Thursday, January 3, 2013

ആയിരങ്ങളുടെ ഐക്യദാര്‍ഢ്യം; ഭൂസമരം മൂന്നാം നാളിലേക്ക്


തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്കായുള്ള ഐതിഹാസിക പോരാട്ടത്തിന്റെ രണ്ടാം നാളും ആയിരങ്ങള്‍ ആവേശത്തോടെ സമരഭൂമിയിലെത്തി. സംസ്ഥാനത്തെ 14 കേന്ദ്രത്തിലായി 3454 വളന്റിയര്‍മാര്‍ ബുധനാഴ്ച സമരഭൂമിയില്‍ പ്രവേശിച്ചു. ആറായിരത്തോളം പേര്‍ അനുഗമിച്ചു. മണ്ണ് സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അറസ്റ്റുവരിക്കാന്‍ തയ്യാറായാണ് വളന്റിയര്‍മാര്‍ എത്തിയതെങ്കിലും പൊലീസ് അറസ്റ്റിന് തയ്യാറായില്ല. സമരം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ മനോഭാവം തുടര്‍ന്നാല്‍ സമരം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭൂസംരക്ഷണസമിതി നേതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ സമരം മടവൂര്‍ തുമ്പോട്ട് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനംചെയ്തു. കൊല്ലം കുളത്തൂപ്പുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാലും പത്തനംതിട്ട ആറന്മുള വിമാനത്താവള ഭൂമിയില്‍ ആര്‍ ഉണ്ണിക്കൃഷ്ണപിള്ളയും സമരം ഉദ്ഘാടനംചെയ്തു. കോട്ടയം മെത്രാന്‍ കായല്‍ സമരം സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ഇടുക്കിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ എന്നിവരാണ് സമരം ഉദ്ഘാടനംചെയ്തത്.

ആലപ്പുഴ കൈനകരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, എറണാകുളം കടമക്കുടിയില്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി എം ഇസ്മായില്‍, തൃശൂരില്‍ കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ആര്‍ ബാലന്‍, പാലക്കാട് കരിപ്പോട്ട് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, മലപ്പുറത്ത് സിപിഐ എം സംസ്ഥാന കമ്മറ്റിഅംഗം ടി കെ ഹംസ, കോഴിക്കോട് കര്‍ഷകസംഘം വൈസ് പ്രസിഡന്റ് ടി.പി ബാലകൃഷ്ണന്‍നായര്‍, വയനാട്ടില്‍ കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, കണ്ണൂരില്‍ കര്‍ഷകസംഘം ജോയിന്റ് സെക്രട്ടറി കെ എം ജോസഫ്, കാസര്‍കോട്ട് തൊഴിലുറപ്പു പദ്ധതി വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്‍ എന്നിവര്‍ ഭൂസമരം ഉദ്ഘാടനംചെയ്തു.

ആവേശ ജ്വാലയുയര്‍ത്തി തുമ്പോട്ട് തീക്കാറ്റ്

കത്തുന്ന ചൂടില്‍ ആവേശ ജ്വാലയുയര്‍ത്തി തലസ്ഥാന ജില്ലയിലെ ഭൂസംരക്ഷണ പോരാട്ടകേന്ദ്രമായ തുമ്പോട്ട് തീക്കാറ്റായി. പതിതരുടെയും പട്ടിണിപ്പാവങ്ങളുടെയും കണ്ണീരൊപ്പാതെ വന്‍കിടക്കാരുടെയും പുത്തന്‍ പണക്കാരുടെയും സഹായികളായ ഭരണക്കാരുടെ നെറികേടിനെതിരെ നീതികിട്ടുംവരെ പോരാടുമെന്ന പ്രഖ്യാപനമായിരുന്നു സമരഭൂവില്‍ രണ്ടാം ദിവസവും നിറഞ്ഞത്. മടവൂര്‍ തുമ്പോട് ഗ്രാമത്തിലെ മിച്ചഭൂമിയില്‍ നടക്കുന്ന സമരത്തില്‍ ബുധനാഴ്ചയും വളന്റിയര്‍മാര്‍ക്കു പുറമെ നൂറുകണക്കിനു ഭൂരഹിതരും അഭിവാദ്യവുമായി നാടിന്റെ നാനാഭാഗങ്ങളിലുള്ളവരും ആവേശഭരിതരായി അണിനിരന്നു. സര്‍ക്കാര്‍ സമരത്തെ അവഗണിച്ചാല്‍ വരും ദിവസങ്ങളില്‍ തുമ്പോട്ടെ ഈ സമരത്തീക്കാറ്റ് ജില്ലയാകെ ആഞ്ഞുവീശുമെന്ന് ഉറപ്പിക്കുന്നതായിരുന്നു രണ്ടാം ദിനത്തിലെ വര്‍ധിച്ച പങ്കാളിത്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സമരകേന്ദ്രം കാണാനും വളന്റിയര്‍മാരുടെ ആവേശങ്ങള്‍ക്കൊപ്പം പങ്കുചേരാനുമായി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിക്കൊണ്ടിരിക്കുന്നു. ആറ്റിങ്ങല്‍ ഏരിയയില്‍നിന്നുള്ള വളന്റിയര്‍മാരാണ് ബുധനാഴ്ച അണിനിരന്നത്.

രാവിലെ ഗ്രാമകേന്ദ്രത്തില്‍ രണ്ടാംദിന സമരം കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ബി പി മുരളിക്ക് മാമണ്ണൂര്‍ മഠം മിച്ചഭൂമി സമര സംഘാടകരില്‍ പ്രധാനിയായ മടവൂര്‍ വിക്രമന്‍നായര്‍ പതാക കൈമാറി. ബി രാഘവന്‍ ക്യാപ്റ്റനെ ഹാരമണിയിച്ചു. എന്‍ രതീന്ദ്രന്‍ അധ്യക്ഷനായി. തുടര്‍ന്ന് സമരഭൂമിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. സമരക്കുന്നില്‍ എത്തിയതോടെ വളന്റിയര്‍മാര്‍ക്ക് വര്‍ധിതാവേശമായി. സര്‍ക്കാരിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചു. ആവേശത്താല്‍ മരങ്ങളില്‍ കയറി പതാക കെട്ടി. എങ്ങും രക്തപതാക പാറിക്കളിച്ചു. സമരവളന്റിയര്‍മാര്‍ കമ്യൂണിസ്റ്റ് കര്‍ഷക മുന്നേറ്റ ചരിത്രഗാഥകള്‍ പാടി കുന്നിന്‍ചെരുവിലെ സമരമുഖമാകെ ആവേശം ജ്വലിപ്പിച്ചു. സമരസഹായ സമിതി പ്രവര്‍ത്തകര്‍ സമരഭൂവില്‍ത്തന്നെ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി ജാഗ്രതയോടെ ഓടി നടക്കുന്നു. മണ്ണിനും കിടപ്പാടത്തിനുമായി മരിക്കാനും തയ്യാറായി സമരമുഖത്ത് അണിനിരന്ന പോരാളികളെ കല്‍ത്തുറങ്കിലടയ്ക്കാന്‍ പേടിച്ച് പൊലീസ് രണ്ടാം ദിവസവും വിറച്ചുനിന്നു. അറസ്റ്റിന് തയ്യാറാകാതെ പൊലീസ് മാറിനിന്നതോടെ വൈകിട്ട് വിജയഭേരിയോടെ രണ്ടാംദിന സമരത്തിന് ഉജ്വലസമാപനമായി.
(എം വി പ്രദീപ്)

പോരാളികള്‍ക്ക് ഭക്ഷണവുമായി നാടിന്റെ ഐക്യദാര്‍ഢ്യം

തുമ്പോട്: മിച്ചഭൂമിയിലെ ഭൂസംരക്ഷണപോരാളികള്‍ക്ക് ഭക്ഷണവിഭവങ്ങള്‍ നല്‍കി നാടിന്റെ ഐക്യദാര്‍ഢ്യം. ചോറിനും മറ്റു വിഭവങ്ങള്‍ക്കും വേണ്ട അരിയും പച്ചക്കറി അടക്കമുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങളും വീടുകളില്‍നിന്ന് ശേഖരിച്ചാണ് എത്തിക്കുന്നത്. പുതുവര്‍ഷത്തലേന്ന് കിളിമാനൂര്‍ ഏരിയയിലെ പഴയകുന്നുമ്മല്‍, പള്ളിക്കല്‍, കരവാരം, കുടവൂര്‍, നാവായിക്കുളം ലോക്കലുകളില്‍നിന്ന് എത്തിച്ചവ ഉപയോഗിച്ചാണ് സമരത്തിന്റെ ആദ്യദിനങ്ങളില്‍ ഭക്ഷണമൊരുക്കുന്നത്. അരി, തേങ്ങ, കാച്ചില്‍, വാഴക്കുല തുടങ്ങി ഉച്ചയൂണിനുവേണ്ട വിഭവങ്ങളെല്ലാം ഓരോ വീട്ടിനിന്നും നല്‍കിയാതാണ്. സമരഭൂവില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മഹിളാ അസോസിയേഷന്റെ 25 അംഗ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പാകംചെയ്ത് വിതരണംചെയ്യുന്നത്. മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് സിന്ധുവും സെക്രട്ടറി സ്മിതയുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

"അശാന്തജീവിതത്തിന് അറുതി തേടി..."

തുമ്പോട്: ചിറയിന്‍കീഴ് കിഴുവിലം പതിനൊന്നാം വാര്‍ഡില്‍ തെന്നൂര്‍കോണത്ത് വാടകയ്ക്ക് കഴിയുന്ന നാല്‍പ്പത്തെട്ടുകാരി ശാന്തി സമരഭൂവിലെത്തിയത് കിടപ്പാടമില്ലാത്ത തന്റെ അശാന്തജീവിതത്തിന് അറുതിതേടിയാണ്. അഞ്ച് പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ സ്വന്തമൊരു വീട് എന്നത് സ്വപ്നം മാത്രമായിരുന്നു. അനാഥത്വത്തിന്റെയും ഇല്ലായ്മകളുടെയും ദുരിതക്കടല്‍ താണ്ടിയാണ് പാതി ജീവിതവര്‍ഷങ്ങള്‍ പിന്നിട്ടത്. ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ഇവര്‍ പത്തനംതിട്ടയിലെ ഒരു വീട്ടില്‍ പണിയെടുത്ത് വളരുകയായിരുന്നു. ഇതിനിടെയാണ് കൂലിപ്പണിക്കാരനായ ചിറയിന്‍കീഴിലെ ശശികുമാറിനെ പരിചയപ്പെടുന്നത്. ശശികുമാറിനെ ജീവിതസഖാവാക്കി ശാന്തി സനാഥയായെങ്കിലും അന്നുമുതല്‍ ഇന്നുവരെ ഇവര്‍ വാടകവീട്ടിലാണ് കഴിഞ്ഞുവന്നത്. മക്കള്‍ രണ്ടുപേരും വിവാഹിതരായെങ്കിലും അവര്‍ക്കും ഇതുവരെ കിടപ്പാടമുണ്ടാക്കാനായിട്ടില്ല.

സമരതീക്ഷ്ണതയുടെ രണ്ടാമൂഴം

തുമ്പോട്: സമരതീക്ഷ്ണതയുടെ രണ്ടാമൂഴത്തിലും തുമ്പോട്ടെ സമരപ്പന്തലില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം. ബുധനാഴ്ചത്തെ സമരത്തിന്റെ ക്യാപ്റ്റനായ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബി പി മുരളിക്ക് മടവൂര്‍ വിക്രമന്‍നായര്‍ പതാക കൈമാറിയപ്പോഴാണ് മുരളി നാലുപതിറ്റാണ്ടുകള്‍ക്കുമുന്നിലെ സമാന നിമിഷങ്ങളിലെ ആവര്‍ത്തനം ഓര്‍മിപ്പിച്ചത്. മാമണ്ണൂര്‍ മഠം മിച്ചഭൂമി സമരം കത്തിനില്‍ക്കുന്ന സമയം. ദിവസം ഒരു ബ്രാഞ്ചില്‍നിന്ന് 50 പേരടങ്ങുന്ന സംഘമാണ് സമരഭൂമിയിലേക്ക് മാര്‍ച്ചുചെയ്യുന്നത്. മുരളി നേതൃത്വം നല്‍കുന്ന അമ്പത് അംഗസംഘത്തിന്റെ ഊഴമെത്തിയപ്പോള്‍ പതാക എടുത്തു നല്‍കിയത് ആ സമരത്തിന്റെ സംഘാടകരില്‍ പ്രധാനിയായ മടവൂര്‍ വിക്രമന്‍നായര്‍തന്നെ. അന്ന് വിളവെടുപ്പ് നടത്തിയായിരുന്നു സമരം. മിച്ചഭൂമിസമരത്തില്‍ വിളവെടുത്തതിന്റെ പേരില്‍ വളന്റിയര്‍മാരെ അന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം ലോക്കപ്പിലിട്ടു. അതുവരെ മറ്റു വര്‍ഗബഹുജന സംഘടനകളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ലാത്ത മുരളി അന്നുമുതലാണ് കര്‍ഷകത്തൊഴിലാളിയൂണിയനില്‍ സജീവമായത്. നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ജില്ലയിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്താണ്.

കനല്‍വഴികളില്‍ പോരാട്ടത്തിന്റെ ഓര്‍മകളുമായി നേതാക്കള്‍

ആറന്മുള: മണ്ണ് നേരവകാശികള്‍ക്ക് നേടിക്കൊടുക്കാനുള്ള കനല്‍വഴികളില്‍ ചോരതിളയ്ക്കും ഓര്‍മകളുമായി നേതാക്കള്‍. അമ്പലമുറ്റത്ത്, ആല്‍ത്തറയില്‍, കടത്തിണ്ണയില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട ജനതയ്ക്ക് തലചായ്ക്കാന്‍ ഒരു തുണ്ടു ഭൂമി നേടിയെടുക്കാന്‍ സഖാവ് എ കെ ജിയുടെ നേതൃത്വത്തില്‍ എഴുപതുകളില്‍ അലയടിച്ചുയര്‍ന്ന സമര പരമ്പരകളില്‍ പങ്കെടുത്ത് പൊലീസ് ഭീകരതയ്ക്കോ കല്‍തുറുങ്കുകളുടെ കരിങ്കല്‍ ഭിത്തികള്‍ക്കോ തകര്‍ക്കാനാവാത്ത ആവേശം പങ്ക് വെയ്ക്കുമ്പോള്‍ സിപിഐ എം ജില്ല സെക്രട്ടറി അഡ്വ. കെ അനന്തഗോപനും സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ളയ്ക്കും ആവേശം അടക്കാനാവുന്നില്ല. തൊള്ളായിരത്തി എഴുപതുകളിലെ അറവുകാട് സമരപ്രഖ്യാപന കണ്‍വന്‍ഷനെ തുടര്‍ന്ന് എണ്ണമറ്റ ഭൂസമരങ്ങളാണ് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടന്നത്. ഇവയില്‍ പലതിലും പങ്കെടുക്കാന്‍ കഴിഞ്ഞത് ഇവര്‍ക്കിന്നും അഭിമാനമാണ്. എഴുപതുകളില്‍ കെഎസ്വൈഎഫിന്റെ തിരുവല്ല താലൂക്ക് പ്രസിഡന്റായിരുന്നു അനന്തഗോപന്‍. പങ്കെടുത്ത ഭൂസമരങ്ങളില്‍ ആദ്യത്തേത് വെണ്ണിക്കുളത്ത് മാമ്പെമണ്ണില്‍ തുണ്ടിയില്‍ കുഞ്ഞിന്റെ ഭൂമിയില്‍ നടത്തിയ ഇതിഹാസോജ്വല സമരമാണ്. ഏഴുദിവസം നീണ്ടുനിന്ന സമരത്തില്‍ കോയിപ്രം പൊലീസ് സെല്ലില്‍ കഴിയേണ്ടിവന്നതായി അനന്തഗോപന്‍ അനുസ്മരിച്ചു.

പഴയ ഇരവിപേരൂര്‍ പഞ്ചായത്തില്‍പെടുന്ന (ഇപ്പോള്‍ കുറ്റൂര്‍ പഞ്ചായത്ത്) താമരപ്പള്ളി മുതലാളിമാരുടെ തൈമറവുംകരയിലെ മിച്ചഭൂമിയില്‍ കയറിയ അനുഭവം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര വളഞ്ഞവട്ടത്തെ കൊച്ചുമഠത്തില്‍ സ്വാമിയാരുടെ ഭൂമിയില്‍ സമര വളന്റിയര്‍മാര്‍ക്കൊപ്പമെത്തിയത് അഭിമാനകരമായിരുന്നു. തങ്ങള്‍കുഞ്ഞ്മുസ്ലിയാരുടെ പഞ്ചായത്തില്‍ താമപ്പള്ളിയില്‍ കയറിയ അനുഭവം ജ്വലിക്കുന്ന ഓര്‍മയാണ് . അന്ന് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തു. പിന്നീടാണ് കടപ്ര വളഞ്ഞവട്ടത്തുള്ള കൊച്ചുമഠത്തില്‍ സ്വാമിയാര്‍ ഭൂമിയില്‍ പ്രവേശിച്ചത്. അന്നത്തെ ജില്ലയിലെയും പ്രദേശങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് പി കെ കുഞ്ഞച്ചന്‍, പി കെ ചന്ദ്രാനന്ദന്‍, ചന്ദ്രശേഖരപിള്ള വൈദ്യന്‍, പി ജി പുരുഷോത്തമന്‍പിള്ള, കെ ആര്‍ കേശവന്‍പിളള, എന്‍ ടി ജോര്‍ജ് തുടങ്ങിയവരായിരുന്നു. 56 ദിവസം സമരം നീണ്ടുനിന്നു. പിന്നീട് അറസ്റ്റായി പുകിലായി. പിന്നീടാണ് വലിയ കാവിലെ നാനൂറേക്കര്‍ വനഭൂമിയിലേക്ക് പ്രക്ഷോഭകരെത്തിയത്. പഴയ തിരുവല്ല താലൂക്കിലെ 19 വില്ലേജുകളില്‍നിന്നും ഒരു മുനിസിപ്പാലിറ്റിയില്‍നിന്നും സമര വളന്റിയര്‍മാര്‍ ഒഴുകിയെത്തി. ആയിരം പേരാണ് അന്ന് സമരഭൂമിയില്‍ വിത്തുവിതച്ചത്. എന്നാല്‍ അഭിഭാഷകനായതിനാല്‍ അറസ്റ്റില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടു. 110 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം എടുത്തു നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉള്ളതായും അനന്തഗോപന്‍ പറഞ്ഞു.

കര്‍ഷക സംഘം പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആര്‍ ഉണ്ണികൃഷ്ണപിള്ള ഭൂസമര പോരാട്ടങ്ങളില്‍ പങ്കാളിയായത്. ഭരണിക്കാവ് മുതലാളിമാരുടെയും ചക്കമലയിലെയും ചേലൂര്‍ കായലിലെയുമടക്കം പൊലീസിന്റെ തോക്കിന്‍കുഴലിനിടയില്‍ നടത്തിയ പ്രക്ഷോഭസമരങ്ങള്‍ ചിരസ്മരണീയം. 1970 ജനുവരി ഒന്നുമുതല്‍ പഴയ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ഭരണിക്കവ് മുതലാളി തങ്ങള്‍കുഞ്ഞ് മുസ്ലിയാരുടെ ഭൂമിയിലേക്ക് നടന്ന പ്രക്ഷോഭമാണ് ആദ്യത്തേത്. അന്ന് ഉണ്ണികൃഷ്ണപിള്ള കര്‍ഷക സംഘം കൊല്ലം ജില്ല ജോയിന്റ് സെക്രട്ടറിയാണ്. അനശ്വരനായ സഖാവ് എന്‍ ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന ആ സമരത്തില്‍ പങ്കെടുത്തതിന് ശൂരനാട് പൊലീസ് അറസ്റ്റ്ചെയ്ത നാലുപേരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. പത്തുദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. കൊല്ലത്തെ ചിതറ പഞ്ചായത്തില്‍ ചക്കമലയില്‍ രണ്ടാഴ്ച നീണ്ട ഭൂസമരവും മറക്കാനാവാത്ത അനുഭവമാണ്. ഈ സമരം വിജയിക്കുകയും ഭൂമി വിമുക്ത ഭടന്മാര്‍ക്കായി വീതിച്ചുനല്‍കുകയും ചെയ്തു. 1979 ല്‍ എന്‍ ശ്രീധരന്‍ നേതൃത്വം കൊടുത്ത കടവില്‍ കോശിയുടെ മിച്ചഭൂമിയില്‍ നടത്തിയ സമരത്തിലും ലഭിച്ച പ്രതിഫലം ജയില്‍വാസമാണ്. ഓച്ചിറ തങ്കപ്പനും പി രാമകൃഷ്ണനും നേതൃത്വം നല്‍കിയ സമരമുഖത്തുനിന്നും ഉണ്ണികൃഷ്ണപിള്ളയടക്കം 62 പേരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട ജയിലിലേക്കയച്ചത്. സമരഭൂമിയില്‍ തെങ്ങുകളിലെ തേങ്ങയും അപൂര്‍വമായി കാണുന്ന പേരയ്ക്കയും മാത്രമാണ് വളന്റിയര്‍മാര്‍ക്ക് ലഭിച്ചിരുന്ന ഭക്ഷണം.

1970 മിച്ചഭൂമി സമരത്തിന് രണ്ട് വര്‍ഷം മുമ്പ് നടന്ന ചേലൂര്‍ കായല്‍സമരം അവിസ്മരണീയമാണ്. 32/1 സര്‍വേ നമ്പറിലുള്ള 119.36 ഏക്കര്‍ കായല്‍ നിലത്തിന്റെ ഉടസ്ഥാവകാശത്തിനുവേണ്ടിയുള്ളതായിരുന്നു കായല്‍ സമരം. പ്രക്ഷോഭം 86 ദിവസം നീണ്ടു. അന്ന് ശൂരനാട് പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രം ധരിച്ച് രണ്ടുനാള്‍ കിടക്കേണ്ടിവന്നത് ഉണ്ണികൃഷ്ണപിള്ളയ്ക്കിന്നും മറക്കാനാവാത്ത ഓര്‍മയാണ്. കായല്‍കരയിലെ എന്‍ജിന്‍തറയില്‍ പൊലീസിന്റെ കണ്‍മുമ്പില്‍വച്ച് വലകീറിയതുള്‍പ്പെടെ നിരവധി കേസിലാണ് അന്ന് പൊലീസ് പെടുത്തിയത്. സ്വന്തം ഗ്രാമത്തിലെ ചേന്നന്‍ എന്ന കര്‍ഷക തൊഴിലാളിയുടെ കൈവശഭൂമി വീണ്ടെടുക്കാന്‍ നടത്തിയ സമരത്തിന്റെ പേരില്‍ 107 വകുപ്പിട്ട് രണ്ട് കേസുകളാണ് പൊലീസെടുത്തത്. നിരാലംബനായ കര്‍ഷകത്തൊഴിലാളി ചേന്നനുവേണ്ടി നിന്നതിന്റെ പേരില്‍ ബന്ധുക്കള്‍ പോലും ശത്രുക്കളായ അനുഭവവും ഇദ്ദേഹം പങ്കുവെച്ചു. ഇങ്ങനെ എണ്ണമറ്റ പോരാട്ടങ്ങള്‍ ഞരമ്പില്‍ അഗ്നിയായി ജ്വലിക്കുന്നതിനിടയില്‍ ആരംഭിച്ച ഭൂസമരം ഇരുനേതാക്കള്‍ക്കും പോയകാല ത്യാഗപൂര്‍വമായ അനുഭവങ്ങളുടെ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ്. യൗവ്വനത്തിന്റെ നിറവില്‍ നടന്ന ഇത്തരം സമരങ്ങള്‍ സാമൂഹ്യരാഷ്ട്രീയ പ്രക്ഷോഭത്തിന്റെ വഴിത്താരകളില്‍ വഴിവിളക്കുകളായി ഇവര്‍ ഇന്നും കൊളുത്തിവെയ്ക്കുകയാണ്.

എല്ലാവര്‍ക്കും ഭൂമി; അത് ഔദാര്യമല്ല അവകാശമാണ്

ആറന്മുള: സ്വന്തമായി മണ്ണില്ലാത്തവനേ മണ്ണിന്റെ വിലയറിയൂ......... മണ്ണിന്റെ മനസ്സറിയുന്നവര്‍ മണ്ണിന്റെ ഉടമകളല്ലാത്ത കാലഘട്ടത്തിലാണ് ഭൂസമരത്തിന്റെ പ്രസക്തി. മണ്ണിനെയും പ്രകൃതിയെയും മനുഷ്യജീവിതത്തെയും സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്കും ലക്ഷ്യമൊന്നേയുള്ളൂ........... എല്ലാവര്‍ക്കും ഭൂമി അത് ഔദാര്യമല്ല അവകാശമാണ്. ഭൂസംരക്ഷണ സമിതി ഏറ്റെടുത്ത ഭൂസംരക്ഷണ സമരത്തില്‍ ഭൂമിയില്ലാത്തവരുടെയും ഭൂമിയുള്ളവരുടെയും അണിചേരല്‍ സമാനതകളില്ലാത്ത സമര മുഖമായി. ഭൂമിയില്ലാത്തവരുടെ സംരക്ഷണം സമൂഹത്തിന്റെ ആകെ സംരക്ഷണമാകുന്നു. കയറികിടക്കാനിടമില്ലാതെ ആയിരങ്ങള്‍ തെരുവില്‍ അലയുമ്പോള്‍ പണമുള്ളവന് മാത്രം ഭൂമി എന്ന സ്ഥിതി ആറന്മുളയിലും കടന്നുവരുന്നു. വിദ്യാഭ്യാസ ട്രസ്റ്റിന്റെയും വിമാനത്താവളത്തിന്റെയും മറവില്‍ പ്രകൃതിയെ വക്രീകരിച്ച് നെല്‍പാടങ്ങളെ മൂടി കളഞ്ഞ് ലാഭം മാത്രം കാത്തിരിക്കുന്നവരുടെ കൈയില്‍നിന്ന് ഭൂമിയുടെ നിശ്വാസങ്ങളെ തിരിച്ചുപിടിക്കാനുളള പോരാട്ടങ്ങളുടെ കനലൊളിയായി മാറുകയായിരുന്നു ഭൂസമരം.

രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ നാല്‍ക്കാലിക്കല്‍ പാലം ജങ്ഷന്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് തുടങ്ങിയത്. കര്‍ഷക സംഘം പ്രതിനിധി കെ പി സി കുറുപ്പ്, കെഎസ്കെടിയു പ്രതിനിധി എ ജി സുരേന്ദ്ര പെരുമാള്‍, എകെഎസ് പ്രതിനിധി പി കെ ആനന്ദന്‍, പികെഎസ് പ്രതിനിധി കെ കെ തങ്കപ്പന്‍ എന്നിവര്‍ മാര്‍ച്ച് നയിച്ചു. സമരഭൂമിയില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബാബു കോയിക്കലേത്ത് അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, സമരസമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കണ്‍വീനര്‍ കെ പി ഉദയഭാനു, എ പത്മകുമാര്‍, രാധാരാമചന്ദ്രന്‍, എന്‍ സജി കുമാര്‍, കെ എം ഗോപി, ജി അജയകുമാര്‍, ആര്‍ അജയകുമാര്‍, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം തങ്കമണി നാണപ്പന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. അഞ്ചുമണിയോടെ സമരം അവസാനിച്ചു.

70ന്റെ ഓര്‍മകളുമായി 76ലും തങ്കപ്പന്‍

ആറന്മുള: പോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടി പുതിയ ഭൂസമര വേദിയിലും ചോര്‍ന്നുപോകാത്ത ആവേശമായി കെ കെ തങ്കപ്പന്‍. 1970 ലെ ഭൂസമരത്തിന്റെ ഒടുങ്ങാത്ത തീജ്വാലകള്‍ ആത്മാവില്‍ ഏറ്റുവാങ്ങിയാണ് 76-ാം വയസ്സിലും ആറന്മുളയിലെ ഭൂസമര വേദിയില്‍ ഈ പഴയ സമരഭടന്‍ എത്തിയത്. ജിവിക്കാനുള്ള പെടാപാടിനിടയില്‍ മൂലമറ്റത്ത് മാടക്കട നടത്തുമ്പോഴാണ് കിടങ്ങന്നൂര്‍ ചുഴുകുന്നില്‍ ലക്ഷം വീട് കോളനിയില്‍ കെ കെ തങ്കപ്പന്‍ (നിലവില്‍ കെഎസ്കെടിയു ജില്ലാ കമ്മിറ്റിയംഗം) ആദ്യ ഭൂസമരത്തില്‍ അണിനിരന്നത്. എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴയിലായിരുന്നു അന്നത്തെ സമരവേദി. 1970 ജനുവരി ഒന്നിന് ഇല്യാനി വനത്തിലാണ് തലചായ്ക്കാന്‍ ഇടംതേടിയുള്ള പോര്‍മുഖത്തില്‍ തങ്കപ്പനും പങ്കാളിയായത്.

ഡാമിന്റെയും വൈദ്യുതി നിലയത്തിന്റെയും ജോലിക്കെത്തിയവര്‍ക്കിടയില്‍ ആയിരത്തിലൊരുവനായി ചെറുപ്രായത്തില്‍തന്നെ സമര ഭൂമിയില്‍. ഈ സമരപരമ്പരയുടെ തുടര്‍ച്ചയെന്ന വണ്ണം റാന്നിയില്‍ നടന്ന മിച്ച ഭൂമി സമരത്തില്‍ തങ്കപ്പനെത്തിയത് പത്ത് വളന്റിയര്‍മാര്‍ക്കൊപ്പമാണ്. ഈ സമര സഖാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 80 നാള്‍ നീണ്ടുനിന്ന കര്‍ഷകത്തൊഴിലാളി സമരത്തിലും നിജപ്പെടുത്തിയ ജോലി സമയത്തിനും മാന്യമായ കൂലിക്കുംവേണ്ടി ആറന്മുള പഞ്ചായത്തില്‍ ഒരു മാസം നീണ്ടുനിന്ന സമരത്തിലും പങ്കാളിയാവാന്‍ കഴിഞ്ഞത് അഭിമാനമാണിദ്ദേഹത്തിന്. നീര്‍വിളാകം പാടശേഖരത്ത് നടന്ന സമരത്തില്‍ യശഃശരീരനായ എം എം സുകുമാരനൊടൊപ്പം പോരാട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെ ഇദ്ദേഹമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ കറുത്ത രാത്രികളില്‍ രാഷ്ട്രീയ ശത്രുക്കള്‍ വകവരുത്താന്‍ ശ്രമിച്ച ഇദ്ദേഹത്തിന് തനിക്കുണ്ടായിരുന്ന എല്ലാ സമ്പാദ്യവും പ്രതിലോമ ശക്തികള്‍ നശിപ്പിച്ചത് കാണേണ്ടിവന്നു. അന്ന് എരുമക്കാട്ടുള്ള യൂണിയന്‍ ഓഫീസിലായിരുന്നു തങ്കപ്പനും ഭാര്യ പൊന്നമ്മയും അന്തിയുറങ്ങിയത്. ഇവര്‍ ഇരുവരും സ്ഥലത്തില്ലാത്ത സമയം നോക്കി യൂണിയന്‍ ഓഫീസിന്റെ കതക് തകര്‍ത്ത് ഉടുതുണിയൊഴിച്ച് മുഴുവനും വിരുദ്ധ ശക്തികള്‍ പുറത്തെടുത്തിട്ട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഒടുങ്ങാത്ത ആവേശവും തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രവുമാണ് ആറന്മുളയിലെ സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കെ കെ തങ്കപ്പന്‍ പറയുന്നു.

പ്രക്ഷോഭച്ചൂടില്‍...

ആലപ്പുഴ: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് ഭൂപരിഷ്കരണസമരസമിതി കൈനകരിയിലെ പൂപ്പള്ളി കുടുംബം വക 52 ഏക്കര്‍ മിച്ചഭൂമിയില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് തീപാറുന്നു. രണ്ടാംഭൂസമരത്തെ വര്‍ധിതാവേശത്തോടെയാണ് തലമുറകളില്‍പ്പെട്ടവര്‍ ഏറ്റുവാങ്ങുന്നത്. കുടികിടപ്പ് ഭൂമിയില്‍ പൊലീസിന്റെ പിന്‍ബലത്തോടെ ജന്മിമാരും ഗുണ്ടകളും തേങ്ങയിടാനെത്തിയത്ചെറുത്തതിനെ തുടര്‍ന്ന് പൊലീസിന്റെ വെടിയേറ്റ് മരിച്ച കള്ളിക്കാട് രക്തസാക്ഷികള്‍ നീലകണ്ഠന്റെയും ഭാര്‍ഗവിയുടെയും വീരസ്മരണകളിരമ്പുന്ന ജില്ലയുടെ മണ്ണില്‍ ബഹുജന പിന്തുണായാല്‍ സമരം അനുദിനം ശക്തിപ്രാപിക്കുകയാണ്. സി കെ സദാശിവന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ബുധനാഴ്ച മിച്ചഭൂമിയില്‍ പ്രവേശിച്ച് ചെങ്കൊടി നാട്ടി. കോട്ടയ്ക്കല്‍ വിശ്വനായിരുന്നു ഉപലീഡര്‍. കുട്ടനാട്, തകഴി ഏരിയകളില്‍നിന്ന് 100 പേരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും 153 വളണ്ടിയര്‍മാരാണ് സമരത്തില്‍ അണിനിരന്നത്.

അണയാത്തജ്വാലയായി അറവുകാടു സ്മരണ

കോട്ടയം: മെത്രാന്‍കായലിന്റെ ബണ്ടിലിരുന്നപ്പോള്‍ എരുമേലിയിലെ ചന്ദ്രശേഖരപ്പണിക്കരുടെ മനസ്സില്‍ സമരക്കടലിരമ്പി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി എന്‍ പ്രഭാകരനും ജില്ലാകമ്മിറ്റിയംഗം വി പി ഇസ്മയിലും പറഞ്ഞുതുടങ്ങി. 43 വര്‍ഷം പിന്നിട്ട ആ ഐതിഹാസിക ഭൂസമരത്തിന്റെ ഓര്‍മ്മകളിലേയ്ക്കായിരുന്നു മൂവരുടെയും മടക്കയാത്ര.

ജില്ലയുടെ മലയോരമണ്ണില്‍ പാവങ്ങള്‍ക്ക് കിടപ്പാടമൊരുക്കുന്നതിന്റെ മുന്നണിപ്പടയാളികളായിരുന്നു ഇവര്‍. 1969 ഡിസംബര്‍ 13, 14 തീയതികളില്‍ ആലപ്പുഴ അറവുകാട് ക്ഷേത്ര മൈതാനിയില്‍ ചേര്‍ന്ന കര്‍ഷക-കര്‍ഷകതൊഴിലാളി സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിന്റെ സമരചരിത്രത്തിലെ ഇതിഹാസമായ ഭൂസമരം പ്രഖ്യാപിച്ചു. അക്കാലത്ത് പാര്‍ടി ജില്ലാ കമ്മിറ്റിയംഗമായിരുന്നു പി എന്‍ പ്രഭാകരന്‍. ഇസ്മയിലും ചന്ദ്രശേഖരപ്പണിക്കരും കെഎസ്വൈഎഫിന്റെ കാഞ്ഞിരപ്പള്ളിയിലെ നേതാക്കള്‍. കേരളമാകെ തിളച്ചുമറിഞ്ഞ പ്രക്ഷോഭച്ചൂട് മലയോരമണ്ണും ഏറ്റുവാങ്ങി. ഭൂസമരത്തിന്റെ ഭാഗമായി എകെജി നയിച്ച സംസ്ഥാന ജാഥ കാഞ്ഞിരപ്പള്ളിയെ ഇളക്കിമറിച്ചു. ആനന്താനത്ത് ചാക്കോച്ചന്റെ ഉടമസ്ഥതയിലിരുന്ന കുളപ്പുറം മിച്ചഭൂമിയിലേക്കും വില്ലണിയിലെ എം ജി കൊല്ലംകുളത്തിന്റെ 16 ഏക്കര്‍ മിച്ചഭൂമിയിലേക്കും എരുമേലിയില്‍ പാലാമ്പടത്തിന്റെ 110 ഏക്കര്‍ പ്രൊപ്പോസ് എസ്റ്റേറ്റിലേക്കും പാര്‍ടിപ്രവര്‍ത്തകരും തൊഴിലാളികളും മാര്‍ച്ച് ചെയ്തു. പി എന്‍ പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു ആനന്താനത്തെ സമരം. വില്ലണിയിലെ സമരനേതൃത്വം വി പി ഇസ്മയിലും ഏറ്റെടുത്തു. ജില്ലാകമ്മിറ്റിയംഗമായിരുന്ന അന്തരിച്ച കെ ഗോപാലന്‍നായര്‍ക്കായിരുന്നു സമരങ്ങളുടെയെല്ലാം മുഖ്യചുമതല. പാര്‍ടി മണ്ഡലം സെക്രട്ടറി നാട്ടുകാര്‍ക്ക് "കുഞ്ഞമ്മാവ"നായിരുന്ന പി കെ രാമകൃഷ്ണന്‍ നായര്‍ക്കായിരുന്നു സംഘാടനചുമതല. അക്കാലത്ത് കെഎസ്വൈഎഫ് നേതാക്കളായ കെ ജെ തോമസും ടി പി തൊമ്മിയും സമരനേതൃത്വത്തിലുണ്ട്.

78 ദിവസത്തോളം സമരം നീണ്ടതായി പി എന്‍ പ്രഭാകരന്‍ പറഞ്ഞു. ഇതിനിടെ അറസ്റ്റ് ചെയ്ത അദ്ദേഹത്തെ 15 ദിവസം ജയിലിലടച്ചു. ഇസ്മയിലിനെയും ചന്ദ്രശേഖരപ്പണിക്കരെയും 45 ദിവസം ശിക്ഷിച്ചു. പൊന്‍കുന്നം സബ്ജയിലിലാണ് ആദ്യം കൊണ്ടുപോയത്. സമരവാളന്റിയര്‍മാരെക്കൊണ്ട് ജയില്‍ നിറഞ്ഞപ്പോള്‍ ഇരുവരെയും പീരുമേട് ജയിലിലേക്ക് മാറ്റി. പുഴുത്തുനാറിയ അരികൊണ്ട് ചോറുണ്ടാക്കി തന്നപ്പോള്‍ അതിനെതിരെ ജയിലിനകത്തും പ്രതിഷേധിച്ച സംഭവം ഇസ്മയില്‍ ഓര്‍ത്തെടുത്തു. "കീറപ്പായും കൂറച്ചോറും വേണ്ടേ വേണ്ടേ" എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചപ്പോള്‍ ജയിലധികൃതര്‍ ഗത്യന്തരമില്ലാതെ ജയില്‍വളപ്പിലെ കപ്പ പറിച്ച് ഭക്ഷണം ഒരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ആനന്താനം സമരത്തിന്റെ ഫലമായി 20 പേര്‍ക്ക് 25 സെന്റ് വീതം ഭൂമി കിട്ടി. വില്ലണി സമരത്തിന്റെ ഭാഗമായി 40 പേര്‍ക്കും ഭൂമി കിട്ടി. 58 പേര്‍ക്ക് ഒരേക്കര്‍ വീതം ലഭിച്ചതോടെയാണ് പാലാമ്പടം സമരം അവസാനിച്ചത്. കുടികിടപ്പുകാര്‍ക്ക് പത്ത്സെന്റ് വളച്ചുകെട്ടി നല്‍കിയ സമരത്തിന്റെ ഫലമായി മലയോരമണ്ണില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഭൂമി കിട്ടി.

സമരപാരമ്പര്യവുമായി സി കെ പത്മനാഭന്‍

പറവൂര്‍: ചരിയംതുരുത്തിലെ സമരഭടന്മാര്‍ക്ക് ആവേശമായി മിച്ചഭൂമിസമരത്തില്‍ പങ്കെടുത്ത പാരമ്പര്യവുമായി പള്ളുരുത്തിയില്‍ നിന്നുള്ള കര്‍ഷകത്തൊഴിലാളി നേതാവ് സി കെ പത്മനാഭന്‍ ഭൂസമരത്തിന്റെ രണ്ടാംദിനത്തില്‍ അറസ്റ്റ്വരിക്കാനെത്തി. സമരക്കാരെ പൊലീസ് അറസ്റ്റ്ചെയ്യുന്നില്ലെന്ന് അറിഞ്ഞതോടെ സമരത്തില്‍നിന്നുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒളിച്ചോട്ടത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അറുപതുകാരനായ പത്മനാഭന്‍ 1970ല്‍ എ കെ ജിയുടെ ആഹ്വാനപ്രകാരം ചേപ്പനത്തും ഉദയത്തുംവാതില്‍ പുന്നയൂര്‍കോട്ട് മനയിലും നടന്ന മിച്ചഭൂമിസമരങ്ങളില്‍ പങ്കെടുത്ത് അറസ്റ്റും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസകാലത്ത് കൊടിയ മര്‍ദനവും ഏറ്റുവാങ്ങി.

ചേപ്പനം മിച്ചഭൂമിസമരത്തിന്റെ സംഘാടകസമിതി രൂപികരണയോഗം ഉദ്ഘാടനംചെയ്തത് എ കെ ജി ആയിരുന്നു. പത്മനാഭന്‍ നേതൃത്വം നല്‍കിയ സമരം ഉദ്ഘാടനംചെയ്തത് വി എസ് അച്യുതാനന്ദനാണ്. അറസ്റ്റിലായ പത്മനാഭന്‍ എറണാകുളം സബ് ജയിലില്‍ കിടന്നു. അടിയന്തരാവസ്ഥയില്‍ കുമ്പളം ലോക്കല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. പെട്ടെന്ന് പൊലീസ് എത്താത്ത ഇളയച്ഛന്റെ വീട്ടിലായിരുന്നു അന്തിയുറക്കം. വള്ളത്തിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ കിടന്ന അഞ്ചുദിവസവും കൊടിയ മര്‍ദനം എറ്റുവാങ്ങി. നാലുമാസം എറണാകുളം സബ് ജയിലില്‍ കിടന്നു. 1968ല്‍ നടന്ന ഭക്ഷ്യസമരത്തിന്റെ ഭാഗമായി കൊച്ചിന്‍ ഹൈവേ ഉപരോധിച്ചതിന് 15 ദിവസം മട്ടാഞ്ചേരി സബ് ജയിലിലും കഴിഞ്ഞു. 70ലെ മിച്ചഭൂമിസമരം ആവേശം തുടിക്കുന്ന ഓര്‍മകളാണ് പത്മനാഭന് ഇന്നും. സരളയാണ് ഭാര്യ. മകന്‍ അലിഷ് ബാബു ഷിപ്യാര്‍ഡില്‍ കണ്‍സ്ട്രഷന്‍ തൊഴിലാളിയാണ്.

ഇനിയും ജയിലില്‍ പോകാന്‍ തയ്യാര്‍

പാലക്കാട്: ഭൂസമരത്തില്‍ ഇനിയും ജയിലില്‍ പോകാന്‍ തയ്യാറാണ്. ഭൂസമരവളണ്ടിയര്‍മാരോടൊപ്പം തൃത്താലയില്‍നിന്ന് വന്ന കെ പി ഉമ്മറും എം വി ഖാദറും കുഞ്ഞനും പറഞ്ഞു. മൂവരും 70കളില്‍ നടന്ന സമരത്തില്‍ ജയിലില്‍ കിടന്നവരാണ്. ഇവരെപ്പോലെ നിരവധിപേരാണ് പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ സമരവളണ്ടിയര്‍ക്കൊപ്പം കുത്തിയിരിക്കുന്നത്. അന്ന് സമരത്തില്‍ പങ്കെടുത്ത ഓര്‍മകള്‍ അവരെ ഇപ്പോഴും ആവേശത്തിലാക്കുന്നു. ഉമ്മര്‍ ഭൂസമരത്തില്‍ പങ്കെടുത്തതിന് തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ 15 ദിവസം കിടന്നിട്ടുണ്ട്. എം വി ഖാദറാവട്ടെ ഹോട്ടല്‍തൊഴിലാളിയായിരുന്നു. കോടനാടുള്ള ചായപ്പീടികയില്‍ പണിയെടുക്കുമ്പോള്‍ അവിടെ വരുന്ന സി കെ നായര്‍, ബി പി ആദംകുട്ടി, കെ ആര്‍ നാണു, കെ മാധവന്‍നായര്‍ തുടങ്ങിയ സഖാക്കളിലൂടെയാണ് ഇടതുപ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്. ജന്മിത്തം അവസാനിപ്പിക്കുമെന്ന് മുദ്രാവാക്യം വിളിച്ച് ഇവര്‍ നാലുപേര്‍മാത്രമായി വഴിയിലൂടെ പോകും. ഈ നാലുപേര്‍ ജാഥ വിളിച്ചാല്‍ ജന്മിത്തം പോകുമോ എന്നായിരുന്നു ചിലരുടെ പരിഹാസം. താന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍പേര്‍ അവരുടെ കൂടെ പിന്നീട്കൂടി. 1972ല്‍ വലിയ മിച്ചഭൂമി സമരമായി അത് പടര്‍ന്നു. കിളിവാലന്‍കുന്നിലെ ഭൂമിക്ക്വേണ്ടി സമരം ശക്തമാക്കി. താന്‍ ഏറ്റവും അവസാനമാണ് പൊലീസിന് പിടികൊടുത്തത്-ഖാദര്‍ ഓര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്ത് ഏഴ്ദിവസം ഒറ്റപ്പാലം ജയിലില്‍ക്കൊണ്ടിട്ടു. സമരത്തിന്റെ ഫലമായി കിളിവാലന്‍കുന്നില്‍ എല്ലാവര്‍ക്കും ഭൂമി ലഭിച്ചു. കുഞ്ഞനാകട്ടെ 15 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലാണ് കിടന്നത്. മകന്‍ ഉണ്ണിക്കൃഷ്ണന്‍ സമരവളണ്ടിയറാണ്. ഏരിയതലത്തില്‍ താനും വളണ്ടിയാറാവും എന്ന ദൃഢനിശ്ചയത്തിലാണ് കുഞ്ഞന്‍.

ജയില്‍ ഓര്‍മയുടെ കരുത്തില്‍ കോപ്പി വീണ്ടും സമരഭൂമിയില്‍

ചുണ്ടേല്‍: "എനിക്കുമാത്രം ഭൂമി പോരല്ലോ ഇവര്‍ക്കും കിട്ടണ്ടേ അതുകൊണ്ടാ വീണ്ടും ജയിലില്‍ പോകാനായി വന്നത്" തരിയോട് മടത്തുവയല്‍ കോളനിയിലെ കോപ്പിയുടെ വാക്കുകളില്‍ ഭൂരഹിതരോടുള്ള കൂറ് നിറഞ്ഞുനിന്നു. 2002ല്‍ ഭൂമിക്കായി ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാസങ്ങള്‍ നീണ്ടുനിന്ന സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചയാളാണ് കോപ്പി. 15 ദിവസം കോഴിക്കോട് സബ് ജയിലില്‍ കഴിഞ്ഞു. സമരഭൂമിയിലും ജയിലിലും കൊടിയ പീഡനമാണ് ആദിവാസികള്‍ നേരിട്ടത്. ഗര്‍ഭണിയെവരെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്നാല്‍ ഈ സമരത്തിലൂടെ ആയിരക്കണക്കിന് ആദിവാസികള്‍ ഭൂമിയുടെ അവകാശികളായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സമരഭൂമികള്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കി. ഇടിയംവയല്‍ സമരഭൂമിയില്‍ കോപ്പിക്കും 95 സെന്റ് സ്ഥലം കിട്ടി. ഭൂമിയുടെ അവകാശിയായെങ്കിലും തന്നെപ്പോലുള്ള മുഴുവന്‍പേര്‍ക്കും ഭൂമി കിട്ടാനാണ് വീണ്ടും ജയിലില്‍ പോകാനും സമരം ചെയ്യാനും കോപ്പി ചുണ്ടേലിലെ സമരഭൂമിയിലെത്തിയത്. ജില്ലയിലെ ആദിവാസികള്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഭൂസമരത്തിന്റെ പാതയിലാണ്. കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയ സമരത്തില്‍ 1200 ഓളം ആദിവാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. ജയില്‍ വാസം തളര്‍ത്താതെ ഇവര്‍ വീണ്ടും ഭൂമികളില്‍ കുടില്‍ കെട്ടി. 2002ലും 2012ലും ജയിലില്‍ കിടന്ന 250ഓളം ആദിവാസികളാണ് പോരാട്ടത്തിന്റെ അണയാത്ത വീറുമായി ജയിലില്‍ പോകാന്‍ സന്നദ്ധരായി ഇപ്പോള്‍ സമരത്തിന്റെ മുന്നിലുള്ളത്.

deshabhimani 030113

1 comment:

  1. മടവൂർ തുമ്പോട്ട് ഉദ്ഘാടനം ചെയ്തത് എ.വിജയരാഘവനാണ്

    ReplyDelete