Sunday, September 2, 2012

ഗുണ്ഡ്യ പദ്ധതിക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ


മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ തളളിക്കളഞ്ഞ്കര്‍ണാടക ഗുണ്ഡ്യയിലെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കാമെന്ന് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഗാഡ്ഗില്‍ കമ്മിറ്റി കേരളത്തിലെ അതിരപ്പള്ളി പദ്ധതിക്കും കര്‍ണാടക പവര്‍ കോര്‍പറേഷന്റെ ഗുണ്ഡ്യ പദ്ധതിക്കും അനുമതി നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗുണ്ഡ്യ പദ്ധതിയുടെ കാര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ അപൂര്‍ണമാണെന്നും കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ ജലവൈദ്യുത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന സമിതി വിലയിരുത്തി. ജൂലൈ 21ന് ചേര്‍ന്ന യോഗത്തിലാണു തീരുമാനം. പദ്ധതികളുടെ കാര്യത്തില്‍ പ്രാദേശികമായ പരിഗണനയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയം ആകാമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ രേഖപ്പെടുത്തിയ രീതി അന്തിമമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണം-സമിതി അഭിപ്രായപ്പെട്ടു.

ഗാഡ്ഗില്‍ കമ്മിറ്റി ഗുണ്ഡ്യ പദ്ധതിയുടെ കാര്യത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പലതും ശാസ്ത്രീയമല്ല. നിര്‍ദിഷ്ട പദ്ധതിപ്രദേശത്ത് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ജൈവവൈവിധ്യമില്ല. മറ്റിടങ്ങളില്‍ കണ്ടുവരുന്ന സസ്യ-ജന്തുജാലങ്ങളേ ഗുണ്ഡ്യയിലും കാണാനാകൂ. അണക്കെട്ടുകളെ കുറിച്ച് അഭിപ്രായം പറയാന്‍ കമ്മിറ്റിയില്‍ ഹൈഡ്രോളജിസ്റ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. ജലവൈദ്യുത പദ്ധതികളുടെ അനുമതിക്ക് പരിസ്ഥിതി മന്ത്രാലയമാണ് വിലയിരുത്തല്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്്. യോഗത്തിന്റെ മിനിറ്റ്സ് പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

deshabhimani 020912

1 comment:

  1. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ തളളിക്കളഞ്ഞ്കര്‍ണാടക ഗുണ്ഡ്യയിലെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കാമെന്ന് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഗാഡ്ഗില്‍ കമ്മിറ്റി കേരളത്തിലെ അതിരപ്പള്ളി പദ്ധതിക്കും കര്‍ണാടക പവര്‍ കോര്‍പറേഷന്റെ ഗുണ്ഡ്യ പദ്ധതിക്കും അനുമതി നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

    ReplyDelete