Wednesday, September 12, 2012

എമര്‍ജിങ് കേരള: കാര്‍ഷിക കോളേജിന്റെ 50 ഏക്കര്‍ സ്വകാര്യവ്യക്തികള്‍ക്ക്


എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി വെള്ളായണി കാര്‍ഷിക കോളേജ് വളപ്പിലെ 50 ഏക്കര്‍ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതാന്‍ നീക്കം. നിര്‍ദിഷ്ട കോക്കനട്ട് ബയോപാര്‍ക്ക് ലക്ഷ്യമിട്ടാണ് വെള്ളായണി കായല്‍ത്തീരത്തെ പ്രകൃതിരമണീയമായ ഭൂമി കൈയടക്കാനൊരുങ്ങുന്നത്. കേരകര്‍ഷകരുടെ അഭിവൃദ്ധിയും വൈവിധ്യമാര്‍ന്ന കേര ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് പ്രചാരണം. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന 50 ഏക്കര്‍ ഭൂമി വന്‍കിട ഭൂമാഫിയകള്‍ക്ക് മറിച്ചുനല്‍കി പാരിസ്ഥിതിക അസന്തുലിതാവസ്ഥ പദ്ധതി സൃഷ്ടിക്കും. ബയോപാര്‍ക്കിന്റെ ഭാഗമായി കായല്‍ത്തീരത്തെ ഭൂമി കൊള്ളയടിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ ഡയറക്ടര്‍ ഡോ. പി വി ബാലചന്ദ്രനാണ് പദ്ധതി തയ്യാറാക്കിയത്.

1958ലാണ് വെള്ളായണിയില്‍ കാര്‍ഷിക കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. 1972ല്‍ സര്‍വകലാശാല സ്ഥാപിതമായതോടെ ഇരുപതില്‍പ്പരം ഡിവിഷനും ഗവേഷണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. പഠനം, കാര്‍ഷിക ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ നടക്കുന്ന ഇവിടെ കോളേജ് ഫാം, കെട്ടിടങ്ങള്‍, റോഡുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഓപ്പണ്‍ സ്റ്റേഡിയം, സ്പോര്‍ട്സ് സ്കൂള്‍, ആശുപത്രി, ബാങ്ക് എന്നിവയ്ക്കായി ഭൂമിയുടെ സിംഹഭാഗവും മാറ്റിക്കഴിഞ്ഞു. കാര്‍ഷിക ഗവേഷണത്തിനും നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനത്തിനും പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനത്തിനും സ്ഥലം തികയാതിരിക്കുമ്പോഴാണ് 50 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാര്‍ക്കിന്റെ പേരില്‍ പതിച്ചുനല്‍കാനൊരുങ്ങുന്നത്. പതിനഞ്ചു കോടി രൂപയുടെ പദ്ധതിയാണ് നിര്‍ദിഷ്ട കോക്കനട്ട് ബയോപാര്‍ക്ക്. പദ്ധതിയുടെ ഭാഗമായി കായല്‍ത്തീരത്ത് വന്‍ റിസോര്‍ട്ടുകള്‍ കെട്ടിയുയര്‍ത്തും. ഇവ വന്‍കിട മുതലാളിമാരുടെ സ്വകാര്യാവശ്യത്തിന് വിനിയോഗിക്കാനാണ് രഹസ്യനീക്കം. കോക്കനട്ട് ബയോപാര്‍ക്കിന്റെ പേരില്‍ കാര്‍ഷിക സര്‍വകലാശാലാ ഭൂമി സ്വകാര്യവ്യക്തികള്‍ തട്ടിയെടുക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകരും നാട്ടുകാരും.
(ബാലരാമപുരം കൃഷ്ണന്‍കുട്ടി)

deshabhimani 120912

1 comment:

  1. എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി വെള്ളായണി കാര്‍ഷിക കോളേജ് വളപ്പിലെ 50 ഏക്കര്‍ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതാന്‍ നീക്കം.

    ReplyDelete