തന്നോട് എന്തീനി ക്രൂരതകാട്ടിയെന്നാണ് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് ലക്ഷ്മണന്‍ ചോദിച്ചത്. ബിടെക്കിന് പഠിക്കുന്ന രണ്ടു പെണ്‍മക്കളുടെ പഠനം തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് 22 വര്‍ഷമായി തയ്യല്‍ക്കട നടത്തുന്ന ലക്ഷ്മണന്‍ . മക്തബ് പത്രത്തിന്റെ പ്രസ്സിന് തീയിട്ടതും ഈ അക്ഷരവിരോധികളുടെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കിയത്.

സാന്ത്വനവുമായി നേതാക്കളെത്തി

തളിപ്പറമ്പ്: മുസ്ലിംലീഗുകാര്‍ അക്രമം അഴിച്ചുവിട്ട പട്ടുവം പഞ്ചായത്തിലും തളിപ്പറമ്പിലും സിപിഐ എം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലാണ് നേതാക്കളെത്തിയത്. മാരകമായി വെട്ടിപ്പരിക്കേല്‍പിച്ച ശേഷം മുസ്ലിംലീഗുകാര്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞ അരിയിലെ വെള്ളേരി മോഹനന്റെ വീട്ടിലാണ് നേതാക്കള്‍ ആദ്യമെത്തിയത്. അക്രമികള്‍ തീവച്ചുനശിപ്പിച്ച തളിപ്പറമ്പിലെ മക്തബ് പ്രിന്റിങ് പ്രസിന്റെ ഉടമ എം എം ബേബിയുള്‍പ്പെടെ അക്രമത്തിനിരയായവരുടെ വീടുകളില്‍ നേതാക്കളെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ , ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ നാരായണന്‍ എംഎല്‍എ, എം സുരേന്ദ്രന്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വാസുദേവന്‍ , കെ കുഞ്ഞപ്പ, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുതോമസ്, തളിപ്പറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ മുരളീധരന്‍ , സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

deshabhimani 240212

1 comment:

  1. "വീടും പറമ്പും കിട്ടിയ വിലയ്ക്ക് കൊടുത്ത് സ്ഥലം വിടണം. ഇല്ലെങ്കില്‍ കൊന്നുകുഴിച്ചുമൂടും"- പട്ടുവം അരിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിനുറുക്കി, വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുമ്പോള്‍ മുസ്ലിംലീഗ് ക്രിമിനലുകള്‍ ആവര്‍ത്തിച്ച വാചകമാണിത്. സിപിഐ എം കുടുംബങ്ങളെയും അനുഭാവികളെയും തുരത്തിയോടിച്ച് അരിയില്‍ "പച്ചത്തുരുത്താക്കാന്‍" പുറപ്പെട്ട ലീഗുകാര്‍ക്ക് വ്യക്തമായ പദ്ധതിയും അജന്‍ഡയുമുണ്ടായിരുന്നു. തലമുറകളായി ഇവിടെ താമസിക്കുന്നവരെ നാടുകടത്തുന്ന പദ്ധതിയാണ് തീവ്രവാദികളെ ഉപയോഗിച്ച് ലീഗ് നടപ്പാക്കിയത്. അരിയില്‍മുതല്‍ തളിപ്പറമ്പ് നഗരത്തില്‍വരെ ഇത് പടര്‍ന്നു. അക്രമത്തിന് വിധേയമായ വീടുകളില്‍നിന്ന് പുരുഷന്മാര്‍ സ്ഥലംവിട്ടു. രണ്ടുവീടുകളില്‍ ആരും താമസിക്കുന്നില്ല. ഭയപ്പെടുത്തി കീഴടക്കുകയെന്ന തന്ത്രമാണ് ലീഗ് ആവിഷ്കരിച്ചത്.

    ReplyDelete