Friday, September 7, 2012
മൂവാറ്റുപുഴയാറിലെ അധികജലം മീനച്ചിലാറ്റിലേക്കു വിടണമെന്ന് വിദഗ്ധസമിതി
മൂവാറ്റുപുഴയാറിലെ അധികജലം മീനച്ചിലാറ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് മീനച്ചില്‍ നദീതട പദ്ധതി നടപ്പാക്കണമെന്ന് വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം. സമിതി തയ്യാറാക്കിയ വിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മൂലമറ്റം അറക്കുളത്തിനു സമീപം മൂന്നംഗവയലില്‍ നിന്ന് നരിമറ്റത്തേക്ക് ആറര കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് മൂവാറ്റുപുഴയാറ്റിലെ വെള്ളം മീനച്ചിലാറില്‍ എത്തിയ്ക്കാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ രണ്ടാറ്റുമുനിയില്‍ നിന്ന് വാകത്താനം വരെ 54 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മിയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും കുടിവെള്ളവും കൃഷിയും ലക്ഷ്യമിടുന്നതാണ് നിര്‍ദ്ദിഷ്ട മീനച്ചില്‍ നദീതട പദ്ധതി. ഇതിനായി പ്രതിവര്‍ഷം 179.85 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ആവശ്യം. മൂവാറ്റുപുഴയാറ്റില്‍ പ്രതിവര്‍ഷം 3047.25 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അധികമുണ്ടെന്നാണ് സമിതി കണ്ടെത്തിയത്. മൂവാറ്റുപുഴ നദീതടപദ്ധതിക്കും കുടിവെള്ളപദ്ധതികള്‍ക്കും ഉപയോഗിച്ചശേഷം വര്‍ഷത്തില്‍ 2026 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അറബിക്കടലില്‍ പതിക്കുന്നുണ്ട്. ഈ അധികജലമാണ് മീനച്ചില്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്തേണ്ടത്. മൂവാറ്റുപുഴയിലെ വെള്ളത്തിന്റെ ഇപ്പോഴത്തെ മുഴുവന്‍ ഉപയോഗങ്ങളും കഴിഞ്ഞശേഷമാണ് മീനച്ചിലാറ്റില്‍ വെള്ളമെത്തുക. ഈ രീതിയില്‍ ടണല്‍ ക്രമീകരിക്കാന്‍ കഴിയുമെന്ന് വിദഗ്ധസമിതിയംഗവും ജലസേചനവിഭാഗം മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുമായ കെ എ മുഹമ്മദ്കുഞ്ഞ് ദേശാഭിമാനിയോട് പറഞ്ഞു.
പദ്ധതി നടപ്പായാല്‍ മലങ്കര ജലവൈദ്യുതപദ്ധതിയില്‍ പ്രതിവര്‍ഷം 2.1 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പ്പാദനം കുറയുമെന്നും സമിതി കണ്ടെത്തി. ഇതൊഴിച്ചാല്‍ 10,000 ഹെക്ടറില്‍ കൃഷിയും 21 കുടിവെള്ളപദ്ധതികള്‍ക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. മീനച്ചിലാറ്റിലേക്ക് വേമ്പനാട്ടുകായലില്‍ നിന്നുള്ള ഉപ്പുവെള്ള ഭീഷണിയും സാംക്രമിക രോഗങ്ങളെയും തടയാനാകുമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ജലസേചനവിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ പി ലതിക (കണ്‍വീനര്‍), ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ജെ ലത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍, ജലസേചനവിഭാഗം റിട്ട. ചീഫ് എന്‍ജിനീയര്‍മാരായ ജേക്കബ് ദാനിയല്‍, കോമളവല്ലിയമ്മ, ഭൂജല വകുപ്പ് ഡയറക്ടര്‍ ബാലഗംഗാധരന്‍ നായര്‍, കെ എ മുഹമ്മദ് കുഞ്ഞ് എന്നിവരടങ്ങുന്ന വിദഗ്ധസമിതിയാണ് ഒരുമാസം മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേനല്‍ക്കാലത്ത് ജലലഭ്യത ഏറ്റവും കൂടുതലുള്ളത് മൂവാറ്റുപുഴയാറില്‍ മാത്രമെന്നാണ് സമിതിയുടെ മറ്റൊരു കണ്ടെത്തല്‍. ഈ കാലത്തു മാത്രം സെക്കന്റില്‍ 30,000 മുതല്‍ 40,000 ലിറ്റര്‍ വെള്ളം അറബിക്കടലില്‍ പതിക്കും. വേനല്‍ക്കാലത്താണ് ഇടുക്കി പദ്ധതിയില്‍ വൈദ്യുതോല്‍പ്പാദനം കൂടുതല്‍. വൈദ്യുതി ഉല്‍പ്പാദിപ്പിച്ചശേഷം പുറന്തള്ളുന്ന വെള്ളം മൂവാറ്റുപുഴയാറില്‍ എത്തുന്നതാണ് ഈ ജലസമൃദ്ധിക്ക് കാരണം. മൂവാറ്റുപുഴയാറ്റില്‍ അധികജലമുണ്ടെന്ന് കേന്ദ്രജലകമീഷന്റെ കണ്ടെത്തലും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
1984ലാണ് മീനച്ചില്‍ നദീതട പദ്ധതിയ്ക്ക് ആദ്യ അനുമതി ലഭിച്ചത്. മീനച്ചിലാറിന്റെ കൈവഴിയായ അടുക്കത്ത് അണക്കെട്ട് നിര്‍മിച്ച് വേനല്‍ക്കാലത്ത് വെള്ളം തുറന്നുവിടുന്നതായിരുന്നു പദ്ധതി. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി മുടങ്ങി. പിന്നീട് അടുക്കത്തിന്റെ വൃഷ്ടിപ്രദേശത്ത് കിട്ടിയിരുന്ന ജലത്തിന്റെ മൂന്നിലൊന്ന് ശതമാനം വഴിക്കടവില്‍ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടുന്ന പദ്ധതി 86ല്‍ നടപ്പാക്കിയതോടെ ജലലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മീനച്ചില്‍ പദ്ധതിക്ക് പുതിയ നിര്‍ദ്ദേശം വിദഗ്ധ സമിതി സമര്‍പ്പിച്ചത്. പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
deshabhimani 070912
Subscribe to:
Post Comments (Atom)
No comments:
Post a Comment