Sunday, September 23, 2012

കെഎസ്ആര്‍ടിസി ദിവസവരുമാനം 2.75 കോടി കുറഞ്ഞു

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ബസ്ചാര്‍ജ് കൂട്ടിയിട്ടും കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനം ശരാശരി 2.75 കോടി കുറഞ്ഞു. ഡീസല്‍ വില വര്‍ധിച്ചതോടെ മാസം 7.10 കോടി രൂപ അധികബാധ്യതയുണ്ടായതായും കെഎസ്ആര്‍ടിസിഇഎ വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍, ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 1000 ബസ് പുതുതായി നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ആറുമാസത്തിനുള്ളില്‍ ആകെ 420 പുതിയബസാണ് ഇറക്കിയത്. സ്പെയര്‍പാര്‍ട്സ് ഇല്ലാതെ എണ്ണൂറോളം ബസുകള്‍ കട്ടപ്പുറത്താണ്. പുതിയ സര്‍വീസുകള്‍ കാര്യമായി തുടങ്ങുന്നില്ല. ഉള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയാണ് പുതിയവ തുടങ്ങുന്നത്. എണ്ണക്കമ്പനികള്‍ക്ക് 20 കോടി കൊടുക്കാനുള്ളതുമൂലം ഡിപ്പോകളില്‍ ഡീസല്‍ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ കടബാധ്യത 1005 കോടിയായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാരുടെകൂടി അഭിപ്രായം കണക്കിലെടുത്ത് സര്‍വീസുകള്‍ പരിഷ്കരിക്കുകയും ലാഭത്തിലാക്കുകയും ചെയ്തിരുന്നു. സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ച് മാസം രണ്ടുകോടി രൂപ അധികമായി വരുമാനം നേടാമെന്ന് മന്ത്രിയോട് പറഞ്ഞിട്ടും ചര്‍ച്ചയ്ക്കുപോലും തയ്യാറായില്ല.

ആലപ്പുഴയില്‍ ഞായറാഴ്ച നടക്കുന്ന കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ കൗണ്‍സിലിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് പ്രസിഡന്റ് വാസുദേവന്‍, വൈസ്പ്രസിഡന്റ് കെ ജി സിദ്ധന്‍, ജില്ലാ സെക്രട്ടറി വി രമേശ് എന്നിവരും പങ്കെടുത്തു.

deshabhimani 230912

No comments:

Post a Comment