Sunday, September 23, 2012

മൂല്യനിര്‍ണയം പാരലല്‍ കോളേജ് അധ്യാപകരെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കണം: എസ്എഫ്ഐ


ബിരുദ-ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്‍ണയം പാരലല്‍ കോളേജ് അധ്യാപകരെ ഏല്‍പ്പിച്ച കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് നടപടി പിന്‍വലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഭരണസമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് തികച്ചും നിരുത്തരവാദപരമായ തീരുമാനങ്ങളാണ് സര്‍വകലാശാലയില്‍ യുഡിഎഫ് കൈക്കൊള്ളുന്നത്. തലതിരിഞ്ഞ ഈ തീരുമാനം നടപ്പാക്കുന്നതോടെ സിന്‍ഡിക്കറ്റിലെ സ്വാധീനമുപയോഗിച്ച് തങ്ങള്‍ ജോലിചെയ്യുന്ന പാരലല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ക്ക് സാധിക്കും. ഇതോടെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷതന്നെ പ്രഹസനമായി മാറും. യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിവിരുദ്ധവും ജനവിരുദ്ധവുമായ തീരുമാനങ്ങളാണ് ഭരണസമിതി കൈക്കൊള്ളുന്നത്. ഇതില്‍നിന്നു പിന്തിരിയാന്‍ സര്‍വകലാശാല തയ്യാറാകണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാര്‍ത്തയും നോക്കുക

മൂല്യനിര്‍ണയത്തിന് പാരലല്‍ അധ്യാപകര്‍: സിന്‍ഡിക്കേറ്റ്നടപടി വിവാദത്തില്‍

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷാ മൂല്യനിര്‍ണയം പാരലല്‍ കോളേജ് അധ്യാപകരെ ഏല്‍പ്പിച്ച സിന്‍ഡിക്കേറ്റ് നടപടി വിവാദത്തില്‍. വിദൂരവിദ്യാഭ്യാസത്തിന് കീഴിലുള്ള പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷാമൂല്യനിര്‍ണയമാണ് പാരലല്‍ കോളേജിലെയും ഹയര്‍സെക്കന്‍ഡറി അധ്യാപകരെയും ഏല്‍പ്പിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. തീരുമാനം പിന്‍വലിക്കണമെന്ന് ഇതിനകം നിരവധി കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ പരീക്ഷാമൂല്യനിര്‍ണയത്തിന് സര്‍ക്കാര്‍-എയ്ഡഡ് കോളേജ് അധ്യാപകരെ ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് സിന്‍ഡിക്കേറ്റ് വിവാദ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് സര്‍ക്കാര്‍, എയ്ഡ്ഡ്, സ്വകാര്യ കോളേജുകളില്‍നിന്ന് വിരമിച്ച അധ്യാപകര്‍ക്കൊപ്പം പാരലല്‍ കോളേജ്, ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്താം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കുള്ള പാരലല്‍ കോളേജ് അധ്യാപകര്‍ക്കാണ് മൂല്യനിര്‍ണയത്തിന് അവസരം ലഭിക്കുക. അധ്യാപകരെ തെരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിക്കും. വിദൂരവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി അഭിമുഖം നടത്തിയാകും തെരഞ്ഞെടുക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മൂല്യനിര്‍ണയ ക്യാമ്പിന് സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകന്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനം ദൂരവ്യാപക പ്രത്യാഘാദങ്ങളുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ആര്‍ക്കും അധ്യാപക പാനലില്‍ ഇടം നേടാനാവും. ജോലിചെയ്യുന്ന പാരലല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ആ സ്ഥാപനത്തിലെ അധ്യാപകര്‍ക്ക് അവസരം ലഭിക്കുന്നതോടെ മൂല്യനിര്‍ണയം പ്രഹസനമാവും. സര്‍വകലാശാല നിര്‍ദേശിക്കുന്ന മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള അധ്യാപകര്‍ തയ്യാറാവാതെവരുന്നതോടെ മൂല്യനിര്‍ണയത്തിന് പൂര്‍ണമായും പാരലല്‍ അധ്യാപകരെ ആശ്രയിക്കേണ്ടിവരും. ബിരുദ ഉത്തരക്കടലാസുകള്‍ക്ക് 20 രൂപയും ബിരുദാനന്തര ബിരുദത്തിന് 30 രൂപയുമാണ് പ്രതിഫലം.

deshabhimani 230912

1 comment:

  1. ബിരുദ-ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്‍ണയം പാരലല്‍ കോളേജ് അധ്യാപകരെ ഏല്‍പ്പിച്ച കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് നടപടി പിന്‍വലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete