ടാങ്കറുകളിലൂടെ കുടിവെള്ളം വിതരണം ചെയ്തതില്‍ തൃശൂര്‍ കോര്‍പറേഷനില്‍ 1.62 കോടിയുടെ വെട്ടിപ്പ്. അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പുറത്തുവന്നത്. കോര്‍പറേഷന്റെ കെടുകാര്യസ്ഥതയെ രൂക്ഷമായാണ് ഏജീസ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുള്ളത്. ഭരണനേതൃത്വത്തിന്റെ കടുത്ത അനാസ്ഥയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടത്. 2010-11, 2011-12 വര്‍ഷങ്ങളിലെ കുടിവെള്ള വിതരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ തൃശൂര്‍ കോര്‍പറേഷനില്‍ അയ്യന്തോള്‍, ഒല്ലൂക്കര, കൂര്‍ക്കഞ്ചേരി, ഒല്ലൂര്‍, വില്‍വട്ടം എന്നീ അഞ്ചു സോണുകളിലാണ് കരാറുകാര്‍ മുഖേന കുടിവെള്ളവിതരണം നടത്തുന്നത്. അഞ്ചു സോണുകളും വരള്‍ച്ചബാധിത പ്രദേശങ്ങളാണെന്നതിനാലാണ് കുടിവെള്ളമെത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം റവന്യുവകുപ്പിന്റെ ചുമതലയാണെന്നാണ് ചട്ടം. ഈ മേഖലകളെ വരള്‍ച്ചബാധിതപ്രദേശങ്ങളായി കോര്‍പറേഷന്‍ പ്രഖ്യാപിക്കാത്തതുമൂലം എല്ലാ വര്‍ഷവും കോര്‍പറേഷന്റെ തനതുഫണ്ടില്‍ നിന്ന് വന്‍തുകയാണ് കോര്‍പറേഷന്‍ പാഴാക്കുന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ റൂട്ടില്‍, റോഡില്‍, ഏരിയയില്‍, എത്ര ട്രിപ്പുകള്‍ എന്നിങ്ങനെ കുടിവെള്ളവിതരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. തോന്നിയപോലെയാണ് കുടിവെള്ളവിതരണം. 5000, 12000 ലിറ്റര്‍ ടാങ്കറുകളിലാണ് കുടിവെള്ള വിതരണം നടത്തേണ്ടതെന്നാണ് വ്യവസ്ഥ. എന്നാല്‍ കരാര്‍ ലംഘിച്ച് 2000, 3000 ലിറ്റര്‍ ടാങ്കുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളവിതരണത്തിനുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ തുടങ്ങിയവ മുന്‍കൂട്ടി അറിയിക്കണമെന്നും കൂടുതല്‍ വാഹനങ്ങള്‍ വേണമെങ്കില്‍ മുന്‍കൂട്ടി അനുമതി വേണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി.
രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ഒരു വാഹനം ശരാശരി 14 ട്രിപ്പ് നടത്തുന്നുണ്ടെന്നുള്ള കണക്ക് അവിശ്വസനീയമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളം സംഭരിക്കുന്ന സ്രോതസും വിതരണം നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരവും കൃത്യമായി ട്രിപ്പ്ഷീറ്റില്‍ കാണിക്കുന്നില്ല. കോര്‍പറേഷനില്‍ ഇതു പരിശോധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ട്രിപ്പുകള്‍ നടത്തുമ്പോള്‍ ടാങ്കര്‍ മുഴുവനായും നിറച്ചിട്ടുണ്ടോയെന്നും വിതരണത്തിന് ശേഷം ടാങ്കര്‍ കാലിയാണോയെന്നും പരിശോധിക്കാന്‍ സംവിധാനമില്ല. കരാര്‍ വ്യവസ്ഥപ്രകാരം അതതു വാര്‍ഡിലെ കൗണ്‍സിലര്‍മാരും ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍മാരും ട്രിപ്പ്ഷീറ്റുകളില്‍ സാക്ഷ്യപ്പെടുത്തണമെന്ന ചട്ടവും ലംഘിച്ചു. കരാര്‍ വ്യവസ്ഥപ്രകാരം കുടിവെള്ളസ്രോതസുകള്‍ കരാറുകാര്‍ കണ്ടെത്തണം. ഓരോ ട്രിപ്പിനുമുള്ള റേറ്റ് വെള്ളത്തിന്റെ വിലകൂടിഉള്‍പ്പെട്ടതാണ്. എന്നാല്‍ കോര്‍പറേഷന്റെ കിണറുകളില്‍ നിന്നാണ് കരാറുകാര്‍ വെള്ളമെടുക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. കോര്‍പറേഷന്റെ വെള്ളമെടുത്ത് കോര്‍പറേഷന് തന്നെ വിറ്റാണ് പണം തട്ടിച്ചിരുന്നത്. ഒരുവാഹനം ഒരേദിവസം ഒന്നില്‍ കുടൂതല്‍ സ്ഥലത്ത് ട്രിപ്പ് നടത്തിയതായി കാണിച്ചും വെട്ടിപ്പ് നടത്തിയിട്ടുണ്ട്. കുടിവെള്ളവിതരണം ശരിയായ രീതിയില്‍ നടത്താനുള്ള സംവിധാനമില്ലെന്ന് കൗണ്‍സിലര്‍ സിപിഐ എമ്മിലെ അഡ്വ. എം പി ശ്രീനിവാസന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല.
deshabhimani 070912
No comments:
Post a Comment