Sunday, September 23, 2012

വാള്‍മാര്‍ട്ട് എതിര്‍പ്പിന്റെ മതില്‍ക്കെട്ടില്‍


ചില്ലറവ്യാപാരരംഗത്തെ ആഗോള ഭീമനായ വാള്‍മാര്‍ട്ടിന് ഇവിടെ ചുവപ്പു പരവതാനി വിരിക്കുന്നത് ആ കമ്പനിക്കെതിരെ ലോകവ്യാപകമായി പടരുന്ന പ്രതിഷേധം വകവയ്ക്കാതെ. വാള്‍മാര്‍ട്ടിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നൂറുകണക്കിനു വെബ്സൈറ്റുകളും ബ്ലോഗുകളും ഇന്റര്‍നെറ്റിലുണ്ട്. അമേരിക്കയുടെ സമ്പത്തും അധികാരവും കൈയാളുന്ന ഒരുശതമാനത്തിന്റെ തലവനായി അമേരിക്കക്കാര്‍ വാള്‍മാര്‍ട്ടിനെ വിശേഷിപ്പിക്കുന്നു. അമ്പത്തിരണ്ട് രാജ്യങ്ങളിലായി 8500 ലേറെ ചില്ലറവില്‍പ്പനശാലകളുള്ള വാള്‍മാര്‍ട്ടിനെക്കാള്‍ വലിയ കൂട്ടായ്മയാണ് ഇവര്‍ക്കെതിരെ ഇന്റര്‍നെറ്റിലുള്ളത്. "ഐ ഹേറ്റ് വാള്‍മാര്‍ട്ട്" (ഞാന്‍ വാള്‍മാര്‍ട്ടിനെ വെറുക്കുന്നു) എന്ന തലക്കെട്ടുള്ള വെബ്സൈറ്റിനു കീഴില്‍ ലോകമെമ്പാടുമുള്ള വാള്‍മാര്‍ട്ട്വിരുദ്ധ പ്രചാരണം ഒന്നിക്കുന്നു. ഏറ്റവും കൂടുതല്‍ വിരുദ്ധ കൂട്ടായ്മകളുള്ളത് വാള്‍മാര്‍ട്ട് ആസ്ഥാനമായ അമേരിക്കയില്‍തന്നെ. കമ്പനി ഉടമകളായ വാള്‍ട്ടന്‍ കുടുംബം അരിസോണയിലാണ്. അവിടെ ആരംഭിക്കാനിരുന്ന ചില്ലറവ്യാപാരകേന്ദ്രം ജനരോഷത്തെത്തുടര്‍ന്ന് പൂട്ടിപ്പോയതാണ് വിരുദ്ധരുടെ കൂട്ടായ്മയിലെ ഏറ്റവും പുതിയ വാര്‍ത്ത. വാള്‍മാര്‍ട്ടിലെ തൊഴിലാളികളുടെ ഫോറം അടുത്തിടെ രൂപപ്പെട്ടിട്ടുണ്ട്.

"സിക്സ് ഡിഗ്രീസ് വാള്‍മാര്‍ട്ട്" എന്ന സൈറ്റ് വിവിധ രാജ്യങ്ങളില്‍ വാള്‍മാര്‍ട്ട് നടത്തുന്ന കൊള്ളയുടെ ചിത്രം വരച്ചിടുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഫണ്ട് നല്‍കല്‍, വാണിജ്യ സംഘടനകളിലൂടെ വില്‍പ്പനരംഗത്തെ ഇടപെടല്‍, നികുതിയിളവു നല്‍കുന്ന സംഘടനയിലെ അവരുടെ സാന്നിധ്യം, അഴിമതിക്കെതിരായ നിയമങ്ങളിലും വ്യവസ്ഥയിലും അയവുവരുത്താന്‍ കാലാകാലങ്ങളില്‍ വാള്‍മാര്‍ട്ടിന്റെ ഇടപെടല്‍ എന്നിവ വസ്തുതകളുടെ പിന്‍ബലത്തില്‍ സൈറ്റ് തുറന്നുകാണിക്കുന്നു. "വാള്‍മാര്‍ട്ട് വാച്ച്" എന്ന സൈറ്റ് ഉപയോക്താക്കളുടെ വമ്പന്‍ പരാതി ഫോറമാണ്. വിലക്കുറവോടെ വില്‍പ്പന തുടങ്ങി വാള്‍മാര്‍ട്ട് തകര്‍ക്കുന്ന തദ്ദേശീയ കച്ചവടകേന്ദ്രങ്ങളെക്കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച. വാള്‍മാര്‍ട്ട് പ്രഖ്യാപിക്കുന്ന വിലക്കുറവ് പ്രചാരണത്തിലെ തട്ടിപ്പും തുറന്നുകാട്ടുന്നു. സാമ്പത്തികമാന്ദ്യത്തില്‍ അമേരിക്കന്‍ കമ്പനികളാകെ തകര്‍ന്നപ്പോള്‍ മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനം സാമ്പത്തികവളര്‍ച്ച നേടിയ വാള്‍മാര്‍ട്ട് ഭാവിയില്‍ അമേരിക്കയെ മൂന്നാം ലോകമാക്കുമെന്നും സൈറ്റ് പറയുന്നു.

"ബോയ്ക്കോട്ട് വാള്‍മാര്‍ട്ട്" എന്ന സൈറ്റ് പരിസ്ഥിതിസംരക്ഷണം, സുസ്ഥിര വികസനം എന്നീ വാള്‍മാര്‍ട്ട് പ്രചാരണങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും കുത്തകയുള്ള വാള്‍മാര്‍ട്ട്, ലോകം എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നു എന്ന വിലാപവും ഇവിടെ കേള്‍ക്കാം. ഐ ഹേറ്റ് വാള്‍മാര്‍ട്ട്, ക്വിറ്റ് അമേരിക്ക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകളുടെയും ബാഗുകളുടെയും പോസ്റ്ററുകളുടെയും വില്‍പ്പനയും നെറ്റില്‍ തകൃതിയാണ്. "വാള്‍മാര്‍ട്ട് വണ്‍ പെര്‍സന്റ്" എന്ന വെബ്സൈറ്റില്‍ വാള്‍ട്ടന്‍ കുടുംബത്തിലെ നാലംഗങ്ങള്‍ ഡയറക്ടര്‍മാരായ വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റിന്റെ സാമ്പത്തിക സ്ഥിതിവിവരം കാണാം. ഫോര്‍ബ്സ് തയ്യാറാക്കിയ ലോകത്തെ ആദ്യ 10 സമ്പന്നരില്‍ നാല് വള്‍ട്ടന്‍മാര്‍ ഉള്‍പ്പെടും. 115 ബില്യണ്‍ ഡോളറാണ് ആകെ ആസ്തി.

deshabhimani 230912

No comments:

Post a Comment