തന്റെ രോഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാതെ ജയിലധികൃതരും കര്‍ണാടകസര്‍ക്കാരും കോടതിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. ആവശ്യമായ എല്ലാ ചികിത്സയും യഥാസമയം നല്‍കി എന്ന പച്ചക്കള്ളമാണ് അധികൃതര്‍ പ്രചരിപ്പിക്കുന്നത്. സത്യാവസ്ഥ മനസ്സിലാക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ മഅ്ദനി പറഞ്ഞു.
തന്റെ ഇടതുകണ്ണിന്റെ കാഴ്ച 75 ശതമാനത്തിലധികം നഷ്ടമായി. യഥാസമയം ചികിത്സിക്കാത്തതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായത്. പരിശോധനകള്‍ക്കായി 2010 ആഗസ്തില്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റോളജിയില്‍ എത്തിച്ചപ്പോള്‍ കണ്ണിന് "ഡയബെറ്റിക്ക് റെറ്റിനോപതി"യാണെന്നും കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രണ്ടുമാസം കഴിഞ്ഞ് ആശുപത്രിയില്‍ എത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏഴു മാസം കഴിഞ്ഞ് മാര്‍ച്ച് 2011ലാണ് പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കണ്ണിന്റെ അവസ്ഥ വളരെ ഗുരുതരമാണെന്നും കൃത്യമായ തുടര്‍ചികിത്സ കിട്ടാന്‍ വൈകിയതാണ് ഇതിന് കാരണമെന്നും പരാമര്‍ശിച്ചിട്ടുണ്ട്. വൃക്ക രോഗത്തിന്റെ ലക്ഷണമായി തന്റെ മുഖത്തും കാലിലും നീരും മറ്റ് അസ്വസ്ഥതകളുമുണ്ട്. രോഗത്തിന്റെ പൂര്‍ണവിവരങ്ങള്‍ അറിയാന്‍ വേണ്ട പരിശോധനകള്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ജയിലധികൃതര്‍ ഇത് ചെവിക്കൊണ്ടില്ല. പ്രമേഹം മൂര്‍ച്ഛിച്ച് മൂക്കിന് പഴുപ്പ് ബാധിച്ചിട്ടുണ്ട്. പഴുപ്പ് മുഖം മുഴുവനും വ്യാപിക്കുകയും ചെയ്തു. ജയില്‍ഡോക്ടര്‍ അവധിയിലായതിനാല്‍ ഇതിനാവശ്യമായ ചികിത്സ കിട്ടാനും വൈകി. ജയില്‍ ഡോക്ടര്‍മാരും നേഴ്സുമാരും മോശമായിട്ടാണ് പെരുമാറുന്നതെന്നും മഅ്ദനി പരാതിപ്പെട്ടു.
മുറിക്കപ്പെട്ട വലതുകാലിന്റെ മുകളില്‍ അസഹ്യമായ വേദനയുണ്ട്. രോഗങ്ങള്‍ മൂര്‍ച്ഛിച്ചാലും പരമാവധി ആശുപത്രിയില്‍ കൊണ്ടു പോകാതിരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ത്തന്നെ നൂറുകണക്കിനു പൊലീസുകാര്‍ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരിയായ പരിശോധനകള്‍ നടത്താതെ തിരിച്ചുകൊണ്ടു പോരുകയാണ് പതിവ്. ഏതൊക്കെ രീതിയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉന്നതാധികാരികളുടെ നിര്‍ദേശമുണ്ട്- മഅ്ദനി പറഞ്ഞു.
മഅ്ദനിയുടെ നില ആശങ്കാജനകം: എം എ ബേബി
ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സന്ദര്‍ശിച്ചു. മഅ്ദനിയുടെ നില ഗുരുതരമാണെന്ന് സന്ദര്‍ശനത്തിനുശേഷം എം എ ബേബി പറഞ്ഞു. നേരത്തെയുള്ള പലതരം അസുഖങ്ങള്‍ക്കു പുറമെ മൂക്കില്‍ പഴുപ്പ് ബാധിച്ചതും മഅ്ദനിയെ അലട്ടുന്നുണ്ട്. മുറിച്ചുനീക്കപ്പെട്ട കാലിന്റെ ഉള്‍ഭാഗത്ത് ഉറക്കം അസാധ്യമാക്കുന്ന രീതിയില്‍ വേദന ഉണ്ടെന്ന് മഅ്ദനി തന്നോട് പറഞ്ഞതായി ബേബി പറഞ്ഞു. ജയിലില്‍ അടയ്ക്കുമ്പോള്‍ പത്രം വായിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ കാഴ്ചശക്തി ഇല്ലാതായി. ഉടന്‍ വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗങ്ങള്‍ മൂര്‍ച്ഛിക്കുമെന്നും കാര്യങ്ങള്‍ മുദ്ധിമുട്ടിലാകുമെന്നും എം എ ബേബി പറഞ്ഞു. ജയിലില്‍ ചികിത്സയ്ക്ക് പരിമിതിയുണ്ട്. സ്വന്തം ചെലവില്‍ ചികിത്സിക്കാന്‍ തീരുമാനമായെങ്കിലും കുടുംബത്തെ കൂടെ നിര്‍ത്താന്‍ അനുവദിക്കാത്തത് കാരണം ചികിത്സ നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവ പരിഹരിക്കാന്‍ നീതിന്യായവ്യവസ്ഥയും കര്‍ണാടക സര്‍ക്കാരും അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തില്‍ കേരളസര്‍ക്കാരും കടമ നിര്‍വഹിക്കണം-ബേബി പറഞ്ഞു.
ബുധനാഴ്ച പകല്‍ പതിനൊന്നോടെയാണ് എ എ ബേബി പരപ്പന അഗ്രഹാര ജയിലില്‍ എത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനി രണ്ടര വര്‍ഷമായി ജയിലിലാണ്. മഅ്ദനിയുടെ ചികിത്സാകാര്യത്തില്‍ ഗൗരവമായ നടപടികള്‍ അത്യാവശ്യമാണെന്ന് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ്ബഷീര്‍ എംപി പറഞ്ഞു. അബ്ദുള്‍റഹ്മാന്‍ രണ്ടത്താണി എംഎല്‍എക്കൊപ്പം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേട്ടറിഞ്ഞതിനേക്കാള്‍ ദയനീയമാണ് മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായും ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജുമായും ചര്‍ച്ച നടത്തി. മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് നേരിട്ട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ലീഗ് നേതാക്കള്‍ പറഞ്ഞു.
deshabhimani 030113
No comments:
Post a Comment